Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202301Sunday

നാടോടിക്കൂട്ടങ്ങൾ സ്ഥിരം താവളമാക്കിയതോടെ രൂപപ്പെട്ട ഗ്രാമീണനഗരം; ടിറ്റോയും സ്റ്റാലിനും യൂഗോസ്ലാവിയയുടെ ഭാഗമാക്കി; എണ്ണിയാലൊടുങ്ങാത്ത കൊച്ചു രാജ്യങ്ങളുടെയൊക്കെ അതിർത്തി പ്രദേശം സ്വാതന്ത്ര്യം നേടിയത് 1992ൽ; ബാൽക്കൺ യുദ്ധത്തെ അതിജീവിച്ച മോഡ്രിച്ചിന്റെ ലോകകപ്പിൽ നിന്നുള്ള മടക്കവും ജയത്തോടെ; സമാധാനത്തിന് വേണ്ടി യാചിച്ചവർ 30 കൊല്ലം കൊണ്ട് ചരിത്രം മാറ്റിയെടുത്തു; വെൽഡൺ ക്രൊയേഷ്യ

നാടോടിക്കൂട്ടങ്ങൾ സ്ഥിരം താവളമാക്കിയതോടെ രൂപപ്പെട്ട ഗ്രാമീണനഗരം; ടിറ്റോയും സ്റ്റാലിനും യൂഗോസ്ലാവിയയുടെ ഭാഗമാക്കി; എണ്ണിയാലൊടുങ്ങാത്ത കൊച്ചു രാജ്യങ്ങളുടെയൊക്കെ അതിർത്തി പ്രദേശം സ്വാതന്ത്ര്യം നേടിയത് 1992ൽ; ബാൽക്കൺ യുദ്ധത്തെ അതിജീവിച്ച മോഡ്രിച്ചിന്റെ ലോകകപ്പിൽ നിന്നുള്ള മടക്കവും ജയത്തോടെ; സമാധാനത്തിന് വേണ്ടി യാചിച്ചവർ 30 കൊല്ലം കൊണ്ട് ചരിത്രം മാറ്റിയെടുത്തു; വെൽഡൺ ക്രൊയേഷ്യ

സ്പോർട്സ് ഡെസ്ക്

ദോഹ: ക്രൊയേഷ്യയുടെ ഇതിഹാസ താരവും നായകനുമായ ലൂക്ക മോഡ്രിച്ചിന്റെ ലോകകപ്പ് കരിയറിന് വിരാമം അതും ജയത്തോടെ. 2018 ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിലെത്തിക്കാൻ മോഡ്രിച്ചിനായിരുന്നു. അന്ന് ടൂർണമെന്റിന്റെ താരമായതും മോഡ്രിച്ചാണ്. കഴിഞ്ഞ തവണ ഭാഗ്യകൊണ്ടല്ല തങ്ങൾ ഫൈനലിലെത്തിയതെന്ന് ഖത്തറിൽ തെളിയിക്കാൻ ക്രൊയേഷ്യക്കായി. ലൂസേഴ്സ് ഫൈനലിൽ ആഫ്രിക്കൻ കരുത്തിനെ തകർത്ത് മൂന്നാം സ്ഥാനം. മോഡ്രിച്ചിന് വേണ്ടി ക്രൊയേഷ്യൻ പട ആഗ്രഹിച്ചത് കിരീടമായിരുന്നു. എന്നാൽ സെമിയിൽ മെസ്സിയുടെ മാജിക്ക് ആ മോഹം തകർത്തു. അതിൽ അവർ തളർന്നില്ല. ഓടിക്കളിച്ച് മൊറോക്കോയെ അവർ തളച്ചു.

ഇത്തവണ പ്രീക്വാർട്ടറിൽ ജപ്പാനെയും ക്വാർട്ടർ ഫൈനലിൽ ബ്രസീലിനേയും തോൽപ്പിച്ചാണ് ക്രൊയേഷ്യ സെമിയിലെത്തിയത്. എന്നാൽ സെമിയിൽ അർജന്റീനയോട് കാലിടറി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അർജന്റീനയുടെ ജയം. മോഡ്രിച്ച്, പെരിസിച്ച്, കോവാസിച്ച് തുടങ്ങിയ താരങ്ങളായിരുന്നു ഈ ലോകകപ്പിൽ ക്രൊയേഷ്യയുടെ കരുത്ത്. ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയും മൊറോക്കോയും നേർക്കുനേർ വന്നിരുന്നെങ്കിലും മത്സരം സമനിലയിൽ കലാശിച്ചു. അതുകൊണ്ട് തന്നെ ലൂസേഴ്സ് ഫൈനലിനേയും ഏവരും തുല്യ ശക്തികളുടെ പോരാട്ടമായി കണ്ടു. ആ കളിയിലാണ് ക്രൊയേഷ്യ ജയിക്കുന്നത്. അവർക്കിത് ലോകകപ്പിലെ രണ്ടാം മൂന്നാം സ്ഥാനമാണ്.യൂറോപ്പിലെ ഫുട്ബോൾ കരുത്തായി മാറുകയാണ് ഈ ലോകകപ്പോടെ ക്രൊയേഷ്യ. ക്രിസ്തുവിനുമുമ്പ് മൂന്നാംനൂറ്റാണ്ടിൽ നോർമാഡന്മാരുടെ വർഗത്തലവനും ഇലിയർ ഗോത്രനേതാവുമായിരുന്ന അഗ്ലറാൻ സ്ഥാപിച്ചതാണ് ഇന്നത്തെ ക്രോയേഷ്യ. നാടോടിക്കൂട്ടങ്ങൾ ഇതൊരു സ്ഥിരം താവളമാക്കിയതോടെ സാവധാനമതൊരു ഗ്രാമീണനഗരമായി രൂപംകൊണ്ടു. ഒന്നാംലോക യുദ്ധത്തിനുശേഷം രൂപവത്കൃതമായ യൂഗോസ്ലാവിയൻ റിപ്പബ്ലിക്കിന്റെ ഭാഗമാകുംമുമ്പ് കൊച്ചുസ്വതന്ത്രരാജ്യമായിരുന്നു. ടിറ്റോയും സ്റ്റാലിനും കൂടിയാണതിനെ തന്ത്രപൂർവം യൂഗോസ്ലാവിയയുടെ ഭാഗമാക്കിയത്. എന്നാൽ എന്നും അതൊരു പ്രശ്നസംസ്ഥാനം തന്നെയായിരുന്നു യൂഗോസ്ലാവിയക്ക്. ചരിത്രമറിയുന്ന കാലംമുതലേ ക്രൊയേഷ്യ ഈ 'ഖ്യാതി' നിലനിർത്തി. എണ്ണിയാലൊടുങ്ങാത്ത കൊച്ചുരാജ്യങ്ങളുടെയൊക്കെ അതിർത്തിയായിരുന്നു അത്. അതുകാരണം എല്ലാവർക്കും എളുപ്പം കടന്നെത്താവുന്ന ഇടവും.ഏഴാം നൂറ്റാണ്ടിലെ പ്രബല ശക്തികളായിരുന്ന റോമാനിയൻ വംശം ഇവിടം അപഹരിച്ചെടുത്ത് മനോഹരമായ കോട്ടകളും കൊട്ടാരങ്ങളും കെട്ടിപ്പടുത്ത് ചക്രവർത്തിമാരുടെ സുഖവാസകേന്ദ്രമാക്കി. ഒമ്പതാം നൂറ്റാണ്ടായപ്പോഴേക്കും ജർമനിയിലെ ഫ്രാങ്കൻ രാജവംശത്തിന്റെ കണ്ണ് പതിഞ്ഞതോടെ അത് ജർമൻ പ്രവിശ്യയായി. ഹംഗറിയുടെ ഭരണകർത്താക്കളായ ഡോണാവു മോണാർക്കി (ഡാന്യൂബ് ചക്രവർത്തികുടുംബം) കടന്നാക്രമിച്ചപ്പോൾ ഫ്രാങ്കന്മാരത് കൈവിട്ടു. തുടർന്നു രാജവംശങ്ങൾ മാറിമാറി തട്ടിയിരുട്ടിയിരുന്ന ക്രൊയേഷ്യ ഒരിക്കലും സമാധാനമെന്തെന്നറിഞ്ഞിരുന്നില്ല. ഒടുവിൽ മിലോസെവിച്ചിന്റെ പതനത്തോടെ 1992ൽ സ്വതന്ത്ര രാഷ്ട്രമായി. അതിന് ശേഷമാണ് ലോകകപ്പിൽ ക്രൊയേഷ്യ പന്തു തട്ടാനെത്തിയത്. കുറഞ്ഞ കാലത്തിനിടെ രണ്ടു മൂന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും.

അവിശ്വസനീയമായത് ലോകത്തിന് മുമ്പിൽ കാട്ടിയവരാണ് ക്രൊയേഷ്യ. തൊണ്ണൂറുകളിൽ എതിരാളിയുടെ യുദ്ധ തന്ത്രങ്ങളെ കൈയിലുള്ളത് വച്ച് പ്രതിരോധിച്ച് തോൽപ്പിച്ച ക്രോയേഷ്യ ഫുട്ബോളിലും ആ വഴിയിലൂടെ മുന്നേറുകയാണ്. മനധൈര്യം കൊണ്ട് അവർ വികസനത്തിൽ ലോകത്തിന് മാതൃകയായി. ലോകകപ്പ് ഫുട്‌ബോളിന്റെ ദോഹൻ പതിപ്പിലും ക്രൊയേഷ്യ പോരാളികളാണ്. കാനറിപടയെ അവർ മെരുക്കി. ആക്രമണത്തിന് അപ്പുറം പ്രതിരോധക്കോട്ടയിൽ ബ്രസീലെന്ന വമ്പന്മാരുടെ കിരീട പ്രതീക്ഷകളെയാണ് ക്രൊയേഷ്യ തകർത്തത്. അർജന്റീനയോട് തോറ്റ അവർ ലൂസേഴ്സ് ഫൈനലിൽ മൊറോക്കൻ കരുത്തിനെ പിടിച്ചു കെട്ടി. ക്വാർട്ടറിൽ പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ വീഴ്‌ത്തിയാണ് ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ എത്തിയത്. യുറോപ്യൻ ഫുട്ബോളിന്റെ ശൈലിയും വേഗവുമായാണ് ക്രൊയേഷ്യ ഈ ലോകകപ്പിൽ നിറഞ്ഞത്.ജനസംഖ്യ നോക്കിയാൽ ഐസ് ലൻഡും പനാമയും യുറഗ്വേയും കഴിഞ്ഞാൽ ഈ ലോകകപ്പിലെ ചെറുരാജ്യമാണ് ക്രൊയേഷ്യ. പക്ഷേ 1500 അംഗീകൃത ക്ലബുകളിലായി 13,000 ഫുട്‌ബോൾ താരങ്ങളുണ്ടിവിടെ. മറ്റ് രാജ്യങ്ങളുടെ ക്ലബുകളിലും ആയിരക്കണക്കിന് ക്രൊയേഷ്യൻ താരങ്ങൾ കളിക്കുന്നുണ്ട്. റൊമേനിയൻ ചക്രവർത്തിമാരുടെ സുഖവാസകേന്ദ്രമായിരുന്നു ക്രൊയേഷ്യയെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കോട്ടയും കൊട്ടാരവുമൊക്കെ പണിതുയർത്തിയത് അവരാണ്. ജർമനിയിൽ നിന്നുള്ള ഫ്രാങ്കൻ രാജവംശത്തിന്റെയും ഡാന്യൂബ് ചക്രവർത്തിമാരുടെയുമൊക്കെ കൈകളിൽ ഒട്ടും ഭദ്രമല്ലാതിരുന്ന ഭൂതകാലം.

ഒന്നാംലോക മഹായുദ്ധത്തിനുശേഷം ക്രൊയേഷ്യ യുഗോസ്ലാവിയിൻ റിപ്പബ്ലിക്കിന്റെ ഭാഗമായി. സംഘർഷഭരിതമായ പതിറ്റാണ്ടുകൾക്കൊടുവിൽ 1991ൽ സ്വാതന്ത്യത്തിലേക്ക്. തൊട്ടുപിന്നാലെ സെർബിയയുമായി പോരാട്ടം. ബാൽക്കൻ യുദ്ധഭീതി നിറഞ്ഞ ആ ജീവിതത്തെക്കുറിച്ച് ലൂക്കോ മാഡ്രിച്ച് പറയും. മൈനുകളിൽ ചവിട്ടാതിരിക്കാൻ സൂക്ഷിച്ചു ചുവടുവയ്‌ക്കേണ്ടിയിരുന്ന ബാല്യത്തെക്കുറിച്ചും. നിലതെറ്റി നിന്ന ആ കാലത്തിൽ നിന്ന് ക്രൊയേഷ്യ ഒരു കുതിച്ചുചാട്ടമായിരുന്നു. രാജ്യത്തിന്റെ വളർച്ചയ്‌ക്കൊപ്പം ഫുട്‌ബോളും വളർന്നു. സ്വതന്ത്രമായി ഏഴുവർഷത്തിനുശേഷം 1998 ൽ ലോകകപ്പ് സെമിഫൈനലിലെത്തി. 2018ൽ ഫൈനലിലും. വീണ്ടും മൂന്നാം സ്ഥാനം.സ്ലോവേനിയ, ഹംഗറി, ബോസ്‌നിയ, സെർബിയ തുടങ്ങിയ എണ്ണമറ്റ രാജ്യങ്ങളുമായി അതിർത്തിപങ്കിടുന്ന ക്രൊയേഷ്യയിലേക്ക് എത്തിപ്പെടുക പ്രയാസമല്ല. ആരെയും മോഹിപ്പിക്കുന്ന ആ മനോഹാരിത. സ്വാതന്ത്യത്തിന്റെയും സമാധാനത്തിന്റെയും വിലയെന്തെന്ന് നന്നായി മനസിലാക്കിയ ജനതമാണ് അവിടുത്തേത്. സർവമേഖലകളിലും നേടിയ പുരോഗതിയിൽ ആ രാജ്യം ഇന്ന് നിവർന്നു നിൽക്കുന്നു. അവർക്ക് കരുത്ത് പകരുന്നതാണ് ക്രൊയേഷ്യൻ ഫുട്‌ബോളിന്റെ 2022ലെ മൂന്നാം സ്ഥാനവും. സെർബിയയ്‌ക്കെതിരെ യുദ്ധത്തിൽ തീർത്ത പ്രതിരോധം തന്നെയാണ് ദോഹയിൽ കാൽപ്പന്തുകളിയിലെ കറുത്ത കുതിരകളാകാനും ക്രൊയേഷ്യ പുറത്തെടുത്ത തന്ത്രം. അവസാന ശ്വാസം വരെ പ്രതിരോധം. കിട്ടുന്ന അവസരത്തിൽ ആക്രമണവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP