Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇരട്ട ഗോളുകളുമായി മുന്നിൽ നിന്ന് നയിച്ച് ലോക്കാട്ടെല്ലി; എതിരില്ലാത്തെ മൂന്നു ഗോളുകൾക്ക് സ്വിറ്റ്സർലൻഡിനെ തകർത്ത് ഇറ്റലി; തുടർച്ചയായ രണ്ടാം ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിച്ച് അസൂറിപ്പട

ഇരട്ട ഗോളുകളുമായി മുന്നിൽ നിന്ന് നയിച്ച് ലോക്കാട്ടെല്ലി; എതിരില്ലാത്തെ മൂന്നു ഗോളുകൾക്ക് സ്വിറ്റ്സർലൻഡിനെ തകർത്ത് ഇറ്റലി; തുടർച്ചയായ രണ്ടാം ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിച്ച് അസൂറിപ്പട

സ്പോർട്സ് ഡെസ്ക്

റോം: യൂറോകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയവുമായി ഇറ്റലി. ഗ്രൂപ്പ് എ യിലെ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെയാണ് അസൂറികൾ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇറ്റലിയുടെ വിജയം. യുവതാരം മാനുവേൽ ലോക്കാട്ടെല്ലിയുടെ ഇരട്ട ഗോളുകളാണ് ഇറ്റലിക്ക് വിജയം സമ്മാനിച്ചത്. സീറോ ഇമ്മൊബിലെ അസൂറികൾക്കായി മൂന്നാം ഗോൾ നേടി.

ഈ വിജയത്തോടെ തുടർച്ചയായ 29 മത്സരങ്ങൾ ഇറ്റലി പരാജയമറിയാതെ പൂർത്തീകരിച്ചു. യൂറോയിലെ ആദ്യ മത്സരത്തിലും ഇതേ സ്‌കോറിന് ഇറ്റലി തുർക്കിയെ പരാജയപ്പെടുത്തിയിരുന്നു.തുടർച്ചയായ രണ്ടാം ജയത്തോടെ ഇറ്റലി നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രവേശനം ഉറപ്പിച്ചു.

മത്സരത്തിന്റെ ആദ്യ മിനിട്ടുകളിൽ സ്വിറ്റ്സർലൻഡ് മത്സരത്തിൽ ആധിപത്യം പുലർത്തി. എന്നാൽ പതിയെ ഇറ്റലി മത്സരത്തിൽ സജീവമായി. ആക്രമിച്ച് കളിക്കാനാണ് ഇറ്റലി ശ്രമിച്ചത്. 10-ാം മിനിട്ടിൽ സീറോ ഇമ്മൊബിലിന് മികച്ച ഒരു അവസരം ലഭിച്ചു. എന്നാൽ താരത്തിന്റെ ഹെഡ്ഡർ സ്വിസ് ഗോൾപോസ്റ്റിന് മുകളിലൂടെ പറന്നു. മത്സരം പുരോഗമിക്കുംതോറും ഇറ്റലി കൂടുതൽ ശക്തി പ്രാപിച്ചുവന്നു. ആക്രമണങ്ങളുമായി സ്വിസ് ഗോൾമുഖത്ത് ഭീതി പരത്താൻ ഇറ്റലിക്ക് കഴിഞ്ഞു. ഇറ്റലിയുടെ ആക്രമണം തടുക്കാനായി സ്വിറ്റ്സർലൻഡ് പ്രതിരോധം ശക്തമാക്കി.

സ്വിസിന്റെ സർവ്വ പ്രതിരോധത്തെയും ഭേദിച്ച് ഇറ്റലിക്കായി ക്യാപ്റ്റൻ ജോർജിയോ ചില്ലെനി 19-ാം മിനിറ്റിൽ സ്വിസ് വലയിൽ പന്തെത്തിച്ചെങ്കിലും വിഎആർ പരിശോധനയിൽ ഗോൾ നഷ്ടമായി. ലൊറൻസോ ഇൻസിനെയുടെ കോർണറിൽനിന്നു ഗോൾ നേടും മുൻപ് പന്ത് ചില്ലെനിയുടെ കയ്യിൽ തട്ടിയതാണു കാരണം. എന്നാൽ, 6 മിനിറ്റിനകം ഇറ്റലി മത്സരത്തിലെ ആദ്യ ഗോൾ നേടി. മാനുവേൽ ലോക്കാട്ടെല്ലിയാണ് ഇറ്റലിക്ക് വേണ്ടി സ്‌കോർ ചെയ്തത്. 26-ാം മിനിട്ടിലാണ് ഗോൾ പിറന്നത്. പന്തുമായി മുന്നേറിയ ബെറാഡി മികച്ച ഒരു കട്ട്പാസ് ലോക്കോട്ടെല്ലിക്ക് സമ്മാനിച്ചു. പന്ത് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ ലോക്കോട്ടെല്ലിക്ക് വന്നുള്ളൂ. ഇറ്റലിക്കായി താരം നേടുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്. 2020 യൂറോകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് താരം സ്വന്തമാക്കി.

ഇതിനിടെ പരിക്കേറ്റ ഇറ്റലി ക്യാപ്റ്റൻ ചെല്ലിനി കളിയിൽ നിന്നും പിന്മാറി. ചെല്ലിനി പിന്മാറിയെങ്കിലും ഇറ്റലിയുടെ ആക്രമണങ്ങൾക്ക് മൂർച്ച കുറഞ്ഞില്ല. രണ്ടാം ഗോളിനായി ടീം ശ്രമങ്ങൾ നടത്തിക്കൊണ്ടേയിരുന്നു. ഒരു ഗോൾ വഴങ്ങിയതോടെ സ്വിസ് ടീമിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. പ്രതിരോധത്തിൽ മാത്രമാണ് ടീം ശ്രദ്ധിച്ചത്. അതോടെ കൂടുതൽ പരിക്കേൽക്കാതെ സ്വിസ് ആദ്യപകുതി പൂർത്തിയാക്കി.

രണ്ടാം പകുതിയിൽ സ്വിസ്സ് ടീം ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. പക്ഷേ സ്വിസ് താരങ്ങളുടെ നെഞ്ചിൽ തീകോരിയിട്ടുകൊണ്ട് മാനുവേൽ ലോക്കാട്ടെല്ലി വീണ്ടും ഇറ്റലിയുടെ വീരനായകനായി. 52-ാം മിനിട്ടിൽ അത്യുഗ്രൻ ഗോൾ നേടിക്കൊണ്ട് താരം ഇറ്റലിക്ക് രണ്ട് ഗോൾ ലീഡ് സമ്മാനിച്ചു. ബോക്സിന് വെളിയിൽ നിന്നും ലോക്കാട്ടെല്ലി അടിച്ച ബുള്ളറ്റ് ഷോട്ട് പോസ്റ്റിന്റെ വലത്തേ മൂലയിൽ തറച്ചു. ഇത് നോക്കി നിൽക്കാൻ മാത്രമേ സ്വിസ് ഗോൾകീപ്പർക്ക് സാധിച്ചുള്ളൂ. ഇതോടെ സ്വിസ് ടീം തകർന്നു.

രണ്ട് ഗോളിന് മുന്നിട്ടുനിന്നിട്ടും ആക്രമിച്ചുതന്നെയാണ് ഇറ്റലി കളിച്ചത്. 75-ാം മിനിട്ടിൽ ലഭിച്ച സുവർണാവസരം സീറോ ഇമ്മൊബിലെ പാഴാക്കി. എന്നാൽ 88-ാം മിനിട്ടിൽ ലഭിച്ച അവസരം ഇമ്മൊബിലെ കൃത്യമായി ഗോളാക്കി മാറ്റി. ബോക്സിന് വെളിയിൽ നിന്നും താരമെടുത്ത കിക്ക് ഗോൾകീപ്പറെ മറികടന്ന് സ്വിസ് വലയിലെത്തി. ഇതോടെ സ്വിറ്റ്സർലൻഡ് പരാജയം ഉറപ്പിച്ചു.മത്സരത്തിൽ കാര്യമായ ഒരവസരം പോലും നേടിയെടുക്കാൻ കഴിയാതെയാണ് സ്വിസ് പട തോൽവി വഴങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP