Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തറിൽ മൊറോക്കൻ വസന്തം!; പെനാൽറ്റി ഷൂട്ടൗട്ടിൽ സ്‌പെയിനെ കീഴടക്കി ആഫ്രിക്കൻ കരുത്തർ ക്വാർട്ടറിൽ; രക്ഷകനായി ഗോൾകീപ്പർ യാസിൻ ബോനു; ആദ്യ മൂന്ന് കിക്കും പാഴാക്കിയ സ്‌പെയിന് കണ്ണീരോടെ മടക്കം; നാലിൽ മൂന്ന് കിക്കും വലയിലെത്തിച്ച് മൊറോക്കോ താരങ്ങൾ

ഖത്തറിൽ മൊറോക്കൻ വസന്തം!; പെനാൽറ്റി ഷൂട്ടൗട്ടിൽ സ്‌പെയിനെ കീഴടക്കി ആഫ്രിക്കൻ കരുത്തർ ക്വാർട്ടറിൽ; രക്ഷകനായി ഗോൾകീപ്പർ യാസിൻ ബോനു; ആദ്യ മൂന്ന് കിക്കും പാഴാക്കിയ സ്‌പെയിന് കണ്ണീരോടെ മടക്കം; നാലിൽ മൂന്ന് കിക്കും വലയിലെത്തിച്ച് മൊറോക്കോ താരങ്ങൾ

സ്പോർട്സ് ഡെസ്ക്

ദോഹ: മുൻ ചാമ്പ്യന്മാരായ സ്‌പെയിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്തെറിഞ്ഞ് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ക്വാർട്ടർ ഫൈനലിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ലക്ഷ്യം കാണാനാകാതെ പോയതോടെ മത്സരം വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ടിന് വഴിമാറുകയായിരുന്നു.

ഷൂട്ടൗട്ടിൽ കാർലോസ് സോളറെടുത്ത രണ്ടാമത്തെ കിക്കും ക്യാപ്റ്റൻ സെർജിയോ ബുസ്‌ക്വെറ്റ്‌സിന്റെ മൂന്നാം കിക്കും തടുത്തിട്ട ഗോൾകീപ്പർ യാസിൻ ബോനുവാണ് മൊറോക്കോയുടെ രക്ഷകനായത്. മറ്റൊരു സ്പാനിഷ് താരം പാബ്ലോ സറാബിയയുടെ കിക്ക് പോസ്റ്റിൽത്തട്ടി തെറിച്ചു. മൊറോക്കോയ്ക്കായി അബ്ദൽഹമീദ് സബീരി, ഹാകിം സിയെച്ച്, അച്‌റഫ് ഹക്കിമി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ. ബദിർ ബെനോണിന്റെ ഷോട്ട് സ്പാനിഷ് ഗോൾകീപ്പർ ഉനായ് സൈമൺ രക്ഷപ്പെടുത്തി.



ഷൂട്ടൗട്ടിൽ ആദ്യം മൊറോക്കോയാണ് കിക്കെടുത്ത്. അബ്ദൽഹമീദ് സബീരികൃത്യമായി സ്പെയിൻ വല കുലുക്കി. തുടർന്ന് പാബ്ലോ സറാബിയാണ് സ്‌പെയിനായി കിക്കെടുത്ത്. എന്നാൽ ബാറിൽ തട്ടി പുറത്തേക്ക് പോയി. പിന്നീട് ഹകീം സിയെച്ചാണ് മൊറോക്കോയ്ക്കായി കിക്കെടുക്കാനെത്തിയത്. പന്ത് കൂളായി വലയിൽ കയറ്റി.

അടുത്തതായി വന്ന കാർലോസ് സോളെറിന്റെ കിക്ക് ബൂനോ തടുത്തിട്ടു. എന്നാൽ അടുത്ത മൊറോക്കൻ കിക്ക് സ്പെയിൻ ഗോളിയും തടഞ്ഞു. ബദ്ർ ബെനൗന്റെ കിക്കാണ് തടഞ്ഞത്. അടുത്ത സർജിയോ ബുസ്‌ക്വറ്റ്സിന്റെ കിക്കും ബൂനോ തടഞ്ഞു. അഷ്റഫ് ഹക്കീമിയെടുത്ത അടുത്ത കിക്ക് വലയിലെത്തി. ഇതോടെ മെറോക്കോക്ക് മൂന്നു ഗോളായി. എന്നാൽ സ്പെയിനിന് ഒരു കിക്കും വലയിലെത്തിക്കാനായില്ല.



പന്ത് നിയന്ത്രണത്തിലാക്കി അവസരത്തിനായി കാത്തിരുന്ന സ്പാനിഷ് താരങ്ങൾക്കുമുൻപിൽ പ്രതിരോധനീക്കത്തിലൂടെയും ഇടയ്ക്കിടെയുള്ള പ്രത്യാക്രമണങ്ങളിലൂടെയും മത്സരത്തിലുടനീളം ഭീഷണിയുയർത്തിയിരുന്നു ആഫ്രിക്കക്കാർ. ഇരുപകുതിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. നിരവധി ഗോളവസരങ്ങൾ ഇരുകൂട്ടർക്കും ലഭിച്ചെങ്കിലും കാണികൾക്ക് ഒരു വട്ടം പോലും വല കുലുങ്ങുന്നത് കാണാനായില്ല. എക്സ്ട്രാ ടൈമിലും ഇരുടീമുകൾക്കും ഗോളടിക്കാനായില്ല.



ഡിസംബർ 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗൽ സ്വിറ്റ്‌സർലൻഡ് പ്രീക്വാർട്ടർ വിജയികളാണ് സ്‌പെയിനിന്റെ എതിരാളികൾ. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോളൊന്നും നേടാനാകാതെ പോയതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് അനിവാര്യമായത്. ഖത്തറിൽ തുടർച്ചയായ രണ്ടാം പ്രീക്വാർട്ടർ പോരാട്ടമാണ് പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഇന്നലെ നടന്ന ക്രൊയേഷ്യ ജപ്പാൻ പ്രീക്വാർട്ടർ പോരാട്ടത്തിലും ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

അധിക സമയത്തിന്റെ ആദ്യപകുതിയിൽ മത്സരത്തിലെ തന്നെ ഏറ്റവും മികച്ച അവസരം ലഭിച്ചിട്ടും മൊറോക്കോ താരം വാലിദ് ചെദീരയ്ക്ക് അത് മുതലാക്കാനാകാതെ പോയത് സ്‌പെയിനിന് രക്ഷയായി. അധികസമയത്തിന്റെ 14ാം മിനിറ്റിൽ സ്പാനിഷ് ബോക്‌സിലേക്ക് മൊറോക്കോ താരങ്ങൾ നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് പന്ത് ചെദീരയ്ക്കു ലഭിച്ചത്. ഗോൾകീപ്പർ ഉനായ് സൈമൺ മാത്രം മുന്നിൽ നിൽക്കെ, ചെദീരയുടെ താഴ്‌ന്നെത്തിയ ഷോട്ട് സൈമണിന്റെ കാലിൽത്തട്ടി തെറിച്ചു.



രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ സ്‌പെയിനിനും ലഭിച്ചു, നല്ലൊരു അവസരം. മൊറോക്കോ ബോക്‌സിൽ സ്‌പെയിൻ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായിരുന്നു ഇത്. ബോക്‌സിന്റെ വലതുഭാഗത്തുനിന്നും പകരക്കാരൻ താരം പാബ്ലോ സറാബിയ പായിച്ച ബുള്ളറ്റ് ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചു.



എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിന്റെ ആവേശകരമായ രണ്ടാം പകുതിയും ഗോൾരഹിതമായതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. ഖത്തർ ലോകകപ്പിൽ തുടർച്ചയായ രണ്ടാം പ്രീക്വാർട്ടർ പോരാട്ടമാണ് അധികസമയത്തേക്കു നീണ്ടത്. പന്തടക്കത്തിലും പാസിങ്ങിലും പതിവുപോലെ സ്‌പെയിൻ ആധിപത്യം പുലർത്തിയെങ്കിലും, ഫിനിഷിങ്ങിലെ പോരായ്മകളും മൊറോക്കോയുടെ അടിയുറച്ച പ്രതിരോധവുമാണ് അവരെ തടഞ്ഞത്.

നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും ഗോളടിക്കാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 120 മിനിറ്റിലുടനീളം 13 ഷോട്ടുകളാണ് സ്പെയിനിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതിൽ ലക്ഷ്യം കണ്ടത് ഒന്നുമാത്രം. പതിവുപോലെ പന്തടക്കത്തിൽ മുന്നിൽനിന്ന സ്പെയിനിന് പക്ഷേ മൊറോക്കൻ പ്രതിരോധം ഭേദിക്കാനായില്ല.

കളിയുടെ തുടക്കത്തിൽ പതിവുപോലെ പന്തടക്കത്തിൽ സ്പെയിനായിരുന്നു മുന്നിൽ. മൊറോക്കോയാകട്ടെ കടുത്തപ്രതിരോധത്തിൽ ഉറച്ചുനിന്നു. തുടക്കത്തിൽ മൊറോക്കൻ പ്രതിരോധം ഭേദിച്ച് ഡിയിൽ പോലും പന്തെത്തിക്കാൻ സ്പാനിഷ് ടീമിനായില്ല. പന്തടക്കത്തിലും പാസിങ്ങിലും പതിവ് ആധിപത്യം പുലർത്തിയ സ്പാനിഷ് ടീമിനെതിരേ പക്ഷേ ആദ്യ പകുതിയിൽ ഏതാനും മികച്ച ആക്രമണങ്ങൾ പുറത്തെടുക്കാൻ മൊറോക്കോയ്ക്കായി.

സ്പെയിനിനെ തനത് പൊസഷൻ ഗെയിം കളിക്കാൻ വിടാതെ ഫിസിക്കൽ ഗെയിം കളിച്ച് പന്ത് റാഞ്ചി അതിവേഗം കൗണ്ടർ അറ്റാക്കിനിറങ്ങുക എന്നതായിരുന്നു മൊറോക്കോയുടെ പദ്ധതി. വലതുവിങ്ങിൽ അഷ്റഫ് ഹക്കീമിയുടെയും ഹക്കീം സിയെച്ചിന്റെയും സാന്നിധ്യം ഇതിന് അവർക്ക് മുൻതൂക്കം നൽകി.



അസ്പിലിക്വെറ്റെയ്ക്ക് പകരം മാർക്കോ ലൊറെന്റെയെ റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കാനിറക്കിയ കോച്ച് ലൂയിസ് എന്റിക്വെയുടെ നീക്കം പാളുന്നതാണ് പലപ്പോഴും കണ്ടത്. വലതുഭാഗത്ത് ലൊറെന്റെയെ മറികടന്ന് പലപ്പോഴും മൊറോക്കൻ മുന്നേറ്റങ്ങളുണ്ടായി.

27-ാം മിനിറ്റിൽ സ്പെയ്നിന് ഒരു അവസരം ലഭിച്ചു. ജോർഡി ആൽബ നീട്ടിയ പന്തുമായി മുന്നേറിയ അസെൻസിയോ മൊറോക്കൻ ഡിഫൻഡർമാരെ മറികടന്നെങ്കിലും താരത്തിന്റെ ഷോട്ട് സൈഡ് നെറ്റിലേക്കാണ് പോയത്. 33-ാം മിനിറ്റിൽ ഫെരാൻ ടോറസിൽ നിന്ന് പന്ത് റാഞ്ചിയ മസ്റോയിയുടെ ഷോട്ട് സ്പെയ്ൻ ഗോൾകീപ്പർ ഉനായ് സിമോൺ രക്ഷപ്പെടുത്തുകയായിരുന്നു.

43-ാം മിനിറ്റിൽ മൊറോക്കോ ഗോളിനടുത്തെത്തി. ഹക്കീമിയുടെ ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിച്ച ബുസ്‌ക്വെറ്റ്സ് ഫ്ളിക് ചെയ്ത പന്ത് പക്ഷേ ലഭിച്ചത് സോഫിയാൻ ബൊഫാലിന്. താരം നൽകിയ പന്തിൽ പക്ഷേ നയെഫ് അഗ്വേർഡിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു. മൊറോക്കൻ പ്രതിരോധം ഉറച്ച് നിന്നതോടെ മിഡ്ഫീൽഡിൽ പെഡ്രിക്കും ഗാവിക്കും കളിക്കാനാവശ്യമായ സ്പേസ് ലഭിച്ചില്ല. ഇതോടെ മുന്നേറ്റത്തിൽ ഡാനി ഓൽമോയ്ക്കും മാർക്കോ അസെൻസിയോക്കും ഫെരാൻ ടോറസിനും പന്ത് ലഭിക്കാതെ വന്നു.

55-ാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്കിൽ നിന്നുള്ള ഡാനി ഓൽമോയുടെ ഷോട്ട് മൊറോക്കൻ ഗോൾകീപ്പർ യാസ്സിൻ ബോനോ തട്ടിയകറ്റി. പിന്നീട് നിക്കോ വില്യംസിനെയും അൽവാരോ മൊറാറ്റയേയും കളത്തിലിറക്കിയെങ്കിലും സ്പെയിനിന് മൊറോക്കൻ പ്രതിരോധം വിലങ്ങുതടിയായി. നിശ്ചിതസമയത്തിന്റെ അവസാന മിനിറ്റുകളിൽ ലഭിച്ച രണ്ട് മികച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതിരുന്നതും സ്പാനിഷ് ടീമിന് തിരിച്ചടിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP