Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൊമിനിക് ലിവാകോവിച്ച് രക്ഷകനായി; പെനാൽറ്റി ഷൂട്ടൗട്ടിൽ ജപ്പാനെ 3 - 1ന് വീഴ്‌ത്തി ക്രൊയേഷ്യ ക്വാർട്ടറിൽ; ലക്ഷ്യം കണ്ടത് നിക്കോള വ്‌ലാസിച്ചും മാർസലോ ബ്രോസോവിച്ചും മാരിയോ പസാലിച്ചും; ജപ്പാനായി വലചലിപ്പിച്ചത് ടകുമ അസാനോ മാത്രം; ഷൂട്ടൗട്ടിലൂടെ വിധി നിർണയിച്ചത് അധിക സമയത്തും തുല്യത പാലിച്ചതോടെ

ഡൊമിനിക് ലിവാകോവിച്ച് രക്ഷകനായി; പെനാൽറ്റി ഷൂട്ടൗട്ടിൽ ജപ്പാനെ 3 - 1ന് വീഴ്‌ത്തി ക്രൊയേഷ്യ ക്വാർട്ടറിൽ; ലക്ഷ്യം കണ്ടത് നിക്കോള വ്‌ലാസിച്ചും മാർസലോ ബ്രോസോവിച്ചും മാരിയോ പസാലിച്ചും; ജപ്പാനായി വലചലിപ്പിച്ചത് ടകുമ അസാനോ മാത്രം; ഷൂട്ടൗട്ടിലൂടെ വിധി നിർണയിച്ചത് അധിക സമയത്തും തുല്യത പാലിച്ചതോടെ

സ്പോർട്സ് ഡെസ്ക്

ദോഹ: പെനാൽറ്റി ഷൂട്ടൗട്ടിൽ ജപ്പാനെ 3 - 1ന് വീഴ്‌ത്തി ക്രൊയേഷ്യ ക്വാർട്ടറിൽ. സ്‌പെയിനെയും ജർമ്മനിയെയും അട്ടിമറിച്ചെത്തിയ ജപ്പാന്റെ പോരാട്ടവീര്യത്തെ മറികടന്ന് നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ അവസാന എട്ടിൽ ഇടംപിടിക്കുകയായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഷൂട്ടൗട്ടിൽ ജപ്പാനെ ക്രൊയേഷ്യ വീഴ്‌ത്തിയത്. ഷൂട്ടൗട്ടിൽ പോസ്റ്റിനു ഐതിഹാസിക പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ചാണ് ക്രൊയേഷ്യയെ ക്വാർട്ടർ ബർത്തിന് അർഹമാക്കിയത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ മത്സരം ഷൂട്ടൗട്ടിന് വഴിമാറിയത്.



ജപ്പാന്റെ പോരാട്ടവീര്യം ഡൊമിനിക് ലിവാകോവിച്ച് എന്ന വന്മതിലിന് മുന്നിൽ നിഷ്പ്രഭമാകുന്ന കാഴ്ചയാണ് അൽ ജനൗബ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർ സാക്ഷ്യം വഹിച്ചത്. ഈ ലോകകപ്പിൽ ഷൂട്ടൗട്ട് ആദ്യമായി വിധി പറഞ്ഞപ്പോൾ മൂന്ന് കിക്കുകൾ തുലച്ച് ജപ്പാൻ പുറത്തായി. ജപ്പാന്റെ ലോകകപ്പ് സ്വപ്നം പ്രീക്വാർട്ടറിന്റെ പടിവാതലിൽ തകർന്നപ്പോൾ ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പിലും ക്വാർട്ടർഫൈനലിലേക്ക് മുന്നേറി.



ക്രൊയേഷ്യയ്ക്കായി കിക്കെടുത്ത നിക്കോള വ്‌ലാസിച്ച്, മാർസലോ ബ്രോസോവിച്ച്, മാരിയോ പസാലിച്ച് എന്നിവർ ലക്ഷ്യം കണ്ടു. അതേസമയം, മാർക്കോ ലിവായയുടെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചു. ഷൂട്ടൗട്ടിൽ ജപ്പാൻ താരം ടകുമി മിനാമിനോ, കവോരു മിട്ടോമ, മായ യോഷിദ എന്നിവരുടെ ഷോട്ടുകൾ ലിവാകോവിച്ച് തടുത്തിട്ടു. ജപ്പാനായി ലക്ഷ്യം കണ്ടത് ടകുമ അസാനോ മാത്രം. നേരത്തെ, ജപ്പാനായി ആദ്യപകുതിയിൽ ഡയ്‌സൻ മയേഡയും (43ാം മിനിറ്റ്) ക്രൊയേഷ്യയ്ക്കായി രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (55ാം മിനിറ്റ്) ഗോൾ നേടിയിരുന്നു. അധിക സമയത്ത് ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല.



ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിന്റെ അധിക സമയത്തും സമനിലപ്പൂട്ട് തകർക്കാനാകാതെ വന്നതോടെയാണ് ജപ്പാൻ ക്രൊയേഷ്യ മത്സരം പെനൽറ്റി ഷൂട്ടൗട്ടിന് വഴിമാറിയത്. ഖത്തർ ലോകകപ്പിൽ ഇതാദ്യമായാണ് ഒരു മത്സരം അധിക സമയത്തേക്കും പിന്നീട് പെനൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടത്. മുഴുവൻ സമയം പിന്നിടുമ്പോൾ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്കു നീണ്ടത്. ജപ്പാനായി ആദ്യപകുതിയിൽ ഡയ്‌സൻ മയേഡയും (43ാം മിനിറ്റ്) ക്രൊയേഷ്യയ്ക്കായി രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (55ാം മിനിറ്റ്) ഗോൾ നേടി.



ഡയ്‌സൻ മയേഡ 43ാം മിനിറ്റിൽ നേടിയ ഗോളിൽ ആദ്യ പകുതിയിൽ ജപ്പാൻ ഏകപക്ഷീയമായ ഒരു ഗോളിനു മുന്നിലായിരുന്നു. ഇവാൻ പെരിസിച്ചാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ ക്രൊയേഷ്യയെ ഒപ്പമെത്തിച്ചത്. ദെയാൻ ലോവ്റെന്റെ പാസിൽ നിന്നാണ് പെരിസിച്ച് ലക്ഷ്യം കണ്ടത്.

രണ്ടാം പകുതിയുടെ തുടക്കം മുതൽ ജപ്പാൻ ബോക്‌സിൽ ക്രൊയേഷ്യ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായിരുന്നു 55ാം മിനിറ്റിലെ അവരുടെ സമനില ഗോൾ. ജപ്പാൻ പകുതിയിലേക്ക് ക്രൊയേഷ്യ നടത്തിയ ഉജ്വലമായ മുന്നേറ്റത്തിനൊടുവിൽ ബോക്‌സിലേക്ക് ദെയാൻ ലോവ്റെന്റെ തകർപ്പൻ ക്രോസ്. ഉയർന്നുചാടിയ പെരിസിച്ച് പന്തിന് പോസ്റ്റിന്റെ വലതു മൂലയിലേക്ക് വഴികാട്ടി.

ഇതോടെ, ലോകകപ്പിൽ പിറന്ന 10 ഗോളുകളിൽ ഇവാൻ പെരിസിച്ച് നേരിട്ട് പങ്കാളിയായി. ഇതിൽ ആറെണ്ണം പെരിസിച്ച് നേടിയ ഗോളുകളാണ്. നാലെണ്ണത്തിന് താരം വഴിയൊരുക്കി. 2014ൽ പെരിസിച്ച് ലോകകപ്പിൽ അരങ്ങേറിയ ശേഷം, ഇതിൽ കൂടുതൽ ഗോളുകളിൽ പങ്കാളിയായിട്ടുള്ളത് ലയണൽ മെസ്സി (12), കിലിയൻ എംബപ്പെ (11) എന്നിവർ മാത്രമാണ്.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ ആദ്യപകുതിയിൽ, ഡയ്‌സൻ മയേഡ നേടിയ ഗോളാണ് ജപ്പാന് ലീഡ് സമ്മാനിച്ചത്. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ്, 43ാം മിനിറ്റിലാണ് മയേഡ ലക്ഷ്യം കണ്ടത്. ആദ്യപകുതിയിൽ ഇരു ടീമുകളും മത്സരിച്ച് അവസരങ്ങൾ പാഴാക്കുന്നതിനിടെയാണ് ജപ്പാൻ ലീഡെടുത്തത്.



ജപ്പാന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ നിന്നാണ് അവരുടെ ആദ്യ ഗോളിലേക്ക് എത്തിയ നീക്കത്തിന്റെ തുടക്കം. പന്ത് നേരെ ബോക്‌സിലേക്ക് ഉയർത്തിവിടുന്നതിനു പകരം ജപ്പാൻ എടുത്തത് ഷോർട്ട് കോർണർ. പരസ്പരം പന്തു കൈമാറി നടത്തിയ നീക്കത്തിനൊടുവിൽ റിറ്റ്‌സു ഡൊവാന്റെ ക്രോസ് ക്രൊയേഷ്യൻ ബോക്‌സിലേക്ക്. ഉയർന്നുചാടിയ യോഷിദ പന്ത് നേരെ പോസ്റ്റിനു മുന്നിലേക്കിട്ടു. ഓടിയെത്തിയ മയേഡയുടെ ഷോട്ട് വലയിലേക്ക്.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ ജപ്പാന് ലീഡു നേടാൻ സുവർണാവസരം ലഭിച്ചതാണ്. ക്ലോസ് റേഞ്ചിൽനിന്നും ഹെഡറിലൂടെ പന്തിനു ഗോളിലേക്കു വഴികാട്ടാനുള്ള അവസരം തനിഗുച്ചി പാഴാക്കി. പന്തു പോയത് പുറത്തേക്ക്. ഒൻപതാം മിനിറ്റിൽ ക്രൊയേഷ്യയ്ക്കും ലഭിച്ചു ഒരു സുവർണാവസരം. ജപ്പാൻ പ്രതിരോധനിര താരം തകേഹിരോ തോമിയാസുവിന്റെ മൈനസ് പാസ് പിടിച്ചെടുത്ത ഇവാൻ പെരിസിച്ചിന് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. 13ാം മിനിറ്റിൽ ക്രൊയേഷ്യൻ പോസ്റ്റിന് സമാന്തരമായി എത്തിയ ഉജ്വല ക്രോസിന് കാലുവയ്ക്കാൻ ജപ്പാൻ താരങ്ങൾക്ക് സാധിക്കാതെ പോയി.



രണ്ടാം പകുതിയിൽ ക്രൊയേഷ്യ ഗോൾ മടക്കിയ ശേഷം ഇരു ടീമുകളും ആക്രമണങ്ങളുമായി നിറഞ്ഞു. 63-ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിന്റെ കിടിലൻ വോളി രക്ഷപ്പെടുത്തി ഗോൾകീപ്പർ ഗോണ്ട ജപ്പാന്റെ രക്ഷകനായി. 57-ാം മിനിറ്റിൽ ജപ്പാൻ, ക്രൊയേഷ്യൻ ഗോൾകീപ്പറെ പരീക്ഷിച്ചു. വടാരു എൻഡോയുടെ ഷോട്ട് ഡൊമിനിക് ലിവാകോവിച്ച് തട്ടിയകറ്റി. പിന്നാലെ 66-ാം മിനിറ്റിൽ ക്രൊയേഷ്യയ്ക്ക് മറ്റൊരു സുവർണാവസരം ലഭിച്ചു. ക്രാമറിച്ച് നൽകിയ ക്രോസിൽ നിന്നുള്ള ആന്റെ ബുഡിമിറിന്റെ ഹെഡർ പക്ഷേ പോസ്റ്റിനെ തൊട്ടിയുരുമ്മി പുറത്തേക്ക് പോകുകയായിരുന്നു.

പിന്നാലെ മത്സരം അധിക സമയത്തേക്ക്. 105-ാം മിനിറ്റിൽ ഗോൾകീപ്പർ ലിവാകോവിച്ച് ഒരിക്കൽ കൂടി ക്രൊയേഷ്യയുടെ രക്ഷയ്ക്കെത്തി. 105-ാം മിനിറ്റിൽ സ്വന്തം ഹാഫിൽ നിന്ന് പന്തുമായി മുന്നേറി മിറ്റോമയാണ് ക്രൊയേഷ്യയെ ഞെട്ടിച്ചത്. താരത്തിന്റെ തകർപ്പൻ ഷോട്ട് ലിവാകോവിച്ച് അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ഷൂട്ടൗട്ടിലും ക്രൊയേഷ്യൻ വലയ്ക്കു മുന്നിൽ പാറപോലെ ഉറച്ചുനിന്ന ലിവാകോവിച്ച് ടീമിന് ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP