Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റാൽ പാക്കിസ്ഥാന്റെ കഥ കഴിയും; സഹായം അഭ്യർത്ഥിച്ച് അക്തർ; പാക് മുൻ ബൗളർ സ്വപ്‌നത്തിൽ കാണുന്നത് ഇന്ത്യാ-പാക്കിസ്ഥാൻ സെമി; പാക്കിസ്ഥാന് സെമിയിൽ ഇടം ലഭിക്കാതിരിക്കാൻ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും പോലും ഇന്ത്യ തോറ്റു കൊടുക്കുമെന്ന് ബാസിത് അലിയും; ഇനി നിർണ്ണായകം ഇന്ത്യാ-ഇംഗ്ലണ്ട് പോരാട്ടം തന്നെ

ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റാൽ പാക്കിസ്ഥാന്റെ കഥ കഴിയും; സഹായം അഭ്യർത്ഥിച്ച് അക്തർ; പാക് മുൻ ബൗളർ സ്വപ്‌നത്തിൽ കാണുന്നത് ഇന്ത്യാ-പാക്കിസ്ഥാൻ സെമി; പാക്കിസ്ഥാന് സെമിയിൽ ഇടം ലഭിക്കാതിരിക്കാൻ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും പോലും ഇന്ത്യ തോറ്റു കൊടുക്കുമെന്ന് ബാസിത് അലിയും; ഇനി നിർണ്ണായകം ഇന്ത്യാ-ഇംഗ്ലണ്ട് പോരാട്ടം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ലോകകപ്പിൽ പോയിന്റ് നിലയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ന്യൂസിലണ്ടും സെമി ഉറപ്പാക്കിയെന്ന സൂചനയാണുള്ളത്. നാലാം സ്ഥാനത്തിനായി കടുത്ത പോരാട്ടം. ആതിഥേയരായ ഇംഗ്ലണ്ട് മികച്ച ടീമാണ്. ഏകദിന ക്രിക്കറ്റിലെ ഒന്നാം സ്ഥാനക്കാർ. അതുകൊണ്ട് തന്നെ ആതിഥേയർ നാലാമതായി കടന്നു കൂടുമെന്ന പ്രതീക്ഷയാണ് എങ്ങും. എന്നാൽ പാക്കിസ്ഥാന് പ്രതീക്ഷകളുണ്ട്. ഇത് പൂണിയണമെങ്കിൽ ഇന്ത്യയുടെ സഹായം വേണം. പരമ്പരാഗത വൈരികളായ ഇന്ത്യ സഹായിക്കുമോ എന്നതിൽ പാക്കിസ്ഥാന് ഇനിയും ഉറപ്പൊന്നുമില്ല. ഏതായാലും പാക്കിസ്ഥാന് മുമ്പോട്ട് പോകാൻ ഇന്ത്യ കനിയേണ്ട അവസ്ഥയിലാണ് പോയിന്റ് ടേബിൾ ഇപ്പോഴുള്ളത്.

ലണ്ടൻന്മ ലോകകപ്പിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്താണ് പകിസ്ഥാൻ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കിയത്. ഇനിയുള്ള മൽസരങ്ങളിൽ അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും തോൽപിച്ചാൽ പാക്കിസ്ഥാന്റെ സെമിപ്രതീക്ഷ കൂടുതൽ സജീവമാകും. രണ്ട് ടീമിനേയും തോൽപ്പിക്കാമെന്ന ആത്മവിശ്വാസം പാക്കിസ്ഥാനുണ്ട്. എന്നാൽ ഇംഗ്ലണ്ട് തോൽക്കണം. അവർ ജയിച്ചാലും പാക്കിസ്ഥാന് വെല്ലുവിളിയാകും. ഇന്ത്യയും ന്യൂസിലണ്ടുമാണ് ഇനി ഇംഗ്ലണ്ടിന് എതിരാളികൾ. രണ്ടും കരുത്തരായ ശത്രുക്കൾ. ഇവർക്കു മുമ്പിൽ ഇംഗ്ലണ്ട് അടിതെറ്റി വീണാൽ സെമിയിലേക്ക് കുതിച്ചു കയറാൻ പാക്കിസ്ഥാന് കഴിയും. അതിന് ആദ്യം ഇന്ത്യ കനിയണം. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന് സെമി കളിക്കാൻ ഇന്ത്യയുടെ 'സഹായം' തേടി അവരുടെ മുൻ പേസ് ബോളർ ശുഐബ് അക്തർ രംഗത്തെത്തിയത്.

അക്തർ ഇങ്ങനെ പറയുമ്പോൾ ഇന്ത്യയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പാക്കിസ്ഥാന്റെ മുൻതാരം ബാസിത് അലിയും ചർച്ചകളിൽ സജീവമാകുന്നു. പാക്കിസ്ഥാന് സെമിഫൈനലിൽ ഇടം ലഭിക്കാതിരിക്കാൻ വേണ്ടി ഇന്ത്യ ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകൾക്കെതിരായ മത്സരം തോറ്റുകൊടുക്കുമെന്നാണ് ബാസിത് അലിയുടെ വിവാദ പരാമർശം. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ നടന്ന ചർച്ചക്കിടെയായിരുന്നു ഇത്. 1992-ലെ ലോകകപ്പ് ചാമ്പ്യന്മാരായ പാക്കിസ്ഥാൻ ഈ ലോകകപ്പിൽ കിരീടം നേടാനുള്ള സാധ്യതയുണ്ടോ എന്നതായിരുന്നു ചർച്ചയുടെ വിഷയം. 'ഇന്ത്യ ഇതുവരെ അഞ്ചു മത്സരങ്ങളാണ് ആകെ കളിച്ചിട്ടുള്ളത്. പാക്കിസ്ഥാൻ സെമി ഫൈനലിന് യോഗ്യത നേടരുതെന്നാണ് ഇന്ത്യയുടെ ആഗ്രഹം. ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങൾ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകൾക്കെതിരേയാണ്. അവർ അഫ്ഗാനിസ്താനെതിരേ കളിച്ച രീതി നമ്മൾ കണ്ടതാണ്.' ബാസിത് പറയുന്നു.

ഇതിനെ കുറിച്ച് കൂടുതൽ വിവരിക്കാൻ അവതാരക പറഞ്ഞപ്പോൾ ബാസിതിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു 'ഇന്ത്യ മനഃപൂർവം തോൽക്കുകയാണെന്ന് ആളുകൾ പറയില്ല. അത്തരത്തിൽ പഴുതകളടച്ചാണ് ഇന്ത്യ തോൽക്കുക. അവസരങ്ങളുടെ കളിയല്ല ക്രിക്കറ്റ്. 1992-ൽ ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസീലൻഡ് പാക്കിസ്ഥാനോട് മനഃപൂർവ്വം തോറ്റതാണ്. ഇമ്രാൻ ഖാനും സമ്മതിക്കുന്ന കാര്യമാണ് അത്. അന്ന് അവരുടെ നാട്ടിൽ സെമിഫൈനൽ കളിക്കാൻ വേണ്ടിയാണ് ന്യൂസീലൻഡ് തോറ്റത്.'-ഇങ്ങനെയാണ് പറയുന്നത്. എന്നാൽ ബാസിത് അലിയെ പോലെയല്ല അക്തറുടെ ചിന്തകൾ. അതുകൊണ്ടാണ് സഹായ അഭ്യർത്ഥന ഇന്ത്യയോട് നടത്തുന്നതും. ഏതായാലും ഇന്ത്യാ-ഇംഗ്ലണ്ട് മത്സരം ലോകകപ്പിലെ നാലാം സെമി ഫൈനലിസ്റ്റിന്റെ കാര്യത്തിൽ അതിനിർണ്ണായകമായി മാറും. സ്വന്തം കാണികൾക്ക് മുമ്പിൽ ഇംഗ്ലണ്ട് അതിനിർണ്ണായക മത്സരമാകും അന്ന് കളിക്കുക. പാക്കിസ്ഥാനോട് തോറ്റില്ലായിരുന്നുവെങ്കിൽ ഇംഗ്ലണ്ട് ഇതിനോടകം സെമിയിൽ എത്തുമായിരുന്നു.

ഏതായാലും ഇന്ത്യയുടെ സഹായം തേടുന്ന അക്തറിന്റെ വാക്കുകൾ ഏറെ ചർച്ചയാണ്. ഇപ്പോൾ ഇന്ത്യയ്ക്കു പാക്കിസ്ഥാനെ സഹായിക്കാൻ സാധിക്കും. എങ്ങനെ? ഇന്ത്യ ഇംഗ്ലണ്ടിനെതിരെ വിജയിച്ചാൽ ഇംഗ്ലണ്ട് ടൂർണമെന്റിൽനിന്നു പുറത്തുപോകും. അതോടെ 11 പോയിന്റുകളുമായി പാക്കിസ്ഥാൻ സെമി യോഗ്യത നേടുകയും ചെയ്യും- സ്വന്തം യൂട്യൂബ് ചാനലിലെ വിഡിയോയിൽ അക്തർ വ്യക്തമാക്കി. പാക്കിസ്ഥാന് മികച്ചൊരു തിരിച്ചുവരവാണ് ഈ ലോകകപ്പിൽ സാധ്യമായിരിക്കുന്നത്. പക്ഷേ ഇന്ത്യ കൂടി വിചാരിക്കണം. ഇപ്പോൾ നിങ്ങൾക്കു ഞങ്ങളെ സഹായിക്കാൻ സാധിക്കും. 'ഇംഗ്ലണ്ടിനെ തോൽപിക്കൂ. അടുത്ത രണ്ടു മൽസരവും ഞങ്ങൾ ജയിക്കും. അപ്പോൾ സെമിയിൽ ഇന്ത്യ -പാക്കിസ്ഥാൻ മൽസരം വരും. പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുകയും ചെയ്യും' - വിഡിയോയിൽ അക്തർ അവകാശപ്പെട്ടു. 1992ൽ ലോകകപ്പ് നേടിയ പാക്ക് ടീമുമായി നിലവിലെ ടീമിനെ താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും അക്തർ നിലപാടു വ്യക്തമാക്കി:

ഇമ്രാൻ ഖാന്റെ കടുവകളെ പോലെയാണ് പാക്കിസ്ഥാൻ ഇപ്പോൾ കളിക്കുന്നത്. ഹാരിസ് സുഹൈൽ മികച്ച പോരാളിയാണ്. പക്ഷേ ബാറ്റിങ് ഓർഡർ ഇപ്പോഴും തെറ്റാണെന്നാണു തോന്നുന്നത്. ഹഫീസിനു മുൻപേ സുഹൈൽ ബാറ്റിങ്ങിന് ഇറങ്ങണം. സെമിയിലേക്കുള്ള പാതയിലാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാനെ ഒരിക്കലും വിലകുറച്ചു കാണരുത്. അങ്ങനെ സംഭവിച്ചാൽ അവർ തിരിച്ചെത്തി നിങ്ങളെ തകർക്കും. എല്ലാം നഷ്ടപ്പെട്ടിട്ടില്ല. ഇനിയും പ്രതീക്ഷ ബാക്കിയുണ്ട്. പക്ഷേ പാക്കിസ്ഥാൻ തിരിച്ചെത്താൻ കുറച്ചു സമയമെടുക്കും. അതുകൊണ്ടുതന്നെ പാക്കിസ്ഥാനൊപ്പംനിന്ന് അവരെ ഉയർത്തുകയാണു വേണ്ടത്. ഇപ്പോൾ കൃത്യ സമയത്താണ് പാക്കിസ്ഥാൻ ഉയർത്തെഴുന്നേറ്റിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇനി പാക്കിസ്ഥാനുള്ള വലിയ മൽസരം ബംഗ്ലാദേശിനെതിരായാണ്. വളരെ അപകടം പിടിച്ച മൽസരമായിരിക്കും ബംഗ്ലാദേശിനെതിരെയുള്ളതെന്നും അക്തർ അഭിപ്രായപ്പെട്ടു. ജൂൺ 29നാണ് ലോകകപ്പിൽ ബംഗ്ലാദേശുമായുള്ള പാക്കിസ്ഥാന്റെ പോരാട്ടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP