Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

യൂറോപ്പിൽ ഫുട്ബോൾ 'യുദ്ധം'! ചാമ്പ്യൻസ് ലീഗിന് ബദലായി യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ച് വൻകിട ക്ലബ്ബുകൾ; പ്രീമിയർ ലീഗിലെ 'ബിഗ് സിക്സി'നൊപ്പം സ്പാനിഷ്, ഇറ്റാലിയൻ വമ്പന്മാർ; അംഗീകാരം നൽകില്ല, ആഭ്യന്തര, രാജ്യാന്തര ഫുട്ബാളിൽ നിന്നും താരങ്ങളെ വിലക്കുമെന്നും ഫിഫയും യുവേഫയും; വിമത ലീഗിനെതിരെ ബോറിസ് ജോൺസണും ഇമ്മാനുവൽ മക്രോണും

യൂറോപ്പിൽ ഫുട്ബോൾ 'യുദ്ധം'! ചാമ്പ്യൻസ് ലീഗിന് ബദലായി യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ച് വൻകിട ക്ലബ്ബുകൾ; പ്രീമിയർ ലീഗിലെ 'ബിഗ് സിക്സി'നൊപ്പം സ്പാനിഷ്, ഇറ്റാലിയൻ വമ്പന്മാർ; അംഗീകാരം നൽകില്ല, ആഭ്യന്തര, രാജ്യാന്തര ഫുട്ബാളിൽ നിന്നും താരങ്ങളെ വിലക്കുമെന്നും ഫിഫയും യുവേഫയും; വിമത ലീഗിനെതിരെ ബോറിസ് ജോൺസണും ഇമ്മാനുവൽ മക്രോണും

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: ചാമ്പ്യൻസ് ലീഗിന് ബദലായി വൻകിട ക്ലബുകൾ ഒരുമിച്ച് രൂപം നൽകിയ യൂറോപ്യൻ സൂപ്പർ ലീഗിനെച്ചൊല്ലി യൂറോപ്യൻ ഫുട്‌ബോളിൽ കലാപം. റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും ഉൾപ്പടെ 12 ക്ലബുകൾ ചേർന്ന് സൂപ്പർ ലീഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഫിഫയും യുവേഫയും വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങളും സർക്കാരുകളും ഒന്നിച്ച് എതിർത്തിട്ടും, ഇഎസ്എൽ എന്ന ആശയവുമായി മുന്നോട്ടു പോകാനാണ് വൻകിട ക്ലബ്ബുകളുടെ നീക്കം. റയൽ മഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറെന്റീനോ പെരെസാണ് ഇഎസ്എലിന്റെ ആദ്യ ചെയർമാൻ. പുതിയ ടൂർണമെന്റ് പ്രഖ്യാപിച്ചതിനു പിന്നാലെ, സഹകരിക്കുമെന്ന് അറിയിച്ച ക്ലബ്ബുകളുടെ പ്രതിനിധികൾ യുവേഫയുമായി ബന്ധപ്പെട്ട പദവികൾ രാജിവച്ചു.

ഫുട്ബാളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടൂർണമെന്റുകളിലൊന്നായ ചാമ്പ്യൻസ് ലീഗിനു പകരം വാൾ സ്ട്രീറ്റ് ആസ്ഥാനമായുള്ള ബാങ്കിങ് ഭീമൻ ജെ.പി മോർഗനുമായി ചേർന്നാണ് വമ്പൻ ലീഗ് ആരംഭിക്കുന്നത്. 460 കോടി പൗണ്ടാണ് ടെലിവിഷൻ വരുമാനം കണക്കാക്കുന്നത്- ഏകദേശം 47,707 കോടി രൂപ. നിലവിൽ ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ്, യൂറോപ്യൻ സുപർ കപ് എന്നിവ ഒന്നിച്ചുചേർത്താൽ പോലും ലഭിക്കാത്തത്ര ഉയർന്ന തുക.

സാമ്പത്തിക നേട്ടങ്ങളിലും വർധിച്ച ലാഭവിഹിതത്തിലും കണ്ണുവച്ച്, ഇപ്പോഴത്തെ യുവേഫ ചാംപ്യൻസ് ലീഗിനു ബദലായാണ് വൻകിട ക്ലബ്ബുകൾ ചേർന്ന് യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിൽനിന്ന് ആർസനൽ, ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം ഹോട്‌സ്പർ എന്നീ 'ബിഗ് സിക്‌സ്' ടീമുകൾ കൂടി സൂപ്പർ ലീഗിന്റെ ഭാഗമാകാൻ സമ്മതമറിയിച്ചതോടെ, ലീഗിന് പരസ്യ പിന്തുണ അറിയിച്ച ആകെ ടീമുകളുടെ എണ്ണം 12 ആയി ഉയർന്നു.

ഇറ്റലിയിൽനിന്ന് യുവെന്റസ്, ഇന്റർ മിലാൻ, എസി മിലാൻ, സ്‌പെയിനിൽനിന്ന് റയൽ മഡ്രിഡ്, ബാർസിലോന, അത്‌ലറ്റിക്കോ മഡ്രിഡ് എന്നീ ടീമുകളണ് നിലവിൽ സൂപ്പർ ലീഗുമായി സഹകരിക്കാൻ സമ്മതം അറിയിച്ചിരിക്കുന്നത്. പിഎസ്ജി, ബയൺ മ്യൂണിക്ക് തുടങ്ങി ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽനിന്നുള്ള വൻകിട ക്ലബ്ബുകൾ ഇതുവരെ സൂപ്പർ ലീഗിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. 20 ടീമുകളെയാണ് സൂപ്പർ ലീഗിൽ പ്രതീക്ഷിക്കുന്നത്.

സ്ഥാപകാംഗങ്ങളായ 15 ക്ലബ്ബുകൾക്ക് പുറമെ ഓരോ വർഷവും യോഗ്യത നേടിയെത്തുന്ന അഞ്ച് ക്ലബ്ബുകളെക്കൂടി ഉൾപ്പെടുത്തി 20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റായാണ് യൂറോപ്യൻ സൂപ്പർ ലീഗ് വിഭാവനം ചെയ്യുന്നത്. നിലവിൽ 12 സ്ഥാപക ക്ലബ്ബുകളേ ഉള്ളൂവെങ്കിലും മൂന്ന് പ്രമുഖ ക്ലബ്ബുകൾ കൂടി ഉടൻ ലീഗുമായി സഹകരണം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഈ 15 ടീമുകൾ ഇഎസ്എലിലെ സ്ഥിരാംഗങ്ങളായിരിക്കും.

ഓരോ വർഷവും ഓഗസ്റ്റിലാകും ഇഎസ്എൽ ആരംഭിക്കുക. ആഭ്യന്തര ലീഗുകളെ ബാധിക്കാത്ത വിധത്തിലാകും മത്സരങ്ങൾ ക്രമീകരിക്കുക. വാരാന്ത്യങ്ങളിൽ മറ്റു ലീഗുകളുള്ളതിനാൽ പ്രവൃത്തി ദിനങ്ങളിലാകും മത്സരങ്ങൾ. ആകെയുള്ള 20 ടീമുകളെ 10 ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളായി തിരിച്ച് ലീഗ് ഘട്ടം സംഘടിപ്പിക്കും. അവിടെ ഹോം, എവേ മത്സരങ്ങളുണ്ടാകും.

രണ്ടു ഗ്രൂപ്പിലും ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ക്വാർട്ടറിലേക്ക് മുന്നേറും. ശേഷിക്കുന്ന രണ്ടു സ്ഥാനങ്ങൾക്കായി രണ്ടു ഗ്രൂപ്പുകളിലെയും നാലും അഞ്ചും സ്ഥാനക്കാർ രണ്ട് പാദമുള്ള പ്ലേ ഓഫ് കളിക്കും. അവിടുന്നങ്ങോട്ട് നിലവിലുള്ള യുവേഫ ചാംപ്യൻസ് ലീഗിന്റെ മാതൃകയിലാകും നോക്കൗട്ട് മത്സരങ്ങൾ. മെയ്‌ മാസത്തിൽ ഏതെങ്കിലും നിഷ്പക്ഷ വേദിയിൽ ഒരു പാദം മാത്രമുള്ള ഫൈനലും അരങ്ങേറും. സമാന്തരമായി വനിതാ സൂപർ ലീഗ് ആരംഭിക്കുമെന്നും സംഘാടകർ അവകാശപ്പെടുന്നു.

ഞായറാഴ്ചയാണ് യൂറോപ്യൻ ഫുട്ബാളിൽ പൊട്ടിത്തെറിയായി വാർത്ത പുറത്തുവരുന്നത്. യുവേഫ മാത്രമല്ല, പ്രിമിയർ ലീഗും ഈ നീക്കത്തെ വിമർശിച്ചിരുന്നു. സൂപർ ലീഗിന് അംഗീകാരം നൽകില്ലെന്ന് ലോക ഫുട്ബോൾ നിയന്ത്രണ സമിതിയായ ഫിഫയും അറിയിച്ചിട്ടുണ്ട്. ആഭ്യന്തര, രാജ്യാന്തര ഫുട്ബാളിൽ പൂർണമായും ഇതിലെ താരങ്ങളെ വിലക്കുമെന്നാണ് യുവേഫ ഭീഷണി. ദേശീയ ടീമിലും പങ്കെടുക്കാൻ അനുവദിക്കില്ല.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തുടങ്ങിയവർ വിമത ലീഗിനെതിരെ പരസ്യമായി രംഗത്തുണ്ട്.  അതേസമയം, ഫിഫയുമായും യുവേഫയുമായും ചർച്ച നടത്തി സഹകരിച്ചുതന്നെ മുന്നോട്ടു പോകുമെന്ന ആത്മവിശ്വാസമാണ് ഇഎസ്എൽ അധികൃതർ ഏറ്റവും ഒടുവിൽ പുറത്തുവിട്ട പ്രസ്താവനയിലും പ്രകടിപ്പിച്ചിട്ടുള്ളത്. ലീഗിന്റെ പേരിൽ ക്ലബുകൾക്കെതിരെ അസോസിയേഷനുകളും രംഗത്തെത്തി. യൂറോപ്യൻ സൂപ്പർ ലീഗ് കുഞ്ഞൻ ക്ലബുകളെ സാമ്പത്തികമായി തകർക്കുമെന്ന ആശങ്കയും സജീവമാണ്.

അതേസമയം യൂറോപ്യൻ സൂപ്പർ ലീഗ് ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ ചാമ്പ്യൻസ് ലീഗിനെ ഉടച്ചുവാർക്കാനുള്ള നീക്കങ്ങളിലാണ് യുവേഫ. ചാമ്പ്യൻസ് ലീഗിൽ നിലവിലെ 32 ടീമുകൾക്ക് പകരം 36 ടീമുകളാവും 2024മുതൽ മാറ്റുരയ്ക്കുക. യുവേഫ റാങ്കിംഗിൽ ഉയർന്ന നിലയിലായിട്ടും മുൻനിരയിലെത്താത്ത രണ്ടു ടീമുകളും ഫ്രഞ്ച് ലീഗിലെ ഒരു ടീമും ചാമ്പ്യൻസ് ലീഗിൽ പ്രാതിനിധ്യമില്ലാത്ത ലീഗിലെ ഒരു ടീമുമാവും അധികമായി ഇടംപിടിക്കുക.ചാംപ്യൻസ് ലീഗുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഇത്തരം പരിഷ്‌കാരങ്ങൾക്ക് യുവേഫ ഒരുങ്ങുന്നതിനിടെയാണ് വൻകിട ക്ലബ്ബുകൾ ചേർന്ന് ബദൽ വഴി സ്വീകരിച്ചതെന്നതും ശ്രദ്ധേയം. ചാംപ്യൻസ് ലീഗ് പരിഷ്‌കരണമെന്ന വർഷങ്ങളായുള്ള ആവശ്യം യുവേഫയുടെ പരിഗണനയിലാണെങ്കിലും, തങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ചല്ല പരിഷ്‌കരണ നടപടികളുടെ പോക്കെന്നാണ് ഇവരുടെ ആരോപണം. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി കൂടിയായതോടെ, യൂറോപ്യൻ ഫുട്‌ബോളിലെ സാമ്പത്തിക രംഗത്ത് ശക്തമായ ഇടപെടലുകൾ അനിവാര്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

താക്കിതുമായി യൂറോപ്യൻ ഫുട്ബോൾ സംഘടന പിന്നാലെ കൂടിയിട്ടും വമ്പന്മാരുടെ പുതിയ സൂപർ ലീഗുമായി മുന്നോട്ടുപോകാൻ തന്നെയാണ് വിവിധ ലീഗുകളിലെ പ്രമുഖരുടെ തീരുമാനം. താരങ്ങൾക്കു മാത്രമല്ല, ടീമുകൾക്കും രാജ്യാന്തര വിലക്കുൾപെടെ ഭീഷണി മുഴക്കിയിട്ടും യൂറോപ്യൻ സൂപർ ലീഗ് (ഇ.എസ്.എൽ) ഉടൻ ആരംഭിക്കുമെന്ന് പ്രമുഖ ടീമുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP