Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

കോപ്പഅമേരിക്ക: ഇഞ്ചുറിടൈമിൽ സമനില പിടിച്ച് വെനസ്വേല, സെൽഫ് ഗോളിൽ തോറ്റ് കൊളംബിയ; അടുത്ത റൗണ്ട് ഉറപ്പിക്കാൻ അർജന്റീന ഇന്ന് ഇറങ്ങും

കോപ്പഅമേരിക്ക: ഇഞ്ചുറിടൈമിൽ സമനില പിടിച്ച് വെനസ്വേല, സെൽഫ് ഗോളിൽ തോറ്റ് കൊളംബിയ; അടുത്ത റൗണ്ട് ഉറപ്പിക്കാൻ അർജന്റീന ഇന്ന് ഇറങ്ങും

സ്പോർട്സ് ഡെസ്ക്

റിയോ: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് മത്സരത്തിൽ ഗ്രൂപ്പ് എയിൽ വെനസ്വേല, ഇക്വഡോർ പോരാട്ടം സമനിലയിൽ. രണ്ടാം മത്സരത്തിൽ പറു കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചു. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഇൻജുറി ടൈമിൽ നേടിയ ഗോളിലൂടെയാണ് ഇക്വഡോറിനെ സമനിലയിൽ പിടിച്ച് വെനസ്വേല. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടിയ മത്സരത്തിൽ രണ്ടു തവണ പിന്നിൽ പോയ ശേഷമായിരുന്നു വെനസ്വേലയുടെ തിരിച്ചുവരവ്.

39-ാം മിനിറ്റിൽ അയർടൺ പ്രെസിയാഡോയിലൂടെ ഇക്വഡോറാണ് ആദ്യം മുന്നിലെത്തിയത്. വെനസ്വേല ബോക്സിലേക്ക് വന്ന ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ റോബർട്ട് ആർബൊലെഡയിൽ നിന്ന് ലഭിച്ച പന്ത് വലയിലെത്തിക്കേണ്ട കാര്യമേ പ്രെസിയാഡോയ്ക്കുണ്ടായുള്ളൂ.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മികച്ച മുന്നേറ്റങ്ങൾ നടത്താൻ ഇക്വഡോറിനായി. എന്നർ വലൻസിയയായിരുന്നു ഇക്വഡോറിന്റെ പല മുന്നേറ്റങ്ങൾക്കും പിന്നിൽ.ഇതിനിടെ എട്ടാം മിനിറ്റിൽ മുന്നിലെത്താൻ ലഭിച്ച അവസരം വെനസ്വേലൻ താരം കാസ്സെറെസ് നഷ്ടപ്പെടുത്തുകയും ചെയ്തു. പിന്നീട് 51-ാം മിനിറ്റിൽ എഡ്സൺ കാസ്റ്റില്ലോ വെനസ്വേലയെ ഒപ്പമെത്തിച്ചു. ജോസ് മാർട്ടിനസിന്റെ ക്രോസിൽ നിന്നായിരുന്നു ഗോൾ. മാർട്ടിനസിന്റെ ക്രോസ് മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന കാസ്റ്റില്ലോ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

ഗോൾ വീണതോടെ വീണ്ടും ഇക്വഡോർ ആക്രമണങ്ങൾക്ക് ജീവൻ വെച്ചു. 71-ാം മിനിറ്റിൽ അത് ഫലം കാണുകയും ചെയ്തു. ഇക്വഡോർ ഹാഫിൽ നിന്ന് പന്ത് ലഭിച്ച ഗോൺസാലോ പ്ലാറ്റ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റമാണ് ഇക്വഡോറിന്റെ രണ്ടാം ഗോളിന് വഴിവെച്ചത്. താരത്തിന്റെ ഷോട്ട് ഫാരിനസ് തടഞ്ഞെങ്കിലും റീബൗണ്ട് വന്ന പന്ത് പ്ലാറ്റ തന്നെ വലയിലെത്തിച്ചു.

ഇക്വഡോർ വിജയമുറപ്പിച്ച് നിൽക്കേ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ റൊണാൾഡ് ഹെർണാണ്ടസിലൂടെയാണ് വെനസ്വേല സമനില ഗോൾ കണ്ടെത്തിയത്. എഡ്‌സൺ കാസ്റ്റില്ലോ ചിപ് ചെയ്ത് നൽകിയ പന്ത് ഹെർണാണ്ടസ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഇക്വഡോർ പ്രതിരോധത്തിന്റെ പിഴവിൽ നിന്നായിരുന്നു ഗോൾ. സമനിലയോടെ വെനസ്വേല ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു.

മറ്റൊരുമത്സരത്തിൽ കൊളംബിയയെ പെറു കീഴടക്കി. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ടീമിന്റെ വിജയം. മധ്യനിരതാരം സെർജിയോ പീനയുടെ ഗോളും യാര മിനയുടെ സെൽഫ് ഗോളും പെറുവിന്റെ പട്ടിക തികച്ചപ്പോൾ പെനാൽട്ടിയിലൂടെ മിഗ്വേൽ ബോർഹ കൊളംബിയയുടെ ആശ്വാസഗോൾ നേടി. ഈ വിജയത്തോടെ പെറു നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശന സാധ്യതകൾ സജീവമാക്കി.

ആദ്യ മിനിട്ടുകളിൽ തന്നെ മികച്ച ആക്രമണം നടത്താൻ ഇരുടീമുകൾക്കും സാധിച്ചു. അഞ്ചാം മിനിട്ടിൽ കൊളംബിയയുടെ ബോർജയ്ക്ക് മികച്ച അവസരം ബോക്സിനകത്തുവെച്ച് ലഭിച്ചെങ്കിലും പെറു പ്രതിരോധം അതിനെ സമർഥമായി നേരിട്ടു. മറുവശത്ത് പെറു ആക്രമിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും അത് ഗോളവസരങ്ങളായി മാറ്റുന്നത്തിൽ ടീം പരാജയപ്പെട്ടു.12ാം മിനിട്ടിൽ കൊളംബിയൻ മിഡ്ഫീൽഡർ ക്വാഡ്രാഡോയുടെ മഴവിൽ പോലെ വളഞ്ഞ കിക്ക് പെറു ഗോൾപോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. എന്നാൽ 17-ാം മിനിട്ടിൽ കൊളംബിയയെ ഞെട്ടിച്ചുകൊണ്ട് ആദ്യ മുന്നേറ്റത്തിൽ തന്നെ പെറു ഗോൾ നേടി.

സെർജിയോ പീനയാണ് ടീമിനായി ഗോൾ നേടിയത്. റീബൗണ്ടായി വന്ന പന്തിൽ നിന്നാണ് താരം ഗോൾ നേടിയത്. കൊളംബിയയുടെ യോട്ടൺ എടുത്ത ലോങ്റേഞ്ചർ കൊളംബിയൻ പോസ്റ്റിലേക്ക് പറന്നെത്തി. എന്നാൽ ഗോൾകീപ്പർ ഓസ്പിന അത് തട്ടിയകറ്റാൻ ശ്രമിച്ചു. താരത്തിന്റെ വിരലുകളിൽ തട്ടി ഗോൾ പോസ്റ്റിലിടിച്ച പന്ത് നെരെയെത്തിയത് പീനയുടെ കാലുകളിലേക്കാണ്. സ്ഥാനം തെറ്റി നിന്ന ഓസ്പിനയ്ക്ക് ഒരു സാധ്യതയും നൽകാതെ അനായാസം പന്ത് വലയിലെത്തിച്ച് പീന പെറുവിനായി ആദ്യ ഗോൾ നേടി. 2021 കോപ്പ അമേരിക്കയിൽ പെറുവിന്റെ ആദ്യ ഗോളാണിത്. ഗോൾ വഴങ്ങിയതോടെ ആക്രമണം ശക്തിപ്പെടുത്താൻ കൊളംബിയ ശ്രമിച്ചെങ്കിലും പെറു പ്രതിരോധം ശക്തമാക്കി. ഇതോടെ ഗോളവസരങ്ങൾ സൃഷ്ടിക്കാൻ കൊളംബിയയ്ക്ക് സാധിച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കൊളംബിയയ്ക്ക് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. ബോർഹയെ ബോക്സിനുള്ളിൽ പെറു ഗോൾകീപ്പർ ഗല്ലീസെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽട്ടി വിധിച്ചത്. 52-ാം മിനിട്ടിൽ ബോർഹ തന്നെ പെനാൽട്ടി കിക്കെടുത്തു. ഗോൾകീപ്പർ ഗല്ലീസെയെ കബിളിപ്പിച്ച് താരം അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ സ്‌കോർ 1-1 എന്ന നിലയിലായി. ബോർഹയെ ഫൗൾ ചെയ്തതിന് ഗല്ലീസെയ്ക്ക് മഞ്ഞക്കാർഡും ലഭിച്ചു.

സമനില ഗോൾ നേടിയതോടെ കൊളംബിയ കൂടുതൽ ആക്രണങ്ങൾ അഴിച്ചുവിട്ടു. 57-ാം മിനിട്ടിൽ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ബോർഹ സെക്കൻഡ് പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും പന്ത് പോസ്റ്റിന് വെളിയിലൂടെ കടന്നുപോയി. എന്നാൽ കൊളംബിയയുടെ സന്തോഷത്തിന് വെറും 12 മിനിട്ട് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 64-ാം മിനിട്ടിൽ പെറു കൊളംബിക്കെതിരേ വീണ്ടും ലീഡെടുത്തു. ഇത്തവണ സെൽഫ് ഗോളാണ് പെറുവിന് തുണയായത്. കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. ബോക്സിലേക്ക് കൃത്യമായി വളഞ്ഞുവന്ന കോർണർ കിക്ക് കൊളംബിയൻ താരം യേരി മിനയുടെ ശരീരത്തിൽ തട്ടി വലയിൽ കയറുകയായിരുന്നു. ഗോൾകീപ്പർ ഓസ്പിന രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പന്ത് ഗോൾവര കടന്നിരുന്നു. ഇതോടെ പെറു 2-1 എന്ന സ്‌കോറിന് മുന്നിലെത്തി.

ഗോൾ വഴങ്ങിയതോടെ കൊളംബിയ ആക്രമണങ്ങൾ ശക്തമാക്കി. പക്ഷേ പെറു പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തതോടെ കൊളംബിയൻ താരങ്ങളുടെ ആക്രമണങ്ങളെല്ലാം വിഫലമായി. താരങ്ങളെ മാറി പരീക്ഷിച്ചിട്ടും ഗോൾ നേടാൻ കൊളംബിയയ്ക്ക് കഴിഞ്ഞില്ല.ഈ വിജയത്തോടെ പെറു രണ്ട് മത്സരങ്ങളിൽ നിന്നും മൂന്ന് പോയന്റുകളുമായി ഗ്രൂപ്പ് എ യിൽ മൂന്നാം സ്ഥാനത്തെത്തി. തോറ്റെങ്കിലും മൂന്ന് മത്സരങ്ങളിൽ നിന്നും നാല് പോയന്റുകളുള്ള കൊളംബിയ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ബ്രസീലാണ് ഒന്നാമത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP