Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്റ്റിയൻ എറിക്സന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ ഡെന്മാർക്ക്; യൂറോ കപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ഗോൾ നേടിയിട്ടും ടീമിന് തോൽവി; ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ച് ബെൽജിയം; ജയത്തോടെ ഗ്രൂപ്പ് ബിയിനിന്ന് പ്രീക്വാർട്ടറിൽ

ക്രിസ്റ്റിയൻ എറിക്സന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ ഡെന്മാർക്ക്; യൂറോ കപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ഗോൾ നേടിയിട്ടും ടീമിന് തോൽവി; ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ച് ബെൽജിയം; ജയത്തോടെ ഗ്രൂപ്പ് ബിയിനിന്ന് പ്രീക്വാർട്ടറിൽ

സ്പോർട്സ് ഡെസ്ക്

കോപ്പൻഹേഗൻ: യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ഡെന്മാർക്കിനെ പരാജയപ്പെടുത്തി ബെൽജിയം പ്രീക്വാർട്ടറിൽ. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചാണ് ബെൽജിയം അവസാന 16-ൽ ഇടംപിടിച്ചത്.

ബെൽജിയത്തിനെതിരേ ആദ്യ പകുതിയിൽ തകർപ്പൻ പ്രകടനമാണ് ഡെന്മാർക്ക് പുറത്തെടുത്തത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ബെൽജിയം താരം ജേസൺ ഡെനയറിന്റെ പിഴവിൽ നിന്ന് ഡെന്മാർക്ക് സ്‌കോർ ചെയ്തു. ജേസൺ ഡെനയറിന്റെ ലൂസ് പാസ് തട്ടിയെടുത്ത് എമിൽ ഹോയ്ബർഗ് നൽകിയ പാസ് യൂസുഫ് പോൾസൻ വലയിലെത്തിക്കുകയായിരുന്നു. യൂറോ കപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ഗോളായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കുമ്പോൾ മറുപടിയില്ലാത്ത ഒരു ഗോളിന് മുന്നിലായിരുന്നു ഡെന്മാർക്ക്.

ആദ്യ പകുതിയിലുടനീളം ഡെന്മാർക്ക് ബെൽജിയം ഗോൾമുഖം ആക്രമിച്ചു. മികച്ച മുന്നേറ്റങ്ങൾ പലതും ഏറെ പണിപ്പെട്ടാണ് ബെൽജിയം പ്രതിരോധിച്ചത്. അഞ്ചാം മിനിറ്റിൽ തന്നെ ജോക്കിം മഹ്ലെയുടെ ഷോട്ട് ബെൽജിയം ഗോൾകീപ്പർ തിബൗട്ട് കുർട്ടോ രക്ഷപ്പെടുത്തി.

ബ്രാത്ത്വെയ്റ്റും പോൾസനും ബെൽജിയം പ്രതിരോധ നിരയ്ക്ക് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. 35-ാം മിനിറ്റിൽ ഡാംസ്ഗാർഡിന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പോസ്റ്റിന് പുറത്തേക്ക് പോയി.

ആദ്യ മത്സരത്തിന്റെ 10-ാം മിനിറ്റിൽ കഴിഞ്ഞ മത്സരത്തിൽ മൈതാനത്ത് കുഴഞ്ഞുവീണ ഡെന്മാർക്ക് താരം ക്രിസ്റ്റിയൻ എറിക്സണ് ബെൽജിയം ടീമും സ്റ്റേഡിയം ഒന്നടങ്കവും ആദരവർപ്പിച്ചു.

രണ്ടാം പകുതിയിൽ കെവിൻ ഡിബ്രുയ്ൻ ഇറങ്ങിയതോടെ ബെൽജിയം മത്സരത്തിലേക്ക് തിരികെയെത്തി. 55-ാം മിനിറ്റിൽ തോർഗൻ ഹസാർഡ് ബെൽജിയത്തെ ഒപ്പമെത്തിച്ചു. ടീം വർക്കിന്റെ ഫലമായിരുന്നു ഈ ഗോൾ. ലുക്കാക്കുവിന്റെ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. ലുക്കാക്കുവിൽ നിന്ന് പന്ത് ഡിബ്രുയ്നിലേക്ക്, ഡിഫൻഡേഴ്സിനിടയിലൂടെ ഡിബ്രുയ്ൻ നൽകിയ പന്ത് തോർഗൻ ഹസാർഡ് വലയിലെത്തിച്ചു.

പിന്നാലെ 70-ാം മിനിറ്റിൽ ബെൽജിയം ലീഡെടുത്തു. മികച്ച ടീം വർക്കിന്റെ ഫലമായിരുന്നു ബെൽജിയത്തിന്റെ രണ്ടാം ഗോളും. തുടക്കം ലുക്കാക്കുവിൽ നിന്ന്, തുടർന്ന് പന്ത് ലഭിച്ച ഏദൻ ഹസാർഡ് ആരാലും മാർക്ക് ചെയ്യപ്പെടാതിരുന്ന ഡിബ്രുയ്ന് പന്ത് നീട്ടി. താരത്തിന്റെ ഇടംകാലനടി വലയിൽ.

സമനില ഗോളിനായി ഡെന്മാർക്ക് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 87-ാം മിനിറ്റിൽ ബ്രാത്ത്വെയ്റ്റിന്റെ ഹെഡർ ബാറിലുരസി പുറത്ത്പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP