Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ധവാനും കോലിയും പെട്ടെന്ന് പോയപ്പോൾ ഒന്നു പതറി; പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നെ കേറി മേഞ്ഞു; രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയിൽ ആഫ്രിക്കൻ വമ്പന്മാരെ തുരത്തി ടീം ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തമാക്കിയത് 6 വിക്കറ്റ് വിജയം; തുടർച്ചയായ മൂന്നാം തോൽവിയോടെ സൗത്താഫ്രിക്ക ലോകകപ്പിന് പുറത്തേക്ക്? രോഹിത് കളിയിലെ കേമൻ; ലേറ്റായി തുടങ്ങിയാലും സ്റ്റൈലായി തുടങ്ങി കോലിപ്പട

ധവാനും കോലിയും പെട്ടെന്ന് പോയപ്പോൾ ഒന്നു പതറി; പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നെ കേറി മേഞ്ഞു; രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയിൽ ആഫ്രിക്കൻ വമ്പന്മാരെ തുരത്തി ടീം ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തമാക്കിയത് 6 വിക്കറ്റ് വിജയം; തുടർച്ചയായ മൂന്നാം തോൽവിയോടെ സൗത്താഫ്രിക്ക ലോകകപ്പിന് പുറത്തേക്ക്? രോഹിത് കളിയിലെ കേമൻ; ലേറ്റായി തുടങ്ങിയാലും സ്റ്റൈലായി തുടങ്ങി കോലിപ്പട

വേൾഡ്കപ്പ് ഡെസ്‌ക്‌

സൗത്താംപ്ടൺ: ലോകകപ്പിൽ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി 122(144) മികവിൽ ഇന്ത്യക്ക് വിജയത്തുടക്കം. 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ വിറപ്പിച്ചായിരുന്നു കാഗിസോ റബാഡയും ക്രിസ് മോറിസും തുടങ്ങിയത്. ആറാം ഓവറിൽ ഓപ്പണർ ശിഖർ ധവാൻ 8(12) പുറത്തായതോടെ ഇന്ത്യ അപകടം മണത്തു. പിന്നീടെത്തിയ കോലിയും മറുവശത്ത് രോഹിത്തും റൺ കണ്ടെത്താൻ ബുദ്ധിമുട്ടി. റബാഡയെയും മോറിസിനേയും വളരെ സൂക്ഷിച്ച കളിച്ച് തുടങ്ങിയ രോഹിത് പതിയെ ഷോട്ടുകൾ കളിച്ച് തുടങ്ങുകയായിരുന്നു. 2 സിക്‌സും 13 ഫോറും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ് റബാഡയെ ഒരോവറിൽ ഒരു സിക്‌സും രണ്ട് ഫോറും പായിച്ച് രോഹിത് ഇന്ന് തന്റെ ദിവസമാണ് എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

Stories you may Like

16ാം ഓവറിൽ കോലി 18(34) ഡി കോക്കിന്റെ തകർപ്പൻ ക്യാച്ചിലൂടെ പുറത്തായപ്പോൾ ഇന്ത്യൻ സ്‌കോർ വെറും 54 റൺസ് മാത്രമായിരുന്നു. എന്നാൽ നാലാമനായി എത്തിയ ലോകേഷ് രാഹുൽ 26(42) രോഹിത് കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 85 റൺസ് ചേർത്തതോടെ കളിയുടെ ഗതി മാറി. എന്നാൽ റബാഡയുടെ സ്ലോ ബോളിന്റെ ഗതി മനസ്സിലാക്കാതെ രോഹിത് ഡുപ്ലസിസിന് ക്യാച്ച് നൽകി മടങ്ങി. അഞ്ചാമനായി കേദാർ ജാദവിന് മുൻപ് ക്രീസിലെത്തിയത് ധോണിയായിരുന്നു.രോഹിതും ധോണിയും ചേർന്ന് 74 റൺസ് കൂട്ടുകെട്ട് തീർത്തു. 47ാം ഓവറിലെ ആദ്യ പന്തിൽ മോറിസിന് ക്യാച്ച് നൽകി ധോണി 34(46) മടങ്ങുമ്പോൾ ഇന്ത്യക്ക് ജയത്തിലേക്കുള്ള ദൂരം വെറും 15 റൺസ് മാത്രമായിരുന്നു.

ധോണി പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയത് ഹാർദ്ദിക് പാണ്ഡ്യയായിരുന്നു. രണ്ട് ഫോറുകൾ തുടർച്ചയായി പായിച്ചായിരുന്നു ഹാർദിക് തുടങ്ങിയത് 15*(7) റൺസ് നേടി ഹാർദ്ദിക് തന്നെയാണ് വിജയ റണ്ണും കുറിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാഡ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മോറിസും ഫെലുക്‌വായോയും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. മറുവശത്ത് മൂന്ന് മത്സരങ്ങളും തോറ്റ സൗത്താഫ്രിക്കയക്ക് ഈ ലോകകപ്പിലെ മുന്നോട്ട് പോക്ക് ദുഷ്‌കരമായി മാറുമെന്ന് ഉറപ്പായി. അടുത്ത മത്സരത്തിൽ ഞായറാഴ്ച കെന്നിങ്ടൺ ഓവലിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികൾ.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള സൗത്താഫ്രിക്കൻ നായകന്റെ തീരുമാനം തെറ്റാണ് എന്ന് തെളിയിക്കുന്നതായിരുന്നു ജസ്പ്രീത് ബുംറയുടെയും ഭുവനേശ്വര് കുമാറിന്റേയും ബൗളിങ്. മികച്ച ലൈനിലും ലെങ്തിലും വേഗതയിലും പന്തെറിഞ്ഞ ഫാസ്റ്റ് ബൗളർമാർ ഡി കോക്കിനേയും അംലയേയും വരിഞ്ഞ് മുറുക്കി. നാലാം ഓവറിലെ രണ്ടാം പന്തിൽ ഹാഷിം അംലയെ 6(9) പുറത്താക്കി ജസ്പ്രീത് ബുംറയാണ് തുടക്കമിട്ടത്. ഓഫ്സ്റ്റംപിന് പുറത്ത് പോയ പന്തിൽ അംല ബാറ്റ് വെച്ചപ്പോൾ അത് രണ്ടാം സ്ലിപ്പിൽ രോഹിത് ശർമ്മയുടെ കയ്യിൽ വിശ്രമിച്ചു.

മറ്റൊരു ഓപ്പണറായ ഡി കോക്കിനും അധികം ആയിസ്സുണ്ടായില്ല. ആറാം ഓവറിലെ അഞ്ചാം പന്തിൽ 10(17) റൺസ് നേടിയ താരത്ത മൂന്നാം സ്ലിപ്പിൽ കോലി പിടിച്ച് പുറത്താവുകയായിരുന്നു. പിന്നീട് മൂന്നാം വിക്കറ്റിൽ ഡുപ്ലസിസ്, വാൻഡർ ഡൂസൻ സഖ്യം രക്ഷാപ്രവർത്തനം നടത്തി. ഡുപ്ലസിസ് 38(54) വാൻഡർ ഡ്യൂസൻ 22(37) മൂന്നാം വിക്കറ്റിൽ 54 റൺസ് ചേർത്തെങ്കിലും ഇരുവരേയും ചഹൽ തന്റെ അടുത്തടുത്ത ഓവറുകളിൽ ക്ലീൻ ബൗൾഡ് ചെയ്തപ്പോൾ ദക്ഷിണാഫ്രിക്കൻ സ്‌കോർ നാലിന് 80. പിന്നീട് ക്രീസിലൊത്തുചേർന്ന മില്ലർ ഡുമിനി സഖ്യം നിലയുറപ്പിക്കും മുൻപ് തന്നെ ജെപി ഡുമിനിയെ 3(11) കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

ആറാം വിക്കറ്റിൽ ഡേവിഡ് മില്ലർ 31(40) അണ്ടീലെ ഫെലുക്വായോ 34(61) എന്നിവർ ചേർന്ന് 46 റൺസിന്റെ കൂട്ടുകെട്ട് തീർത്തപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ ആശ്വാസം ലഭിച്ചു. എന്നാൽ 36ാം ഓവറിൽ ചഹൽ സ്വന്തം ബൗളിങ്ങിൽ ക്യാച്ചും നേടി മില്ലറെ മടക്കി. സ്‌കോർ 135ന് 6. എട്ടാമനായി ക്രീസിലെത്തിയത് ഓൾ റൗണ്ടർ ക്രിസ് മോറിസ്. 40ാം ഓവറിൽ ചഹലിനെതിരെ ക്രീസ് വിട്ട് പുറത്തിറങ്ങിയ ഫെലുക്വായോയെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 158ന് 7 എന്ന നിലയിൽ തകർന്ന് ദക്ഷിണാഫ്രിക്ക 200 കടക്കില്ല എന്ന് തോന്നിച്ചെങ്കിലും അതിവേഗം സ്‌കോർ ചെയ്ത മോറിസ് റബാഡയുമൊത്ത് ദക്ഷിണാഫ്രിക്കയെ കരകയറ്റി. എട്ടാം വിക്കറ്റില് ഇരുവരും ചേർന്ന് നേടിയത് 66 റൺസിന്റെ കൂട്ടുകെട്ടാണ്.

അവസാന ഓവറിൽ ഭുവനേശ്വർ കുമാറിന്റെ പന്തിൽ കോലി പിടിച്ച് മോറിസ് 42(34) പുറത്താവുകയായിരുന്നു. പത്തോവറിൽ ചഹൽ 51 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കുൽദീപ് യാദവ് 10 ഓവറിൽ 46 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി. പത്ത് ഓവറിൽ ഒരു മെയ്ഡിൻ ഉൾപ്പടെ 35 റൺസ് വഴങ്ങി ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്‌ത്തി, പത്ത് ഓവറിൽ 44 രൺസ് വഴങ്ങി ഭുവിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ഇന്ത്യക്ക് വേണ്ടി യുസ്വേന്ദ്ര ചഹൽ 4 വിക്കറ്റുകൾ വീഴ്‌ത്തി. ജസ്പീത് ബുംറയും ഭുവനേശർ കുമാറും 2 വിക്കറ്റുകൾ വീഴ്‌ത്തി. റണ്ണൊഴുകുന്ന പിച്ചിൽ മികച്ച രീതിയിൽ പന്തെറിഞ്ഞാണ് ഇന്ത്യ സൗത്താഫ്രിക്കയെ പിടിച്ച് നിർത്തിയത്. എന്നാൽ 200 കടക്കില്ല എന്ന് തോന്നിച്ച ഘട്ടത്തിൽ നിന്നാണ് ക്രിസ് മോറിസിന്റെ മികവിൽ ദക്ഷിണാഫ്രിക്ക പൊരുതാവുന്ന സ്‌കോർ നേടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP