Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

ക്രൊയേഷ്യയുടെ രക്ഷകനായി ഗോളി ലിവാകോവിച്ച്; ഫിനിഷിംഗിൽ പിഴച്ച് കാനറികൾ; നഷ്ടപ്പെടുത്തിയത് ഒട്ടേറെ ഗോളവസരങ്ങൾ; ലോകകപ്പ് ക്വാർട്ടർ പോരാട്ടത്തിന്റെ രണ്ടാം പകുതിയും ഗോൾ രഹിതം; മത്സരം അധിക സമയത്തേക്ക്

ക്രൊയേഷ്യയുടെ രക്ഷകനായി ഗോളി ലിവാകോവിച്ച്; ഫിനിഷിംഗിൽ പിഴച്ച് കാനറികൾ; നഷ്ടപ്പെടുത്തിയത് ഒട്ടേറെ ഗോളവസരങ്ങൾ; ലോകകപ്പ് ക്വാർട്ടർ പോരാട്ടത്തിന്റെ രണ്ടാം പകുതിയും ഗോൾ രഹിതം; മത്സരം അധിക സമയത്തേക്ക്

സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പിൽ ബ്രസീൽ ക്രൊയേഷ്യ ക്വാർട്ടർ പോരാട്ടത്തിന്റെ രണ്ടാം പകുതിയും ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെ മത്സരം അധിക സമയത്തേക്ക്. ഇരുഭാഗത്തു നിന്ന് തുടർച്ചയായ ആക്രമണങ്ങളുണ്ടായെങ്കിലും ഫിനിഷിംഗിലെ പിഴവുകളാണ് തിരിച്ചടിയായത്. എട്ടു സേവുമായി ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവകോവിച്ച് ബ്രസീലിനെ പിടിച്ചുകെട്ടി. ഒരു ലോകകപ്പിൽ ക്രൊയേഷ്യൻ ഗോളി നേടുന്ന ഏറ്റവും കൂടുതൽ സേവാണിത്.

90 മിനുറ്റിലും നാല് മിനുറ്റ് ഇഞ്ചുറിസമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. ബ്രസീലിയൻ മുന്നേറ്റങ്ങളുടെ മുനയൊടിച്ച് ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകോവിച്ച് ഗോൾവല കാത്തതോടെ മത്സരം ഗോൾരഹിതമായി കലാശിച്ചു.

ബ്രസീൽ-ക്രൊയേഷ്യ ക്വാർട്ടറിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. 45 മിനുറ്റുകളിലും ഒരു മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമുകൾക്കും വല ചലിപ്പിക്കാനായില്ല. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിലെ ബ്രസീലിന്റെ ആക്രമണത്തിന്റെ തുടർച്ച പ്രതീക്ഷിച്ച ആരാധകർക്ക് മുന്നിൽ മോഡ്രിച്ചിന്റെ നേതൃത്വത്തിൽ ക്രൊയേഷ്യ നീക്കങ്ങൾ നടത്തുന്നതും ശക്തമായി പ്രതിരോധിക്കുന്നതുമാണ് കണ്ടത്. 52 ശതമാനം ബോൾ പൊസിഷനും മൂന്ന് ഓൺടാർഗറ്റ് ഷോട്ടുകളുമുള്ള ബ്രസീലിനെതിരെയാണ് ക്രൊയേഷ്യ മികച്ച പ്രകടനം പുറത്തെടുത്തത്.മൂന്നാം മിനുറ്റിൽ കൊവാസിച്ചിനെ കാസിമിറോ ഫൗൾ ചെയ്തതിന് ക്രൊയേഷ്യക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. തൊട്ടുപിന്നാലെ ബ്രസീലിന്റെ പ്രത്യാക്രമണം വിനീഷ്യസ് നയിച്ചെങ്കിലും ഫാർ പോസ്റ്റിലേക്ക് വളച്ച് പന്ത് കയറ്റാനുള്ള ശ്രമം ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ച് പിടികൂടി. 10-ാം മിനുറ്റിൽ വിനീഷ്യസ് തുടങ്ങിവച്ച മുന്നേറ്റവും ഗോളിലേക്ക് വഴിമാറിയില്ല. 13-ാം മിനുറ്റിൽ പെരിസിച്ചിന്റെ ഫിനിഷിങ് ചെറുതായൊന്ന് പിഴച്ചില്ലായിരുന്നെങ്കിൽ ക്രൊയേഷ്യക്ക് ലീഡ് കണ്ടെത്താമായിരുന്നു. 21-ാം മിനുറ്റിൽ നെയ്മറുടെ ശ്രമവും ഗോളിയുടെ കൈകളിൽ വിശ്രമിച്ചു. 23-ാം മിനുറ്റിൽ നെയ്മറുടെ താളം കൃത്യമായി കണ്ട നീക്കത്തിൽ കസിമിറോയ്ക്ക് ഗോൾവല ഭേദിക്കാനായില്ല. 42-ാം മിനുറ്റിൽ ബോക്സിന് തൊട്ട് പുറത്തുവച്ച് കിട്ടിയ ഫ്രീകിക്കിൽ നെയ്മറുടെ ഷോട്ട് കൃത്യം ഗോളിയുടെ കൈകളിലെത്തി.ക്രൊയേഷ്യയെ വിറപ്പിക്കുന്ന പ്രകടനത്തോടെയാണ് ബ്രസീൽ രണ്ടാം പകുതിക്കു തുടക്കമിട്ടത്. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ രണ്ടു തവണയാണ് ബ്രസീൽ ഗോളിന് അടുത്തെത്തിയത്. ഗോൾകീപ്പർ ലിവക്കോവിച്ചിന്റെയും ഡിഫൻഡർ ഗ്വാർഡിയോളിന്റെയും രണ്ടു തകർപ്പൻ സേവുകളാണ് ക്രൊയേഷ്യയെ കാത്തത്. തൊട്ടുപിന്നാലെ വലതുവിങ്ങിൽ റാഫീഞ്ഞയെ പിൻവലിച്ച് പരിശീലകൻ ടിറ്റെ ആന്റണിയെ കളത്തിലിറക്കി. മത്സരം ഒരു മണിക്കൂർ പിന്നിട്ട് അധികം വൈകും മുൻപേ വിനീസ്യൂസ് ജൂനിയറിനു പകരം റോഡ്രിഗോയെയും കളത്തിലിറക്കി.

റോഡ്രിഗോ വന്നതിനു പിന്നാലെ ബ്രസീൽ ഒരിക്കൽക്കൂടി ഗോളിന് അടുത്തെത്തി. ക്രൊയേഷ്യൻ ബോക്‌സിലേക്ക് ബ്രസീൽ നടത്തിയ നീക്കത്തിനൊടുവിൽ ലൂക്കാസ് പക്വേറ്റ തൊടുത്ത പന്ത് മുന്നോട്ടുകയറിയെത്തിയ ഗോൾകീപ്പർ ലിവാക്കോവിച്ച് ഒരുവിധത്തിലാണ് തടഞ്ഞത്. ഇതിനിടെ ക്രമാരിച്ചിനെതിരായ ഫൗളിന് ബ്രസീൽ താരം കാസമിറോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകി. മത്സരം 70ാം മിനിറ്റ് പിന്നിട്ടതിനു പിന്നാലെ ക്രമാരിച്ച്, പസാലിച്ച് എന്നിവർക്കു പകരം പെട്‌കോവിച്ചും നിക്കോളാസ് വ്‌ലാസിച്ചും കളത്തിലെത്തി. ബ്രസീൽ നിരയിൽ റിച്ചാർലിസനു പകരം പെഡ്രോയും എത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല.

66-ാം മിനുറ്റിൽ പക്വേറ്റയുടെ ശ്രമം നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. 76-ാം മിനുറ്റിൽ റോഡ്രിഗോയുടെ മുന്നേറ്റം ഗോളിലേക്ക് വഴിതിരിച്ചുവിടാൻ നെയ്മർ ശ്രമിച്ചപ്പോൾ ഗോളി വിലങ്ങുതടിയായി. 80-ാം മിനുറ്റിൽ പക്വേറ്റയുടെ ഷോട്ടും ഗോളിയിൽ അവസാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP