Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

കാർമേഘങ്ങളെ വകഞ്ഞു മാറ്റി കീവികൾക്ക് മീതെ പറക്കാൻ ഇന്ത്യയും; കലാശപോരിന് ടിക്കറ്റെടുക്കാൻ പ്രതിഭകളുടെ മികവിൽ ന്യൂസിലാന്റുമെത്തുമ്പോൾ പോരാട്ടം തീപാറും; ബാറ്റിംഗിൽ മുൻതൂക്കം രോഹിത് നയിക്കുന്ന കോലിപ്പടയ്‌ക്കെങ്കിലും മധ്യനിരയിലെ ആശങ്ക ഭീഷണിയാകും; ബോൾട്ട് നയിക്കുന്ന കീവിസ് ബൗളിങ് നിര അതിശക്തം; ബാറ്റിങ് ഭാരം ഒറ്റയ്ക്ക് ചുമലിലേറ്റി വില്യംസൺ; ഷമിയും ജഡേജയും ടീമിലെത്തിയേക്കും; മത്സരം മഴ കവരുമെന്ന ഭീഷണിയിൽ ആരാധകരും

കാർമേഘങ്ങളെ വകഞ്ഞു മാറ്റി കീവികൾക്ക് മീതെ പറക്കാൻ ഇന്ത്യയും; കലാശപോരിന് ടിക്കറ്റെടുക്കാൻ പ്രതിഭകളുടെ മികവിൽ ന്യൂസിലാന്റുമെത്തുമ്പോൾ പോരാട്ടം തീപാറും; ബാറ്റിംഗിൽ മുൻതൂക്കം രോഹിത് നയിക്കുന്ന കോലിപ്പടയ്‌ക്കെങ്കിലും മധ്യനിരയിലെ ആശങ്ക ഭീഷണിയാകും; ബോൾട്ട് നയിക്കുന്ന കീവിസ് ബൗളിങ് നിര അതിശക്തം; ബാറ്റിങ് ഭാരം ഒറ്റയ്ക്ക് ചുമലിലേറ്റി വില്യംസൺ; ഷമിയും ജഡേജയും ടീമിലെത്തിയേക്കും; മത്സരം മഴ കവരുമെന്ന ഭീഷണിയിൽ ആരാധകരും

മറുനാടൻ ഡെസ്‌ക്‌

മാഞ്ചസ്റ്റർ: ലോകകപ്പിൽ ഫൈനൽ ഉറപ്പിക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. മാഞ്ചസ്റ്ററിൽ വൈകിട്ട് മൂന്നിന് തുടങ്ങുന്ന സെമിയിൽ ന്യൂസിലൻഡ് ആണ് എതിരാളികൾ. ടീമുകൾ ഏറ്റവും കൂടുതൽ ഭീഷണി നൽകുന്നത് മഴയാണ്. പ്രാഥമികഘട്ടത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരേ 336 റൺസ് അടിച്ച് 89 റൺസിന് ജയിച്ചത് ഇതേ ഗ്രൗണ്ടിലാണ്. ചൊവ്വാഴ്ച മഴയ്ക്ക് സാധ്യത പറയുന്നുണ്ടെങ്കിലും കളിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.പന്ത്രണ്ടാം ലോകകപ്പിലെ ആദ്യ സെമിയാണിത്. രണ്ടാം സെമിയിൽ വ്യാഴാഴ്ച ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും.

ഐസിസി ടൂർണമെന്റുകളിൽ നേർക്കുനേർ വന്ന 10 മത്സരങ്ങളിൽ ഏഴിലും ഇന്ത്യയെ മറികടന്ന ചരിത്രം കീവികൾക്ക് മുൻതൂക്കം നൽകുന്നു. വില്ല്യംസണും ബോൾട്ടും ഒഴികെയുള്ളവർ വ്യക്തിഗതമികവിൽ പിന്നിലെങ്കിലും ടീമായി ഇറങ്ങുമ്പോൾ ആരെയും മുറിപ്പെടുത്താൻ കഴിയുന്നവരാണ് ന്യൂസിലൻഡ്. ലോകകപ്പ് സെഞ്ചുറികളിൽ സച്ചിനെ മറികടക്കാൻ ഒരുങ്ങുകയാണ് രോഹിത് ശർമ്മ. ഓപ്പണിംഗിൽ കൂട്ടായെത്തുന്ന കെ എൽ രാഹുൽ മികച്ച ഫോമിലെങ്കിലും ആദ്യ സെഞ്ചുറിക്കായി കാത്തിരിക്കുകയാണ് വിരാട് കോലി.

Stories you may Like

മുൻനിരയിലെ മൂവർ സംഘം പിരിഞ്ഞാൽ മധ്യനിരിയിൽ സംഭവിക്കുമെന്ന ഇന്ത്യക്ക് ആശങ്കയുണ്ടാകും. ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത് ഹാർദിക് പാണ്ഡ്യ മാത്രമാണെന്ന് പറയേണ്ടിവരും. ധോണി റൺസ് സ്‌കോർ ചെയ്യുന്നുണ്ടെങ്കിലും മെല്ലെ പോക്ക് ടീമിനെ നെഗറ്റീവായി ബാധിക്കും.കുൽദീപിനോ ചഹാലിനോ പകരം ബാറ്റിങ് ഓൾറൗണ്ടർ ജഡേജയെത്തിയാൽ ടീമിന് അത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. അതേസമയം കഴിഞ്ഞ മത്സരത്തിൽ റൺസ് വിട്ടുനൽകിയ ഭുവനേശ്വറിന് പകരം ഷമി ടീമിലെത്താനും സാധ്യതയുണ്ട്. സന്നാഹ മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ എറിഞ്ഞിട്ടു. ഗ്രൂപ്പ് ഘട്ടത്തിൽ മഴ കാരണം കളി നടന്നില്ല. ലോകകപ്പുകളിൽ ഇന്ത്യക്ക് എട്ടാം സെമി. മൂന്ന് വട്ടം ഫൈനലിലേക്ക് മുന്നേറി. ഏഴ് സെമിയിൽ ആറിലും തോറ്റത് ന്യൂസിലൻഡിന്റെ ചരിത്രവും.

ആത്മവിശ്വാസം തുണ

പ്രാഥമിക റൗണ്ടിൽ, കളിച്ച എട്ടിൽ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാൽ, പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലൻഡ് ഒടുവിൽ തുടർച്ചയായി മൂന്നു മത്സരങ്ങൾ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്.

ഒരു ഘട്ടത്തിൽ സെമി കാണാതെ പുറത്താകുമെന്ന ഭീഷണിയെ ന്യൂസീലൻഡ് നേരിട്ടു. ഒടുവിൽ പോയന്റ് പട്ടികയിൽ പാക്കിസ്ഥാനൊപ്പമായിരുന്നെങ്കിലും റൺറേറ്റിന്റെ അടിസ്ഥാനത്തിൽ സെമിയിലെത്തി. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തിൽ ഇന്ത്യ ന്യൂസീലൻഡിനെക്കാൾ ഒരുപടി മുന്നിലായിരിക്കും.ഏഴാം സെമിഫൈനലിനാണ് ഇന്ത്യ ചൊവ്വാഴ്ച ഇറങ്ങുന്നത്. ഇതിനിടെ രണ്ടുവട്ടം കിരീടം നേടി. 1983 ലോകകപ്പിൽ ഇന്ത്യ ആദ്യമായി കിരീടം നേടിയത് ഇംഗ്ലണ്ടിലായിരുന്നു. നിലവിലെ റണ്ണറപ്പായ ന്യൂസീലൻഡിന് ഇത് എട്ടാം സെമി.

ഇന്ത്യയുടെ വിശ്വാസം ബാറ്റിങ് മുന്നേറ്റ നിരയിൽ കീവികൾക്ക് ബൗളിംഗിലും

ഏറക്കുറെ ആധികാരികമായിരുന്നു ഇക്കുറി ഇന്ത്യയുടെ മുന്നേറ്റം. പ്രാഥമിക ഘട്ടത്തിൽ തോറ്റത് ഇംഗ്ലണ്ടിനോട് മാത്രം. ഓപ്പണർ രോഹിത് ശർമ എട്ട് ഇന്നിങ്‌സിൽ അഞ്ച് സെഞ്ചുറിയടക്കം 647 റൺസടിച്ച് ലോകകപ്പ് റൺവേട്ടയിൽ ഒന്നാമതുണ്ട്. തുടർച്ചയായി അഞ്ച് അർധസെഞ്ചുറിയടക്കം 442 റൺസടിച്ച ക്യാപ്റ്റൻ കോലിയും 359 റൺസുമായി കെ.എൽ. രാഹുലും തൊട്ടുപിന്നിലുണ്ട്. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇവർ മൂന്നുപേർ ചേർന്ന് 1347 റൺസ് അടിച്ചുകഴിഞ്ഞു. ഈ ആക്രമണനിരയെ ആരായാലും പേടിക്കും.

അതേസമയം, ലോക്കി ഫെർഗൂസൻ (17 വിക്കറ്റ്), ട്രെന്റ് ബോൾട്ട് (15 വിക്കറ്റ്), മാറ്റ് ഹെന്റി (10) എന്നിവർ ചേർന്ന പേസ് ആക്രമണമാണ് ന്യൂസീലൻഡിന്റെ ശക്തി. ഈ സഖ്യം 42 വിക്കറ്റ് നേടിയിട്ടുണ്ട്. പരിക്കിലായിരുന്ന ലോക്കി ഫെർഗൂസൻ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ കളിച്ചിരുന്നില്ല. സുഖംപ്രാപിച്ച് ചൊവ്വാഴ്ച ഇറങ്ങുമെന്ന് കരുതുന്നു.

ബാറ്റിങ്ങിൽ പക്ഷേ, ന്യൂസീലൻഡിന് പ്രതീക്ഷയർപ്പിക്കാവുന്ന ഒരേയൊരാൾ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മാത്രം. ഇതുവരെ ഫോമിലാകാത്ത ഓപ്പണർ മാർട്ടിൻ ഗപ്ടിൽ ഒരുവേള നിലയുറപ്പിച്ചാൽ അപകടകാരിയാകും.ശനിയാഴ്ച ശ്രീലങ്കയ്ക്കെതിരേ കളിച്ച ഇന്ത്യ ഞായറാഴ്ച മാഞ്ചെസ്റ്ററിലെത്തി. തിങ്കളാഴ്ച പരിശീലനം നടത്തി. ജൂലായ് മൂന്നിന് ഇംഗ്ലണ്ടിനെതിരേയായിരുന്നു ന്യൂസീലൻഡിന്റെ അവസാന മത്സരം. ഒരുങ്ങാൻ അവർക്ക് ധാരാളം സമയം കിട്ടി.

പരിക്കുകാരണം ഇന്ത്യയുടെ ഓപ്പണർ ശിഖർ ധവാനും വിജയ് ശങ്കറും മടങ്ങിയതിനാൽ ഇന്ത്യ ടീമിൽ പല മാറ്റങ്ങളും പരീക്ഷിച്ചു. 16 പേരെ ഇതിനകം കളിപ്പിച്ചു.ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ- മൂന്ന് പേസർമാരെയും ചൊവ്വാഴ്ച കളിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ സ്പിന്നർമാരായ യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരിലൊരാളെ മാറ്റിനിർത്താം. ആറാം നമ്പറിലെ ബാറ്റ്‌സ്മാനെ (കേദാർ ജാദവ്/ദിനേഷ് കാർത്തിക്) മാറ്റി രവീന്ദ്ര ജഡേജയെ കൊണ്ടുവരാനും സാധ്യതയുണ്ട്.

പിച്ച്

ഓൾഡ് ട്രാഫഡിൽ ഇന്ത്യ പാക്കിസ്ഥാനെതിരേ കളിച്ച പിച്ചിലല്ല, പുതിയൊരു പിച്ചിലാകും ചൊവ്വാഴ്ചത്തെ മത്സരം. പിച്ച് മാറിയാലും ബാറ്റിങ്ങിന് അനുകൂലമാകുമെന്നാണ് റിപ്പോർട്ട്.

ടീം ഇവരിൽനിന്ന്: ഇന്ത്യ

വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, ലോകേഷ് രാഹുൽ, ഋഷഭ് പന്ത്, എം.എസ്. ധോനി, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, ചാഹൽ, കുൽദീപ്, ഭുവനേശ്വർ, ഷമി, ബുംറ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, കേദാർ ജാദവ്.

ന്യൂസീലൻഡ്: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), മാർട്ടിൻ ഗപ്ടിൽ, കോളിൻ മൺറോ, റോസ് ടെയ്‌ലർ, ടോം ലാതം, ടോം ബ്ലൻഡൽ, കെ. ഗ്രാന്ദോം, ജിമ്മി നീഷാം, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൻ, മാറ്റ് ഹെന്റി, മിച്ചൽ സാന്റ്‌നർ, ഹെന്റി നിക്കോൾസ്, ടിം സൗത്തി, ഇഷ് സോഥി

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP