Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐഎസ്എല്ലിൽ തുടർ തോൽവികൾക്ക് പിന്നാലെ ബെംഗളൂരുവിന് സമനിലക്കുരുക്ക്; നോർത്ത് ഈസ്റ്റിനെതിരായ മത്സരം ഓരോ ഗോളടിച്ച് തുല്യതയിൽ; ഇരുപാദത്തിലും സമനില പാലിച്ച് തുല്യശക്തികൾ

ഐഎസ്എല്ലിൽ തുടർ തോൽവികൾക്ക് പിന്നാലെ ബെംഗളൂരുവിന് സമനിലക്കുരുക്ക്;  നോർത്ത് ഈസ്റ്റിനെതിരായ മത്സരം ഓരോ ഗോളടിച്ച് തുല്യതയിൽ; ഇരുപാദത്തിലും സമനില പാലിച്ച് തുല്യശക്തികൾ

സ്പോർട്സ് ഡെസ്ക്

വാസ്‌കോ: ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശപോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ബെംഗളൂരു എഫ്.സിയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. നോർത്ത് ഈസ്റ്റിനായി ലൂയിസ് മഷാഡോ സ്‌കോർ ചെയ്തപ്പോൾ ബെംഗളൂരുവിനായി ഗോൾ മടക്കിയത് രാഹുൽ ഭേക്കെയാണ്. നോർത്ത് ഈസ്റ്റിന്റെ കൗമാരതാരം ലാലങ്മാവിയ അപ്പൂയിയ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി.

സീസണിൽ ഇരുടീമുകളും ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടിയത്. തുല്യശക്തികൾ ഏറ്റുമുട്ടിയ ആദ്യ പാദത്തിലും സമനിലയായിരുന്നു ഫലം. ഒടുവിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ ബെംഗളൂരുവിനും മൂന്നെണ്ണം തോറ്റ നോർത്ത് ഈസ്റ്റിനും സമനില പോലും വലിയ ആശ്വാസമാണ് നൽകുന്നത്.

മത്സരത്തിൽ തുടക്കത്തിൽ പന്ത് കൈവശം വെയ്ക്കുന്നതിൽ ബെംഗളൂരുവാണ് മുന്നിട്ടുനിന്നതെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല. 20 മിനിട്ടുകൾക്ക് ശേഷം നോർത്ത് ഈസ്റ്റ് പതിയെ കളിയിൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി. ബോക്സുവരെ പന്തെത്തിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ ലക്ഷ്യം കാണുന്നതിന് തടസ്സമായി. 24-ാം മിനിട്ടിൽ ബെംഗളൂരുവിന്റെ ക്രിസ്റ്റിയൻ ഒപ്സെത്തിന് നോർത്ത് ഈസ്റ്റ് ബോക്സിനകത്ത് വെച്ച് അവസരം ലഭിച്ചെങ്കിലും പിഴച്ചു.

27-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റ് ലീഡ് എടുത്തു. ലൂയിസ് മഷാഡോയാണ് നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചത്. ബോക്സിനുള്ളിൽ വെച്ച് ഗല്ലെഗോയ്ക്ക് മലയാളിതാരം സുഹൈർ പാസ് നൽകി. വലയിലേക്ക് ഗല്ലെഗോ ഷോട്ടുതിർത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പന്ത് തിരിച്ചെത്തിയത് മഷാഡോയുടെ കാലിലേക്ക്. കൃത്യതയാർന്ന ഷോട്ടിലൂടെ വലയിലെത്തിച്ച് ടീമിന് നിർണായക ലീഡ് സമ്മാനിച്ചു.

ഗോൾ വീണതോടെ ബെംഗളൂരുവിന്റെ പ്രത്യാക്രമണം. അവസരങ്ങൾ സൃഷ്ടിക്കാൻ ഛേത്രിയും സംഘവും പരമാവധി ശ്രമിച്ചു. 33-ാം മിനിട്ടിൽ മലയാളി താരം സുഹൈറിന് ഒരു ഓപ്പൺ അവസരം ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെംഗളൂരു ഒപ്പമെത്തി. 49-ാം മിനിട്ടിൽ രാഹുൽ ഭേക്കെയാണ് ടീമിനായി ഗോൾ നേടിയത്. ബോക്സിനുപുറത്തുനിന്നും ഒരു ലോങ്റേഞ്ചറിലൂടെ ബെംഗളുരുവിനെ ഒപ്പമെത്തിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾകീപ്പർ ഗുർമീതിന്റെ പിഴവാണ് ഗോളിന് വഴിവച്ചത്. ഗുർമീതിന്റെ മുന്നിൽ കുത്തിയുയർന്ന പന്ത് നേരെ വലയിലേക്ക്. തട്ടിയകറ്റമായിരുന്നെങ്കിലും ഗുർമീതിന് പിഴച്ചു.

59-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റ് വീണ്ടും മുന്നിലെത്തേണ്ടതായിരുന്നു. എന്നാൽ സുഹൈറിന്റെ മികച്ച ഒരു ഹെഡ്ഡർ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് തട്ടിയകറ്റി. 73-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റ് നായകൻ ലാംപോർട്ട് എടുത്ത ഫ്രീകിക്ക് കൃത്യമായി പോസ്റ്റിലേക്ക് പോയെങ്കിലും ഗുർപ്രീത് മികവ് ബംഗളുരുവിന് രക്ഷയായി.

പിന്നീട് ഒരു അവസരം പിറക്കുന്നത് 83-ാം മിനിട്ടിലാണ്. ബെംഗളൂരുവിന്റെ ഗോൾ സ്‌കോറർ രാഹുൽ ഭേക്കെയ്ക്ക് ബോക്സിനകത്ത് വെച്ച് മികച്ച ഒരു കോർണർ പാസ് ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 86-ാം മിനിട്ടിൽ ബെംഗളൂരുവിന്റെ ക്ലെയിറ്റൺ സിൽവ മുപ്പത് വാര അകലെനിന്നുമെടുത്ത ബുള്ളറ്റ് ഷോട്ട് നോർത്ത് ഈസ്റ്റിന്റെ ക്രോസ് ബാറിന് മുകളിലൂടെ ലക്ഷ്യം തെറ്റി അകന്നു. സമനിലയോടെ നിലവിൽ ബെംഗളൂരു പോയന്റ് പട്ടികയിൽ ആറാം സ്ഥാനത്തും നോർത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തുമാണ്. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ് സി ചെന്നയിൻ എഫ് സിയെ നേരിടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP