Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

കരുത്തരായ ഗോവയെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ; രണ്ടാം പകുതിയിൽ പത്ത് പേരായി ചുരുങ്ങിയിട്ടും കളി കൈവിടാതെ ബംഗാൾനിര; ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഗോൾ പേരിൽ കുറിച്ച ബ്രൈറ്റ് എൻഖാരെ ഹീറോ ഓഫ് ദ മാച്ച്

കരുത്തരായ ഗോവയെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ; രണ്ടാം പകുതിയിൽ പത്ത് പേരായി ചുരുങ്ങിയിട്ടും കളി കൈവിടാതെ ബംഗാൾനിര; ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഗോൾ പേരിൽ കുറിച്ച ബ്രൈറ്റ് എൻഖാരെ ഹീറോ ഓഫ് ദ മാച്ച്

സ്പോർട്സ് ഡെസ്ക്

വാസ്‌കോ: ഐഎസ്എല്ലിൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പത്ത് പേരായി ചുരുങ്ങിയിട്ടും വീറോടെ പൊരുതിയ ഈസ്റ്റ് ബംഗാൾ കരുത്തരായ ഗോവ എസ് സിയെ സമനിലയിൽ തളച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഈസ്റ്റ് ബംഗാളിനായി ബ്രൈറ്റ് എൻഖാരെയും ഗോവയ്ക്കായി ദേവേന്ദ്ര മുർഗാവോൻകറയും ഗോൾ നേടി. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്രൈറ്റാണ് ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.

പത്തുപേരായി ചുരുങ്ങിയിട്ടും ആത്മവിശ്വാസത്തോടെയും ഒത്തിണക്കത്തോടെയും കളിച്ച ഈസ്റ്റ് ബംഗാൾ വിജയത്തോളം പോന്ന സമനിലയാണ് നേടിയെടുത്തത്. സമനിലയോടെ ഗോവ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കും ഈസ്റ്റ് ബംഗാൾ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഒൻപതാം സ്ഥാനത്തേക്കും ഉയർന്നു.

മത്സരത്തിന്റെ തുടക്കത്തിൽ ഇരുടീമുകളും ഒരുപോലെയാണ് കളിച്ചുതുടങ്ങിയത്. നാലാം മിനിട്ടിൽ ബ്രാന്റൺ ഫെർണാണ്ടസിന്റെ തകർപ്പൻ ഫ്രീകിക്ക് ഡൊണാച്ചി ഹെഡ്ഡ് ചെയ്തെങ്കിലും ഒരു മുഴുനീള ഡൈവിലൂടെ അവിശ്വസനീയമായി ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ ദേബ്ജിത്ത് മജുംദാർ തട്ടിയകറ്റി. പിന്നാലെ ഈസ്റ്റ് ബംഗാളിന്റെ കൗണ്ടർ അറ്റാക്ക്. എന്നാൽ ലക്ഷ്യം കാണാൻ ഈസ്റ്റ് ബംഗാളിനായില്ല. പതിയെ മത്സരം ഗോവ ഏറ്റെടുത്തു. കുറിയ പാസ്സുകളിലൂടെ ഗോവ കളം നിറഞ്ഞെങ്കിലും മികച്ച പ്രതിരോധത്തിലൂടെ ഈസ്റ്റ് ബംഗാൾ കളി നിയന്ത്രിച്ചു.

28-ാം മിനിട്ടിൽ ബ്രൈറ്റ് എടുത്ത മികച്ച ഒരു ഫ്രീകിക്ക് ആരോൺ ഹെഡ് ചെയ്തെങ്കിലും പന്ത് ഗോവൻ പോസ്റ്റിന് വെളിയിലേക്ക്. പിന്നാലെ രാജു ഗെയ്ക്വാദിന്റെ തകർപ്പൻ ലോങ് ത്രോ ഈസ്റ്റ്ബംഗാൾ നായകൻ ഡാനിയേൽ ഫോക്സിന് ഫ്രീ ഹെഡ്ഡറായി ലഭിച്ചെങ്കിലും പാഴാക്കി.

38-ാം മിനിട്ടിൽ ജെസുരാജ് എടുത്ത ഒരു ഉഗ്രൻ കിക്ക് ഈസ്റ്റ് ബംഗാൾ ഗോൾകീപ്പറായ ദേബ്ജിത്ത് തട്ടിയകറ്റി. ആദ്യ പകുതിയിൽ ആറ് ഓൺ ടാർഗറ്റ് ഷോട്ടുകൾ ഗോവ ഉതിർത്തെങ്കിലും ചോരാത്ത കൈകളുമായി ദേബ്ജിത്ത് ഈസ്റ്റ് ബംഗാളിന്റെ രക്ഷകനായി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോവ ആക്രമിച്ചപ്പോൾ പ്രതിരോധം കടുപ്പിച്ച് ഈസ്റ്റ് ബംഗാൾ ചെറുത്തു. കൂടാതെ കൗണ്ടർ അറ്റാക്കുകളും ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ഗോവയുടെ കുന്തമുനയായ ഇഗോർ അംഗൂളോയെ കൃത്യമായി തളയ്ക്കാൻ ഈസ്റ്റ് ബംഗാളിന് സാധിച്ചതാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.

57-ാം മിനിട്ടിൽ ഗോവയുടെ ജെസുരാജിനെ ഫൗൾ ചെയ്തതിന് ഈസ്റ്റ് ബംഗാൾ നായകനും പ്രതിരോധതാരവുമായ ഡാനിയേൽ ഫോക്സിന് റഫറി ചുവപ്പുകാർഡ് വിധിച്ചു. 57-ാം മിനിട്ടുമുതൽ ടീം പ്രധാന പ്രതിരോധ താരമില്ലാതെ 10 പേരായി ചുരുങ്ങി. എന്നാൽ വിട്ടുകൊടുക്കാൻ ബംഗാൾ ചുണക്കുട്ടികൾ തയ്യാറായില്ല.

അതിനിടെ ഈസ്റ്റ് ബംഗാളിന് മികച്ച ഒരു അവസരം ലഭിച്ചു. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മുന്നേറ്റതാരം സ്റ്റെയിന്മാൻ നന്നായി ഡ്രിബിൾ ചെയ്ത് ബോക്സിനകത്തെത്തിയെങ്കിലും അദ്ദേഹത്തിന് നന്നായി ഫിനിഷ് ചെയ്യാൻ സാധിച്ചില്ല. പത്തുപേരായി ചുരുങ്ങിയിട്ടും ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധം പിഴച്ചില്ല. ഒത്തിണക്കത്തോടെ കളി പുറത്തെടുത്ത ബംഗാൾ 79-ാം മിനിട്ടിൽ ലക്ഷ്യം കണ്ടു.

പന്തുമായി ബോക്സിനകത്തേക്ക് മുന്നേറിയ ഈസ്റ്റ് ബംഗാൾ താരം ബ്രൈറ്റ് നാല് ഗോവൻ പ്രതിരോധതാരങ്ങളെ കബിളിപ്പിച്ചുകൊണ്ട് അനായാസേന പന്ത് വലയിലെത്തിച്ചു. ഐ.എസ്.എല്ലിലെ തന്നെ ഏറ്റവും മികച്ച ഗോൾ. തുടർച്ചയായ രണ്ടാം മത്സരത്തിലും സ്‌കോർ ചെയ്ത് ബ്രൈറ്റ് വിശ്വാസം കാത്തു.


ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയതോടെ ഗോവ ആക്രമണം കടുപ്പിച്ചു. ഗോൾ വഴങ്ങിയതിന് പിന്നാലെ തിരിച്ചടിച്ച ഗോവ മത്സരത്തിൽ ഒപ്പമെത്തി. പകരക്കാരനായി എത്തിയ ദേവേന്ദ്രയാണ് സ്‌കോർ ചെയ്തത്. ക്രോസിൽ നിന്നും പന്ത് സ്വീകരിച്ച ദേവേന്ദ്ര ഒരു മികച്ച ഹെഡ്ഡറിലൂടെയാണ് ബംഗാൾ വല ചലിപ്പിച്ചു. ഇതോടെ സ്‌കോർ 1-1 ആയി. പിന്നീട് ഇരുടീമുകളും ആക്രമണ പ്രത്യാക്രമണങ്ങൾ നടത്തിയെങ്കിലും വിജയഗോൾ കണ്ടെത്താനായില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP