Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യ ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റപ്പോൾ കണ്ണീരൊഴുക്കുന്നത് ചിരവൈരികളായ പാക്കിസ്ഥാൻ! ഇന്ത്യ ജയിക്കണേ എന്നു പ്രാർത്ഥിച്ച ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും കടുത്ത നിരാശ; റൺമല കണ്ട് ബാറ്റിംഗിന് ഇറങ്ങിയ ബാറ്റ്‌സ്മാന്മാർ വിജയിക്കാനായി കളിച്ചില്ലെന്ന ആക്ഷേപം ശക്തം; സിക്‌സുകൾ അടിക്കേണ്ട സമയത്ത് സിംഗിളുകൾ ഓടിയെടുത്ത ധോണിക്ക് സൈബർ ലോകത്ത് ട്രോൾമഴ; പാക്കിസ്ഥാനെ പുറത്താക്കാനുള്ള സർജിക്കൽ സ്‌ട്രൈക്കോയെന്ന് ആക്ഷേപം; കോലിക്കും കൂട്ടർക്കും സെമിയിലെത്താൻ വേണ്ടത് ഒരു വിജയം മാത്രം

ഇന്ത്യ ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റപ്പോൾ കണ്ണീരൊഴുക്കുന്നത് ചിരവൈരികളായ പാക്കിസ്ഥാൻ! ഇന്ത്യ ജയിക്കണേ എന്നു പ്രാർത്ഥിച്ച ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും കടുത്ത നിരാശ; റൺമല കണ്ട് ബാറ്റിംഗിന് ഇറങ്ങിയ ബാറ്റ്‌സ്മാന്മാർ വിജയിക്കാനായി കളിച്ചില്ലെന്ന ആക്ഷേപം ശക്തം; സിക്‌സുകൾ അടിക്കേണ്ട സമയത്ത് സിംഗിളുകൾ ഓടിയെടുത്ത ധോണിക്ക് സൈബർ ലോകത്ത് ട്രോൾമഴ; പാക്കിസ്ഥാനെ പുറത്താക്കാനുള്ള സർജിക്കൽ സ്‌ട്രൈക്കോയെന്ന് ആക്ഷേപം; കോലിക്കും കൂട്ടർക്കും സെമിയിലെത്താൻ വേണ്ടത് ഒരു വിജയം മാത്രം

മറുനാടൻ ഡെസ്‌ക്‌

ബർമിങ്ഹാം: ഇന്നലെ ബർമിങ്ഹാം സ്‌റ്റേഡിയത്തിൽ ഇന്ത്യ ഇംഗ്ലീഷ് പരീക്ഷ നേരിടുമ്പോൾ ഇന്ത്യക്കാരേക്കാൾ കോലിയും കൂട്ടരും വിജയിക്കണേ എന്ന പ്രാർത്ഥനയുമായി കഴിഞ്ഞത് പാക്കിസ്ഥാൻ ആരാധകരായിരുന്നു. ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ മാത്രമേ സർഫറാസിനും കൂട്ടർക്കും ലോകകപ്പിൽ സെമിപ്രതീക്ഷകൾക്ക് വകയുണ്ടായിരുന്നുള്ളൂ. എന്നാൽ, ഇന്ത്യ തോറ്റതോടെ സ്വന്തം ആരാധകരേക്കാൾ പൊട്ടിക്കരയുന്നത് ചിരവൈരികളായ പാക്കിസ്ഥാൻ ആരാധകരാണ്. കാരണം, ഇന്ത്യയുടെ തോൽവിയോടെ പാക്കിസ്ഥാൻ ലോകക്കപ്പിന്റെ പുറത്തേക്കാണെന്ന് വ്യക്തമായി. പാക്കിസ്ഥാന് പുറമേ ബംഗ്ലാദേശും ശ്രീലങ്കയും ഇന്ത്യ- ഇംഗ്ലണ്ട് മത്സരം കൗതുകത്തോടെയാണ് കണ്ടത്. അതേസമയം ഇന്ത്യയ്ക്ക് ഇനി അവശേഷിക്കുന്നത് രണ്ട് കളികളാണ്. ബംഗ്ലാദേശും ശ്രീലങ്കയുമായാണ് അവശേഷിക്കുന്ന മത്സരങ്ങൾ. ഇതിൽ ഒരു മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യ സെമിയിലെത്തും. രണ്ട് മത്സരത്തിൽ തോറ്റാൽ തന്നെയും ഇന്ത്യക്ക് സെമി സാധ്യതകൾ ഉണ്ട്.

അതേസമയം ഇന്നലെ ഇംഗ്ലണ്ട് പടുതുയർത്തിയ റൺമല താണ്ടാനാകാതെയാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ബൗളിംഗിലെയും ബാറ്റിംഗിലെയും ദൗർബല്യങ്ങൾ പുറത്തുവന്ന മത്സരമായിരുന്നു ഇന്നലത്തേത്. 31 റൺസിന് തോറ്റത് ബാറ്റിംഗിലെ പോരായ്മ കൊണ്ടാണെന്ന് വ്യക്തമാണ്. വിരാട് കോലിയും രോഹിത് ശർമ്മയും കഴിഞ്ഞാൽ ടീമിനെ വിജയിപ്പിക്കാൻ ശേഷിയുള്ള മറ്റൊരു താരമില്ലെന്നതാണ് ടീമിലെ പ്രശ്‌നം. ധവാന്റെ വിടവ് നികത്തപ്പെട്ടുമില്ല. ബൗളർമാർ ആദ്യമായി നിറംമങ്ങിയ മത്സരത്തിൽ ബാറ്റ്‌സ്മാന്മാർ പൊരുതിനോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഫലം 31 റൺസ് ജയവുമായി ആതിഥേയർ സെമി പ്രതീക്ഷ കാത്തു. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഡു ഒർ ഡൈ മത്സരമായിരുന്നു ഇന്നലത്തേത്. അതേസമയം ഇന്ത്യയുടെ ഭാഗത്തു നിന്നും ഒരിക്കൽ പോലും വിജയിക്കാൻ വേണ്ടിയാണ് കളികകുന്നത് എന്ന ഫീൽ പോലും ഉണ്ടായില്ല.

ഇന്നലത്തെ മത്സരത്തിന് ശേഷം സൈബർ ലോകത്ത് ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്നത് മുൻക്യാപ്ടർ മഹേന്ദ്ര സിങ് ധോണിയാണ്. സിക്‌സറുകൾ അടിച്ചു കളിക്കേണ്ട അവസാന ഓവറുകളിൽ ധോണിയും കേദാർ ജാദവും സിംഗിളുകൾ എടുത്തു കളിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. ലഫ്റ്റനന്റ് കേണൽ കൂടിയായ ധോണി പാക്കിസ്ഥാനെ സെമി കാണിക്കാതിരിക്കാനായുള്ള സർജിക്കൽ സ്‌ട്രൈക്കാണോ പുറത്തെടുത്തത് എന്ന വിധത്തിലായിരുന്നു ട്രോളുകൾ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 337 എന്ന വൻ സ്‌കോർ പടുത്തുയർത്തിയപ്പോൾ ഇന്ത്യൻ പോരാട്ടം അഞ്ച് വിക്കറ്റിന് 306 റൺസിലവസാനിച്ചു. ഏകദിനത്തിലെ 25ാമത്തെയും ഈ ലോകകപ്പിലെ മൂന്നാമത്തെയും സെഞ്ച്വറി നേടിയ രോഹിത് ശർമയുടെയും (109 പന്തിൽ 102) തുടർച്ചയായ നാലാം ഫിഫ്റ്റിയടിച്ച ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും (76 പന്തിൽ 66) മികച്ച ഫോം തുടരുന്ന ഹാർദിക് പാണ്ഡ്യയുടെയും (33 പന്തിൽ 45) എം.എസ്. ധോണിയുടെയും (31 പന്തിൽ 42*) ഇന്നിങ്‌സുകളുടെ ബലത്തിലാണ് ഇന്ത്യ പൊരുതിയത്. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് മൂന്നും ക്രിസ് വോക്‌സ് രണ്ടും വിക്കറ്റെടുത്തു.

നേരത്തേ സെഞ്ച്വറി നേടിയ ജോണി ബെയർസ്‌റ്റോയും (109 പന്തിൽ 111) ഫിഫ്റ്റിയടിച്ച ബെൻ സ്‌റ്റോക്‌സും (54 പന്തിൽ 79) ജാസൺ റോയിയും (57 പന്തിൽ 66) അടിച്ചുതകർത്തപ്പോൾ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയും പത്ത് ഓവറിൽ 44 റൺസ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുംറയുമാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന് കുറച്ചെങ്കിലും ബ്രേക്കിട്ടത്. ലെഗ്‌സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ പത്ത് ഓവറിൽ വിക്കറ്റില്ലാതെ 88 റൺസ് വിട്ടുകൊടുത്തപ്പോൾ ഒരു വിക്കറ്റെടുത്ത ചൈനാമാൻ ബൗളർ കുൽദീപ് യാദവ് പത്ത് ഓവറിൽ 72 റൺസ് വഴങ്ങി. 10 ഓവറിൽ 69 റൺസിന് അഞ്ച് വിക്കറ്റെടുത്ത ഷമി ഏകദിന കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കി. ഈ ലോകകപ്പിലെ മൂന്ന് കളികളിൽ വിക്കറ്റ് നേട്ടം 13 ആക്കി ഉയർത്തുകയും ചെയ്തു വലംകൈയൻ പേസർ.

ഇതാദ്യമായി ഇന്ത്യൻ ബൗളർമാർക്ക് താളം കണ്ടെത്താനാകാതെ പോയ മത്സരമായിരുന്നു ഇന്നലത്തേത്. സ്പിൻ ദ്വയത്തെ വലിച്ചുകീറുന്ന ബാറ്റിങ്ങായിരുന്നു ഇംഗ്ലണ്ടിൻേറത്. ചഹലിനെയും കുൽദീപിനെയും താളംകണ്ടെത്താൻ സമയം നൽകാതെ തെരഞ്ഞുപിടിച്ച് ആക്രമിച്ച ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർ ഇരുവർക്കുമെതിരെ ഒമ്പത് സിക്‌സും 12 ഫോറും പായിച്ചു. ബുംറയുടെയും ഷമിയുടെ ആദ്യ ഓവറുകളിൽ സൂക്ഷ്മതയോടെ ബാറ്റേന്തിയശേഷം സ്പിന്നർമാർക്കെതിരെ കളിമാറ്റിയ ബെയർസ്‌റ്റോയും റോയിയും 23 ഓവറിൽ സ്‌കോർ 160ലെത്തിച്ചു. പരിക്കുമൂലം മൂന്ന് മത്സരങ്ങളിൽ പുറത്തിരുന്ന ശേഷം തിരിച്ചെത്തിയ റോയ് ആയിരുന്നു കൂടുതൽ അപകടകാരി.

തന്റെയും ടീമിന്റെയും മോശം ഫോമിനെതിരെ മുൻ ഇംഗ്ലീഷ് താരങ്ങളുടെ വിമർശനങ്ങളിൽ രോഷാകുലനായി പ്രതികരിച്ച ബെയർസ്‌റ്റോ അത് കളത്തിലേക്കും പ്രസരിപ്പിച്ചതോടെ ഇന്ത്യൻ ബൗളർമാർക്കും ഫീൽഡർമാർക്കും പണിയായി. സ്പിന്നർമാരുടെ പന്തുകൾക്ക് തിരിയാൻ അവസരം നൽകാതെ പിച്ച് ചെയ്യുന്നിടത്തേക്ക് ബാറ്റെത്തിച്ച് ആക്രമിക്കുകയായിരുന്നു ഓപണിങ് ജോടിയുടെ തന്ത്രം. ബെയർസ്‌റ്റോ ലോങ്ഓണിനും മിഡ്‌വിക്കറ്റിനുമിടയിലെ ഏരിയ ഷോട്ടുകൾക്കായി തിരഞ്ഞെടുത്തപ്പോൾ സ്‌ട്രെയ്റ്റ് ബൗണ്ടറിയായിരുന്നു റോയിയുടെ ഫേവറിറ്റ് ഹിറ്റിങ് സോൺ. ഒടുവിൽ കുൽദീപിന്റെ പന്ത് ഉയർത്തിയടിച്ച റോയ് സബ്‌സ്റ്റിറ്റിയൂട്ട് ഫീൽഡർ രവീന്ദ്ര ജദേജയുടെ പന്തിൽ പുറത്തായപ്പോഴാണ് ഇന്ത്യക്കാർക്ക് ശ്വാസം നേരെ വീണത്. രണ്ട് സിക്‌സും ഏഴ് ഫോറുമടങ്ങിയതായിരുന്നു റോയിയുടെ ഇന്നിങ്‌സ്.

റോയ് പുറത്തായതിനുപിന്നാലെയെത്തിയ ജോ റൂട്ടിനെ (44) കൂട്ടുപിടിച്ച് 30ാം ഓവറിൽ ബെയർസ്‌റ്റോ സ്‌കോർ 200 കടത്തി. ഇതോടെ പടുകൂറ്റൻ സ്‌കോറിന് അടിത്തറയായതിനാൽ 350ന് മുകളിലുള്ള സ്‌കോറായിരുന്നു ഇംഗ്ലണ്ടിന്റെ ലക്ഷ്യം. എന്നാൽ, ഈ ഘട്ടത്തിൽ രണ്ടാം സ്‌പെല്ലിനെത്തിയ ഷമി ബെയർസ്‌റ്റോയെയും ക്യാപ്റ്റൻ ഓയിൻ മോർഗനെയും (1) പുറത്താക്കിയതോടെ സ്‌കോറിങ്ങിന് വേഗം കുറഞ്ഞു.

കൂറ്റനടിക്കാരായ സ്‌റ്റോക്‌സും ജോസ് ബട്‌ലറും വരാനുണ്ടായിരുന്നതിനാൽ ഇംഗ്ലണ്ടിന് ആശങ്കയുണ്ടായിരുന്നില്ല. വിക്കറ്റുകൾ തുരുതുരെ വീഴുന്നത് ഒഴിവാക്കിയാൽ വൻ സ്‌കോർ നേടുക പ്രയാസകരമാവില്ലെന്ന് അവർക്കറിയാമായിരുന്നു. റൂട്ടിനെ കൂട്ടുപിടിച്ച് സ്‌റ്റോക്‌സ് പതിയെ സ്‌കോറുയർത്തിയതോടെ ആതിഥേയർക്ക് വീണ്ടും മേൽക്കൈയായി. റൂട്ടിനെ ഇടക്ക് ഷമി വീഴ്‌ത്തിയെങ്കിലും ബട് ലറെ (എട്ട് പന്തിൽ 20) കൂട്ടുപിടിച്ച് സ്‌റ്റോക്‌സ് കത്തിക്കയറിയതോടെ സ്‌കോറും കുതിച്ചു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ലോകേഷ് രാഹുലിനെ (9 പന്തിൽ 0) തുടക്കത്തിലേ നഷ്ടമായശേഷം രോഹിത് ശർമ്യും വിരാട് കോലിയും നിന്നപ്പോൾ ഇന്ത്യയ്ക്ക് പ്രതീക്ഷകളുണ്ടായിരുന്നു. ഹാർദിക് പാണ്ഡ്യ മാത്രമാണ് (33 പന്തിൽ 45) വിജയലക്ഷ്യത്തോടെ ബാറ്റു വീശിയ ഏക ബാറ്റ്‌സ്മാൻ. ലോകകപ്പിലെ ആദ്യ മത്സരം കളിച്ച ഋഷഭ് പന്ത് (29 പന്തിൽ 32) എന്നിവരും ജയത്തിനായി ആഞ്ഞുശ്രമിച്ചു. എന്നാൽ അവസാന ഓവറുകളിൽ മഹേന്ദ്ര സിങ് ധോണിയും (31 പന്തിൽ 42) കേദാർ ജാദവും (13 പന്തിൽ 12) ആ ശ്രമം ഉപേക്ഷിച്ചു. ആറ് വിക്കറ്റ് ശേഷിക്കെ 104 റൺ വേണ്ടിയിരുന്ന ഇന്ത്യ അവസാന ഓവറുകളിൽ ജയത്തിന് ശ്രമിക്കാത്തതുപോലെ തോന്നിച്ചു. അവസാന അഞ്ചോവറുകളിൽ ബൗണ്ടറികൾക്ക് പോലും ധോണിയും ജാദവും മുതിർന്നില്ല. ഈ ശൈലി ഇന്ത്യൻ ആരാധകരിൽ കടുത്ത നിരാശയാണ് സമ്മാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP