Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കണക്കും ചരിത്രവും ഇന്ത്യക്ക് അത്ര ശുഭ സൂചനയല്ലെങ്കിലും നിലവിലെ ഫോമിൽ ഇരുവരും കട്ടയ്ക്ക് കട്ട; ഇടങ്കയ്യന്മാരെ നേരിടാനുള്ള ഇന്ത്യൻ ബുദ്ധിമുട്ടുകളെ മുതലാക്കാൻ മിച്ചൽ സ്റ്റാർക്ക്; ലോകകപ്പിൽ ഇന്ത്യയെ വരിഞ്ഞ് മുറുക്കുന്ന പതിവ് ആവർത്തിക്കാൻ ഒരുങ്ങുന്ന ഓസീസിന് തുണയായി വാർണറുടെ മികച്ച ഫോമും; ബാറ്റിങ്ങിൽ ഇന്ത്യൻ പ്രതീക്ഷകൾ മുഴുവൻ കോലിയിലും രോഹിതിലും; ബൗളർമാർ തകർപ്പൻ ഫോം തുടരുമ്പോൾ ഇന്ത്യക്ക് നേരിയ മേൽക്കൈ

കണക്കും ചരിത്രവും ഇന്ത്യക്ക് അത്ര ശുഭ സൂചനയല്ലെങ്കിലും നിലവിലെ ഫോമിൽ ഇരുവരും കട്ടയ്ക്ക് കട്ട; ഇടങ്കയ്യന്മാരെ നേരിടാനുള്ള ഇന്ത്യൻ ബുദ്ധിമുട്ടുകളെ മുതലാക്കാൻ മിച്ചൽ സ്റ്റാർക്ക്; ലോകകപ്പിൽ ഇന്ത്യയെ വരിഞ്ഞ് മുറുക്കുന്ന പതിവ് ആവർത്തിക്കാൻ ഒരുങ്ങുന്ന ഓസീസിന് തുണയായി വാർണറുടെ മികച്ച ഫോമും; ബാറ്റിങ്ങിൽ ഇന്ത്യൻ പ്രതീക്ഷകൾ മുഴുവൻ കോലിയിലും രോഹിതിലും; ബൗളർമാർ തകർപ്പൻ ഫോം തുടരുമ്പോൾ ഇന്ത്യക്ക് നേരിയ മേൽക്കൈ

വേൾഡ്കപ്പ് ഡെസ്‌ക്‌

ലണ്ടൻ: രാഷ്ട്രീയപരമായ കാരണങ്ങൾ കൊണ്ട് ഇന്ത്യ പാക്കിസ്ഥാൻ മത്സരങ്ങളാണ് എല്ലായിപ്പോഴും ശ്രദ്ധാകേന്ദ്രമെങ്കിലും ക്രിക്കറ്റിലെ ക്ലാസിക് പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്നത് ഇന്ത്യ ഓസ്‌ട്രേലിയ മത്സരങ്ങളെ തന്നെയാണ്. വെല്ലുവിളിക്കാൻ ആണായി പിറന്ന ഒരു ക്രിക്കറ്റ് ടീമുമില്ലാതിരുന്ന ഒരു കാലമുണ്ട് ഓസ്‌ട്രേലിയക്ക്. അന്ന് അവരുടെ മുന്നിൽ ചെന്ന് നെഞ്ച് വിരിച്ച ചരിത്രമുണ്ട് ടീം ഇന്ത്യക്ക്. ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിന് ഇന്ന് ഇന്ത്യക്ക് എതിരാളികൾ ചിരവൈരികളായ ഓസ്‌ട്രേലിയയാണ്. ലണ്ടനിലെ കെന്നിങ്ടൺ ഓവലിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്ക് മത്സരം ആരംഭിക്കും

ഈ ലോകകപ്പിൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യയുടെ മൂന്ന് മത്സരങ്ങളിൽ ആദ്യത്തേത് എന്ന പ്രത്യേകത കൂടിയുണ്ട് ഇന്ത്യ ഓസീസ് പോരിന്. കടലാസിൽ ഇരു ടീമുകളും ശക്തരെങ്കിലും നേരിയ മേൽക്കൈ ഇന്ത്യക്ക് തന്നെ. ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വരവ്. അഫ്ഗാനിസ്ഥാനെ അനായാസം മറിടന്നെങ്കിലും വിൻഡീസിനെതിരെ മിച്ചൽ സ്റ്റാർക്കിന്റെ ബൗളിങ് മികവ് കൊണ്ട് മാത്രം കടന്ന് കൂടിയാണ് ഓസീസിന്റെ വരവ്. ഇതുവരെയുള്ള ഏറ്റുമുട്ടലുകളുടേയും പ്രത്യേകിച്ച് ലോകകപ്പുകളിലെ ഹെഡ് ടു ഹെഡ് റെക്കോഡും പരിശോധിക്കുമ്പോൾ കണക്കിൽ ഓസ്‌ട്രേലിയ വളരെ മുന്നിലാണ്.

ഇതുവരെ 136 ഏകദിന മത്സരങ്ങൾ ഇരു ടീമുകളും പരസ്പരം കളിച്ചപ്പോൾ 77 വിജയങ്ങൾ ഓസീസ് സ്വന്തമാക്കിയപ്പോൾ 49 വിജയങ്ങളാണ് ടീം ഇന്ത്യക്ക് ഉള്ളത്. ലോകകപ്പിൽ 11 തവണ ഏറ്റ് മുട്ടിയപ്പോൾ വെറും മൂന്ന് വിജയങ്ങൾ മാത്രമാണ് ഇന്ത്യക്ക് അവകാശപ്പെടാനുള്ളത്. കങ്കാരുപ്പടയ്ക്ക് 8 വിജയങ്ങളും. എന്നാൽ കണക്കുകൾ അപ്രസക്തമാകും എന്നതാണല്ലോ ക്രിക്കറ്റിന്റെ മനോഹാരിത. അവസാനം കളിച്ച പത്ത് ഏകദിന മത്സരങ്ങളും വിജയിച്ചാണ് ഓസ്‌ട്രേലിയയുടെ വരവ്. ഇരു ടീമുകളും അവസാനമായി ലോകകപ്പിൽ ഏറ്റുമുട്ടിയത് 2015 ലോകകപ്പ് സെമി ഫൈനലിലാണ്. അന്ന് ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസീസ് ടീം ഫൈനലിൽ കപ്പ് നേടുകയും ചെയ്തു.

ഇന്നത്തെ മത്സരത്തിലേക്ക് വരുമ്പോൾ ഇരു ടീമുകളുടേയും കരുത്ത് മുൻനിര ബാറ്റിങ് തന്നെയാണ്. ഓസീസിനെതിരെ ശിഖർ ധവാൻ ഫോമിലെത്തും എന്ന് ഇന്ത്യൻ ക്യാമ്പ് വിശ്വസിക്കുന്നു. ആദ്യ മത്സരത്തിൽ ഫോമിലേക്ക് മടങ്ങി ടീമിനെ വിജയത്തിലെത്തിച്ച രോഹിത് ശർമ്മയുടെ കാര്യത്തിൽ ഇന്ത്യക്ക് ആശങ്കയില്ല എന്നാൽ പലപ്പോളും രോഹിത് സ്ഥിരത പുലർത്താറില്ല എന്നത് ആശങ്കയാണ്. വിരാട് കോലിയും രാഹുലും നല്ല ഫോമിൽ തന്നെയാണ്. ടോപ് ഫോറിൽ ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും വന്നാൽ ഇന്ത്യൻ മധ്യനിരയ്ക്ക് കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാകും. കേദാർ ജാദവ് ഇന്നും ടീമിൽ സ്ഥാനം നിലനിലനിർത്തിയേക്കും. ധോണിയും പാണ്ഡ്യയും അവസാന ഓവറുകളിൽ തിളങ്ങും എന്നും ഇന്ത്യ കണക്ക് കൂട്ടുന്നു.

ബൗളിങ് നിരയിലേക്ക് വന്നാൽ എല്ലാവരും മികച്ച ഫോമിലാണ് എന്നതാണ് സവിശേഷത. സ്പിൻ ട്വിൻസ് ചഹാലും കുൽദീപും വേഗക്കാരായ ബുംറയും ഭുവിയും എല്ലാം നല്ല ഫോമിൽ തന്നെ.റണ്ണൊഴുകുന്ന പിച്ചായതിനാൽ തന്നെ ബൗളർമാർക്ക് തലവേദന കൂടും. അതുകൊണ്ട് തന്നെ ബുംറയുടെ പ്രകടനം ഇന്ത്യയുടെ ഇന്നത്തെ മത്സരത്തിൽ നിർണ്ണായകമാകും. കെന്നിങ്ടൺ ഓവലിലെ മൈതാനം പക്ഷേ ഇന്ത്യക്ക് അത്ര നല്ല ഓർമ്മകളല്ല സമ്മാനിക്കുന്നത് എന്നതാണ് മറ്റൊരു സലിശേഷത. അവസാനമായി ഇവിടെ കളിച്ച രണ്ട് മത്സരങ്ങളിലും പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര പരാജയമായിരുന്നു. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോടും ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ ന്യൂസിലാൻഡിനോടുമായിരുന്നു ഈ പരാജയങ്ങൾ. രണ് മത്സരങ്ങളിലും ഇന്ത്യയുടെ സ്‌കോർ 180 കടന്നില്ല!

മറുവശത്ത് ഓസ്‌ട്രേലിയയുടെ കാര്യവും സമാനമായ അവസ്ഥയിൽ തന്നെയാണ്. പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം മടങ്ങിയത്തിയ ഡേവിഡ് വാർണർ ഐപിഎൽ മുതൽ തകർത്തടിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ വെറും മൂന്ന് റൺസിന് പുറത്തായെങ്കിലും അപകടകാരിയാണ് താരം. നായകൻ ആരൺ ഫിഞ്ചും ഇന്ത്യയെ എവിടെ വെച്ച് കിട്ടിയാലും നന്നായി ബാറ്റ് ചെയ്യുന്ന ഉസ്മാൻ ഖവാജയും സ്റ്റീവ് സ്മിത്തും ചേരുന്ന ടോപ്പ് ഫോർ ഏതൊരു ടീമിനും ഭീഷണിയാണ്. സ്റ്റീവ് സ്മിത്ത് നല്ല ഫോമിലുമാണ്. കഴിഞ്ഞ ലോകകപ്പ് സെമിയിൽ സ്മിത്തും ഫിഞ്ചും ഇന്ത്യക്കെതിരെ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.

തകർത്തടിക്കുന്ന മാക്‌സ് വെൽ, സ്റ്റോയിനിസ്, അലക്‌സ് ക്യാരി എന്നവരും കഴിഞ്ഞ മത്സരത്തിൽ 79ന് 5 വിക്കറ്റ് പോയ ഓസീസിനെ എട്ടാമനായി ക്രീസിലെത്ത് 92(60) നേടിയ നാഥൻ കുൾട്ടർ നെയ്ൽ, പാറ്റ് കുമ്മിൻസ് മിച്ചൽ സ്റ്റാർക്ക് എന്നിങ്ങനെ പത്താമൻ വരെ ബാറ്റ് ചെയ്യും എന്നതാണ് ഓസീസിന്റെ പ്രത്യേകത. ബൗളിങ് അറ്റാക്ക് നോക്കിയാൽ കഴിഞ്ഞ ലോകകപ്പിലെ മികച്ച പ്രകടനം ആവർത്തിക്കുകയാണ് മിച്ചൽ സ്റ്റാർക്ക്. യോർക്കറുകളും സ്വിങ് ചെയ്യിക്കാനുള്ള കവിവും കൊണ്ട് ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിക്കുന്ന സ്റ്റാർക്ക് ഇന്ത്യക്കെതിരെ കൂടുതൽ ശക്തനാകും. ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് ഇടങ്കൈയൻ ഫാസ്റ്റ് ബൗളർമാരെ നേരിടുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങൾ തന്നെയാണ് ഇതിന് പ്രധാന കാരണം.

പാറ്റ് കമ്മിൻസ്, കുൾട്ടർ നെയിൽ, എന്നിവരും മികച്ച ഫോമിൽ പന്തെറിയുന്ന വേഗക്കാർ തന്നെ. ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ആദം സാംപ തന്നെ എത്താനാണ് സാധ്യത. നേഥൻ ലയൺ സ്‌ക്വഡിൽ ഉണ്ടെങ്കിലും പക്ഷേ ഇന്ത്യക്കെതിരെ കളിക്കാൻ സാധ്യത കുറവാണ്. കടലാസിൽ ഇരു ടീമുകളും ശക്തരും തുല്യരുമെങ്കിലും ഗ്രൗണ്ടിൽ കുറച്ചുകൂടി പദ്ധതികൾ നടപ്പിലാക്കുന്നവർക്ക് തന്നെയാകും വിജയം എന്ന് തന്നെ നമുക്ക് അനുമാനിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP