Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202229Sunday

സെൽഫ് ഗോളോടെ അറുപതാമത് യൂറോകപ്പിന് തുടക്കം; ഉദ്ഘാടനമത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അസൂറിപ്പട; തുർക്കിയെ തകർത്തത് മൂന്ന് ഗോളിന്; ഇറ്റലിക്കായി വലകുലുക്കി ഇമ്മൊബീലും ഇൻസിഗ്‌നെയും

സെൽഫ് ഗോളോടെ അറുപതാമത് യൂറോകപ്പിന് തുടക്കം;  ഉദ്ഘാടനമത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അസൂറിപ്പട; തുർക്കിയെ തകർത്തത് മൂന്ന് ഗോളിന്; ഇറ്റലിക്കായി വലകുലുക്കി  ഇമ്മൊബീലും ഇൻസിഗ്‌നെയും

സ്പോർട്സ് ഡെസ്ക്

റോം: യൂറോകപ്പിന്റെ അറുപതാമത് അദ്ധ്യായത്തിന് ആവേശത്തുടക്കം.ടൂർണ്ണമെന്റിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ തന്നെ ആദ്യമായി പ്രഥമഗോൾ സെൽഫ് ഗോളായി തുടങ്ങിയ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അസൂറിപ്പട തുർക്കിയെ തോൽപ്പിച്ചത്. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ കളമൊരുക്കുക രണ്ടാം പകുതിയിൽ നേട്ടം കൊയ്യുക എന്നതായിരുന്നു രീതി.ആദ്യ പകുതിയിൽ തന്നെ തുർക്കി ഗോൾമുഖത്ത് അവസരങ്ങൾ ഒരുക്കിയെങ്കിലും ഫിനിഷിങ്ങിലെ ചിലപോരായ്മകളാണ് ഗോളാകുന്നതിൽ നിന്നും ടീമിനെ പിന്നോട്ട് വലിച്ചത്.രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും.സിറോ ഇമ്മൊബീലെ, ലൊറൻസോ ഇൻസിനെ എന്നിവർ ഇറ്റലിക്കായി ഗോൾ നേടി. ആദ്യ ഗോൾ തുർക്കി താരം മെറി ഡെമിറലിന്റെ സെൽഫ് ഗോൾ.

പന്തടക്കത്തിലും പാസിങ്ങിലും ഉൾപ്പടെ മത്സരത്തിലുടനീളം സമ്പൂർണ ആധിപത്യം പുലർത്തിയാണ് ഇറ്റലിയുടെ ജയം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു മൂന്നു ഗോളുകളും പിറന്നത്. 53-ാം മിനിറ്റിലെ സെൽഫ് ഗോളിൽ മുന്നിലെത്തിയ ഇറ്റലി 66-ാം മിനിറ്റിൽ സിറോ ഇമ്മൊബിലെയിലൂടെ രണ്ടാം ഗോളും സ്വന്തമാക്കി. 79-ാം മിനിറ്റിൽ തുർക്കി ഗോൾകീപ്പർ കാകിറിന്റെ പിഴവിൽ നിന്നായിരുന്നു ഇറ്റലിയുടെ മൂന്നാം ഗോൾ.53-ാം മിനിറ്റിൽ ഡൊമെനിക്കോ ബെറാർഡിയുടെ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. ബെറാർഡിയുടെ ക്രോസ് തുർക്കി താരം മെറി ഡെമിറാലിന്റെ ദേഹത്ത് തട്ടി വലയിലെത്തുകയായിരുന്നു.യൂറോകപ്പ് ചരിത്രത്തിൽ ആദ്യമായി ടൂർണമെന്റിലെ പ്രഥമഗോൾ തന്നെ സെൽഫ് ഗോൾ.

സെൽഫ്‌ഗോളിന്റെ ഞെട്ടലിൽ നിന്ന് തുർക്കി മുക്തരാകും മുൻപെ 66 ആം മിനുട്ടിൽ രണ്ടാം ഗോളും വീണു.66-ാം മിനിറ്റിൽ ബരെല്ല നൽകിയ പാസിൽനിന്നു ബെറാർഡി പന്ത് സ്പിനസോളയ്ക്കു ചിപ് ചെയ്തു നൽകി. സ്പിനസോളയുടെ ഷോട്ട് തുർക്കി ഗോൾകീപ്പർ സാകിർ തടുത്തെങ്കിലും പന്ത് കയ്യിലൊതുക്കാനായില്ല. അവസരം കാത്തുനിന്ന ഇമ്മൊബിലെ പന്തു വലയിലാക്കി.പിന്നീട് 79 ാം മിനുട്ടിലാണ് വീണ്ടും തുർക്കിയുടെ ഗോൾ വല ചലിച്ചത്.79-ാം മിനിറ്റിൽ ഗോൾകീപ്പർ കാകിറിന്റെ ദുർബലമായ ഷോട്ട് പിടിച്ചെടുത്ത് ഇറ്റലി താരങ്ങളുടെ മുന്നേറ്റമാണ് മൂന്നാം ഗോളിൽ കലാശിച്ചത്. ഇമ്മൊബിലെയുടെ പാസ് സ്വീകരിച്ച ലോറൻസോ ഇൻസിനെ പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു.

18-ാം മിനിറ്റിലാണ് ഇറ്റലിക്ക് ആദ്യ അവസരം ലഭിച്ചത്. പക്ഷേ ലോറൻസോ ഇൻസിനെയുടെ ഷോട്ട് പോസ്റ്റിന് പുറത്തേക്കാണ് പോയത്. 22-ാം മിനിറ്റിൽ ഗോൾകീപ്പർ കാകിർ തുർക്കിയുടെ രക്ഷയ്ക്കെത്തി. കോർണറിൽ നിന്ന് ജോർജിയോ കില്ലിനിയുടെ ഗോളെന്നുറച്ച ഹെഡർ അദ്ദേഹം രക്ഷപ്പെടുത്തി. 35-ാം മിനിറ്റിൽ തുർക്കിക്കും അവസരം ലഭിച്ചു. ബുറാക് യിൽമാസിന്റെ മുന്നേറ്റം ഇറ്റലി ഗോളി ഡൊണ്ണരുമ്മ തടഞ്ഞു.ഇറ്റലി പ്രതിരോധത്തെ കാര്യമായി പരീക്ഷിക്കാൻ തുർക്കിക്ക് സാധിച്ചില്ല. മികച്ച മുന്നേറ്റങ്ങൾ ഒരുക്കുന്നതിലും അവർ പരാജയപ്പെട്ടു. മധ്യനിര പരാജയപ്പെട്ടതോടെ ബുറാക് യിൽമസിന് പന്ത് ലഭിക്കാതെയും വന്നു.

ഇതിനിടെ 2 തവണ തുർക്കി താരങ്ങളുടെ കയ്യിൽ പന്ത് തട്ടിയെങ്കിലും പുതിയ ഹാൻഡ് ബോൾ നിയമം പരിഗണിച്ച് റഫറി പെനൽറ്റി കിക്കോ ഫൗളോ അനുവദിച്ചില്ല. മനഃപൂർവം പന്ത് കയ്യിൽ തട്ടിയാൽ മാത്രമേ ഹാൻഡ് ബോൾ അനുവദിക്കാവൂ എന്നാണ് പുതിയ നിയമം. ഒരു തവണ റഫറി വിഎആർ (വിഡിയോ അസിസ്റ്റന്റ് റഫറി) സഹായം തേടിയെങ്കിലും തീരുമാനം ഇറ്റലിക്ക് അനുകൂലമായില്ല. വിഎആറും അങ്ങനെ ആദ്യമത്സരത്തിൽ അരങ്ങേറി.ഇറ്റലിയുടെ തുടർച്ചയായ എട്ടാം ജയമാണിത്. കഴിഞ്ഞ 28 മത്സരങ്ങളിലും ടീം തോൽവി അറിഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP