Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

99ൽ തോറ്റപ്പോൾ പാക് ആരാധകർ കലിപ്പ് തീർത്തത് ഇന്ത്യക്കാരെ തിരഞ്ഞ് പിടിച്ച് തല്ലി; ഇന്ത്യയെ വീഴ്‌ത്തി ചാമ്പ്യൻസ് ട്രോഫി കപ്പുയർത്തിയപ്പോൾ പാക് താരങ്ങൾക്ക് സമ്മാനം ഹജ്ജ് യാത്ര; ക്രിക്കറ്റ് ഗ്യാലറിയിൽ ഒതുങ്ങാത്ത പോരാട്ടത്തിന് ക്ലീഷെ പ്രയോഗത്തേക്കാൾ ചൂടേറും; പുൽവാമയുടെ പേരിൽ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട മത്സരം; വിങ് കമാൻഡർ അഭിനന്ദനെ പരിഹസിച്ച് ബിൽഡ് അപ്പ് കൊടുത്ത പോരാട്ടം; അഡ്വക്കേറ്റ് സുനിൽ സുരേഷ് എഴുതുന്നു

99ൽ തോറ്റപ്പോൾ പാക് ആരാധകർ കലിപ്പ് തീർത്തത് ഇന്ത്യക്കാരെ തിരഞ്ഞ് പിടിച്ച് തല്ലി; ഇന്ത്യയെ വീഴ്‌ത്തി ചാമ്പ്യൻസ് ട്രോഫി കപ്പുയർത്തിയപ്പോൾ പാക് താരങ്ങൾക്ക് സമ്മാനം ഹജ്ജ് യാത്ര; ക്രിക്കറ്റ് ഗ്യാലറിയിൽ ഒതുങ്ങാത്ത പോരാട്ടത്തിന് ക്ലീഷെ പ്രയോഗത്തേക്കാൾ ചൂടേറും; പുൽവാമയുടെ പേരിൽ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട മത്സരം; വിങ് കമാൻഡർ അഭിനന്ദനെ പരിഹസിച്ച് ബിൽഡ് അപ്പ് കൊടുത്ത പോരാട്ടം; അഡ്വക്കേറ്റ് സുനിൽ സുരേഷ് എഴുതുന്നു

അഡ്വക്കേറ്റ് സുനിൽ സുരേഷ്‌

2019 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാക്കിസ്ഥാനും ജൂൺ 16 ന് നേർക്കുനേർ. പതിവ് ക്ലീഷെ പ്രയോഗമായ 'കളിക്കളത്തിൽ തീപാറുന്ന മത്സരം മഴ ചതിച്ചില്ലെങ്കിൽ. ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വലിയ പണംവാരി മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യ-പാക് പോരാട്ടം. രണ്ടാം റൗണ്ടിൽ അത് സംഭവ്യമാകുന്ന രീതിയിലായിരിക്കും സാധാരണ ഫിക്‌സ്ചർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തയ്യാറാക്കുക. ലോകകപ്പിൽ ഇതുവരെ ഇന്ത്യയും പാക്കിസ്ഥാനും ആറ് തവണ ഏറ്റുമുട്ടിയതിൽ ആറിലും ഇന്ത്യക്കൊപ്പമായിരുന്നു ജയം. റെക്കോർഡുകൾ തിരുത്തപ്പെടാൻ ഉള്ളതാണ് എന്ന സത്യത്തെ സ്മരിച്ചു കൊണ്ട് തന്നെ ഇന്നത്തെ റെക്കോർഡ് തിരുത്തപ്പെടാതിരിക്കുവാനായിരിക്കും ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നത്.

പാക്കിസ്ഥാന് മേലുള്ള ആധികാരിക ജയം അത് കളിക്കളത്തിൽ ആയാലും യുദ്ധഭൂമിയിൽ ആയാലും ഇന്ത്യൻ ദേശീയതക്ക് ഒരു വികാരം തന്നെയാണ്. ഏറെ ആവേശകരവും. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ പാക്കിസ്ഥാനുമായുള്ള മത്സരത്തിൽ നിന്നും ഇന്ത്യ പിന്മാറണം എന്ന ആവശ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നു കേട്ടിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ പാക് മത്സരം യുദ്ധസമാനമായിരിക്കും എന്ന് മുൻ ഓപ്പണർ വീരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടപ്പോൾ മത്സരത്തിൽ നിന്നും ഇന്ത്യ പിന്മാറണം എന്നതായിരുന്നു ഹർഭജൻ സിംഗിന്റെ നിലപാട്. കളിയെ രാഷ്ടീയവുമായി കൂട്ടിക്കലർത്താതെ മികച്ച വിജയം കൈവരിക്കുന്നതിനുള്ള മറ്റൊരു സുവർണ്ണാവസരമായി കാണണമെന്ന സച്ചിന്റെ നിലപാടിനോട് വളരെ രൂക്ഷമായ ഭാഷയിലാണ് ചില മാധ്യമ ഷോമാന്മാർ പ്രതികരിച്ചത്.

ക്രിക്കറ്റും രാഷ്ട്രീയവും അല്ലെങ്കിൽ ക്രിക്കറ്റും ദേശീയതയും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതുണ്ടോ എന്ന ചോദ്യം പലയാവർത്തി ഉയർന്നിട്ടുള്ളതാണ്; അതിന് സാഹചര്യങ്ങൾക്കനുസൃതമായ തീരുമാനങ്ങളും എടുക്കപ്പെട്ടിട്ടുണ്ട്. ദേശീയത ക്രിക്കറ്റ് ഗാലറിയിൽ മാത്രം പ്രകടിപ്പിക്കേണ്ടതായ ഒന്നാണോ എന്നതും ചർച്ചാവിഷയമാണ്. പതിറ്റാണ്ടുകളോളം ബദ്ധവൈരികളായി പ്രത്യക്ഷമായും പരോക്ഷമായും കൊണ്ടും കൊടുത്തും നിലകൊണ്ടുപോരുന്ന രണ്ട് രാഷ്ട്രങ്ങൾ തമ്മിലുള്ള ഇടപെടലുകളിൽ കൃത്യമായ അതിർവരമ്പുകൾ നിർണ്ണയിക്കുന്നത് എത്രമേൽ പ്രായോഗികമാണ്? .

നിലവിലെ പാക്കിസ്ഥാൻ പ്രധാന മന്തി ഇമ്രാൻ ഖാൻ 1992 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ വിജയകിരീടം ചൂടിച്ച ക്യാപ്റ്റൻ ആയിരുന്നു. വൃക്തമായ രാഷ്ട്രീയം ഉള്ള ഇമ്രാൻ ഖാനും വെറ്ററൻ ടീം ഇന്ത്യൻ അംഗം നവജ്യോത് സിദ്ദുവും തമ്മിലുള്ള സുഹൃത്ബന്ധം ഇമ്രാന്റെ സത്യപ്രതിജ്ഞാ വേളയിൽ വിവാദം ആകേണ്ടിയിരുന്നുവോ എന്നതിനും ഉത്തരം കണ്ടെത്തേണ്ടതാണല്ലോ. സച്ചിന്റെ നാടായ മുംബൈയിലെ പ്രസിദ്ധമായ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ റസ്‌ടൊറണ്ട് അധികൃതർ അവിടെ പ്രദർശിപ്പിച്ചിട്ടുള്ള കളിക്കാരിൽ ഇമ്രാൻ ഖാന്റെ ഛായാചിത്രം മാത്രം മറച്ചു കൊണ്ടാണ് പുൽവാമ ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഇവിടെ ക്രിക്കറ്റ് കേവലം ഒരു കളി എന്നതിലുപരി ബദ്ധവൈരികളായ രണ്ട് രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം നിർവ്വചിക്കുന്നതിൽ നിർണ്ണായകമായ ഒരു കണ്ണിയാകുന്ന കാഴ്ചയാണ് ദൃശ്യ മാകുന്നത്. അഥവാ സാഹചര്യങ്ങൾ അത്തരം ഒരു കാഴ്ചയെ രൂപപ്പെടുത്തുന്നു. ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ സൗഹൃദത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രതീക്ഷകളുടെയും മേലങ്കികൾ അണിഞ്ഞുകൊണ്ട് ക്രിക്കറ്റ് എന്ന കായികവിനോദം ഒരു വിശിഷ്ട സ്ഥാനം അലങ്കരിക്കുകയാണ്.

ക്രിക്കറ്റിലൂടെ ഇന്ത്യ പാക് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നിരവധി തവണ പരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്, അതിൽ വിജയവും കണ്ടിട്ടുണ്ട്. സ്വന്തം മണ്ണിൽ വെച്ച് ക്രിക്കറ്റ് കളിക്കുന്നതിന് ഇരു രാജ്യങ്ങളും പരസ്പരം ക്ഷണിക്കുകയും ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്ന പതിവ് ഇന്നില്ല. ഇന്ത്യയും പാക്കിസ്ഥാനും ശത്രുരാജ്യങ്ങൾ അല്ല, ഭീകരതയ്ക്ക് എതിരെ പോരാടേണ്ടവരാണ് എന്നാണ് മുൻ പാക് നായകൻ വസിം അക്രം ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ഭീകര വിരുദ്ധ നിലപാടുകളോടുള്ള പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് നയങ്ങൾ സമീപ കാലങ്ങളിലായി ഈയൊരു സാദ്ധ്യതയ്ക്ക് മങ്ങൽ എൽപ്പിക്കുകയാണ്. പുൽവാമ ഉറി മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായി ഇനിയൊരു ക്രിക്കറ്റ് ബന്ധം വേണമോ എന്നത് പല തവണ ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യൻ പ്രിമിയർ ലീഗിൽ പാക്കിസ്ഥാന് സ്ഥാനം ഇല്ല. ഇരു രാഷ്ട്രങ്ങളും തമ്മിൽ വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ മാത്രം. അതു തന്നെ ദേശീയതയും വൈകാരികതയും കുത്തിത്തിരുകി യുദ്ധസമാനം ആക്കപ്പെടുന്ന അവസ്ഥ. ഈയൊരു സാഹചര്യം സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾക്കുള്ള പങ്കും ഒട്ടും ചെറുതല്ല എന്ന് കരുതേണ്ടിയിരിക്കുന്നു.

1999 ലെ ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന സമയം. നിർണായകമായ സൂപ്പർ സിക്‌സ് റൗണ്ടിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ. അതേസമയം അതിർത്തിയിൽ ഇന്ത്യൻ പട്ടാളവീരന്മാർ പാക്കിസ്ഥാൻ കയ്യേറിയ ഓരോ പോസ്റ്റുകളും തിരിച്ചു പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച ജയം. കാർഗിൽ യുദ്ധ വേളയിൽ പാക്കിസ്ഥാനു മേൽ ഇന്ത്യ നേടിയ ആധികാരിക ജയം ധീരജവാന്മാർക്ക് എത്രമേൽ ഉത്തേജനം ആയിരുന്നു എന്നത് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യയോടേറ്റ പരാജയത്തിൽ സമനില തെറ്റിയ പാക് ആരാധകർ ഗ്യാലറികളിലുണ്ടായിരുന്ന ഇന്ത്യക്കാരെ തെരഞ്ഞുപിടിച്ച് തല്ലുന്നതുവരെയെത്തി കാര്യങ്ങൾ. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയ് ഇന്ത്യ പാക്കിസ്ഥാൻ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഡൽഹി ലാഹോർ ബസ് സർവീസ് യാഥാർത്ഥ്യമാക്കിക്കൊണ്ടിരുന്ന വേളയിൽ അണിയറയിൽ യുദ്ധതന്ത്രങ്ങൾ മെനയുന്ന തിരക്കിലായിരുന്നു പ്രസിഡണ്ട് ജനറൽ പർവേസ് മുഷറഫ്.

ആദ്യ കാർഗിൽ രക്തസാക്ഷിയായ ക്യാപ്റ്റൻ സൗരഭ് കാലിയ ഉൾപ്പെടെ അഞ്ച് സൈനികർ പാക് കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട 1999 മെയ് 15 മുതൽ ജൂൺ 1 വരെയുള്ള കാലയളവിലായിരുന്നു ഇന്ത്യയുടെ നിർണ്ണായക മത്സരങ്ങൾ. യുദ്ധത്തിന്റെ മൂർദ്ധന്യാവസ്ഥയിലും ഇന്ത്യ (പൂർണ്ണമായി അല്ലെങ്കിലും) ക്രിക്കറ്റ് ലഹരിയിൽ ആയിരുന്നു എന്നു വേണം പറയാൻ. യുദ്ധത്തടവുകാരുടെ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ജനീവ കരാറിന്റെ നഗ്‌നമായ ലംഘനം നടന്നിട്ടും എന്തുകൊണ്ട് ഇന്ത്യയ്ക്ക് പാക്കിസ്ഥാന് മേൽ അന്താരാഷ്ട്ര തലത്തിൽ നടപടി സ്വീകരിക്കുവാൻ സാധിക്കുന്നില്ല എന്നത് ശ്രദ്ധേയമായ ഒരു ചോദ്യം ആണ്.

ക്രിക്കറ്റിലൂടെ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും അതിർവരമ്പുകൾ അലിഞ്ഞില്ലാതാകുന്ന കാഴ്ചയ്ക്ക്ക്ക് ഇന്ത്യൻ മണ്ണ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. തൊണ്ണൂറുകളുടെ അവസാനം സംഘടിപ്പിക്കപ്പെട്ട ഇന്ത്യ-പാക്കിസ്ഥാൻ മത്സരം കാണുവാൻ പാക് ആരാധകർക്ക് പ്രത്യേക ക്ഷണമുണ്ടായിരുന്നു. വിഭജനത്തിനു മുൻപ് ഇന്ത്യൻ മണ്ണിൽ ജനനം കൊണ്ടവരും അല്ലാത്തവരും ഒക്കെയായി നിരവധി ആളുകളാണ് അതിർത്തി കടന്ന് കളി കാണാനെത്തിയത്.

ഗ്രൗണ്ടിൽ തീ പാറിയാലും ഇല്ലെങ്കിലും ഇരു രാഷ്ട്രങ്ങളിലെയും കളിക്കാർ തമ്മിലുള്ള സൗഹാർദ്ദം പലപ്പോഴും ഗ്രൗണ്ടിൽ പ്രകടമാക്കപ്പെടാറുണ്ട്. 2018 ഏഷ്യ കപ്പിലെ ഇന്ത്യ പാക് പോരാട്ടത്തിൽ ഇന്ത്യൻ ദേശീയഗാനം ആലപിക്കുന്ന പാക് ആരാധകനെ നിറഞ്ഞ കൈയടികളോടുകൂടിയാണ് സൈബർ ലോകം ഏറ്റെടുത്തത്. അർഹിക്കുന്ന സാഹചര്യങ്ങളിൽ പരസ്പരം അഭിനന്ദിക്കാനും താരങ്ങൾ മടി കാട്ടാറില്ല.

ദേശീയതയുടെ കാര്യത്തിലാണെങ്കിൽ പാക്കിസ്ഥാനും ഒട്ടുംതന്നെ പിന്നിലല്ല. പ്രൗഡ് ടു ബി എ പാക്കിസ്ഥാനി എന്ന ജഴ്‌സി ധരിച്ചുകൊണ്ട് പ്രസന്റേഷൻ സെറിമണിയിൽ പങ്കെടുക്കുന്ന കളിക്കാരും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. കളിക്കളത്തിനകത്തും പുറത്തും ഇന്ത്യ വിരുദ്ധത അലങ്കാരമായി കൊണ്ടു നടക്കുന്ന ആളാണ് മുൻ പാക് ബാറ്റ്‌സ്മാൻ ജാവേദ് മിയാൻ ദാദ്. പറഞ്ഞുവരുമ്പോൾ കക്ഷിയും ഇന്ത്യയുടെ മുഖ്യശത്രുവായ അധോലോകനായകൻ ദാവൂദ് ഇബ്രാഹിമും തമ്മിൽ ചെറിയൊരു ബന്ധമുണ്ട്. ജാവേദിന്റെ മകൻ വിവാഹം ചെയ്തിരിക്കുന്നത് ദാവൂദിന്റെ മകളെയാണ്. ഒരു പ്രമുഖ ഇന്ത്യ-പാക് മത്സരത്തിൽ ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുനയായിരുന്ന പേസ് ബൗളർ ഇർഫാൻ പഠാന്റെ ബൗളിംഗിനെ മാധ്യമങ്ങൾ പാടിപ്പുകഴ്‌ത്തിയപ്പോൾ 'പാക്കിസ്ഥാന്റെ ഓരോ തെരുവിലും നൂറ് പഠാന്മാർ വീതം ഉണ്ട്' എന്നായിരുന്നു മിയാൻ ദാദിന്റെ മറുപടി. മത്സരത്തിൽ പാക്കിസ്ഥാൻ തോറ്റ് തുന്നം പാടിയത് മിച്ചം. 1992 ലോകകപ്പ് ഇന്ത്യ പാക് മത്സരത്തിനിടെ വിക്കറ്റ് കീപ്പർ കിരൺ മോറെ പിന്നിൽ നിന്ന് പിറുപിറുക്കുന്നു എന്ന് ആരോപിച്ച് മിയാൻദാദ് ക്രീസിൽ നടത്തിയ തവളച്ചാട്ടം പ്രശസ്തമാണ്.

2017 ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ ദയനീയമായി പരാജയപ്പെടുത്തിയ പാക് ടീമിന് നാട്ടിൽ രാജോജിത വരവേൽപ്പാണ് ലഭിച്ചത്. പ്രധാന മന്ത്രി നവാസ് ഷെരീഫിന്റെ ഓഫീസിൽ വിജയികൾക്കായി പ്രത്യേക അനുമോദന ചടങ്ങ് സംഘടിപ്പിക്കപ്പെട്ടു.ടീം അംഗങ്ങൾക്ക് പാക്കിസ്ഥാൻ പട്ടാള മേധാവി വാഗ്ദാനം ചെയ്തത് വ്യത്യസ്ഥമായ ഒരു സമ്മാനം ആയിരുന്നു. ഹജ്ജ് യാത്ര. പട്ടാള മേധാവിക്ക് ക്രിക്കറ്റിൽ എന്തു കാര്യം എന്ന് ചോദിക്കരുത്. ഇന്ത്യയുടെ തോൽവി പാക്കിസ്ഥാനും അതുപോലെ തന്നെ പാക്കിസ്ഥാന്റെ തോൽവി ഇന്ത്യയ്ക്കും എന്നും ആഘോഷിക്കാനുള്ള കാരണങ്ങൾ ആയിരുന്നല്ലോ. ഉറി ആക്രമണം നടന്ന് ഒരു വർഷത്തിനു ശേഷം ആയിരുന്നു 17 ലെ ചാംപ്യൻസ് ട്രോഫി എന്നത് ശ്രദ്ധേയം.

2007 ലോകകപ്പിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും ടൂർണമെന്റിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ പുറത്തായത് ക്രിക്കറ്റ് ആരാധകർക്കും തലപ്പത്ത് ഇരിക്കുന്നവർക്കും ഏറ്റ കനത്ത പ്രഹരം ആയിരുന്നു. തോൽവിക്ക് പുറമെ കോച്ച് ബോബ് വൂമറുടെ മരണവും പാക്കിസ്ഥാന് അക്ഷരാർത്ഥത്തിൽ ഇരുട്ടടി ആയി.

മാന്യന്മാരുടെ കളി എന്നാണ് ക്രിക്കറ്റ് വിലയിരുത്തപ്പെടുന്നത് എങ്കിലും അത്ര മാന്യമല്ലാത്ത രംഗങ്ങൾക്കും ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷിയായിട്ടുണ്ട്. 1996 ലോകകപ്പ് ക്വാർട്ടറിൽ പാക് ബാറ്റ്‌സ്മാൻ ആമിർ സൊഹൈൽ ഇന്ത്യൻ ബൗളർ വെങ്കിടേഷ് പ്രസാദ് എറിഞ്ഞ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച ശേഷം അതെടുത്തു കൊണ്ടുവരാൻ ബാറ്റ് കൊണ്ട് ആംഗ്യം കാണിച്ചു. പ്രസാദിന്റെ തന്നെ തൊട്ടടുത്ത പന്തിൽ സൊഹൈൽ ക്ലീൻ ബൗൾഡ്. തന്റെ ചൂണ്ടുവിരൽ കൊണ്ട് 'നേരെ ഗാലറിയിലേക്ക് 'എന്ന് പ്രസാദും തിരിച്ചു കാണിച്ചു.

ഏറ്റവും ഒടുവിൽ പാക്കിസ്ഥാൻ, ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനുമായി മുഖസാദൃശ്യം ഉള്ള ആളെ വെച്ച് (വികലമായി) ലോകകപ്പ് ക്രിക്കറ്റ് പരസ്യം ചിത്രീകരിക്കുന്നതു വരെയെത്തി കാര്യങ്ങൾ. അഭിനന്ദൻ പാക് കസ്റ്റഡിയിൽ ആയിരുന്നപ്പോൾ ചിത്രീകരിക്കപ്പെട്ട വീഡിയോയിലെ സംഭാഷണങ്ങൾ വരെ അനുകരിച്ച് തയ്യാറാക്കിയിരിക്കുന്ന പരസ്യത്തിൽ 'ഇത്തവണ കപ്പ് പാക്കിസ്ഥാന് സ്വന്തം' എന്നതാണ് പ്രമേയം. ഒരു പക്ഷെ അഭിനന്ദൻ പാക് കസ്റ്റഡിയിൽ ആയിരുന്നു എന്ന് വ്യക്തമാക്കുന്ന ആ വീഡിയോ പുറം ലോകം കണ്ടില്ലായിരുന്നുവെങ്കിൽ കാര്യങ്ങൾ എന്താകുമായിരുന്നു എന്നത് ചിന്ത്യം.

സ്പോർട്സ് മാൻ സ്പിരിറ്റ് അതിന്റെ പൂർണ്ണതയിൽ ഉൾക്കൊണ്ട് വിശാലമനസ്‌കതയോടെ കാര്യങ്ങളെ കാണുവാൻ തക്ക സാഹചര്യം ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ സൃഷ്ടിക്കപ്പെടാത്തിടത്തോളം കാലം വിരുദ്ധ നിലപാടുകൾക്ക് തന്നെയായിരിക്കും മുൻതൂക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP