Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202206Tuesday

അച്ഛനും അമ്മയും പിരിഞ്ഞുപോയ ബാല്യം; ഉപജീവനത്തിനായി പണം കണ്ടെത്തിയത് തെരുവിൽ ഐസ് ക്രീം വിറ്റും കാറുകൾ കഴുകിയും ; തോക്കിൻ മുനയിൽ അവസാനിച്ചെന്നു കരുതിയ ജീവൻ തിരിച്ചുകിട്ടിയത് അത്ഭുതകരമായി; ജീവിതത്തെ മാറ്റിമറിച്ചത് സമ്മാനമായി ലഭിച്ച പന്തുകളുമായി അമ്മായിയുടെ അടുത്തേക്കുള്ള യാത്ര; ബ്രസീലിന്റെ സൂപ്പർ ഹീറോ റിച്ചാർലിസന്റെ ജീവിത കഥ

അച്ഛനും അമ്മയും പിരിഞ്ഞുപോയ ബാല്യം; ഉപജീവനത്തിനായി പണം കണ്ടെത്തിയത് തെരുവിൽ ഐസ് ക്രീം വിറ്റും കാറുകൾ കഴുകിയും ; തോക്കിൻ മുനയിൽ അവസാനിച്ചെന്നു കരുതിയ ജീവൻ തിരിച്ചുകിട്ടിയത് അത്ഭുതകരമായി; ജീവിതത്തെ മാറ്റിമറിച്ചത് സമ്മാനമായി ലഭിച്ച പന്തുകളുമായി അമ്മായിയുടെ അടുത്തേക്കുള്ള യാത്ര; ബ്രസീലിന്റെ സൂപ്പർ ഹീറോ റിച്ചാർലിസന്റെ ജീവിത കഥ

സ്പോർട്സ് ഡെസ്ക്

ദോഹ: പ്രതിഭയുടെ മിന്നലാട്ടങ്ങൾ ഇതിനോടകം കളിക്കളത്തിൽ പ്രകടമായിരുന്നെങ്കിലും റിച്ചാർലിസൻ ബ്രസീലിന്റെ സൂപ്പർ ഹീറോ ആയത് ഇന്നലെത്തെ രാത്രിയോടെയായിരുന്നു. നെയ്മറിനെ വളഞ്ഞ് ബ്രസിലിനെ പൂട്ടാൻ തന്ത്രങ്ങൾ മെനഞ്ഞ സെർബിയക്ക് മുന്നിൽ ബ്രസീൽ കോച്ച് ടിറ്റെ രാകി മിനുക്കി വെച്ച വജ്രായുധമായിരുന്നു റിച്ചാർലിസൻ.കണ്ണഞ്ചിപ്പിക്കുന്ന തന്റെ ബൈസിക്കിൾ കിക്കിലുടെ അയാൾ അക്ഷരംപ്രതി അത് തെളിയിക്കുകയും ചെയ്തു.

കളിക്കളത്തിൽ മാത്രമല്ല ജീവിതത്തിലും ഒരു സൂപ്പർ ഹീറോ തന്നെയാണ് റിച്ചാർലിസൻ. അയാൾ നീന്തിക്കടന്ന ജീവിത പ്രതിസന്ധികൾ അറിഞ്ഞാൽ നമ്മൾ മനസിൽ തട്ടി അദ്ദേഹത്തെ സൂപ്പർ ഹീറോയെന്ന് വിശേഷിപ്പിച്ച് പോകും.ആക്ഷനും സസ്‌പെൻസും സങ്കടവും ഇപ്പോൾ സന്തോഷവും ഒക്കെ ഒരു സിനിമയിലെന്നോണം സമാസമം ചേർന്നിട്ടുണ്ട് ആ ജീവിതത്തിൽ.ലോകത്ത് ഇന്നുള്ള ഏതൊരു യുവ ഫുട്‌ബോളറെക്കാളും സാഹസികത നിറഞ്ഞ ജീവിതകഥയാണ് ബ്രസീലിന്റെ വീരനായകനായ റിച്ചാർലിസന്റേത്.

അസാധാരണമായൊരു ജീവിതകഥയാണ് റിച്ചാർലിസൻ എന്ന ഇരുപത്തിയഞ്ചുകാരന്റേത്. ഫുട്‌ബോൾ രക്ഷിച്ച ജീവിതമെന്നാണ് സ്വന്തം ജീവിതത്തെ റിച്ചാർലിസൻ അടയാളപ്പെടുത്തുന്നത്.പല ബ്രസീലിയൻ താരങ്ങളെയും പോലെ ഫവേലകളിൽ അഥവാ ചേരികളിൽ ഉടലെടുത്ത ജീവിതം.അതിന് ഇടയാക്കിയത് തന്റെ ഓർമ്മവച്ച കാലം മുതൽക്കെ കണ്ട രക്ഷിതാക്കളുടെ വഴക്കാണ്. ആറാം വയസ്സിലാണ് അച്ഛനെയും അമ്മയെയും റിച്ചാർലിസന് നഷ്ടമാകുന്നത്.പിന്നിട് തെരുവിലായി ആ ബാല്യം.

ഭക്ഷണത്തിന് പോലും പണമില്ലാതായപ്പോൾ തെരുവിൽ ഐസ്‌ക്രീമും ചോക്ലേറ്റും വിറ്റു.കാറുകൾ കഴുകിയും പണം കണ്ടെത്തി.ഒരു കഫേയിൽ വെയിറ്ററായി. കൽപ്പണിക്കാരനൊപ്പം സഹായിയായി.ഇങ്ങനെ ആ ബാല്യത്തിൽ തന്നെ ജീവിതത്തിനായി റിച്ചാർലിസൻ തേടാത്ത വഴികളില്ല.അന്നൊക്കെയും ഫുട്‌ബോൾ എന്നത് അയാൾക്ക് ഒരു വിദൂര സ്വപ്‌നം മാത്രമായിരുന്നു.ജീവിതം ഇങ്ങനെയൊക്കെ ആയതുകൊണ്ടാവും സ്‌കുളും വിദ്യാഭ്യാസവുമൊക്കെ റിച്ചാർലിസന് അത്ര പ്രാധാന്യമുള്ള കാര്യങ്ങളായിരുന്നില്ല.

പഠിക്കാൻ മിടുക്കനല്ലാതിരുന്ന വിദ്യാർത്ഥിയെക്കുറിച്ച് അദ്ധ്യാപകർ ഓർക്കുന്നുണ്ട്. പക്ഷെ അവൻ അച്ചടക്കം ഇല്ലാത്ത കുട്ടി ആയിരുന്നില്ലെന്ന് പറയും എലിസാഞ്ചേല എന്ന അദ്ധ്യാപിക.ഇതുവരെയുള്ള കഥ ഒരു സങ്കട സിനിമയെ ഓർമ്മിപ്പിക്കുന്നുവെങ്കിൽ ട്വിസ്റ്റും സസ്‌പെൻസും നിറഞ്ഞ കഥകൾ ഇനിയാണ് വരുന്നത്.തെരുവിൽ വളർന്നതുകൊണ്ട് തന്നെ ആ ജീവിതങ്ങൾക്കിടയിൽ സുലഭമായിരുന്ന ലഹരിയെന്ന കെണിയിലേക്ക് വീഴാൻ റിച്ചാർലിസനും സാധ്യതകൾ ഏറെയായിരുന്നു.

തന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗം പേരും ലഹരിയുടെ കെണിയിലേക്ക് വീണപ്പോൾ സംഭവത്തെക്കുറിച്ചറിയാൻ കുഞ്ഞ് റിച്ചാർലിസനും കൗതുകം.അങ്ങിനെ ഒരിക്കൽ അബദ്ധത്തിൽ എത്തിപ്പെട്ടത് ഒരു മയക്കുമരുന്ന് വ്യാപാരിയുടെ കോംപൗണ്ടിലേക്കായിരുന്നു. തന്നെ ഒറ്റിക്കൊടുക്കാൻ വന്ന ചാരനാണെന്ന് കരുതി മയക്കുമരുന്ന് വ്യാപാരി കയ്യില്ലെ തോക്ക് നേരെ ചൂണ്ടിയത് റിച്ചാർലിസന്റെ നെറ്റിയിലേക്കായിരുന്നു.ഭയന്ന് വിറച്ച് തനിക്ക് പറ്റിയ അബദ്ധം വിവരിച്ചപ്പോൾ ആദ്യ ട്വിസ്റ്റ് റിച്ചാർലിസന്റെ ജീവിതത്തിൽ സംഭവിച്ചു.

മാജിക്കെന്നോണം മനസലിവ് തോന്നിയ വ്യാപാരി റിച്ചാർലിസണെ വെറുതെ വിട്ടു.തന്റെ പതിനാലാം വയസ്സിലാണ് നെറുകയിൽ അമർന്ന ഒരു തോക്കിന്റെ കാഞ്ചിയിൽ നിന്ന് റിച്ചാർലിസൻ ജീവിതത്തിലേക്ക് അത്ഭുതകരമായി മടങ്ങിയെത്തിയത്.അപ്പോഴേക്കും തന്റെ കാലിലേക്ക് എത്തുന്ന എന്തിനേയും അസാധാരണമാം വിധം തട്ടി കളിക്കാനും താൻ മനസിലുദ്ദേശിച്ച ലക്ഷ്യത്തിലേക്ക് തട്ടിയകറ്റാനും റിച്ചാർലിസൻ തുടങ്ങിക്കഴിഞ്ഞിരുന്നു.ഈ കഴിവ് കണ്ടെത്തിയ അയൽക്കാരനാണ് റിച്ചാർലിസന്റെ അച്ഛനോട് ഈ കഴിവിനെ പറ്റി പറയുന്നത്.

അവന്റെ കഴിവുകൾ ബോധ്യപ്പെട്ട അയൽക്കാരന്റെ വാക്കു കേട്ട് അച്ഛൻ 10 ഫുട്‌ബോളുകൾ വാങ്ങി നൽകി. കഠിനമായ ചുറ്റുപാടിൽ നിന്ന് നൊവാ വെനേസിയയിലെ അമ്മായിയുടെ അടുത്തേക്ക് വിട്ടു.ഇവിടെ നിന്നാണ് ആ ജീവിത്തിലെ ഒരോ സസ്‌പെൻസുകളും അയാൾക്ക് മുന്നിൽ മറനീക്കുന്നത്.ഒരുപാട് സുഹൃത്തുക്കൾ തെറ്റിലേക്ക് നടന്നപ്പോൾ ഫുട്‌ബോളിന്റെ ലോകത്തേക്ക് അവൻ വഴിമാറി.

 

കളിക്കളത്തിലെത്തിയപ്പോഴും അവിടെയും വെല്ലുവിളികൾ അയാളെ കാത്തിരിപ്പുണ്ടായിരുന്നു.വംശീയാധിക്ഷേപത്തിന്റെ പേരിൽ.കാണികളിൽ നിന്ന് പല തവണ അയാൾക്ക് അത് നേരിടേണ്ടി വന്നു.ബ്രസീലിന്റെ ദേശീയ ജേഴ്‌സിയിലെത്തിയപ്പോഴും അത് തുടർന്നു.അപ്പോഴോക്കെയും അയാൾക്ക് തുണയായത് ആ താരത്തിന്റെ കഴിവിൽ വിശ്വാസമർപ്പിച്ച് കട്ടയ്ക്ക് കൂടെ നിൽക്കുന്ന സഹതാരങ്ങളും ബ്രസീൽ ഫുട്‌ബോൾ മാനേജുമെന്റമാണ്.

ഇതിലപ്പുറം കണ്ട ഒരാളെ ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ കൊണ്ട് എങ്ങിനെ തളർത്താനാണ്.പ്രതിസന്ധികളെ അതിജീവിച്ച ആ യാത്രയാണ് തന്റെ ആദ്യ ലോകകപ്പ് മത്സരത്തിൽ തന്നെ ബ്രസീലിനായി ഇരട്ട ഗോൾ നേടുന്ന അവിസ്മരണീയ മുഹൂർത്തത്തിലേക്ക് റിച്ചാർലിസനെ എത്തിച്ചിരിക്കുന്നത്.ഒരു കളിക്കാരനെന്നതിലുപരി ഒരു നല്ല മനുഷ്യനാണ് ഈ ഇരുപത്തിയഞ്ചുകാരനെന്ന് സഹതാരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കരിയർ റോക്കറ്റ് പോലെ കുതിച്ചുയരുമ്പോഴും മണ്ണിൽചവിട്ടി നിൽക്കാൻ അയാളെ പ്രേരിപ്പിക്കുന്നത് നേരത്തേ പറഞ്ഞ കല്ലും മുള്ളും നിറഞ്ഞ കുട്ടിക്കാല വഴികളാകാം.

റൊണാൾഡോയും റിവാൾഡോയും തുടങ്ങി ഇപ്പോൾ നെയ്മറിലേക്ക് വരെ എത്തി നിൽക്കുന്ന ബ്രസീലിന്റെ കരുത്തരിൽ അയാളും തന്റെ പേര് എഴുതിച്ചേർത്തു കഴിഞ്ഞു.. സംഘബലത്തിന്റെ കരുത്തിൽ ആയാൾ യാത്ര തുടങ്ങിയിട്ടേ ഉള്ളൂ.. റിച്ചാർലിസിന്റെ കളികൾ ഫുട്‌ബോൾ മൈതാനങ്ങൾ കാണാനിരിക്കുന്നതെയുള്ളു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP