Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തറിൽ ആരാധകർ കാത്തിരിക്കുന്ന സ്വപ്ന ഫൈനൽ ഉണ്ടാകില്ല; ക്വാർട്ടർ പിന്നിട്ടാൽ അർജന്റീനയും ബ്രസീലും സെമി ഫൈനലിൽ നേർക്കുനേർ; കലാശപ്പോരാട്ടത്തിന് ലാറ്റിനമേരിക്കൻ കരുത്തരിൽ ഒന്ന് മാത്രം; പ്രതീക്ഷയോടെ ആരാധകർ

ഖത്തറിൽ ആരാധകർ കാത്തിരിക്കുന്ന സ്വപ്ന ഫൈനൽ ഉണ്ടാകില്ല; ക്വാർട്ടർ പിന്നിട്ടാൽ അർജന്റീനയും ബ്രസീലും സെമി ഫൈനലിൽ നേർക്കുനേർ; കലാശപ്പോരാട്ടത്തിന് ലാറ്റിനമേരിക്കൻ കരുത്തരിൽ ഒന്ന് മാത്രം; പ്രതീക്ഷയോടെ ആരാധകർ

സ്പോർട്സ് ഡെസ്ക്

ദോഹ: ഓരോ ലോകകപ്പിലും ആരാധകർ സ്വപ്‌നം കാണുന്ന ഒരു ഫൈനൽ മത്സരമുണ്ട്. ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീന - ബ്രസീൽ ടീമുകൾ മുഖാമുഖം വരുന്ന ഫൈനൽ. 2014ൽ അത്തരമൊരു സ്വപ്‌ന ഫൈനലിന് അരങ്ങൊരുങ്ങിയെങ്കിലും സെമിയിൽ ജർമ്മനിയുടെ മുന്നിൽ ബ്രസീൽ വീണതോടെ ആ സ്വപ്‌നം പൊലിഞ്ഞിരുന്നു. ഇത്തവണ ഖത്തറിൽ ആ സ്വപ്ന ഫൈനൽ പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ നൽകുന്നതാണ് ഇനിയുള്ള മത്സരങ്ങളുടെ ലൈനപ്പ്.


ആരാധകർ എക്കാലത്തും വലിയ ആവേശത്തോടെ കാത്തുനിൽക്കാറുള്ള സ്വപ്ന ഫൈനൽ ഖത്തറിൽ ഉണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. കോപ്പ കലാശക്കളിയിൽ ബ്രസീലിനെ കീഴടക്കി കിരീടം നേടിയപ്പോൾ നീലപ്പടയുടെ ആഘോഷം ദിവസങ്ങളോളമാണ് നീണ്ടുനിന്നത്. ആവേശം ലോകകപ്പിലേക്കെത്തുമ്പോൾ വീണ്ടുമൊരു അർജന്റീന - ബ്രസീൽ പോരാട്ടം ഉണ്ടാകുമോ എന്നതാണ് ഇരു ടീമുകളുടെയും ആരാധകർ ഉറ്റുനോക്കുന്നത്. അട്ടിമറികൾ ഏറെക്കണ്ട ഖത്തർ ലോകകപ്പിൽ അതിനുള്ള സാധ്യതയുണ്ട് എന്നതായിരുന്നു വാസ്തവം. പക്ഷേ ആ പോരാട്ടം കലാശക്കളിയിലേക്ക് നീളില്ല. അതിന് മുമ്പാകും ഈ ലോകകപ്പിൽ അർജന്റീന - ബ്രസീൽ പോരാട്ടത്തിനുള്ള ഒരേ ഒരു സാധ്യത.

ഇരു ടീമുകളും ജയത്തോടെ മുന്നേറിയാൽ സെമി പോരാട്ടത്തിൽ ഏറ്റുമുട്ടേണ്ടിവരും. പ്രീ ക്വാർട്ടർ, ക്വാർട്ടർ പോരാട്ടങ്ങളിൽ കാലിടറാതെ അർജന്റീനയും ബ്രസീലും മുന്നേറിയാൽ മാത്രമേ ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിന് വിസിൽ മുഴങ്ങു എന്നതാണ് ഒരു കാര്യം. അർജന്റീന പ്രീ ക്വാർട്ടറിൽ ഓസ്‌ട്രേലിയയെ കീഴടക്കണം. ശേഷം ആദ്യ പ്രീ ക്വാർട്ടറിൽ ജയിച്ചുകയറിയ നെതർലന്റിനെ ക്വാർട്ടറിൽ തകർത്താൽ മെസിപ്പടയ്ക്ക് സെമി ടിക്കറ്റ് ലഭിക്കും.

മറുവശത്തുകൊറിയയെ പ്രീ ക്വാർട്ടറിൽ ബ്രസീൽ തുരത്തണം. ശേഷം ജപ്പാൻ - ക്രൊയേഷ്യ പ്രീ ക്വാർട്ടർ വിജയികളുമായി ക്വാർട്ടറിൽ ഏറ്റുമുട്ടും. അവിടെയും സാംബാ താളത്തിൽ കാനറികൾ ചിറകടിച്ചുയർന്നാൽ സെമിയിൽ ആ സ്വപ്‌ന പോരാട്ടത്തിന് അരങ്ങൊരുങ്ങും. അങ്ങനെയെങ്കിൽ ആരാധകർ ഏറെ കാത്തിരിക്കുന്ന അർജന്റീന - ബ്രസീൽ പോരാട്ടമാകും സെമിയിൽ കാണാനാകുക. പക്ഷെ അവിടെ രണ്ടിൽ ഒരു ടീം വീഴുമെന്നതാണ് ആരാധകരെ കാത്തിരിക്കുന്ന സങ്കടം.

ഫൈനലിലേക്ക് ഇതിൽ ഒരു ലാറ്റിനമേരിക്കൻ ടീം കടന്നെത്തിയാൽ കലാശപ്പോരിൽ നേരിടാൻ എത്തുക ഇംഗ്ലണ്ടോ, ഫ്രാൻസോ, സ്‌പെയിനോ, പോർച്ചുഗലോ ആകാം. അട്ടിമറികളാണ് സംഭവിക്കുന്നതെങ്കിൽ സെനഗലോ, പോളണ്ടോ, മൊറോക്കോയോ സ്വിറ്റ്‌സർലൻഡോ വന്നാലും അത്ഭുതപ്പെടാനില്ല. ഇതുവരെ ഞെട്ടിപ്പിക്കുന്ന അട്ടിമറികൾ കണ്ട ഖത്തർ ലോകകപ്പിൽ കിരീടം ഉയർത്തുക ആരാകും എന്ന ആകാംക്ഷയിലാണ് ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP