Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവസരങ്ങൾ കളഞ്ഞു കുളിച്ച് റൊമേലു ലുക്കാക്കു; കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിട്ട താരത്തെ ആശ്വസിപ്പിച്ച് തിയറി ഹെന്റി; നിരാശ തീർത്തത് ഡഗൗട്ടിൽ ഇടിച്ച്; ഖത്തർ ലോകകപ്പിൽ വീണടുഞ്ഞ് ബൽജിയം

അവസരങ്ങൾ കളഞ്ഞു കുളിച്ച് റൊമേലു ലുക്കാക്കു; കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിട്ട താരത്തെ ആശ്വസിപ്പിച്ച് തിയറി ഹെന്റി; നിരാശ തീർത്തത് ഡഗൗട്ടിൽ ഇടിച്ച്;  ഖത്തർ ലോകകപ്പിൽ വീണടുഞ്ഞ് ബൽജിയം

സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പിലെ നിർണായകമായ മത്സരത്തിൽ ക്രൊയേഷ്യയോട് ഗോൾരഹിത സമനില വഴങ്ങി പ്രീക്വാർട്ടർ കാണാതെ ബൽജിയം പുറത്തായതിന്റെ നിരാശയിലാണ് ആരാധകർ. ഒട്ടേറെ അവസരങ്ങൾ കളഞ്ഞു കുളിച്ച റൊമേലു ലുക്കാകു മത്സര ശേഷം കടുത്ത നിരാശനായാണ് കാണപ്പെട്ടത്. മത്സരശേഷം വികാരാധീനനായ അദ്ദേഹം തന്റെ നിരാശ ഡഗൗട്ടിൽ ഇടിച്ചാണ് തീർത്തത്.

ഫൈനൽ വിസിലിന് ശേഷം കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിട്ട ലുക്കാക്കുവിനെ തിയറി ഹെന്റി ഉൾപ്പെടെയുള്ളവർ ചേർന്നാണ് ആശ്വസിപ്പിച്ചത്. തുടർന്ന് ഡ്രസിങ് റൂമിലേക്ക് നടക്കവേയാണ് അദ്ദേഹം ഡഗൗട്ടിൽ ഇടിച്ചത്.

ക്രൊയേഷ്യയ്ക്ക് എതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഡ്രൈസ് മെർട്ടൻസിന് പകരം ലുക്കാകുവിനെ ബെൽജിയം കളത്തിലിറക്കിയത്. മത്സരത്തിനിടെ ലുക്കാക്കുവിന് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെ അദ്ദേഹത്തിന്റെ പരിക്ക് പൂർണായും ഭേദമായിരുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്.

60-ാം മിനിറ്റിൽ മികച്ച മുന്നേറ്റത്തിനൊടുവിൽ ബെൽജിയം ക്രോയേഷ്യൻ പോസ്റ്റിലേക്ക് രണ്ടുതവണ ഷോട്ടുതിർത്തിരുന്നു. പക്ഷേ പ്രതിരോധം ഭേദിക്കാനായില്ല. ആദ്യം കരാസ്‌ക്കോയാണ് ബോക്‌സിനുള്ളിൽ നിന്ന് ഡിഫൻഡർമാരെ വെട്ടിച്ച് മുന്നേറിയത്. പക്ഷേ ഗോൾ കീപ്പറെ മറികടക്കാനായില്ല. റീബൗണ്ടായി കിട്ടിയ പന്ത് ലുക്കാകുവും ഷോട്ടുതിർത്തു. പക്ഷേ ഗോൾ വലകുലുക്കാനായില്ല.

86-ാം മിനിറ്റിൽ ലുക്കാക്കുവിന് ഒരു അവസരം കൂടെ വീണുകിട്ടിയെങ്കിലും കൃത്യസമയത്ത് പന്ത് ഹോൾഡ് ചെയ്യാനായില്ല. 90-ാം മിനിറ്റിൽ മുന്നിലെത്താൻ ലുക്കാകുവിന് സുവർണാവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ഒടുവിൽ ബെൽജിയത്തിന്റെ എല്ലാ ശ്രമങ്ങളും ക്രൊയേഷ്യൻ പ്രതിരോധകോട്ടയിൽ തട്ടി വിഫലമായി

പ്രീ ക്വാർട്ടറിലെത്താൻ വിജയം അനിവാര്യമായിരുന്ന ജീവന്മാരണപ്പോരാട്ടത്തിൽ ക്രോയേഷ്യക്കെതിരെ ഗോളെന്നുറപ്പിച്ച അരഡസൻ അവസരങ്ങൾ കളഞ്ഞു കുളിച്ചാണ് ബെൽജിയം സമനില ഇരന്നുവാങ്ങിയത്.

സമനില വഴങ്ങിയെങ്കിലും അഞ്ച് പോയന്റുമായി ക്രോയേഷ്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തിയപ്പോൾ അവസാന മത്സരത്തിൽ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച് മൊറോക്കോ ഏഴ് പോയന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലെത്തി. കാനഡ നേരത്തെ പുറത്തായിരുന്നു. തോൽവിയോടെ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തിന്റെ സുവർണതലമുറ കൂടിയാണ് ലോക ഫുട്‌ബോൾ വേദിയിൽ നിന്ന് വിടപറയുന്നത്.

മുന്നേറ്റനിരയിൽ റൊമേലു ലുക്കാക്കു, ഈഡൻ ഹസാർഡ്, മധ്യനിരയിൽ കെവിൻ ഡിബ്രുയിൻ, പ്രതിരോധത്തിൽ യാൻ വെർട്ടോംഗൻ, ഗോൾ വലയ്ക്കു മുന്നിൽ തിബോ ക്വോർട്വ എന്നിവരെല്ലാം ബെൽജിയം ഫുട്‌ബോളിലെ സുവർണ തലമുറയാണ്. ഈ ലോകകപ്പോടെ ഈ തലമുറ അവസാനിക്കുകയാണ്. കഴിഞ്ഞ ലോകകപ്പിൽ സെമി ഫൈനലിസ്റ്റുകളായ ബെൽജിയം മൂന്നാ സ്ഥാനം സ്വന്തമാക്കിയിരുന്നു. ഫിഫ റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുന്നത് അട്ടിമറികൾ ഒരുപാട് നടന്ന ഖത്തർ ലോകകപ്പിലെ മറ്റൊരു അട്ടിമറിയായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP