Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധ്യനിരയിൽ ഒരു ചരടിൽ കോർത്ത മുത്ത് പോലെ പ്രതിരോധ നിരയെ വിന്യസിച്ച് ഓഫ് സൈഡ് ട്രാക്കിൽ കുടുക്കിയത് ദുർബ്ബലരായ സൗദി; ഹാഫ് ലൈനിൽ നിന്ന് നിരന്തരം മുന്നോട്ട് കുതിച്ചാൽ ജയിച്ച് കയറാമെന്ന് പഠിച്ചത് മെക്‌സിക്കൻ വിജയത്തിൽ; മെസിക്കൊപ്പം മിന്നൽ പിണറുപോലെ ആക്രമിക്കുന്ന ഡീ മരിയ; മിശിഹയ്ക്ക് പിഴച്ചാലും ജയിക്കാം! പോളണ്ടിനെ അർജന്റീന തോൽപ്പിച്ചത് ടീം മികവിൽ; ലാറ്റിൻ അമേരിക്കൻ സൗന്ദര്യം ഖത്തറിൽ കുതിക്കുമ്പോൾ

മധ്യനിരയിൽ ഒരു ചരടിൽ കോർത്ത മുത്ത് പോലെ പ്രതിരോധ നിരയെ വിന്യസിച്ച് ഓഫ് സൈഡ് ട്രാക്കിൽ കുടുക്കിയത് ദുർബ്ബലരായ സൗദി; ഹാഫ് ലൈനിൽ നിന്ന് നിരന്തരം മുന്നോട്ട് കുതിച്ചാൽ ജയിച്ച് കയറാമെന്ന് പഠിച്ചത് മെക്‌സിക്കൻ വിജയത്തിൽ; മെസിക്കൊപ്പം മിന്നൽ പിണറുപോലെ ആക്രമിക്കുന്ന ഡീ മരിയ; മിശിഹയ്ക്ക് പിഴച്ചാലും ജയിക്കാം! പോളണ്ടിനെ അർജന്റീന തോൽപ്പിച്ചത് ടീം മികവിൽ; ലാറ്റിൻ അമേരിക്കൻ സൗന്ദര്യം ഖത്തറിൽ കുതിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ദോഹ: കളം നിറഞ്ഞു കളിക്കാതെ ചുളുവിൽ ഗോൾ നേടാനായിരുന്നു നീലപ്പടയുടെ ആദ്യ കളിയിലെ ലക്ഷ്യം. എതിരാളിയുടെ പ്രതിരോധത്തിലെ വീഴ്ചകളിൽ നിന്ന് ലോങ് പാസിൽ നിന്ന് പന്തുമായി മുന്നേറി ഗോൾകീപ്പറെ കബളിപ്പിക്കുന്ന തർക്കം പാർത്തുള്ള ആക്രമങ്ങൾ. ക്യാപ്ടൻ മെസിയെ വളഞ്ഞിട്ട് പടിക്കുമ്പോൾ കിട്ടുന്ന അവസരങ്ങൾ മുതലാക്കിയുള്ള ജയം. ഇതാണ് സൗദി അറേബ്യയെന്ന ഏഷ്യൻ ടീമിന മുമ്പിൽ പൊളിഞ്ഞത്. ഓഫ് സൈഡ് ട്രാപ്പിൽ സൗദി വലയിൽ വീണ പന്തുകളെ ഗോളല്ലാതെയാക്കി. കൗണ്ടർ അറ്റാക്കിലൂടെ ഗോളും നേടി. ഇതോടെ ദോഹയിലെ ഉദ്ഘാടനത്തിൽ അർജന്റീന കരിഞ്ഞു വാടി. പുതിയ കളി നിയമങ്ങളും വീഡിയോ ചെക്കും ലാറ്റിൻ അമേരിക്കൻ ശൈലിയിലേക്ക് അർജന്റീനയെ മടക്കി. അങ്ങനെ അടുത്ത രണ്ടു കളിയിലും ജയം. കുറിയ പാസുകളിലൂടെ നിരന്തര ആക്രമങ്ങൾ മെസിപ്പട നടത്തി. അങ്ങനെ വലിയ ദുരന്തം ഒഴിവാക്കി. പ്രീ ക്വാർട്ടറിലേക്ക് ടീം മുന്നേറി.

പെനാൽട്ടി കിക്കിൽ സൂപ്പർ താരം ലെയണൽ മെസിക്ക് പിഴച്ചിട്ടും കളിയുടെ താളബോധം അർജന്റീനയ്ക്ക് നഷ്ടമായില്ല. മെസിയുടെ പിഴവിലും ജയം മാറുന്നില്ലെന്ന് ഉറപ്പിക്കുകയാണ് അർജന്റീന. അതു തന്നെയാണ് പ്രീ ക്വാർട്ടറിൽ ഈ ടീമിന് മനോ ധൈര്യം കൂട്ടുന്നതും. ടീമായി കളിക്കാൻ സ്‌കലോണിയുടെ ടീം പഠിച്ചിരിക്കുന്നു. അങ്ങനെ രണ്ടു ഗോൾ വിജയവുമായി അർജന്റീന ഗ്രൂപ്പ് ജേതാക്കളായി മുന്നേറുന്നു. സൗദിയ്‌ക്കെതിരായ പരാജയം ഇനി അർജന്റീനയുടെ ആരാധകർക്ക് മറക്കാം. ഒത്തിണക്കമുള്ള ടീമായി അർജന്റീന മാറുന്നു. ഗ്രൂപ്പ് സിയിൽ നിന്ന് പോളണ്ടും അടുത്ത റൗണ്ടിലേക്ക് മുന്നേറുന്നു. മെച്ചപ്പെട്ട ഗോൾ ശരാശരിയിൽ മെകിസികോയെ മറികടന്നാണ് ഗ്രൂപ്പ് സിയിലെ രണ്ടാം ടീമായി പോളണ്ട് മാറിയത്. അങ്ങനെ അവസാന കളിയിൽ അർജന്റീനയോട് തോറ്റ ടീമും പ്രി ക്വാർട്ടറിൽ എത്തുന്നു.

ലാറ്റിൻ അമേരിക്കൻ ഫുട്‌ബോളിന്റെ ശക്തി കളി മികവിനൊപ്പം തന്ത്രങ്ങളിലെ കരുത്തുമാണ്. എതിരാളിയെ വകവയ്ക്കാതെ നിരന്തര ആക്രമണങ്ങൾ. കവിത പോലെ പിറക്കുന്ന ഗോളുകൾ. ഇതെല്ലാം ടീം മികവിലൂടെ നേടുന്ന വിജയമായി അവിടെ മാറും.രണ്ടാം മത്സരത്തിൽ മെക്‌സികോയ്‌ക്കെതിരെ അർജന്റീന നേടിയത് ഈ മൂന്ന് ഘടകങ്ങൾ ചേരുന്ന വിജയമായിരുന്നു. ആദ്യ പകുതിയിൽ എതിരാളിയുടെ കരുത്തും പോരായ്മയും തിരിച്ചറിയുന്നു. ഇടവേളയിൽ തന്ത്രമൊരുക്കി അവസാന പകുതിയിൽ നിരന്തര ആക്രമണം. അതാണ് മെക്‌സികോയ്‌ക്കെതിരെ നടത്തിയ മിന്നൽ പ്രകടനം പോലെ പോളണ്ടിനെതിരേയും അർജന്റീന നടപ്പാക്കിയത്. സൗദി അറേബ്യയാണ് ഗ്രൂപ്പിലെ ദുർബ്ബലർ. അവർക്കെതിരെ തകർന്ന ടീം മെകസികോയ്ക്കും പോളണ്ടിനുമെതിരെ പോരാട്ടമികവിന്റെ സൂപ്പർ ടീമായി. അക്രമങ്ങൾക്കൊപ്പം പ്രതിരോധവും ഈ കളികളിൽ കോട്ട പോലെ ഉറച്ചു. തുടർച്ചയായി തോൽവിയറിയാത്ത 36 കളികളുമായി ദോഹയിലെത്തിയ അർജന്റീന അരാധകരിൽ കൂടുതൽ പ്രതീക്ഷയാവുകയാണ്.

മെസിയെന്ന ഒറ്റപ്പേരാണ് അർജന്റീനയുടെ കരുത്ത്. എന്നാൽ കളി ജയിക്കാൻ അതുമാത്രം പോര. പോളണ്ടിനെതിരെ പെനാൽട്ടി കിക്ക് ആരാധകരുടെ മിശിഹ നഷ്ടമാക്കി. പക്ഷേ ആ ഇടംകലാടിക്ക് ഗോൾ നേടാനുള്ള കരുത്ത് എപ്പോൾ വേണമെങ്കിലും പുറത്തെടുക്കാൻ കഴിയും. മെക്‌സികോയെ തകർത്ത 25 വാര അകലെ നിന്നുള്ള ആ ഷോട്ടിൽ ഇതിഹാസ താരം പറഞ്ഞു വച്ചത് അതാണ്. ആ മാജിക്കൽ ഗോളാണ് അർജന്റീനയെ ലോകകപ്പിലേക്ക് തിരിച്ചു കൊണ്ടു വന്നത്. മെസിക്കൊപ്പം വിംഗുകളിൽ നിന്ന് മുന്നേറി അത്ഭുതം കാട്ടുന്ന ഡീ മരിയയും എതിരാളികളുടെ പ്രതിരോധകോട്ടയ്ക്ക് വെല്ലുവിളിയാകുന്നു. മെക്‌സികോയ്‌ക്കെതിരേയും പോളണ്ടിനെതിരേയും ഓടി കളിക്കുന്ന ഡീ മരിയ അർജന്റീനയുടെ കരുത്തായി മാറി. കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്ക് കപ്പുയർത്താനായത് മെസിയുടേയും ഡീ മരിയയുടേയും കൂട്ടായ ആക്രമണത്തിലൂടെ ആയിരുന്നു. ആ മികവിൽ മറ്റ് താരങ്ങൾ ഗോൾ നേടുന്നു. അങ്ങനെ അർജന്റീന ടീമായി മാറുന്നു. ഖത്തറിലെ അവസാന രണ്ടു കളിയിലും ഇതു തന്നെയാണ് കണ്ടത്.

മൂന്ന് കളികളിൽ നിന്ന് അഞ്ച് ഗോളുകൾ അർജന്റീന നേടുന്നു. അതിൽ രണ്ടെണ്ണം മെസിയുടെ വക. ബാക്കി മൂന്ന് ഗോളുകൾ മൂന്ന് പേർ നേടിയതാണ്. ഡി മരിയ ഗോൾ അസിസ്റ്റുകൾക്ക് വഴിവയ്ക്കുന്ന താരമായി മാറുന്നു. മെസിയെ എതിരാളിയുടെ പ്രതിരോധം വളയുമ്പോൾ കിട്ടുന്ന ആനുകൂല്യം മറ്റ് താരങ്ങൾ ഗോളുകളാക്കി മാറ്റുന്നു. ഇതിന് കാരണം മെക്‌സികോയ്‌ക്കെതിരെ മെസി നേടിയ മാജിക്കൽ ഗോളാണ്. പോസ്റ്റിലേക്ക് ചെറിയ പഴുതു കിട്ടിയാൽ പോലും മെസിയുടെ ഇടങ്കാലൻ ഷോട്ടുകൾ ഗോളുതിർക്കുമെന്ന തിരിച്ചറിവാണ് എതിരാളികൾക്ക് മെക്‌സികോയ്‌ക്കെതിരായ മത്സരം നൽകിയത്. അതുകൊണ്ട് തന്നെ പോളണ്ട് കൂടുതൽ ശ്രദ്ധ മെസിക്ക് നൽകി. ഇതിന്റെ ആനുകൂല്യം മറ്റ് താരങ്ങളുടെ ഗോളുകളിൽ നിഴലിക്കുന്നുമുണ്ട്. പെനാൽട്ടി ബോക്‌സിൽ മെസിയെ വളയാതെ നിൽക്കാൻ പോളണ്ടിനായില്ല. മധ്യനിരയിൽ മാത്രം കളിയൊതുക്കാതെ പെനാൽട്ടി ബോക്‌സിലേക്ക് കുതിക്കുന്ന ടീമായി മെസിപ്പട മാറുകയാണ്.

മെസ്സിയുടെ അർജന്റീനയെ ഖത്തറിലെ ലോകകപ്പ് വേദിയിൽ സൗദിഅറേബ്യ തോൽപ്പിക്കുക.... കിനാവല്ല... ലുസൈൽസ് സ്റ്റേഡിയത്തിലെ പതിനായിരങ്ങളും സ്‌ക്രീനുകളിൽ ലക്ഷങ്ങളും കണ്ടതാണ്.... മധ്യനിരയിൽ പ്രതിരോധക്കോട്ട കെട്ടി... ഒരു ചരടിൽ കോർത്ത് മുത്ത് പോലെ പ്രതിരോധ നിരയെ വിന്യസിച്ചു.... മെസ്സിയുടേതുൾപ്പടെ മൂന്ന് ഗോളുകളാണ് സൗദി ഓഫ്സൈഡ് പൂട്ടിട്ട് തടഞ്ഞത്.. അനാസായ വിജയം തേടിയെത്തിയ മെസ്സിയെയും കൂട്ടരെയും വീഴ്‌ത്തിയത് സൗദി അറേബ്യയുടെ ഈ ടാക്റ്റികൽ ഗെയിമായിരുന്നു. ഫ്രഞ്ചുകാരനായ കോച്ച് ഹെർവേ റെനാർഡ് സൗദിയുടെ ആവനാഴിയിൽ രാകിവെച്ച ആയുധങ്ങൾ നല്ല മൂർച്ചയുള്ളതാണെന്ന് മെസ്സിയും കൂട്ടരും തിരിച്ചറിയുകയായിരുന്നു. അതുകൊണ്ട് തന്നെ അടുത്ത കളികളിൽ മധ്യനരിയിൽ നിന്ന് അവർ മുമ്പോട്ട് കുതിച്ചു. പിന്നീടുള്ള ഗോളുകളിൽ എല്ലാം ഈ മാറ്റം പ്രതിഫലിച്ചു.

പോളണ്ടിനെതിരായ നിർണ്ണായക അവസാന മത്സരത്തിൽ ആക്രമണം മാത്രമായിരുന്നു അർജന്റീന ആവനാഴിയിൽ കരുതിയത്. മെക്സിക്കോക്കെതിരായ വിജയം ടീമിന് വലിയ ഊർജം പകർന്നതായും വിജയത്തിന് വേണ്ടി പോരാടുമെന്നും കോച്ച് ലയണൽ സ്‌കലോണി പറഞ്ഞിരുന്നു. പോളണ്ട് മികച്ച ടീമാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് തങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും പ്രതിരോധനിരക്കാരൻ ലിസാൻഡ്രോ മാർട്ടിനസും വ്യക്തമാക്കി. മെക്സിക്കോക്കെതിരെ ഗോൾ നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത എൻസോ ഫെർണാണ്ടസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയും ടീമിന് ഊർജ്ജം കൂട്ടി. പ്രതിരോധത്തിന് കാര്യമായ ഊന്നൽ നൽകിയുള്ള കളി ശൈലി കോച്ച് സ്‌കലോണി മറക്കുകയും ചെയ്തു. അവസാന പതിനാറിലെത്താൻ പോളണ്ടിന് സമനില മാത്രം മതിയായിരുന്നു. അതിനാൽ തന്നെ പ്രതിരോധത്തിലൂന്നിയുള്ള ശൈലിയാകും പോളണ്ടും പിന്തുടരുകയെന്ന് തിരിച്ചറിഞ്ഞിട്ടും നിരന്തര ആക്രമണങ്ങൾ അവർ നടത്തി. അതാണ് വിജയമായതും.

മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് അർജന്റീന ആക്രമണ ഫുട്ബോളാണ് അഴിച്ചുവിട്ടത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ലയണൽ മെസ്സിയുടെ ഗോൾപോസ്റ്റിലേക്കുള്ള ഷോട്ട് ഗോൾകീപ്പർ സിസ്നി കൈയിലൊതുക്കി. പത്താം മിനിറ്റിൽ മെസ്സിയുടെ ഉഗ്രൻ ഷോട്ട് ഗോൾകീപ്പർ സിസ്നി തട്ടിയകറ്റി. 17-ാം മിനിറ്റിൽ അർജന്റീനുടെ അക്യൂനയുടെ ഷോട്ട് പോളിഷ് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 28-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് ലക്ഷ്യത്തിലേക്ക് വെടിയുതിർത്തെങ്കിലും ഗോൾകീപ്പർ സെസ്നി അത് തട്ടിയകറ്റി റീബൗണ്ട് ആയ പന്ത് സ്വീകരിച്ച അക്യൂനയുടെ ഉഗ്രൻ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 33-ാം മിനിറ്റിൽ ഏയ്ഞ്ജൽ ഡി മരിയയുടെ തകർപ്പൻ കോർണർ കിക്ക് മഴവില്ല് പോലെ വളഞ്ഞ് വലയിലേക്ക് വീഴാനൊരുങ്ങിയെങ്കിലും സെസ്നിയുടെ കൃത്യമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി. 36-ാം മിനിറ്റിൽ അൽവാരസിന്റെ ഗോളെന്നുറച്ച അപകടകരമായ ഷോട്ട് സെസ്നി അത്ഭുതകരമായി രക്ഷപ്പെടുത്തിയെടുത്തു.

36-ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് സൂപ്പർ താരം ലയണൽ മെസ്സിയെ ഗോൾകീപ്പർ സെസ്നി ഫൗൾ ചെയ്തതിനെത്തുടർന്ന് വാറിന്റെ സഹായത്തോടെ റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ കിക്കെടുത്ത സൂപ്പർ താരത്തിന് പിഴച്ചു. മെസ്സിയുടെ ഗോൾ പോസ്റ്റിന്റെ വലതുഭാഗത്തേക്കുള്ള അതിശക്തമായ ഷോട്ട് അത്ഭുതകരമായി സെസ്നി തട്ടിയകറ്റി. 2022 ലോകകപ്പിലെ ഏറ്റവും മികച്ച സേവുകളിലൊന്നാണിത്. പിന്നാലെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അർജന്റീനയ്ക്ക് ആദ്യ പകുതിയിൽ ഗോൾ മാത്രം നേടാനായില്ല. പക്ഷേ രണ്ടാം പകുതിയിൽ കളി മാറി. രണ്ടാം പകുതിയിൽ അലെക്‌സിസ് മാക് അലിസ്റ്റർ (47), ജുലിയൻ അൽവാരെസ് (67) എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. നഹുവൽ മൊളീനയുടെ അസിസ്റ്റിൽനിന്നായിരുന്നു അലിസ്റ്ററുടെ ഗോൾ. അർജന്റീനയുടെ രണ്ടാം ഗോളിന് അസിസ്റ്റ് നൽകിയത് എൻസോ ഫെർണാണ്ടസ്.

ഈ മത്സരത്തിന് മുമ്പ് ഇരുടീമും നേർക്കുനേർ കളിച്ചതു 11 തവണ. 6 തവണ ജയം അർജന്റീനയ്‌ക്കൊപ്പം. 3 തവണ പോളണ്ട് ജയിച്ചു. 2 മത്സരം സമനിലയായി. അർജന്റീന: ആദ്യ മത്സരത്തിൽ സൗദി അറേബ്യയ്‌ക്കെതിരായ അട്ടിമറി തോൽവിക്കു ശേഷം മെക്‌സിക്കോയ്‌ക്കെതിരെ 20നു ജയം. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട പ്രതിരോധനിര രണ്ടാം മത്സരത്തിൽ ഫോമിലായി. മെസ്സിയും എയ്ഞ്ചൽ ഡി മരിയയും ചേർന്നു നടത്തുന്ന മുന്നേറ്റത്തിന് അപ്പുറമുള്ള രഹസ്യായുധങ്ങൾ ടീമിനുണ്ടെന്ന് പോളണ്ടിനെതിരായ കളി തെളിയിച്ചു. മെസിയുടേയും ഡി മരിയയുടേയും അസിസ്റ്റില്ലെങ്കിലും ഗോൾ നേടുന്ന ടീമായി അവർ മാറുകയാണ്. അതുകൊണ്ട് തന്നെ നോക്കൗട്ടിലും അർജന്റീനിയൻ ആർപ്പുവിളികളുടെ കരുത്തു കൂടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP