Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ പ്രതിരോധത്തിലെ മലയാളി കരുത്ത് ഇനിയില്ല; അനസ് എടത്തൊടിക കളമൊഴിഞ്ഞു; വിരമിക്കൽ പ്രഖ്യാപനം അപ്രതീക്ഷിതം; കളിക്കാനുള്ള മോഹമുണ്ട്,എന്നാൽ തന്നെക്കാൾ കളിക്കുന്ന പുതുതലമുറയ്ക്കായി വഴിമാറിക്കൊടുക്കുന്നു; ഞാൻ തോറ്റുകൊടുക്കുകയല്ല, ഉചിതമായ തീരുമാനം കൈക്കൊള്ളുകയാണെന്നും അനസ്; വിരമിക്കുന്നത് ദേശീയ ടീമിൽ നിന്ന്

ഇന്ത്യൻ പ്രതിരോധത്തിലെ മലയാളി കരുത്ത് ഇനിയില്ല; അനസ് എടത്തൊടിക കളമൊഴിഞ്ഞു; വിരമിക്കൽ പ്രഖ്യാപനം അപ്രതീക്ഷിതം; കളിക്കാനുള്ള മോഹമുണ്ട്,എന്നാൽ തന്നെക്കാൾ കളിക്കുന്ന പുതുതലമുറയ്ക്കായി വഴിമാറിക്കൊടുക്കുന്നു; ഞാൻ തോറ്റുകൊടുക്കുകയല്ല, ഉചിതമായ തീരുമാനം കൈക്കൊള്ളുകയാണെന്നും അനസ്; വിരമിക്കുന്നത് ദേശീയ ടീമിൽ നിന്ന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ പ്രതിരോധത്തിലെ മലയാളി കരുത്ത് ഇനിയില്ല. സോഷ്യൽ മീഡിയയിലൂടെയാണ് ഇന്ത്യൻ സെന്റർ ബാക്ക് അനസ് എടത്തൊടിക വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. യുവതാരങ്ങൾക്ക് അവസരമൊരുക്കാനായി വിരമിക്കുന്നു എന്ന് അനസ് ഫേസ്‌ബുക്കിൽ കുറിച്ചു.എ.എഫ്.സി കപ്പ് ഫുട്ബോളിലെ ഇന്ത്യയുടെ പുറത്താകലിന് തൊട്ടു പിറകെയാണ് അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്. എ. എഫ്.സി. കപ്പിൽ ബഹ്‌റൈനെതിരായ നിർണായക മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ കാലിന് പരിക്കേറ്റ അനസ് മടങ്ങിയിരുന്നു. കണ്ണീരോട് ഗ്രൗണ്ടിൽ നിന്ന് മടങ്ങുന്ന ചിത്രത്തോടൊപ്പമിട്ട ഇസ്റ്റഗ്രാം പോസ്റ്റിലാണ് അനസ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

ബെഹറിനുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തിന്റെ തുടക്കത്തിൽ അനസിന് പരിക്ക് മൂലം പുറത്തുപോകേണ്ടിവന്നിരുന്നു. അനസിന്റെ അഭാവത്തിൽ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇന്ത്യ 90 ാം മിനിറ്റിലെ പെനാൽറ്റിയിലൂടെ പരാജയം ചോദിച്ചുവാങ്ങി.
തോൽവിയോടെ ഇന്ത്യക്ക് ഏഷ്യാ കപ്പ് നോക്കൗണ്ടിൽ കടക്കാനായില്ല. സന്ദേശ് ജിങ്കാനൊപ്പം ഇന്ത്യയുടെ പ്രതിരോധ കോട്ടകാത്തത് അനസായിരുന്നു. അനസിന്റെ പുറത്താകലായിരുന്നു ഇന്ത്യയെ തോൽവിയിലേക്ക് തള്ളിവിട്ടതിനു ഒരു കാരണം.നേരത്തെ പരിശീകൻ സ്റ്റീഫൻ കോൺസ്റ്റന്റൈനും രാജിവച്ചിരുന്നു. ഫിഫ റാങ്കിംഗിൽ 173-ാം സ്ഥാനത്തായിരുന്ന ഇന്ത്യയെ ആദ്യ നൂറിലെത്തിച്ച ശേഷമാണ് കോൺസ്റ്റന്റൈന്റെ മടക്കം.

11 വർഷത്തോളം കാത്തിരുന്നിട്ടാണ് രാജ്യത്തിനു വേണ്ടി കളിക്കാൻ അവസരം കിട്ടിയതെന്നും കുറച്ചു നാൾ മാത്രമാണ് ഇന്ത്യൻ ജേഴ്‌സി അണിയാൻ സാധിച്ചതെന്നും അനസ് കുറിപ്പിലൂടെ പറഞ്ഞു. ഇന്ത്യൻ ജേഴ്‌സിയിൽ ആകെ 17 മത്സരങ്ങൾ മാത്രം കളിച്ചിട്ടാണ് അനസിന്റെ പടിയിറക്കം. സന്തോഷ് ജിങ്കാനുമായിച്ചേർന്നുള്ള അനസിന്റെ ഡിഫൻസ് കൂട്ടുകെട്ട് ഇന്ത്യൻ പ്രതിരോധത്തെ സമീപകാലത്ത് ഉറച്ചതാക്കിയിരുന്നു.

'അത്യന്തം വേദനയോടെയാണ് ഞാൻ ഇന്ത്യൻ ടീമിൽ നിന്ന് വിരമിക്കാനുള്ള ഈ തീരുമാനം കൈക്കൊള്ളുന്നത്. ഇനിയും ഒരുപാട് കാലം കളിക്കാനുള്ള മോഹമുണ്ട് എനിക്ക്. പക്ഷേ, ഇപ്പോൾ തോന്നുന്നു എന്നേക്കാൾ നന്നായി കളിക്കാൻ കഴിയുന്ന പുതിയ തലമുറക്കാർക്കുവേണ്ടി വഴി മാറിക്കൊടുക്കാനുള്ള സമയമായെന്ന്. പതിനൊന്ന് വർഷമെടുത്തു എനിക്ക് ദേശീയ ടീമിൽ കളിക്കാൻ. ഹ്രസ്വമെങ്കിലും എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടവും ഇതുതന്നെ. ഓരോ തവണ ദേശീയ ടീമിനുവേണ്ടി കളിക്കുമ്പോഴും എന്റെ കഴിവിന്റെ നൂറു ശതമാനം പുറത്തെടുക്കാൻ പരിശ്രമിക്കാറുണ്ട് ഞാൻ. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പരിക്ക് പറ്റി പിൻവാങ്ങേണ്ടിവന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ഈ വേദന എക്കാലവും എന്നിലുണ്ടാകും.

എന്നിൽ വിശ്വാസം അർപ്പിച്ച് എനിക്ക് അവസരം നൽകിയ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനിനോടുള്ള നന്ദി ഞാൻ ഇവിടെ രേഖപ്പെടുത്തുകയാണ്. അദ്ദേഹത്തിന് നല്ലൊരു ഭാവി ആശംസിക്കുകയാണ് ഞാൻ. ദേശീയ ടീമിൽ കളിച്ച കാലമത്രയും എന്നെ പിന്തുണച്ച ആരാധകർക്കും എനിക്ക് എല്ലാവിധ പിന്തുണയും നൽകിയ ടീമംഗങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും ഞാൻ നന്ദി പറയുകയാണ്. രാജ്യത്തെ ഏറ്റവും മികച്ച ചില കളിക്കാർക്കൊപ്പം കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു.

എന്റെ സഹോദരന്മാർക്കൊപ്പം നീല ജെഴ്സിയണിഞ്ഞ് ടൗണിലൂടെ ഗ്രൗണ്ടിലേയ്ക്ക് നടക്കുന്ന അനുഭവം എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും. സെൻട്രൽ ഡിഫൻസിൽ സന്ദേശ് ജിംഗനുമായി നല്ലൊരു കൂട്ടുകെട്ടുണ്ടായിരുന്നു. നിനക്കൊപ്പം കളിക്കുന്നത് ഒരു അനുഭൂതി തന്നെയാണ്. നിങ്ങളാണെന്റെ ഏറ്റവും മികച്ച പങ്കാളി. ഈ ദിനങ്ങളെല്ലാം എനിക്ക് നഷ്ടപ്പെടും. എല്ലാവർക്കും എന്റെ ശുഭാശംസകൾ. ഈ ഓർമകൾ എന്നും എനിക്കൊപ്പം ഉണ്ടാകും. ഞാൻ തോറ്റുകൊടുക്കുകയല്ല. ഉചിതമായ തീരുമാനം കൈക്കൊള്ളാനുള്ള ഏറ്റവും ഉചിതമായ സമയം ഇതാണെന്ന് ഞാൻ കരുതുന്നു'-അനസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അനസ് പഠനശേഷം ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിരുന്നു. മഞ്ചേരി എൻ.എസ്.എസ് കോളേജ് ടീമിലൂടെയാണ് ശ്രദ്ധ നേടിയത്. മുംബൈ എഫ്.സി.യിലൂടെയാണ് പ്രൊഫഷണൽ ലീഗിൽ തിളങ്ങിയത്. പിന്നീട് പുണെയിലും ഡൽഹി ഡയനാമോസിലും മോഹൻബഗാനിലും ജംഷേദ്പുർ എഫ്.സി.യിലും കളിച്ച് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP