Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രോഹിതും കോലിയും രാഹുലും ഞൊടിയിടയിൽ കൂടാരം കയറിയപ്പോൾ ആരാധകർ പ്രതീക്ഷിച്ചത് ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത ആ ധോണി മാജിക്ക്; എല്ലാവരും എഴുതിത്ത്തള്ളിയ രവീന്ദ്ര ജഡേജ രജപുത്ര വീര്യത്തോടെ തല ഉയർത്തി നിന്നു; ഗുപ്റ്റിലിന്റെ നേരിട്ടുള്ള ഏറിൽ ധോണി റൗണ്ണൗട്ടായതോടെ 133 കോടി ജനത കണ്ണീർവാർത്തു; ഒരു റണ്ണൗട്ടിൽ തുടങ്ങി മറ്റൊരു റണ്ണൗട്ടിൽ ഒടുങ്ങുകയാണോ ധോണിയുടെ ഏകദിന കരിയർ? സെമിയിൽ തല ഉയർത്തിയെങ്കിലും ലോകകപ്പിലെ തോൽവിയോടെ ധോണിയുടെ ടീമിലെ സ്ഥാനത്തിലും അനിശ്ചിതത്വം

രോഹിതും കോലിയും രാഹുലും ഞൊടിയിടയിൽ കൂടാരം കയറിയപ്പോൾ ആരാധകർ പ്രതീക്ഷിച്ചത് ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത ആ ധോണി മാജിക്ക്; എല്ലാവരും എഴുതിത്ത്തള്ളിയ രവീന്ദ്ര ജഡേജ രജപുത്ര വീര്യത്തോടെ തല ഉയർത്തി നിന്നു; ഗുപ്റ്റിലിന്റെ നേരിട്ടുള്ള ഏറിൽ ധോണി റൗണ്ണൗട്ടായതോടെ 133 കോടി ജനത കണ്ണീർവാർത്തു; ഒരു റണ്ണൗട്ടിൽ തുടങ്ങി മറ്റൊരു റണ്ണൗട്ടിൽ ഒടുങ്ങുകയാണോ ധോണിയുടെ ഏകദിന കരിയർ? സെമിയിൽ തല ഉയർത്തിയെങ്കിലും ലോകകപ്പിലെ തോൽവിയോടെ ധോണിയുടെ ടീമിലെ സ്ഥാനത്തിലും അനിശ്ചിതത്വം

മറുനാടൻ ഡെസ്‌ക്‌

മാഞ്ചസ്റ്റർ: ന്യൂസിലാൻഡ് താരം മാർട്ടിൻ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ഏറിൽ ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിങ് ധോണി റണ്ണൗട്ടായതോടെ 133 കോടി വരുന്ന ഇന്ത്യൻ ജനതയുടെ ക്രിക്കറ്റ് പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. ധോണി ക്രീസിൽ ഉള്ളപ്പോൾ ഇന്ത്യ വിജയം പ്രതീക്ഷിച്ചിരുന്നു. ജഡേജയ്‌ക്കൊപ്പം നങ്കൂരമിട്ട ധോണിയുടെ ഇന്നിങ്‌സാണ് നേരത്തെ കൂടാരം കയറേണ്ടിയിരുന്ന ഇന്ത്യൻ ഇന്നിംഗിസ് നീട്ടിക്കൊടുത്തത്. തോൽവി ഉറപ്പിച്ചിടത്തു നിന്നും ധോണിയും ജഡേജയും ടീമിനെ വിജയതീരത്തേക്ക് അടുപ്പിക്കുകയായിരുന്നു. മുൻനിര തകർന്നടിഞ്ഞപ്പോൾ ആരാധകർ പ്രതീക്ഷിച്ചത് ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത ആ ധോണി മാജിക്കായിരുന്നു. എന്നാൽ, ആ ധോണി മാജിക്ക് ആവർത്തിച്ചില്ല. ഇന്ത്യക്ക് കണ്ണീരോടെ മടങ്ങേണ്ടിയും വന്നു.

മോശമായി കഴിള്ള 45 മിനിറ്റാണ് ഇന്ത്യയെ തോൽപ്പിച്ചതെന്നാണ് കോലിയുടെ വാദം. മുൻനിരയുടെ തകർച്ചയായിരുന്നു ലോകകപ്പിലെ ഇന്ത്യൻ മോഹങ്ങൾ തല്ലിക്കെടുത്തിയത്. എങ്കിലും ഇന്ത്യ മടങ്ങുന്നത് തല ഉയർത്തി തന്നെയാണ്. സെമിയിൽ കൂറ്റൻ തോൽവിയുമായി നാണംകെട്ടു മടങ്ങേണ്ടിരുന്ന ടീം ഇന്ത്യയ്ക്ക്, മടക്കയാത്രയിലും തല ഉയർത്താൻ അവസരം ഒരുക്കിയത് മഹേന്ദ്രസിങ് ധോണിയും രവീന്ദ്ര ജഡേജയുമായിരുന്നു. . ഈ ലോകകപ്പിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ട താരവും ഏറ്റവും കുറച്ച് അവസരം ലഭിച്ച താരമായിരുന്നു ജഡേജ. എന്നാൽ. എല്ലാവരും എഴുതി തള്ളിയിടത്ത് ജഡേജ താരമായി. പന്തുകൊണ്ടും ഫീൽഡിലും മികച്ച ജഡ്ഡു ബാറ്റു കൊണ്ടും പ്രകമ്പനം സൃഷ്ടിച്ചു. എന്നാൽ, അത് വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ലെന്ന് മാത്രം.

ലോകകപ്പ് സെമി പോലൊരു വേദിയിൽ അഞ്ചു റൺസിനിടെ മൂന്നു മുൻനിര വിക്കറ്റ് നഷ്ടമാക്കുക. ലോകകപ്പിൽ ഇന്ത്യൻ മുന്നേറ്റങ്ങൾക്കു ചുക്കാൻ പിടിച്ച രോഹിത് ശർമ, വിരാട് കോലി, ലോകേഷ് രാഹുൽ എന്നിവർ ഓരോ റണ്ണെടുത്തു മടങ്ങുമ്പോൾ നാണക്കേടിന്റെ പടുകുഴിയിലേക്കുള്ള യാത്രയുടെ തുടക്കത്തിലായിരുന്നു ഇന്ത്യ. പിന്നീടെത്തിയ ദിനേഷ് കാർത്തിക് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അധികം വൈകാതെ അതും പൊളിഞ്ഞു. ഇന്ത്യയുടെ ചെറുത്തുനിൽപ്പിന്റെ ആദ്യ ലക്ഷണം കണ്ടതു പോലും നാലാം വിക്കറ്റിലാണ്. ദിനേഷ് കാർത്തിക് ഋഷഭ് പന്ത് സഖ്യം കൂട്ടിച്ചേർത്തത് 19 റൺസ്! ഈ ലോകകപ്പിലെ ഏറ്റവും മികച്ചതെന്ന് ഉറപ്പിച്ചു പറയാവുന്ന ജിമ്മി നീഷാമിന്റെ ഉജ്വല ക്യാച്ചിൽ കാർത്തിക് കൂടാരം കയറിയെങ്കിലും പാണ്ഡ്യയും പന്തും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഇവരും ആവേശാധിക്യത്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞതോടെയാണ് ഇന്ത്യയെ 'പോരാളി'കളാക്കി മാറ്റിയ കൂട്ടുകെട്ടിന്റെ തുടക്കം.

ആരാധകർക്ക് ആനന്ദം നൽകിയത് ജഡ്ഡുവിന്റെ തട്ടുപൊളിപ്പൻ ഇന്നിങ്‌സ്

ഇന്ത്യ തോൽവി ഉറപ്പിച്ച ഘട്ടത്തിലാണു പോരാട്ടവീര്യത്തിന്റെ മറുരൂപമായി ജഡേജ ക്രീസിലേക്കു വരുന്നത്. ഇരുവരും ക്രീസിൽ ഒരുമിക്കുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. 117 പന്തും നാലു വിക്കറ്റും ശേഷിക്കെ വിജയത്തിലേക്കു വേണ്ടിയിരുന്നത് 148 റൺസ്! നേരിട്ട ആറാം പന്തിൽ ജിമ്മി നീഷാമിനെ ലോങ് ഓണീലൂടെ ഗാലറിയിലെത്തിച്ചാണ് ജഡേജ തിരിച്ചടിയുടെ ലക്ഷണങ്ങൾ കാട്ടിയത്. തുടർന്നും ഇരുവരും ചെറുത്തുനിൽപ്പു തുടർന്നു. ഇതിനിടെ മിച്ചൽ സാന്റ്‌നറിനെ തുടർച്ചയായി രണ്ടു സിക്‌സിനു ശിക്ഷിച്ചതോടെ ആരാധകർ ജഡേജയിൽ വിശ്വസിച്ചു തുടങ്ങി.

52 പന്തിൽ ഇവരുടെ സഖ്യം 50 റൺസ് പിന്നിട്ടു. കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ 40 ഓവറിൽ ഇന്ത്യ 150 കടന്നു. അവസാന 10 ഓവറിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 90 റൺസാണ്. ധോണിയും ജഡേജയും ക്രീസിൽ നിൽക്കുമ്പോൾ ഇത് ഇന്ത്യയ്ക്ക് അസാധ്യമല്ലെന്ന് ആരാധകർ ഉറച്ചുവിശ്വസിച്ചു. തകർത്തടിച്ചു മുന്നേറിയ ജഡേജ 39 പന്തിൽ അർധസെഞ്ചുറിയിലെത്തി. മൂന്നു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതമായിരുന്നു ഇത്. എട്ടാം നമ്പരിലെത്തി ലോകകപ്പ് വേദിയിൽ അർധസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനുമായി ജഡേജ.

90 പന്തിൽ ധോണി ജഡേജ സഖ്യം 100 കടന്നതോടെ ഇന്ത്യൻ ആരാധകരുടെ മോഹം വളർന്നു. ഇതിനിടെ ലോക്കി ഫെർഗൂസനെയും ജഡേജ സിക്‌സറിനു തൂക്കി. ഇന്ത്യൻ ആരാധകർ ഒരു സ്വപ്ന വിജയം കാത്തിരിക്കെ 48ാം ഓവറിൽ ട്രെന്റ് ബോൾട്ട് ജഡേജയെ പുറത്താക്കി. 59 പന്തിൽ നാലു വീതം സിക്‌സും ബൗണ്ടറിയും സഹിതം 77 റൺസുമായാണ് ജഡേജ മടങ്ങിയത്. ജഡേജ മടങ്ങിയതിനു പിന്നാലെ ഫെർഗൂസനെ സിക്‌സിനു പറത്തി ധോണി ആത്മവിശ്വാസം തിരികെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഗപ്റ്റിലിന്റെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായത് തിരിച്ചടിയായി. ഇതോടെ ഇന്ത്യയുടെ പോരാട്ടവും തീർന്നു! 31ാം ഓവറിന്റെ നാലാം പന്തിൽ ക്രീസിൽ ഒരുമിച്ച ജഡേജ ധോണി സഖ്യം പിരിയുന്നത് 48ാം ഓവറിന്റെ അഞ്ചാം പന്തിലാണ്. അതിനകം ഇരുവരും ക്രീസിൽ ചെലവഴിച്ചത് 17.2 ഓവർ. അതായത് 104 പന്ത്! ഇന്ത്യൻ സ്‌കോർ ബോർഡിൽ 116 റൺസുമെത്തിച്ചു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ആധിപത്യം പുലർത്തിയ ചുരുക്കം നിമിഷങ്ങളിലെ നായകർ ഇവരാണ്. ആരാധകർ നന്ദി പറഞ്ഞത് ഈ കൂട്ടുകെട്ടിനായിരുന്നു.

ഒറ്റ അക്കത്തിൽ രോഹിതും കോലിയും കൂടാരം കയറിയപ്പോൾ നാണക്കേടിന്റെ റെക്കോർഡ്

ലോകകപ്പ് ക്രിക്കറ്റിൽ സെമി ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു നാണക്കേടിന്റെ റെക്കോർഡും നേടി. ഏകദിനക്രിക്കറ്റിൽ ഒരു ടീമിന്റെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്മാരും ഒരു റൺസ് മാത്രമെടുത്തുപുറത്താകുന്നതു ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. ന്യൂസീലൻഡിനെതിരായ മൽസരത്തിൽ ഇന്ത്യയുടെ മുൻനിര താരങ്ങളായ രോഹിത് ശർമ, ക്യാപ്റ്റൻ വിരാട് കോലി, കെ.എൽ. രാഹുൽ എന്നിവരാണ് ഒരു റൺസ് വീതം നേടി ടീം ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോർഡ് സമ്മാനിച്ചത്. അതുവരെ ഇന്ത്യയെ സെമിയിലേക്ക് നയിച്ച കൂട്ടുകെട്ടായിരുന്നു അവിശ്വസനീയമായി തകർന്നത്.

ന്യൂസീലൻഡ് പേസർമാരായ മാറ്റ് ഹെന്റി, ട്രെന്റ് ബോൾട്ട് എന്നിവർ ചേർന്ന് ഇന്ത്യൻ മുൻനിരയെ തകർത്തുവിടുകയായിരുന്നു. രോഹിത് ശർമയെ വിക്കറ്റ് കീപ്പർ ടോം ലാതമിന്റെ കൈകളിലെത്തിച്ച് മാറ്റ് ഹെന്റിയാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേൽപിച്ചത്. ഇന്ത്യൻ സ്‌കോർ അഞ്ചിൽനിൽക്കെ വിരാട് കോലിയെ ട്രെന്റ് ബോൾട്ട് എൽബിയിൽ കുരുക്കി. അംപയറുടെ തീരുമാനത്തിനെതിരെ വിരാട് കോലി റിവ്യു വിളിച്ചെങ്കിലും അപ്പോഴും ഔട്ട് തന്നെയായിരുന്നു ഫലം'. കെ.എൽ. രാഹുലിനെയും മാറ്റ് ഹെന്റിയുടെ പന്തിൽ ടോം ലാതം ക്യാച്ചെടുത്തു പുറത്താക്കി. ഇന്ത്യയ്‌ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണു നേടിയത്. ഭേദപ്പെട്ട വിജയലക്ഷ്യമായിരുന്നിട്ടുകൂടി ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ ന്യൂസീലൻഡ് ബോളിങ്ങിനു മുന്നിൽ തകർന്നടിയുകയായിരുന്നു. 18 റൺസിന്റെ തോൽവി വഴങ്ങി ഇന്ത്യ ലോകകപ്പിൽനിന്നു പുറത്താകുകയും ചെയ്തു.

25 പന്തുകൾ നേരിട്ട് ആറു റൺസെടുത്ത ദിനേഷ് കാർത്തിക്കിനെ മാറ്റ് ഹെന്റി മടക്കി. പിന്നാലെ ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും ആറാം വിക്കറ്റിൽ 47 റൺസ് ചേർത്തു. 56 പന്തുകൾ നേരിട്ട് 32 റൺസെടുത്ത ഋഷഭ് പന്തിനെ പുറത്താക്കി മിച്ചൽ സാന്റ്‌നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 62 പന്തിൽ നിന്ന് 32 റൺസെടുത്ത ഹാർദിക് പാണ്ഡ്യയേയും സാന്റ്‌നർ തന്നെ മടക്കി. നേരത്തെ ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 239 റൺസെടുത്തു. മഴ കാരണം ചൊവ്വാഴ്‌ച്ച നിർത്തിവെച്ച മത്സരം റിസർവ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കുകയായിരുന്നു. 46.1 ഓവറിൽ അഞ്ചു വിക്കറ്റിന് 211 റൺസ് എന്ന നിലയിലാണ് ബുധനാഴ്ച കിവീസ് ഇന്നിങ്‌സ് ആരംഭിച്ചത്.

റിസർവ് ദിനത്തിന്റെ തുടക്കത്തിൽ തന്നെ 74 റൺസെടുത്ത റോസ് ടെയ്ലറെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. 90 പന്തുകൾ നേരിട്ടാണ് ടെയ്ലർ 74 റൺസെടുത്തത്. പിന്നാലെ 10 റൺസെടുത്ത ടോം ലാഥത്തെ ഭുവനേശ്വറിന്റെ പന്തിൽ ജഡേജ ക്യാച്ചെടുത്തു. അതേ ഓവറിൽ തന്നെ ഭുവി മാറ്റ് ഹെന്റിയേയും പുറത്താക്കി. നേരത്തെ, ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്യംസൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ ബോർഡിൽ ഒരു റണ്ണുള്ളപ്പോൾ തന്നെ കിവീസിന് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിനെ നഷ്ടമായി. വൈകാതെ ഹെന്റി നിക്കോൾസും (28) മടങ്ങി. ക്യാപ്റ്റൻ കെയ്ൻ വില്യംസണും റോസ് ടെയ്ലറും ചേർന്ന് മെല്ലപ്പോക്ക് കൂട്ടുകെട്ട് കിവീസിനെ 134-ൽ എത്തിച്ചു. 95 പന്തുകൾ നേരിട്ട് 67 റൺസെടുത്ത വില്യംസണെ ചാഹൽ പുറത്താക്കുകയായിരുന്നു.

ജിമ്മി നീഷം (12), കോളിൻ ഗ്രാന്ദോം (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ 10 ഓവറിൽ 43 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തി. ബുംറ, ചാഹൽ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ജസ്പ്രീത് ബുമ്ര, യുസ്വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

കപിലിന്റെ ചെകുത്താന്മാരാകാൻ കഴിയാതെ കോലിയും കൂട്ടരും

ഇന്ത്യയിലെ മുൻനിര ബാറ്റ്‌സ്മാന്മാർ ഒന്നൊന്നായി ഇന്നലെ കൂടാടം കയറിയപ്പോൾ ഇന്ത്യ പ്രതീക്ഷിച്ചത് ധോണിയിലായിരുന്നു. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്ത് പരിചയമുള്ള ധോനി എല്ലാ മുൻകരുതലുകളോടും കൂടെയാണ് ക്രീസിൽ നിന്നത്. 72 പന്തിൽ നിന്നും 50 റൺസെടുത്ത ധോനി 49-ാം ഓവറിൽ റണ്ണൗട്ടായതോടെ ഇന്ത്യ വിജയവും കൈവിട്ടു. ഈ സാഹചര്യത്തിലിതാ 1983-ലെ ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ ഇന്നിങ്സ് ചർച്ചയാകുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ സിംബാബ്വെയ്ക്കെതിരായ നടന്ന മത്സരത്തിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച ഇന്നിങ്സുകളിലൊന്ന് കപിൽ പുറത്തെടുത്തത്.

നോക്കൗട്ടിലേക്ക് മുന്നേറാൻ ഇന്ത്യയെ അന്ന് ജയത്തിൽ കുറഞ്ഞൊന്നും സഹായിക്കില്ലായിരുന്നു. ജയമെന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുന്നിൽക്കണ്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ കാത്തിരുന്നത് പക്ഷേ ചരിത്രത്തിലെ തന്നെ ദയനീയമായ അവസ്ഥയായിരുന്നു. സ്‌കോർ ബോർഡിൽ വെറും 17 റൺസുള്ളപ്പോൾ സുനിൽ ഗവാസ്‌ക്കർ, ശ്രീകാന്ത്, മൊഹീന്ദർ അമർനാഥ്, സന്ദീപ് പാട്ടീൽ, യശ്പാൽ ശർമ എന്നിവർ തിരികെ പവലിയനിലെത്തി.

സ്‌കോർ 77-ൽ എത്തിയപ്പോൾ റോജർ ബിന്നിയും 78-ൽ വെച്ച് രവി ശാസ്ത്രിയും മടങ്ങി. അതോടെ ഇന്ത്യയുടെ പ്രതീക്ഷകൾക്കെല്ലാം അവസാനമായി. പക്ഷേ പിന്നീട് മഹത്തായ ഒരു ഇന്നിങ്‌സിന് അവിടെ തിരശ്ശീല ഉയരുകയായിരുന്നു. സാക്ഷാൽ കപിൽ ദേവിന്റെ. മദൻ ലാലുമൊത്ത് കപിൽ സ്‌കോർ 140-ൽ എത്തിച്ചു. മദൻ ലാൽ മടങ്ങിയ ശേഷം സയ്യിദ് കിർമാനിയെ കൂട്ടുപിടിച്ച് പിന്നീടൊരു തട്ടുപൊളിപ്പൻ ഇന്നിങ്‌സായിരുന്നു. പതിയെ പതിയെ ഇന്നിങ്സ് കെട്ടിപ്പടുക്കാനൊന്നും കപിൽ നിന്നില്ല. മുൻനിര തകർന്നടിഞ്ഞ ഇന്ത്യ 138 പന്തിൽ നിന്ന് ആറു സിക്‌സറുകളുടെയും 16 ബൗണ്ടറികളുടെയും അകമ്പടിയോടെ 175 റൺസെടുത്ത് പുറത്താകാതെ നിന്ന കപിലിന്റെ മികവിൽ 266 റൺസെടുത്തു. ബാക്കി എല്ലാവരും കൂടി 162 പന്തുകളിൽ നിന്ന് നേടിയത് 91 റൺസ് മാത്രവും.

റണ്ണൗട്ടിൽ തുടങ്ങി റണ്ണൗട്ടിൽ ഒടുങ്ങുമോ ധോണിയുടെ കരിയർ?

കപിൽദേവിന് ശേഷം ഇന്ത്യക്ക് വേണ്ടി ലോകകപ്പ് ഉയർത്തിയ നായകനായാണ് മഹേന്ദ്ര സിങ് ധോണി. ഇന്നലെ ലോകകപ്പ് സെമി ഫൈനലിൽ ഒരു റണ്ണൗട്ടിലൂടെ പുറത്താകുമ്പോൾ ആരാധകർ ചോദിക്കുന്നത് ഒരു റണ്ണൗട്ടിൽ തുടങ്ങിയ ഏകദിന കരയർ മറ്റൊരു റണ്ണൗട്ടിൽ അവസാനിക്കുമോ എന്നതായിരുന്നു. ഈ ലോകകപ്പോടെ ഏകദിന ക്രിക്കറ്റിനോട് വിടപറയാൻ മുൻ ഇന്ത്യൻ നായകൻ തീരുമാനിക്കുമോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ധോണി വിരമിക്കുന്നതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു വിരാട് കോലിയും പറഞ്ഞത്.

ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ വിജയസാധ്യതയുടെ കഴുത്തറുത്തത് ഷോർട്ട് ഫൈൻ ലെഗ്ഗിൽ നിന്ന് മാർട്ടിൻ ഗുപ്ടിൽ എറിഞ്ഞ ഒരു ത്രോയാണ്. പന്ത് നേരെ വിക്കറ്റിന്റെ മുകളിൽ കൊണ്ട് ബെയ്ൽ തെറിക്കുമ്പോൾ ക്രീസിലേയ്ക്ക് മിന്നലോട്ടക്കാരനായ ധോനിയുടെ ബാറ്റിന് ഒരു ആറിഞ്ചിന്റെ അകലമെങ്കിലും ഉണ്ടായിരുന്നു. നാൽപത്തിയൊൻപതാം ഓവറിന്റെ മൂന്നാം പന്തിൽ ധോനി റണ്ണൗട്ടായി മടങ്ങുന്നത് അവിശ്വസനീയതയോടെയാണ് ലോകം കണ്ടുനിന്നത്. ഒൻപത് പന്ത് ശേഷിക്കെ വിജയത്തിലേയ്ക്ക് ഇന്ത്യയ്ക്ക് 22 റണ്ണിന്റെ അകലമുണ്ടായിരുന്നു അപ്പോൾ. ഇന്ത്യ ആ ഓവറിൽ തന്നെ തോൽവി ഉറപ്പിച്ചു. ആറു പന്തുകൾക്കുള്ളിൽ അത് യാഥാർഥ്യമാവുകയും ചെയ്തു. ധോനിയുടെ ഈ റണ്ണൗട്ട് അങ്ങനെ ഇന്ത്യയുടെ തോൽവിയിൽ നിർണായകമായി.

എന്നാൽ, ഈ റണ്ണൗട്ടിന് ഇന്ത്യയുടെ തോൽവിയേക്കാൾ വലിയൊരു മാനമുണ്ടായിരുന്നു. ഇത് ഓർമിപ്പിച്ചത് പതിനഞ്ച് കൊല്ലം മുൻപത്തെ മറ്റൊരു റണ്ണൗട്ടാണ്. അതിലും നായകൻ ഇതേ ധോനി തന്നെ. തപഷ് ബൈസ്യയുടെ ഏറ് പിടിച്ച് ബംഗ്ലാദേശ് കീപ്പർ ഖാലിദ് മഷൂദ് ബെയ്‌ലെടുക്കുമ്പോൾ റണ്ണൊന്നുമെടുത്തിരുന്നില്ല ധോനി. ഒരൊറ്റ പന്ത് മാത്രം നേരിട്ട് പൂജ്യനായി മടങ്ങേണ്ടിവന്നത് ഹൃദയഭേദകമായിരുന്നു ധോനിക്ക്. കാരണം, അതായിരുന്നു പിന്നീട് 350 ഏകദിനങ്ങളിൽ നിന്ന് 10773 റൺസ് വാരിക്കൂട്ടിയ ധോനിയുടെ അരങ്ങേറ്റ ഇന്നിങ്‌സ്. ആദ്യ ഇന്നിങ്‌സിൽ തന്നെ പൂജ്യത്തിന് റണ്ണൗട്ടാകേണ്ടിവന്നതിന്റെ സങ്കടമാണോ പിൽക്കാലത്ത് ധോനി സിംഗിളുകൾക്കും ഡബിളുകൾക്കും വേണ്ടി പിച്ചിൽ സ്പ്രിന്റ് ചെയ്തും മിന്നൽ സ്റ്റമ്പിങ് നടത്തിയും തീർത്തതെന്ന് സംശയിച്ചുപോകും ആരും.

പിന്നീട് മൂന്ന് ഇന്നിങ്‌സിൽകൂടി നിസാര സ്‌കോറിന് പുറത്തായി നിരാശപ്പെടുത്തി ധോനി. അതിനുശേഷമാണ് പാക്കിസ്ഥാനെതിരേ കിടയറ്റ സെഞ്ചുറിയിലൂടെ പിൽക്കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷറും ഏറ്റവും മികച്ച നായകരിൽ ഒരാളുമായി മാറിയ ധോനി ടീമിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത്. സെമിയിൽ കിവീസിനെ നേരിടുമ്പോൾ മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിച്ച് മൂന്ന് ദിവസമായെങ്കിലും ധോനി ഇതുവരെ ഏകദിനത്തിൽ നിന്ന് ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. ഇനിയൊരു ലോകകപ്പിനുള്ള ബാല്യം എന്തായാലും ധോനിക്കില്ല. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ലോകകപ്പിലേയ്ക്ക് ഇനി നാലു വർഷത്തിന്റെ അകലമുണ്ട്.

ഏകദിനങ്ങളിലും ഇനി എത്രകാലം ധോനിക്ക് കളിക്കാനാകുമെന്ന കാര്യവും സംശയമാണ്. വിക്കറ്റിന് പിറകിലെ ധോനിയുടെ പ്രകടനത്തിന്റെ മാറ്റൊന്നും കുറഞ്ഞിട്ടില്ല. എന്നാൽ, ബാറ്റിങ്ങിന്റെ കാര്യം അങ്ങനെയല്ല. ആ പഴയ ഫിനിഷറുടെ നിഴലേ ഇപ്പോഴത്തെ മുത്തിയെട്ടുകാരനിലുള്ളൂ. ലോകകപ്പ് തന്നെ അതിന് ദൃഷ്ടാന്തം. സെമിയിലെ ഇന്നിങ്‌സ് ഒഴിച്ചുനിർത്തിയാൽ ഫിനിഷർ എന്നതിനേക്കാൾ തുഴച്ചിലുകാരൻ എന്ന ബഹുമതിയാണ് ധോനിക്ക് ചാർത്തിക്കിട്ടിയത്. ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിലെ തോൽവിയുടെ പാപഭാരമത്രയും ധോനിയുടെ മെല്ലെപ്പോക്കിന്റെ തലയിലാണ്.

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ സെഞ്ചുറി നേടി പ്രതീക്ഷ നൽകിയ ധോനിക്ക് ലോകകപ്പിലെ ഒൻപത് മത്സരങ്ങളിൽ നിന്ന് രണ്ട് അർധസെഞ്ചുറികൾ മാത്രമാണ് സ്വന്തമാക്കാനായത്. 34, 27, 1, 28, 56, 42, 35, 50 എന്നിങ്ങനെയായിരുന്നു സ്‌കോറുകൾ. ന്യൂസീലൻഡിനെതിരായ ആംഗറിങ് റോൾ ഒഴിച്ചുനിർത്തിയാൽ ധോനിയെപ്പോലൊരു ബാറ്റ്‌സ്മാനിൽ നിന്ന് ടീം പ്രതീക്ഷിച്ച പ്രകടനമല്ലിത്. അവസാന മത്സരത്തിലാവട്ടെ രവീന്ദ്ര ജഡേജയ്‌ക്കൊപ്പമുള്ള സെഞ്ചുറി കൂട്ടുകെട്ടിൽ ഇന്ത്യയെ വൻ നാണക്കേടിൽ നിന്ന് കരകയറ്റിയെങ്കിലും അവസാനം റണ്ണൗട്ട് വഴി പടിക്കൽ ചെന്ന് കലമുടച്ചു.

ലോകകപ്പിലെ തോൽവി വിൻഡീസിന്റെ പരമ്പരയ്ക്ക് മുന്നോടിയായി ടീമിൽ ഒരു അഴിച്ചുപണിക്ക് വഴിവയ്ക്കാനുള്ള സാധ്യത മുന്നിലുണ്ട്. മെല്ലെ പോകുന്ന ധോനിക്ക് പകരം നാലാമനായി സ്ഥാനമുറപ്പിച്ച ഋഷഭ് പന്ത് വന്നാൽ അത്ഭുതപ്പെടാനൊന്നുമില്ല. ക്രിക്കറ്റ് ആരാധകരിൽ നിന്ന് അതിനുള്ള മുറവിളി ഇപ്പോൾ തന്നെ ശക്തമാണ്. മധ്യനിരയിലെ കരുത്തായിരുന്നു ആ ഇന്ത്യൻ നായകന്റെ പടിയിറക്കത്തിന്റെ സമയാണ് ഇനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP