Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് ഷാക്കിരി; സെർബിയയ്ക്കായി തിരിച്ചടിച്ച് മിട്രോവിചും വ്‌ലാഹോവിചും; സ്വിസ് പടയെ ഒപ്പമെത്തിച്ച് എംബോളോ; ജയമുറപ്പിച്ച് റെമോ ഫ്രൂലർ; സൂപ്പർ ത്രില്ലറിൽ സെർബിയയെ വീഴ്‌ത്തി സ്വിറ്റ്‌സർലൻഡ് പ്രീക്വാർട്ടറിൽ; സെർബിയയും കാമറൂണും ലോകകപ്പിൽ നിന്നും പുറത്ത്

ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് ഷാക്കിരി; സെർബിയയ്ക്കായി തിരിച്ചടിച്ച് മിട്രോവിചും വ്‌ലാഹോവിചും; സ്വിസ് പടയെ ഒപ്പമെത്തിച്ച് എംബോളോ; ജയമുറപ്പിച്ച് റെമോ ഫ്രൂലർ; സൂപ്പർ ത്രില്ലറിൽ സെർബിയയെ വീഴ്‌ത്തി സ്വിറ്റ്‌സർലൻഡ് പ്രീക്വാർട്ടറിൽ; സെർബിയയും കാമറൂണും ലോകകപ്പിൽ നിന്നും പുറത്ത്

സ്പോർട്സ് ഡെസ്ക്

ദോഹ: ഫുട്‌ബോൾ ആരാധകരെ ആവേശക്കൊടുമുടിയേറ്റിയ ത്രില്ലർ പോരാട്ടത്തിൽ സെർബിയയെ കീഴടക്കി സ്വിറ്റ്‌സർലൻഡ് പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് ജിയിലെ നിർണായക മത്സരത്തിൽ സെർബിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വിസ് പട കീഴടക്കിയത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞുനിന്ന പോരാട്ടമായിരുന്നു സ്റ്റേഡിയം 974-ൽ കണ്ടത്. ആദ്യ പകുതിയിൽ നാല് ഗോളുകൾ കണ്ട മത്സരത്തിൽ സെർബിയയെ രണ്ടാം പകുതിയുടെ തുടക്കത്തിൽ നേടി ഗോളിൽ സ്വിറ്റ്സർലൻഡ് മറികടക്കുകയായിരുന്നു.



മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയന്റോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് സ്വിറ്റ്സർലൻഡ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്. ബ്രസീലിനും ആറ് പോയന്റാണെങ്കിലും ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ അവർ പട്ടികയിൽ മുന്നിലെത്തി. ഇത്രയും മത്സരങ്ങളിൽ നിന്ന് ഒരു പോയന്റോടെ പട്ടികയിൽ അവസാനസ്ഥാനത്താണ് സെർബിയ. സെർബിയ ഒരു മത്സരം പോലും വിജയിക്കാതെയാണ് ലോകകപ്പിൽ നിന്ന് പുറത്തായത്.



തുടക്കം മുതൽ ആർത്തിരമ്പിയ സ്വിസ് മുന്നേറ്റത്തെ പ്രത്യാക്രമണത്തിലൂടെയാണ് സെർബിയ ചെറുത്തത്. മത്സരം ആരംഭിച്ച് 30 സെക്കന്റിനുള്ളിൽ തന്നെ സ്വിറ്റ്സർലൻഡ് സെർബിയൻ പെനാൽറ്റി ബോക്സിനുള്ളിൽ ഇരച്ചെത്തി. ഗ്രാനിറ്റ് ഷാക്ക, എംബോളോ എന്നിവരുടെ ഗോളെന്നുറപ്പിച്ച ഷോട്ടുകൾ സെർബിയൻ ഗോൾകീപ്പർ മിലിങ്കോവിച്ച് സാവിക് തടുത്തിട്ടു.

ആദ്യഗോൾ നേടിയത് സ്വിറ്റ്‌സർലൻഡാണെങ്കിലും വൈകാതെ രണ്ട് ഗോളുകളുമായി സെർബിയ മുന്നിലെത്തി. സെർദാൻ ഷാക്കിരിയാണ് സ്വിറ്റ്‌സർലൻഡിനായി ആദ്യഗോൾ നേടിയത്. മൊഹമെദ് ജിബ്രിൽ ഇബ്രാഹിമ സോയുടെ അസിസ്റ്റിലാണ് സെർദാൻ ഷാക്കിരി 20ാം മിനിറ്റിൽ ഗോൾ അടിച്ചത്. ഇടത് വിങ്ങിൽ നിന്നുള്ള റികാർഡോ റോഡ്രിഗസിന്റെ ക്രോസ്സ് ഫലപ്രദമായി ക്ലിയർ ചെയ്യുന്നതിൽ സെർബിയക്ക് പിഴച്ചു. പന്ത് കിട്ടിയ ജിബ്രിൽ സൗ ഷാക്കിരിക്ക് പാസ് കൊടുത്തു. ഷാക്കിരി പന്ത് അനായാസം വലയിലാക്കി. സ്‌കോർ 1 - 0



എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ സെർബിയ ഗോൾ മടക്കി. 26ാം മിനിറ്റിൽ അലക്‌സാണ്ടർ മിട്രോവിച് ആണ് സെർബിയയ്ക്കായി ആദ്യ ഗോൾ നേടിയത്.ഇടത് വിങ്ങിൽ നിന്ന് ഡൂസാൻ ടാഡിക് നൽകിയ ക്രോസ്സിൽ നിന്ന് മികച്ചൊരു ഹെഡ്ഡറിലൂടെ മിട്രോവിച്ച് പന്ത് വലയിലെത്തിച്ചു.

ഇതോടെ ഒപ്പത്തിനൊപ്പമായ ഇരു ടീമുകളും മത്സരം കടുപ്പിച്ചു. 35ാം മിനിറ്റിൽ വ്‌ലാഹോവിചിന്റെ ശക്തമായ മുന്നേറ്റത്തിലൂടെ സെർബിയയുടെ രണ്ടാം ഗോളും പിറന്നു. ഇത്തവണ ഡൂസാൻ വ്ളാഹോവിച്ചാണ് ഗോൾ നേടിയത്. പെനാൽറ്റി ബോക്സിൽ ഗംഭീരമായൊരു ഇടം കാലൻ ഷോട്ടിലൂടെയാണ് വ്ളാഹോവിച്ച് സെർബിയക്ക് ലീഡ് നൽകിയത്.



44ാം മിനിറ്റിൽ എംബോളോയാണ് സ്വിറ്റ്‌സർലൻഡിനായി ഗോൾ നേടിയത്. സെർബിയൻ പ്രതിരോധത്തെ ഭേദിച്ച വലത് വിങ്ങിൽ നിന്ന് നൽകിയ ക്രോസ്സ് സ്ട്രൈക്കർ എംബോളോ അനായാസം ഗോളാക്കി മാറ്റി. ആദ്യപകുതി അവസാനിച്ചപ്പോൾ ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി തുല്യശക്തരായി. നിരവധി അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇരുടീമുകളും മികച്ച കളിയാണ് പുറത്തെടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്വിസ് പട ലീഡ് എടുത്തു. 48ാം മിനിറ്റിൽ റെമോ ഫ്രൂലർ നിർണായക ലീഡ് എടുത്തു. മധ്യനിരയിൽ ഷാക്കിരി ബോക്സിലേക്ക് നീട്ടിയ പന്ത് വർഗസ്സ് മനോഹരമായൊരു ബാക്ക്ഹീൽ പാസ്സ് നൽകി. ഓടിവന്ന ഫ്ര്യൂളർ ഉഗ്രൻ ഷോട്ടിലൂടെ പന്തിനെ വലയിലെത്തിച്ചു.


പിന്നീടങ്ങോട്ട് സമനിലഗോളിനായി സെർബിയ ആക്രമണങ്ങൾ തുടർന്നു. ഒരു ഗോൾ കൂടി നേടി ജയം അരക്കെട്ടുറപ്പിക്കാൻ സ്വിസ്സ് പടയും മുന്നേറ്റങ്ങൾ തുടർന്നുകൊണ്ടിരുന്നു. പക്ഷേ ഗോൾ മാത്രം അകന്നു നിന്നു. കളിയുടെ അവസാനമായപ്പോഴേക്കും ഇരു ടീമിലെയും കളിക്കാർ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഏറെ ബുദ്ധിമുട്ടിയാണ് കളിക്കാരെ റഫറി നിയന്ത്രിച്ചത്. തർക്കം കയ്യേറ്റത്തിന്റെ വക്കോളമെത്തിയിരുന്നു. ഇതിനിടെ ഇരു ടീമുകളിലേയും നിരവധിപ്പേർക്ക് മഞ്ഞക്കാർഡും കിട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP