Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ്ടും ബ്ലാസ്റ്റായി ബ്ലാസ്റ്റേഴ്‌സ്; ഒഡിഷയെയും കീഴടക്കി കുതിപ്പ് തുടരുന്നു; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ; മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത് പ്രതിരോധ താരങ്ങളായ നിഷു കുമാറും ഹർമൻജോത് ഖാബ്രയും; 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഒന്നാമത്; പരാജയമറിയാതെ മഞ്ഞപ്പടയുടെ പത്താം മത്സരം

വീണ്ടും ബ്ലാസ്റ്റായി ബ്ലാസ്റ്റേഴ്‌സ്; ഒഡിഷയെയും കീഴടക്കി കുതിപ്പ് തുടരുന്നു; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ; മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത് പ്രതിരോധ താരങ്ങളായ നിഷു കുമാറും ഹർമൻജോത് ഖാബ്രയും; 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഒന്നാമത്; പരാജയമറിയാതെ മഞ്ഞപ്പടയുടെ പത്താം മത്സരം

സ്പോർട്സ് ഡെസ്ക്

ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഒന്നാം സ്ഥാനത്ത്. ഇന്ന് ഒഡീഷ എഫ്സിക്കെതിരെ വിജയിച്ചതോടെയാണ് മഞ്ഞപ്പട ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. നിഷു കുമാർ, ഹർമൻജോത് ഖബ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്.

ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 28-ാം മിനിറ്റിൽ ഒരു മനോഹരമായ ഫിനിഷിലൂടെ നിഷു ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. അഡ്രിയാൻ ലൂണ നൽകിയ പാസ് സ്വീകരിച്ച നിഷും ബോക്സിന് പുറത്ത് നിന്ന് തൊടുത്തുവിട്ട വലങ്കാലൻ ഷോട്ട് മഴവില്ലുപോലെ വളഞ്ഞ് പോസ്റ്റിലേക്ക്.ഗോൾകീപ്പർ അർഷ്ദീപിന് ഇത് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ. ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നേടിയ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.

രണ്ടാം പകുതിയിൽ രണ്ട് മാറ്റങ്ങൾ വരുത്തിക്കൊണ്ട് ആക്രമണത്തിന് ശക്തികൂട്ടാനാണ് ഒഡിഷ ശ്രമിച്ചത്. രണ്ടാം പകുതിയിൽ ആദ്യ പകുതിയേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിന് സാധിച്ചു. 3-5-2 ഫോർമേഷനിലാണ് ടീം രണ്ടാം പകുതിയിൽ കളിച്ചത്.

എന്നാൽ രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന്റെ മികവിൽ കുറവുണ്ടായില്ല. ആക്രമണത്തേക്കാൾ ഉപരിയായി പ്രതിരോധം ശക്തിപ്പെടുത്താനാണ് മഞ്ഞപ്പട ശ്രമിച്ചത്. 57-ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് ആൽവാരോ വാസ്‌ക്വസ് പോസ്റ്റിലേക്ക് വെടിയുതിർത്തെങ്കിലും അർഷ്ദീപ് പന്ത് കൈയിലൊതുക്കി.

62-ാം മിനിറ്റിൽ ജൊനാതാസിന്റെ ഗോളെന്നുറച്ച മികച്ച ഷോട്ട് തകർപ്പൻ ഡൈവിലൂടെ ഗിൽ തട്ടിയകറ്റി. 66-ാം മിനിറ്റിൽ ജൊനാതാസ് വീണ്ടും പോസ്റ്റ് ലക്ഷ്യമാക്കി ഹെഡ്ഡർ പായിച്ചെങ്കിലും ഗിൽ അനായാസം പന്ത് കൈയിലാക്കി. 81-ാം മിനിറ്റിൽ കേരളത്തിന്റെ പൂട്ടിയയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചു. പിന്നാലെ ശബ്ദമുയർത്തിയതിന് ഇവാൻ വുകോമനോവിച്ചിനും മഞ്ഞക്കാർഡ് കിട്ടി.

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് ശക്തി കുറവായിരുന്നു. 86-ാം മിനിറ്റിൽ വാസ്‌ക്വസ് മികച്ച ഫ്രീകിക്ക് തൊടുത്തെങ്കിലും പന്ത് ഒഡിഷ ബോക്സിനെ തൊട്ടുരുമ്മി കടന്നുപോയി. മത്സരമവസാനിക്കാൻ സെക്കൻഡുകൾ മാത്രംബാക്കിനിൽക്കേ വാസ്‌ക്വസിന് സുവർണാവസരം ലഭിച്ചെങ്കിലും അത് ഗോളാക്കാൻ താരത്തിന് സാധിച്ചില്ല. അനായാസം സ്‌കോർ ചെയ്യാവുന്ന അവസരമാണ് താരം പാഴാക്കിയത്. വൈകാതെ മത്സരം മഞ്ഞപ്പട സ്വന്തമാക്കി.

ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഖാബ്ര ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി. 11 മത്സരങ്ങളിൽ നിന്ന് അഞ്ച് വീതം വിജയവും സമനിലയും ഒരു തോൽവിയുമടക്കം 20 പോയന്റ് നേടിയാണ് മഞ്ഞപ്പട പട്ടികയിൽ ഒന്നാമതെത്തിയത്. സീസണിൽ ആദ്യമായി 20 പോയന്റ് നേടുന്ന ടീം എന്ന ഖ്യാതിയും കൊമ്പന്മാർ സ്വന്തമാക്കി. തോൽവിയറിയാതെ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയ 10-ാം മത്സരം കൂടിയാണിത്. ബ്ലാസ്റ്റേഴ്സിന്റെ സർവകാല റെക്കോഡ് കൂടിയാണിത്. മറുവശത്ത് തോൽവിയോടെ ഒഡിഷ എട്ടാം സ്ഥാനത്തേക്ക് വീണു. 10 മത്സരങ്ങളിൽ നിന്ന് 13 പോയന്റാണ് ടീമിനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP