Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തുടർച്ചയായി രണ്ടാം തവണയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി; പെപ് ഗാർഡിയോളയുടെ പടയുടെ വിജയം ലിവർപൂളിനെ ഒരൊറ്റ പോയിന്റിന് പിന്നിലാക്കി; നിർണായകമായ അവസാന മത്സരത്തിൽ സിറ്റി ബ്രൈറ്റനെ 4-1ന് പരാജയപ്പെടുത്തി

തുടർച്ചയായി രണ്ടാം തവണയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി; പെപ് ഗാർഡിയോളയുടെ പടയുടെ വിജയം ലിവർപൂളിനെ ഒരൊറ്റ പോയിന്റിന് പിന്നിലാക്കി; നിർണായകമായ അവസാന മത്സരത്തിൽ സിറ്റി ബ്രൈറ്റനെ 4-1ന് പരാജയപ്പെടുത്തി

ലണ്ടൻ: തുടർച്ചയായ രണ്ടാ തവണയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി. നിർണായക മത്സരത്തിൽ ബ്രൈറ്റൺ ഹോവ് ആൽബിയോണിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തിയാണ് പെപ് ഗാർഡിയോളയുടെ ചുണക്കുട്ടികൾ തുടർച്ചയായ രണ്ടാം തവണയും വിജയകിരീടം സ്വന്തമാക്കിയത്. സീസണിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളിന്റെ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു സിറ്റി. 98 പോയിന്റാണ് സിറ്റി സ്വന്തമാക്കിയത്. ലിവർപൂളിന് ഒരു പോയിന്റിനാണ് സിറ്റി മറികടന്നത്.

ബ്രൈറ്റണിന്റെ തട്ടകത്തിൽ സിറ്റിയുടെ തുടക്കം ഗോൾ വഴങ്ങിക്കൊണ്ടായിരുന്നു. 27ാം മിനിറ്റിൽ സ്‌ട്രൈക്കർ ഗ്ലെൻ മറെ മുൻ ചാമ്പ്യന്മാരെ ഞെട്ടിച്ച്‌കൊണ്ട് വലകുലുക്കി. സിറ്റി ആരാധകർ കിടുങ്ങിയ നിമിഷമായിരുന്നു അത്. ലിവർപൂൾ വൂൾഫ്‌സിനെതിരെ ഗോളടിച്ച് തുടങ്ങിയെന്ന വിവരവും അറിഞ്ഞതോടെ നെഞ്ചിടിപ്പ് കൂടി. എന്നാൽ സിറ്റി ഗംഭീരമായി തിരിച്ചടിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.

ഇരുപകുതികളിലായി രണ്ടെണ്ണം വീതം എതിരാളികളുടെ വലയിൽ അടിച്ചുകയറ്റിയ സിറ്റി കണക്കുവീട്ടി. ഗോൾ മെഷീൻ സെർജിയോ അഗ്യൂറോ (28) ഗോൾവേട്ടക്ക് തുടക്കമിട്ടു. പിന്നാലെ അയ്‌മെറിക് ലപോർട്ടെ (38) ലീഡുയർത്തി. രണ്ടാം പകുതിയിൽ റിയാദ് മെഹ്‌റസും (63) ഇൽകായ് ഗുണ്ടോഗനും (72) പ്രഹരം നാലാക്കി. ലിവർപൂളിന്റെ പ്രതീക്ഷകളെല്ലാം ഇതോടെ കാറ്റിൽ പറന്നു.

വോൾവർഹാംപ്റ്റണിനെതിരെ നടന്ന അവസാന മത്സരത്തിൽ രണ്ട് ഗോൾ ജയം സ്വന്തമാക്കി ലിവർപൂൾ ലീഗിൽ രണ്ടാം സ്ഥാനത്തായി. സാദിയോ മാനേയുടം ഇരട്ട ഗോളിലായിരുന്നു ലിവർപൂളിന്റെ വിജയം. 97 പോയന്റാണ് ലീഗിൽ ലിവർപൂളിനുള്ളത്. സിറ്റിയുടെ ആറാം പ്രീമിയർ ലീഗ് കിരീടമാണിത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട 2018-19 സീസണിൽ സിറ്റി 98 പോയന്റ് നേടിയപ്പോൾ, ലിവർപൂൾ 97 പോയന്റിൽ ഒതുങ്ങി.

ചാമ്പ്യൻസ് ലീഗ് യോഗ്യത നേരത്തേ തന്നെ അടിയറവ് വെച്ച യുനൈറ്റഡിന് അവസാന മത്സരത്തിലും ജയിക്കാനായില്ല. കാർഡിഫ് സിറ്റിയോട് 2-0ത്തിനാണ് യുനൈറ്റഡ് തോൽവി സമ്മതിച്ചത്. ലീഗിലെ അവസാന അഞ്ചു മത്സരത്തിൽ യുനൈറ്റഡ് ജയിച്ചിട്ടേയില്ല. മൂന്നു തോൽവിയും രണ്ടു സമനിലയും. ഇതോടെ സീസണിൽ ഒന്നും എടുത്തുപറയാനില്ലാതെ തലതാഴ്‌ത്തി മടക്കം. ലെസ്റ്റർ സിറ്റിയും ചെൽസിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP