Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202424Friday

അറേബ്യൻ ചൂടിൽ വിരിഞ്ഞ സൗദി അറേബ്യ; വെയിലത്ത് വാടിക്കരിഞ്ഞു പോയ മെസ്സിപ്പട; ലോകകപ്പിൽ ഏഷ്യൻ ഗർജനം; അർജന്റീനയെ കരിച്ചു പുകയിച്ചു കളഞ്ഞു സൗദി പടയാളികൾ; ദൈവത്തിന്റെ പോരാളികൾ തോറ്റുകൊണ്ടേ തുടങ്ങാറുള്ളൂ! ട്രോളുകളുടെ പൊടി പൂരം; മെസി പടയ്ക്ക് ഇനി നിർണ്ണായകം; ആഘോഷവും കണ്ണീരും സോഷ്യൽ മീഡിയയിൽ; അർജന്റീനയെ സൗദി തകർത്തപ്പോൾ

അറേബ്യൻ ചൂടിൽ വിരിഞ്ഞ സൗദി അറേബ്യ; വെയിലത്ത് വാടിക്കരിഞ്ഞു പോയ മെസ്സിപ്പട; ലോകകപ്പിൽ ഏഷ്യൻ ഗർജനം; അർജന്റീനയെ കരിച്ചു പുകയിച്ചു കളഞ്ഞു സൗദി പടയാളികൾ; ദൈവത്തിന്റെ പോരാളികൾ തോറ്റുകൊണ്ടേ തുടങ്ങാറുള്ളൂ! ട്രോളുകളുടെ പൊടി പൂരം; മെസി പടയ്ക്ക് ഇനി നിർണ്ണായകം; ആഘോഷവും കണ്ണീരും സോഷ്യൽ മീഡിയയിൽ; അർജന്റീനയെ സൗദി തകർത്തപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സോഷ്യൽ മീഡിയയിൽ ആകെ ട്രോളുകളാണ്. അർജന്റീനയെ അരാധിക്കുന്നവരും അല്ലാത്തവരും തമ്മിലെ ട്രോൾ യുദ്ധം. സൗദിയ്‌ക്കെതിരെ തോറ്റ അർജിന്റീനയെ ഇപ്പോഴും പ്രതീക്ഷയോടെ കാണുന്നവരുണ്ട്. അതിന് അപ്പുറത്തേക്കാണ് നിരാശർ. ഇവരെ കൂടുതൽ വേദനയിലേക്ക് തള്ളി വിടുന്ന അർജന്റീനയുടെ എതിരാളികളും. ആഘോഷമാണ് സോഷ്യൽ മീഡിയയിൽ അർജന്റീനയുടെ എതിരാളികൾ നടത്തുന്നത്.

'മരുഭൂമിയിലെ നട്ടുച്ച നേരം, ഖത്തർ സമയം ഒന്നര. അറേബ്യൻ ചൂടിൽ വിരിഞ്ഞ സൗദി അറേബ്യ, വെയിലത്ത് വാടിക്കരിഞ്ഞു പോയ മെസ്സിപ്പട. ലോകകപ്പിൽ ഏഷ്യൻ ഗർജനം. അർജന്റീനയെ കരിച്ചു പുകയിച്ചു കളഞ്ഞു സൗദി പടയാളികൾ. ദൈവത്തിന്റെ പോരാളികൾ തോറ്റുകൊണ്ടേ തുടങ്ങാറുള്ളൂ. എന്തൊക്കെ മേളമായിരുന്നു... അടിക്കണക്കിന് കട്ടൗട്ട്, ടീഷർട്ട്, ബാനർ.. അടി െകാണ്ട് ആശുപത്രിയിൽ. ഒടുവിൽ പടക്കകട ഗുദാ ഹവാ..' അങ്ങനെ പോകുന്നു ട്രോളുകൾ. മെസിയെ കൂടുതൽ ഉയർത്തിക്കാട്ടുന്നവരെ അവർ പരിഹസിക്കുന്നു. അർജന്റീനിയൻ പക്ഷത്തുള്ളവരേയും വെറുതെ വിടുന്നില്ല. രാഷ്ട്രീയവും ഇവിടെ പ്രശ്‌നമല്ല. ഓരേ ചേരിയിലുള്ളവർ തമ്മിൽ പോലും ട്രോളുകൾ.

നേരിട്ടു കളി കാണാൻ പോയ ഷാഫി പറമ്പിലിനെയും ടീമിനെയും കേരളത്തിലിരുന്ന് വി.ടി.ബൽറാമും നൈസായി ട്രോളി. 'എന്നാലും നുമ്മ 'അര' തന്നെയാണ് ഭായ്..' എന്നാണ് ഷാഫിയുടെ മറുപടി. കൂട്ടത്തിൽ, മത്സരത്തിന്റെ 7 മണിക്കൂർ മുൻപ് ഒരു മലയാളി നടത്തിയ പ്രവചനവും വൈറലാകുകയാണ്. ഗോളെണ്ണം അടക്കം എല്ലാം കൃത്യമായാണ് മധു മണക്കാട്ടിൽ എന്നയാൾ കുറിച്ചത്. 'ഈ വേൾഡ് കപ്പിലെ ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും.. Mark my words... സൗദി അറേബ്യ VS അർജന്റീന, My prediction 2 - 1.. സൗദി അറേബ്യ ജയിക്കും. മെസ്സി നനഞ്ഞ പടക്കമാകും..' - ഇതുകണ്ട് പരിഹസിച്ചവർ മത്സരശേഷം ഒരു ചോദ്യമാണ് ചോദിക്കുന്നത്: 'ജ്യോത്സ്യൻ ആണോ'-ഇതും വലിയ ചർച്ചയായി കഴിഞ്ഞു.

അർജന്റീനയുടെ കണ്ണീർ വീഴ്‌ത്തിയാണു ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി സൗദി അറേബ്യയുടെ പേരിലായത്. അർജന്റീനയുടെ തേരോട്ടം കാണാൻ കാത്തുകാത്തിരുന്നവർ നിരാശരാണ്. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ പിന്നിലായിരുന്ന സൗദി, രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. പ്രതിരോധം തകർന്നതായിരുന്നു മെസ്സിയുടെ ടീമിന് വിനയായത്. ഓടിക്കളിക്കാൻ ആർക്കും കഴിഞ്ഞില്ല. അങ്ങനെ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് അർജന്റീന.

മത്സരം തുടങ്ങും മുമ്പ് എത്ര ഗോളുകൾക്ക് അർജന്റീന ജയിക്കും എന്നതുമാത്രമായിരുന്നു ചർച്ച. ഒന്നാം പകുതിയിൽ ഒരു ഗോളിന്റെ ലീഡിൽ പിരിയുമ്പോഴും ആരാധകർ, രണ്ടാം പകുതിയിൽ അർജന്റീന അടിക്കാൻ സാധ്യതയുള്ള ഗോളുകളുടെ എണ്ണമെടുത്തു. എന്നാൽ കഥയും കളിയും മാറി. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ പിറന്നത്. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിപ്പോയ സൗദി അറേബ്യ, രണ്ടാം പകുതിയിൽ തുടരെത്തുടരെ രണ്ടു ഗോളുകൾ തിരിച്ചടിച്ച് അർജന്റീനയെ ഞെട്ടിച്ചു. സാല അൽ ഷെഹ്‌റി (48), സാലെം അൽ ദവ്‌സാരി (53) എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്.

അർജന്റീനയുടെ 36 മത്സരങ്ങൾ നീണ്ട അപരാജിതക്കുതിപ്പിനാണ് സൗദി തടയിട്ടത്. ഒരു ജയംകൂടി നേടിയിരുന്നെങ്കിൽ 37 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച ഇറ്റലിയുടെ റിക്കാർഡിനൊപ്പമെത്താൻ അർജന്റീനയ്ക്ക് സാധിക്കുമായിരുന്നു. എന്നാൽ സൗദിയോടേറ്റ തോൽവി ആ പ്രതീക്ഷ തല്ലിക്കെടുത്തി. അർജന്റീനയ്‌ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമാണിത്. ലോകകപ്പ് ചരിത്രത്തിൽ സൗദിയുടെ നാലാമത്തെ മാത്രം വിജയവും. 1994ൽ ബെൽജിയത്തെയും മൊറോക്കോയെയും 2018ൽ ഈജിപ്തിനെയുമാണ് സൗദി മുന്പ് ലോകകപ്പിൽ പരാജയപ്പെടുത്തിയത്.

നാലു തവണയാണ് ഇതിനുമുന്പ് അർജന്റീനയും സൗദിയും നേർക്കുനേർ വന്നത്. രണ്ടുതവണ അർജന്റീന ജയിച്ചപ്പോൾ രണ്ടു മത്സരം സമനിലയിൽ പിരിഞ്ഞു. സൗദിയൊരുക്കിയ അതിവിദഗ്ധമായ ഓഫ്‌സൈഡ് കെണിയാണ് ലാറ്റിനമേരിക്കൻ വന്പന്മാരായ അർജന്റീനയുടെ വാരിക്കുഴിയായത്. പത്താം മിനിറ്റിലെ മെസിയുടെ പെനൽറ്റി ഗോളിനു പുറമേ അർജന്റീന സൗദി വലയിൽ പന്തെത്തിച്ചതു മൂന്നുവട്ടം. എല്ലാം സൗദിയൊരുക്കിയ വിദഗ്ധമായ ഓഫ്‌സൈഡ് കെണിയിൽ കുരുങ്ങി. 80,000 പേരെ കൊള്ളുന്ന സ്റ്റേഡിയത്തിൽ കൂടുതലും അർജന്റീന ആരാധകരായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ അർജന്റീന നേരിടുന്ന ഏറ്റവും വലിയ തോൽവികളിൽ ഒന്നാണിത്.

അർജന്റീനയുടെ മുപ്പത്തിയാറ് മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പിന് അതോടെ അവസാനമായി. മത്സരം തുടങ്ങി ആദ്യ സെക്കൻഡ് തൊട്ട് ആക്രമിച്ചു കളിച്ച അർജന്റീന തോൽവിയോടെ മടങ്ങി. 22-ാം മിനിറ്റിൽ മെസി വീണ്ടും വലകുലുക്കിയെങ്കിലും ഓഫ് സൈഡായി. മാർട്ടിനസിന്റെ 28, 34 മിനിറ്റുകളിലെ ഗോളുകൾക്കും ഓഫ് സൈഡ് കെണിയായി. രണ്ടുവട്ടം ജേതാക്കളായിട്ടുള്ള അർജന്റീനയുടെ സി ഗ്രൂപ്പിലെ ആദ്യ മത്സരമായിരുന്നു ഇത്. 27ന് മെക്‌സിക്കോയ്‌ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത പോരാട്ടം. അതിൽ ജയിച്ചില്ലെങ്കിൽ ഈ ലോകകപ്പിൽ അർജന്റീനയുടെ കഥ കഴിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP