Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുവരാജിന്റെ ബൗളിങ്ങിന് പറ്റിയതല്ല ഇപ്പോഴത്തെ ഫീൽഡിങ് നിയന്ത്രണം: യുവിയെ ടീമിൽ എടുക്കാത്തതിനു പുതിയ ന്യായീകരണവുമായി ധോണി

യുവരാജിന്റെ ബൗളിങ്ങിന് പറ്റിയതല്ല ഇപ്പോഴത്തെ ഫീൽഡിങ് നിയന്ത്രണം: യുവിയെ ടീമിൽ എടുക്കാത്തതിനു പുതിയ ന്യായീകരണവുമായി ധോണി

മെൽബൺ: ലോകകപ്പിൽ അപരാജിത കുതിപ്പു നടത്തി ഇന്ത്യൻ ടീം ക്വാർട്ടറിൽ എത്തിയപ്പോഴും ചർച്ചയാകുന്ന ഒരു താരമുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ച യുവരാജാണ് വീണ്ടും ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത്.

ക്യാപ്റ്റൻ എം എസ് ധോണിയാണ് വീണ്ടും യുവരാജിന്റെ കാര്യത്തിലുള്ള ചർച്ചകൾക്കു തുടക്കമിട്ടത്. യുവിയെ ടീമിൽ എടുക്കാത്തതിനു പുതിയ ന്യായവുമായാണ് ധോണി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോൾ നിലവിലുള്ള ഫീൽഡിങ് നിയന്ത്രണ നിയമങ്ങൾ യുവരാജിന്റെ ബൗളിങ്ങിന് പറ്റിയതല്ല എന്നാണ് ധോണിയുടെ പുതിയ വിശദീകരണം. സർക്കിളിന് പുറത്ത് നാല് ഫീൽഡർമാരെ മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ യുവരാജിന് ബൗളിങ് ബുദ്ധിമുട്ടാകും.

ഇത്തരമൊരു സാഹചര്യത്തിൽ യുവി അധികം ബൗൾ ചെയ്തിട്ടില്ല. ടി 20ക്ക് അനുയോജ്യമായ ശൈലിയിൽ ബൗൾ ചെയ്യുന്ന യുവരാജിനുവേണ്ടി ബൗണ്ടറി ലൈനിനരികിൽ അഞ്ചോ ആറോ6 ഫീൽഡർമാരെ നിയോഗിക്കുമായിരുന്നു. ബൗണ്ടറി ലൈൻ ക്യാച്ചിലൂടെയാണ് യുവി വിക്കറ്റുകൾ നേടിയിരുന്നത്. എന്നാൽ പുതിയ നിയന്ത്രണങ്ങൾ അതിന് അനുവദിക്കുന്നില്ല.

2011ൽ യുവരാജ് ചെയ്തത് ഇത്തവണ ചെയ്യാനാകുന്നത് സുരേഷ് റെയ്‌നയ്ക്കാണ്. നേരത്തെയുണ്ടായിരുന്ന ഫീൽഡിങ് നിയന്ത്രണം യുവരാജ്, സെവാഗ്, സച്ചിൻ എന്നിവരുടെ ബൗളിംഗിന് അനുകൂലമായിരുന്നു. എന്നാൽ ബാറ്റിംഗിനെ കൂടുതൽ പിന്തുണയ്ക്കുന്നതും ചെറുതുമായ ഗ്രൗണ്ടുകളിൽ ഇവർക്ക് ബൗൾ ചെയ്യാൻ ഏറെ ബുദ്ധിമുട്ടാകും. എന്നാൽ പിച്ചിൽനിന്ന് ചെറിയ സഹായം കൂടിയുണ്ടെങ്കിൽ റെയ്‌നയ്ക്ക് തിളങ്ങാനാകും. ഇടംകൈയന്മാർക്കെതിരെ റെയ്‌ന മികച്ച ലൈനിലാണ് പന്തെറിയുന്നതെന്നും ധോണി പറഞ്ഞു.

2011 ലോകകപ്പിൽ ഇന്ത്യയെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച കളിക്കാരനാണ് യുവരാജ് സിങ്. അന്ന് 15 വിക്കറ്റുമായി തിളങ്ങിയ യുവി ബാറ്റിംഗിലും മിന്നി. മാൻ ഓഫ് ദ സീരീസ് പുരസ്‌കാരവും യുവരാജിനായിരുന്നു. ഈ ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുമ്പോൾ രഞ്ജിയിൽ മികച്ച ഫോമിൽ കളിച്ച യുവരാജ് ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ യുവിയെ ടീമിലെടുത്തില്ല. നായകൻ ധോണിക്കുള്ള അതൃപ്തിയാണ് യുവരാജിനെ പരിഗണിക്കാത്തിന് പിന്നിലെന്ന് വാർത്തകളുണ്ടായിരുന്നു.

യുവിയെ ടീമിലെടുക്കാത്തതിന് നേരത്തെയും ധോണി ന്യായീകരണങ്ങൾ നിരത്തിയിരുന്നു. അഞ്ചാം നമ്പരിൽ യുവരാജിനേക്കാൾ മികച്ച ബാറ്റ്‌സ്മാൻ റെയ്‌നയാണെന്നും ധോണി നേരത്തെ വിശദീകരിച്ചിരുന്നു.

ലോകകപ്പ് ടീമിൽ യുവരാജിനെ ഉൾപ്പെടുത്താത്തതിന് കാരണം ധോണിയുടെ വ്യക്തിവൈരാഗ്യമാണെന്ന് യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിങ് ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് പിതാവിന്റെ ആരോപണം തള്ളിയ യുവി ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും നേർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP