Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിൽ 'നക്ഷത്ര'ങ്ങൾക്കും പങ്ക്; 'സമയം നന്നാക്കാൻ' ജ്യോതിഷ ഏജൻസിയുടെ പിന്തുണ; ട്രോൾമഴയിൽ മുങ്ങി ഇന്ത്യൻ ഫുട്‌ബോൾ; ലോകകപ്പ് വരെ നേടുമെന്ന് ട്രോളർമാർ

ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിൽ 'നക്ഷത്ര'ങ്ങൾക്കും പങ്ക്; 'സമയം നന്നാക്കാൻ' ജ്യോതിഷ ഏജൻസിയുടെ പിന്തുണ; ട്രോൾമഴയിൽ മുങ്ങി ഇന്ത്യൻ ഫുട്‌ബോൾ; ലോകകപ്പ് വരെ നേടുമെന്ന് ട്രോളർമാർ

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: കാൽപന്തുകളിയിൽ ജ്യോത്സ്യന് എന്താണ് കാര്യം എന്നൊന്നും ആരും ചോദിക്കരുത്. കാര്യമുണ്ടെന്നാണ് ഇന്ത്യൻ ഫുട്‌ബോൾ അധികൃതർ നൽകുന്ന സന്ദേശം. കാൽപ്പന്തു കളിയാണെങ്കിലും താരങ്ങളുടെ പ്രകടനത്തിൽ 'നക്ഷത്ര'ങ്ങൾക്ക് നിർണായക പങ്കുണ്ടെന്നു ദേശീയ ഫുട്‌ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) കണ്ടെത്തൽ. എന്തായാലും ഇന്ത്യൻ ഫുട്ബോൾ ടീമിന് പ്രചോദനമാകാൻ എ.ഐ.എഫ്.എഫ് ജ്യോതിഷനെ നിയമിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ട്രോൾ മഴയിൽ മുങ്ങുകയാണ് ഇന്ത്യൻ ടീം.

എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കു മുന്നോടിയായി ജ്യോതിഷ ഏജൻസിയെ ഇന്ത്യൻ ടീമിന്റെ ഭാഗമാക്കിയതുമായി ബന്ധപ്പെട്ടാണു വിവാദം. സുപ്രീം കോടതി നിയമിച്ച മൂന്നംഗ ഭരണസമിതിയുടെ അന്വേഷണത്തിലാണ് ഇത്തരമൊരു ഇടപെടലിന്റെ വിവരങ്ങൾ പുറത്തുവന്നത്. പ്രവചനം ഫലിച്ചിട്ടോ, സമയം നന്നായിട്ടോ എന്നറിയില്ല, യോഗ്യതാ റൗണ്ടിലെ 3 കളികളും ജയിച്ച് ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്മാരായി ഏഷ്യൻ കപ്പിനു ഇന്ത്യ യോഗ്യത നേടുകയും ചെയ്തു.

ദക്ഷിണ ഡൽഹിയിൽ പ്രവർത്തിക്കുന്ന അസ്‌ട്രോളജി സ്ഥാപനത്തിന് 16 ലക്ഷം രൂപയ്ക്കു 3 മാസത്തെ കരാർ നൽകി. ഇവർക്കു മുഴുവൻ പണവും കൈമാറി. ഇന്ത്യൻ ടീമംഗങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ വേണ്ടിയാണ് ഇവരെ നിയമിച്ചതെന്നായിരുന്നു ആദ്യ വിശദീകരണം. പിന്നീടാണ് ഇവരുടേത് ജ്യോതിഷം കൈകാര്യം ചെയ്യുന്ന സ്ഥാപനമാണെന്നു കണ്ടെത്തിയത്. ഇന്ത്യൻ ഫുട്‌ബോൾ ടീം അംഗങ്ങളുമായി ഇവർ 3 തവണ കൂടിക്കാഴ്ച നടത്തിയെന്നാണു വിവരം.സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയുടെ പരിശോധനയിൽ ദേശീയ ടീമിന്റെ കളിയുമായി ബന്ധപ്പെട്ട സ്റ്റാറ്റിസ്റ്റിക്‌സ് ലഭ്യമാക്കുന്ന സ്ഥാപനമെന്നായിരുന്നു മറുപടി. അതിനു മറ്റൊരു സ്ഥാപനമുണ്ടല്ലോ എന്ന ചോദ്യമുയർന്നപ്പോൾ ഏഷ്യൻ കപ്പ് മുന്നിൽകണ്ടു നിയമിച്ചതാണെന്ന വിശദീകരണമെത്തി. ഇന്ത്യൻ ഫുട്‌ബോളിൽ 'ബാഹ്യഇടപെടൽ'ആദ്യമായല്ല. ഡൽഹി കേന്ദ്രമായ ഒരു ഐ ലീഗ് ക്ലബ് കളികൾ ജയിക്കാൻ ഒരു 'ബാബ'യുടെ സേവനം തേടിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

16 ലക്ഷം രൂപയ്ക്കാണ് ന്യാസ ആസ്ട്രോകോർപ് എന്ന ജ്യോതിഷ ഏജൻസിയുമായി ഇന്ത്യൻ ഫുട്ബോൾ ടീം കരാറിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയാണ് കരാർ. 16 ലക്ഷം രൂപയാണ് ഏപ്രിൽ 21ന് നൽകിയത്. കരാർ രണ്ട് വർഷത്തേക്ക് കൂടി പുതുക്കാനും വ്യവസ്ഥയുണ്ട്. ദൈവം സഹായിച്ച് ഇനി ഇന്ത്യ എന്തായാലും ലോകകപ്പ് വരെ നേടുമെന്നാണ് ട്രോളന്മാരും ആരാധകരും പരിഹസിക്കുന്നു.

കളിക്കാരുടെ കഴിവിൽ വിശ്വസിക്കാതെ ജ്യോതിഷിയെ കൊണ്ടുവന്ന് കവടി നിരത്തുന്നത് അരോചകമാണെന്നും, ടൂർണമെന്റിന്റെ ഫൈനൽ ദിവസം 'രാഹുവിന്റെ ദൃഷ്ടി ശരിയല്ല, അതുകൊണ്ട് ഇന്ന് കളിക്കരുത്' എന്ന് ജ്യോത്സ്യൻ പറഞ്ഞാൻ കളിക്കാതിരിക്കുമോ എന്ന് ചോദിക്കുന്നവരും കുറവല്ല.

കന്നിമൂലയിൽ നിന്നും കോർണർ കിക്കെടുക്കാൻ വിസമ്മതിക്കുന്ന താരങ്ങളും, എതിർ ടീമിന് എട്ടിന്റെ പണി കിട്ടാൻ ഗ്രൗണ്ടിൽ മൂലയിൽ കൂടോത്രം ചെയ്ത് കൂഴിച്ചിടുന്നതും, മത്സരത്തിന് മുമ്പ് ക്യാപ്റ്റന്റെയടക്കം പേരും നാളും പറഞ്ഞ ശത്രുസംഹാര പൂജ കഴിപ്പിക്കുന്നതും തുടങ്ങി ഒന്നിന് പിറകെ ഒന്നായി ട്രോളുകളുടെ ചാകരയാണ്.

ഇന്ത്യൻ ഫുട്ബോൾ ടീം അംഗങ്ങളുമായി ഇവർ 3 തവണ കൂടിക്കാഴ്ച നടത്തിയെന്നാണു വിവരം. ഒരു തവണ ബെല്ലാരിയിൽ വെച്ചും രണ്ട് തവണ കഴിഞ്ഞ മാസം കൊൽക്കത്തയിൽ വെച്ചുമായിരുന്നു കൂടിക്കാഴ്ച. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP