Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനുവരി ഒന്ന് മുതൽ ക്രിസ്റ്റ്യാനോ അൽ നസറിന് വേണ്ടി കളിക്കും; 'അബൂബക്കറിന് മാന്യമായ ബാക്ക്അപ്പ്!'; റൊണാൾഡോയുടെ ചിത്രം ട്വീറ്റ് ചെയ്ത് കെഎഫ്‌സി യുകെയുടെ ട്രോൾ; മാഡ്രിഡ് സോണിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് പരിഹാസം

ജനുവരി ഒന്ന് മുതൽ ക്രിസ്റ്റ്യാനോ അൽ നസറിന് വേണ്ടി കളിക്കും; 'അബൂബക്കറിന് മാന്യമായ ബാക്ക്അപ്പ്!'; റൊണാൾഡോയുടെ ചിത്രം ട്വീറ്റ് ചെയ്ത് കെഎഫ്‌സി യുകെയുടെ ട്രോൾ; മാഡ്രിഡ് സോണിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് പരിഹാസം

സ്പോർട്സ് ഡെസ്ക്

റിയാദ്: മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചതിന് പിന്നാലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾക്കിടെ താരത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് കെഎഫ്‌സി യുകെ. പോർച്ചുഗീസ് ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നാസറിന് വേണ്ടി ജനുവരി ഒന്നുമുതൽ കളിക്കുമെന്ന മാഡ്രിഡ് സോണിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കെഎഫ്സി യുകെയുടെ ട്രോൾ. അബൂബക്കറിന് മാന്യമായ ബാക്ക്അപ്പ് എന്നാണ് കെഎഫ്സി ട്വിറ്ററിൽ കുറിച്ചത്.

ജനുവരി ഒന്ന് മുതൽ ക്രിസ്റ്റ്യാനോ അൽ നസറിന് വേണ്ടി കളിക്കും. രണ്ട് വർഷത്തെ കരാർ, സീസണിൽ 200 മില്യൺ യൂറോ പ്രതിഫലം എന്ന് പറയുന്ന മാഡ്രിഡ് സോണിന്റെ ട്വീറ്റാണ് കെഎഫ്സി റീട്വീറ്റ് ചെയ്തത്.

അൽ നസറിന്റെ കാമറൂൺ താരമാണ് വിൻസെന്റ് അബൂബക്കർ. ലോകകപ്പിൽ ബ്രസീലിന് എതിരെ കാമറൂണിന്റെ വിജയ ഗോൾ നേടി അബൂബക്കർ വാർത്തകളിൽ നിറഞ്ഞിരുന്നു. 2021ലാണ് അൽ നസറിലേക്ക് അബൂബക്കർ എത്തിയത്. ഖത്തർ ലോകകപ്പിൽ അബൂബക്കർ രണ്ട് വട്ടം വല കുലുക്കി. പോർച്ചുഗൽ പ്രീക്വാർട്ടറിൽ എത്തി നിൽക്കുമ്പോൾ ഒരു ഗോളാണ് ക്രിസ്റ്റിയാനോയ്ക്ക് ഇതുവരെ നേടാനായത്.

റൊണാൾഡോ പുതിയ തട്ടകത്തിലേക്ക് ചേക്കേറുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരത്തെ പരിഹസിച്ച് കെഎഫ്‌സി യുകെ രംഗത്ത് വന്നത്. കഴിഞ്ഞ ലോകകപ്പിൽ ബ്രസീൽ സൂപ്പർ താരം നെയ്മറുടെ വീഴ്ചയെ പരിഹസിച്ച് കൊണ്ട് കെഎഫ്‌സി പരസ്യം തയ്യാരാക്കിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. സെർബിയയ്ക്ക് എതിരായ മത്സരത്തിൽ അദ്ദേഹത്തിന്റെ 'ഉരുളൽ' ഏറെ പരിഹാസങ്ങൾക്കും മെമെകൾക്കും വഴിയൊരുക്കിയിരുന്നു. ഈ വീഴ്ചയെ പരിഹസിച്ചായിരുന്നു പരസ്യം.

ഫുട്‌ബോൾ മത്സരത്തിനിടെ ഒരു താരം ഫൗൾ ചെയ്യപ്പെടുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്. ഉടൻ തന്നെ താരം ഉരുണ്ട് മൈതാനത്തിന് പുറത്തേക്ക് പോകുന്നു. റഫറിയും ക്യാമറകളും നോക്കി നിൽക്കെ ഫുട്‌ബോൾ താരം ഉരുണ്ടുരുണ്ട് കെഎഫ്‌സിക്ക് മുമ്പിലാണ് എത്തുന്നത്. പിന്നീട് എഴുന്നേറ്റ് കെഎഫ്‌സി വാങ്ങി കഴിക്കുന്നിടത്താണ് പരസ്യം അവസാനിക്കുന്നത്. നെയ്മറിന്റെ ഉരുളൻ അദ്ദേഹത്തിന് വിമർശനവും, അദ്ദേഹത്തിന്റെ ആരാധകർക്കും പരിഹാസവും സമ്മാനിച്ചെങ്കിലും കെഎഫ്‌സിക്ക് ഇത് ഗുണമാണ് ചെയ്തിരിക്കുന്നത്. പരസ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഖത്തർ ലോകകപ്പിൽ സമാനമായ രീതിയിൽ പോർച്ചുഗീസ് നായകനെ പരിഹസിച്ചാണ് കെഎഫ്‌സിയുടെ ട്വീറ്റ്. അബൂബക്കറിന് മാന്യമായ ബാക്ക്അപ്പ് എന്നാണ് കെഎഫ്സി ട്വിറ്ററിൽ കുറിച്ചത്.
അൽ നാസറിനായി കളിക്കുന്ന കാമറൂൺ ക്യാപ്റ്റൻ വിൻസന്റ് അബൂബക്കറിനെയാണ് ട്വീറ്റിൽ പരാമർശിച്ചിരിക്കുന്നത്. ഇക്കുറി ഖത്തർ ലോകകപ്പിലെ മൂന്ന് മത്സരങ്ങളിൽ രണ്ട് ഗോൾ അബൂബക്കർ നേടിയിരുന്നു. ഇതിലൊന്ന് ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനെതിരെ അവസാന നിമിഷം 92-ാം മിനുറ്റിൽ നേടിയ വിജയ ഗോളായിരുന്നു. എംബെക്കലിയുടെ ക്രോസ് റണ്ണിംഗിനിടെ അബൂബക്കർ ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു.

ഗോളിന് പിന്നാലെ ഷർട്ടൂരി ആഘോഷം നടത്തിയതിന് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി വിൻസന്റ് അബൂബക്കറിന് പുറത്ത് പോവേണ്ടിവന്നിരുന്നു. ബ്രസീലിന് എതിരായ ഗോളിന് തോളിൽ തട്ടി അഭിനന്ദിച്ച ശേഷമാണ് റഫറി അബൂബക്കറിന് നേർക്ക് ചുവപ്പ് കാർഡ് ഉയർത്തിക്കാട്ടിയത്. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം ഘാനക്കെതിരെ പെനാൽറ്റിയിലൂടെ വല കുലുക്കിയതോടെ അഞ്ച് ലോകകപ്പുകൾ ഗോൾ നേടുന്ന ആദ്യ പുരുഷ താരം എന്ന നേട്ടം റൊണാൾഡോ സ്വന്തമാക്കിയിരുന്നു. നോക്കൗട്ട് ഘട്ടങ്ങളിൽ ഗോൾ നേടിയിട്ടില്ല എന്ന അപവാദം കഴുകിക്കളയാൻ സിആർ7 പ്രീ ക്വാർട്ടറിൽ ഇന്ന് സ്വിറ്റ്‌സർലൻഡിനെതിരെ ഇറങ്ങും.

പിയേഴ്‌സ് മോർഗനുമായുള്ള വിവാദ അഭിമുഖത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ധാരണയിലെത്തുകയായിരുന്നു. റൊണാൾഡോ ക്ലബ് വിടുന്ന കാര്യം യുണൈറ്റഡ് തന്നെയാണ് ഔദ്യോഗികമായി ഫുട്‌ബോൾ ലോകത്തെ അറിയിച്ചത്. രണ്ട് കാലഘട്ടങ്ങളിലായുള്ള സംഭാവനകൾക്ക് ക്ലബ് സിആർ7ന് നന്ദി പറഞ്ഞു. യുണൈറ്റിൽ രണ്ട് കാലഘട്ടങ്ങളിലായി 346 മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോ 145 ഗോളുകൾ നേടിയിട്ടുണ്ട്. രണ്ടാംവരവിൽ 54 കളിയിൽ 27 തവണ വലകുലുക്കി. 2003 മുതൽ 2009 വരെയായിരുന്നു യുണൈറ്റഡിൽ റോണോയുടെ ആദ്യ കാലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP