Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

അർഹിച്ച ജയം കൈവിട്ട് ഹൈദരാബാദ്; ഇഞ്ചുറി ടൈമിൽ സമനില പിടിച്ച് മോഹൻ ബഗാൻ; അഞ്ചാം മിനുട്ടിൽ പത്ത് പേരായി ചുരുങ്ങിയിട്ടും വീറോടെ പൊരുതി സന്റാനയും സംഘവും; പ്ലേ ഓഫ് സാധ്യത നിലനിൽത്തി

അർഹിച്ച ജയം കൈവിട്ട് ഹൈദരാബാദ്; ഇഞ്ചുറി ടൈമിൽ സമനില പിടിച്ച് മോഹൻ ബഗാൻ; അഞ്ചാം മിനുട്ടിൽ പത്ത് പേരായി ചുരുങ്ങിയിട്ടും വീറോടെ പൊരുതി സന്റാനയും സംഘവും; പ്ലേ ഓഫ് സാധ്യത നിലനിൽത്തി

സ്പോർട്സ് ഡെസ്ക്

വാസ്‌കോ: ഐഎസ്എല്ലിൽ അവസാന നിമിഷം ഗോളടിക്കുന്ന പതിവ് തെറ്റിക്കാതെ വീണ്ടും എടികെ മോഹൻ ബഗാൻ. പ്ലേ ഓഫ് ബർത്തുറപ്പിക്കാൻ നിർണായക പോരാട്ടത്തിനിറങ്ങിയ ഹൈദരാബാദ് എഫ്സിയെ ഇഞ്ചുറി ടൈമിൽ മൻവീർ സിങ് നേടിയ ഗോളിലാണ് എടികെ സമനിലയിൽ(2-2) കുരുക്കിയത്.

ഹൈദരാബാദിനായി നായകൻ അരിഡാനെ സന്റാനയും പകരക്കാരനായി എത്തിയ റോളണ്ട് ആൽബെർഗും ഗോളുകൾ കണ്ടെത്തിയപ്പോൾ മോഹൻ ബഗാന് വേണ്ടി മൻവീർ സിങ്ങും പ്രീതം കോട്ടാലും സ്‌കോർ ചെയ്തു.

ഈ സമനിലയിലൂടെ ഹൈദരാബാദ് നാലാം സ്ഥാനത്തും മോഹൻ ബഗാൻ ഒന്നാം സ്ഥാനത്തും തുടരുന്നു. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോഴും ഇരുടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ഹൈദരാബാദ് നായകൻ അരിഡാനെ സന്റാന മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ചുവപ്പുകാർഡ് കണ്ട ചിങ്ലെൻസന സിംഗിനെ ഹൈദരാബാദിന് നഷ്ടമായി. ഗോളിലേക്കുള്ള മുന്നേറ്റത്തിനിടെ ഡേവിഡ് വില്യംസിനെ പിന്നിൽ നിന്ന് അപകടകരമായ രീതിയിൽ ഫൗൾ ചെയ്തതിനായിരുന്നു ചിങ്ലെൻസനക്ക് റഫറി മാർച്ചിങ് ഓർഡർ നൽകിയത്.

തുടക്കത്തിലെ പത്തുപേരായി ചുരുങ്ങിയെങ്കിലും ഹൈദരാബാദിന്റെ ആക്രമണങ്ങളുടെ മൂർച്ച ഒട്ടും കുറഞ്ഞില്ല. എട്ടാം മിനിറ്റിൽ പ്രീതം കോട്ടാലിന്റെ ബാക് പാസ് പിടിച്ചെടുത്ത് എടികെയെ ഞെട്ടിച്ച് ക്യാപ്റ്റൻ അരിഡാനെ സന്റാന ഹൈദരാബാദിനെ മുന്നിലെത്തിച്ചു. മോഹൻ ബഗാൻ പ്രതിരോധതാരങ്ങളുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്.

പ്രീതം കോട്ടാൽ നൽകിയ മൈനസ് പാസ് സ്വീകരിക്കുന്നതിൽ ടിറിയും ഗോൾകീപ്പർ അരിന്ധം ഭട്ടാചാര്യയും പരാജയപ്പെട്ടു. ഈ അവസരം മുതലെടുത്ത സന്റാന പന്ത് വലയിലേക്ക് തട്ടിയിട്ടു. ഭാഗ്യത്തിന്റെ അകമ്പടിയോടെ പന്ത് വലയിലെത്തി. ഇതോടെ ഹൈദരാബാദ് മത്സരത്തിൽ 1-0 ന് ലീഡെടുത്തു. സന്റാനയുടെ ഈ സീസണിലെ പത്താം ഗോളാണിത്.

ഹൈദരാബാദിന് പത്തുപേരെ ഉണ്ടായിരുന്നുള്ളുവെങ്കിലും സമനില ഗോളിനായി എടികെക്ക് 57ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഡേവിഡ് വില്യംസിന്റെ പാസിൽ നിന്ന് മൻവീർ സിംഗായിരുന്നു എടികെക്ക് സമനില സമ്മാനിച്ചത്.

ബഗാനെ ഞെട്ടിച്ചുകൊണ്ട് ഹൈദരാബാദ് വീണ്ടും മത്സരത്തിൽ മുന്നിൽ കയറി. 75-ാം മിനിട്ടിലാണ് ഗോൾ പിറന്നത്.

പകരക്കാരനായി ഇറങ്ങിയ റോളണ്ട് ആൽബെർഗാണ് ടീമിനായി രണ്ടാം ഗോൾ നേടിയത്. പകരക്കാരനായി വന്ന ആദ്യ ടച്ചിൽ തന്നെ ഗോൾ നേടിക്കൊണ്ടാണ് ആൽബെർഗ് വരവറിയിച്ചത്.

നായകൻ അരിഡാനെ സന്റാന ഹെഡ്ഡറിലൂടെ നൽകിയ പാസ്സ് സ്വീകരിച്ച ആൽബെർഗ് പന്ത് അനായാസം വലയിലെത്തിച്ചു. ഇതോടെ സ്‌കോർ 2-1 എന്ന നിലയിലായി. ലിസ്റ്റൺ കൊളാസോയ്ക്ക് പകരമാണ് ആൽബെർഗ് ഗ്രൗണ്ടിലെത്തിയത്.

ഇൻജുറി ടൈമിന്റെ മൂന്നാം മിനിട്ടിൽ പ്രീതം കോട്ടാലാണ് മോഹൻ ബഗാന് വേണ്ടി രണ്ടാം ഗോൾ നേടിയത്. കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. ഡേവിഡ് ലൂയിസ് എടുത്ത കിക്ക് സ്വീകരിച്ച കോമൾ പന്ത് ബോക്സിലേക്ക് ഉയർത്തി നൽകി. ഇത് ഗോൾകീപ്പർ കട്ടിമണി തട്ടിയകറ്റി. എന്നാൽ പന്ത് നേരെ പ്രീതം കോട്ടാലിന്റെ കാലുകളിലേക്കാണ് എത്തിയത്. അദ്ദേഹം പന്ത് അനായാസം വലയിലെത്തിച്ച് സ്‌കോർ 2-2 എന്ന നിലയിലെത്തിച്ചു. വൈകാതെ മത്സരം അവസാനിക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP