Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരായാലും നിയമം നിയമമാണ്: ധോണിക്കെതിരെ കണ്ണുരുട്ടി ഐസിസി; ലോകകപ്പിൽ വിക്കറ്റ് കീപ്പിങ് ഗ്ലൗസിൽ ബലിദാൻ മുദ്ര പതിച്ചത് ചട്ടവിരുദ്ധം; പ്രത്യേക സന്ദേശം നൽകുന്ന ചിഹ്നങ്ങൾ വച്ചുപൊറുപ്പിക്കില്ല; ഐസിസി നിലപാട് കടുപ്പിച്ചതോടെ ബിസിസിഐയുമായി ഏറ്റുമുട്ടലിന്റെ പാതയിൽ; മറുപടി ബോർഡിന്റെ അപേക്ഷയ്ക്ക്; വിവാദത്തിൽ ധോണിക്ക് പിന്തുണയുമായി കായിക മന്ത്രാലയവും

ആരായാലും നിയമം നിയമമാണ്: ധോണിക്കെതിരെ കണ്ണുരുട്ടി ഐസിസി; ലോകകപ്പിൽ വിക്കറ്റ് കീപ്പിങ് ഗ്ലൗസിൽ ബലിദാൻ മുദ്ര പതിച്ചത് ചട്ടവിരുദ്ധം; പ്രത്യേക സന്ദേശം നൽകുന്ന ചിഹ്നങ്ങൾ വച്ചുപൊറുപ്പിക്കില്ല; ഐസിസി നിലപാട് കടുപ്പിച്ചതോടെ ബിസിസിഐയുമായി ഏറ്റുമുട്ടലിന്റെ പാതയിൽ; മറുപടി ബോർഡിന്റെ അപേക്ഷയ്ക്ക്; വിവാദത്തിൽ ധോണിക്ക് പിന്തുണയുമായി കായിക മന്ത്രാലയവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകകപ്പിലെ ആദ്യകളിയിൽ ഇന്ത്യ ഉജ്ജ്വല വിജയം നേടിയെങ്കിലും, ഇപ്പോൾ ചർച്ചാവിഷയം മഹേന്ദ്ര സിങ ധോണിയുടെ ബലിദാൻ ബാഡ്ജ് പതിച്ച ഗ്ലൗസാണ്. യുസ്വേന്ദ്ര ചാഹൽ എറിഞ്ഞ നാൽപതാം ഓവർ ഫെഹ്ലുക് വയോയെ സ്റ്റംപ് ചെയ്യുന്ന ടെലിവിഷൻ റിപ്ലേകളിൽ ധോണിയുടെ ഗ്ലൗസിലുള്ള ബലിദാൻ ബാഡ്ജ് വ്യക്തമാണ്. സൈനികരോടുള്ള ആദരവ് ധോണി പ്രകടിപ്പിച്ചതാണെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ പറയുന്നത്. എന്നാൽ, ഐസിസി ചിഹ്നം പതിച്ച ധോണിയുടെ ഗ്ലൗസിന് നേരേ കണ്ണുരുട്ടിയതോടെ ബിസിസിഐയുമായി ഏറ്റുമുട്ടലിന്റെ പാതയിലാണ്. ധോണിക്കെതിരെ ഐസിസി നിലപാട് കടുപ്പിച്ചിരിക്കുകയാണ്. വസ്ത്രങ്ങളിൽ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്നാണ് ഐസിസിയുടെ നിലപാട്. ധോണി ഗ്ലൗവിൽ ബലിദാൻ മുദ്ര ഉപയോഗിച്ചത് ചട്ടവിരുദ്ധമാണെന്നും ഐസിസി വിലയിരുത്തി. ബിസിസിഐക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യൻ പാരച്യൂട്ട് റെജിമെന്റിന്റെ ചിഹ്നമായ ബലിദാൻ ബാഡ്ജ് പതിച്ച കീപ്പിങ് ഗ്ലൗസണിഞ്ഞാണ് ധോണി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിറങ്ങിയത്. മുൻകൂർ അനുവാദമില്ലാതെ സന്ദേശങ്ങൾ പതിച്ച വസ്ത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ല നിർദ്ദേശം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസിസി ഇടപെടൽ. ഇതൊരു സൈനിക ചിഹ്നമല്ലെന്നും, ധോണി തുടർന്നും അതുധരിക്കുമെന്നുമാണ് ബിസിസിഐ ഭരണസമിതി അദ്ധ്യക്ഷൻ വിനോദ് റായ് പറയുന്നത്. കേന്ദ്ര കായിക മന്ത്രാലയവും ധോണിക്ക് പിന്തുണയുമായി രംഗത്തെത്തി.

എന്നാൽ, ഐസിസി വഴങ്ങുന്ന മട്ടില്ല. റൂൾ ബുക്ക് പ്രകാരം വിക്കറ്റ് കീപ്പിങ് ഗ്ലൗസിൽ ഒരുസ്‌പോൺസറുടെ ലോഗോ മാത്രമേ പാടുള്ളു. എസ്ജി ലോഗോ പതിച്ച ധോണിയുടെ ഗ്ലൗലിൽ മറ്റൊരു ബാഡ്ജ് കൂടി അനുവദിച്ചാൽ അത് സ്‌പോൺസർഷിപ്പ് കരാർ ലംഘനവുമാകും. ഏതായാലും ബിസിസിഐ ഔദ്യോഗികമായി ധോണിക്ക് വേണ്ടി കത്തെഴുതിയിട്ടുണ്ട്. ഐസിസി ചട്ടപ്രകാരം കളിക്കാർ വാണിജ്യപരമോ, മതപരമോ, സൈനകപരമോ ആയ ലോഗോകൾ ധരിച്ചുകൂടാ. ധോണിയുടെ ഗ്ലൗവിലെ ബാഡ്ജ് വാണിജ്യവുമായോ മതവുമായോ അർദ്ധസൈനിക വിഭാഗവുമായോ ബന്ധപ്പെട്ട മുദ്ര അല്ലെന്ന് വിനോദ് റായ് പറഞ്ഞു.

ബിസിസിഐയുടെ അഭ്യർത്ഥന ഐസിസിയുടെ ക്രിക്കറ്റ് ഓപ്പറേഷൻസ് ടീം ലോകകപ്പ് സാങ്കേതിക കമ്മിറ്റിക്കൊപ്പമിരുന്ന് പരിശോധിക്കും. രണ്ടിന്റെയും തലവൻ ജെഫ് അലാർഡിസാണ്. ബലിദാൻ മുദ്ര സൈനിക ചിഹ്നമല്ലെന്ന് ബിസിസിഐ തെളിയിക്കേണ്ടി വരും. സാങ്കേതിക കമ്മിറ്റിക്ക് ബോധ്യം വന്നാൽ, ധോണിക്ക് മുദ്ര ധരിക്കാം.
2011 ൽ പാരാ റെജിമെന്റിൽ ലെഫ്റ്റനന്റ് കേണൽ പദവി നൽകി രാജ്യം താരത്തെ ആദരിച്ചിരുന്നു. തുടർന്ന് ധോണി ഹ്രസ്വകാല ട്രെയിനിങ്ങും പൂർത്തിയാക്കിയിരുന്നു. നേരത്തെ പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ വീരമൃത്യുവരിച്ച സിആർപിഎഫ് ജവാന്മാർക്ക് ആദരവ് അർപ്പിച്ച് ഇന്ത്യൻ ടീം സൈനിക തൊപ്പി ധരിച്ച് കളത്തിലിറങ്ങുകയും ചെയ്തിരുന്നു

ധോണി വിവാദപുരുഷനല്ലെന്നും ആരോപണത്തിൽ കഴമ്പില്ലെന്നുമാണ് ബിസിസിഐ ഭരണസമിതി അംഗമായ ഡയാന എഡുൽജിയുടെ പ്രതികരണം. ധോണിക്ക് ഇക്കാര്യത്തിൽ സർവപിന്തുണയുമുണ്ടാകും. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവും ധോണിക്ക് ട്വീറ്ററിൽ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ രാജ്യത്തെ വികാരങ്ങൾ കൂടി കണക്കിലെടുക്കണമെന്നാണ് കായിക മന്ത്രാലയത്തിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP