Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാനിപൂരി വിറ്റുനടന്ന പഴയ പയ്യൻ ഇന്ന് ഓടിയടുക്കുന്നത് ഇന്ത്യൻ സീനിയർ ടീമിന്റെ പടിവാതിലിലേക്ക്; മുൻനിര ബാറ്റ്‌സ്മാന്മാരുടെ പേരിനൊപ്പം സ്വന്തം പേരും എഴുതി ചേർത്തത് നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രം; ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശവും തളരാത്ത പോരാട്ട വീര്യവുമായി യശ്വസി ജയ്‌സ്വാൾ താരമാകുന്നത് ഇങ്ങനെ

പാനിപൂരി വിറ്റുനടന്ന പഴയ പയ്യൻ ഇന്ന് ഓടിയടുക്കുന്നത് ഇന്ത്യൻ സീനിയർ ടീമിന്റെ പടിവാതിലിലേക്ക്; മുൻനിര ബാറ്റ്‌സ്മാന്മാരുടെ പേരിനൊപ്പം സ്വന്തം പേരും എഴുതി ചേർത്തത് നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രം; ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശവും തളരാത്ത പോരാട്ട വീര്യവുമായി യശ്വസി ജയ്‌സ്വാൾ താരമാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

പാനിപ്പൂരി തയ്യാറാക്കുന്ന സൂക്ഷ്മത കലർന്ന ചടുലതയോടെ റണ്ണുകൾ വാരിക്കൂട്ടി ഒരു പയ്യൻ. ചെറുപൂരിയിലെ തുളയിലേക്ക് ചടുലതയോടെ വെള്ളം(പാനി) ഒഴിച്ച് വിറ്റ പഴയ പാനി പൂരി കച്ചവടക്കാരൻ പയ്യൻ ഇന്ന് അതേ ലാഘവത്തോടെയാണ് ക്രീസിൽ നിന്ന് പന്തുകൾ ബൗണ്ടറികളിലേക്ക് പായിക്കുന്നത്. സ്വന്തം നിശ്ചയദാർഢ്യം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിലെ മുൻനിര ബാറ്റ്‌സ്മാന്മാരുടെ പേരിനൊപ്പം സ്വന്തം പേരും ചേർത്തു വെച്ച യശ്വസി ജയ്‌സ്വാളാണ് ഇന്ന് ക്രിക്കറ്റ് വിദഗ്ദ്ധർ പോലും ചർച്ച ചെയ്യുന്നത്.

ഉത്തർ പ്രദേശിലെ ദരിദ്ര കുടംബത്തിൽ ജനിച്ച യശ്വസി കുടുംബം പുലർത്താനായി നന്നേ ചെറുപ്പത്തിൽ തന്നെ പാനി പൂരി വിറ്റ് പണം കണ്ടെത്താൻ തുടങ്ങി. അപ്പോഴും തന്റെ സ്വപ്‌ന ലക്ഷ്യമായ ക്രിക്കറ്റ് ആ ബാലൻ ഉപേക്ഷിച്ചിരുന്നില്ല. 17ാം വയസ്സിൽ വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിൽ ഇരട്ട സെഞ്ചുറി നേടി ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയതോടെയാണ് യശ്വസി ശ്രദ്ധേയനാകുന്നത്. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ്ഭിനിവേശവും തളരാത്ത പോരാട്ട വീര്യവുമായി ഇന്ത്യൻ സീനിയർ ടീമിന്റെ പടിവാതിലേക്കാണ് ഈ യുവാവ് ഓടിയടുക്കുന്നത്.

അണ്ടർ 19 ലോകകപ്പിൽ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുടെ മുന്നേറ്റം തുടർച്ചയായ മൂന്നാം തവണയും ഫൈനലിലെത്തി നിൽക്കുമ്പോൾ, ജയ്സ്വാളിനോളം ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു പേരില്ല. പോച്ചെഫ്‌സ്ട്രൂമിൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സ്പിന്നർ ആമിർ അലിയുടെ പന്ത് ഗാലറിയിലെത്തിച്ച് ജയ്സ്വാൾ സെഞ്ചുറി പൂർത്തിയാക്കുമ്പോൾ, ആ വ്യക്തിഗത നേട്ടത്തിനൊപ്പം കൂട്ട് എത്തിയത് ഇന്ത്യയുടെ വിജയം കൂടിയാണ്. ലോകകപ്പ് സെമിയിൽ പാക്കിസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 88 പന്തുകൾ ബാക്കിനിർത്തി ഇന്ത്യ മറികടക്കുമ്പോൾ, ഇന്ത്യയ്ക്ക് വിക്കറ്റൊന്നും നഷ്ടമായിരുന്നില്ല. ഐതിഹാസിക വിജയത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച രണ്ടുപേരിൽ ഒന്നാമനാണ് ജയ്സ്വാൾ.

ലോകകപ്പിലെ കന്നി സെഞ്ചുറി കുറിച്ച ജയ്‌സ്വാൾ 113 പന്തിൽ എട്ടു ഫോറും നാലു സിക്‌സും സഹിതം 105 റൺസുമായി പുറത്താകാതെ നിന്നു. ലോകകപ്പിൽ ഉജ്വല ഫോമിൽ കളിക്കുന്ന ജയ്സ്വാൾ ഇതുവരെ കളിച്ച അഞ്ചിൽ നാല് ഇന്നിങ്‌സിലും 50 കടന്നുവെന്ന പ്രത്യേകതയുമുണ്ട്. സെമിയിൽ ഉൾപ്പെടെ മൂന്നു തവണ എതിരാളികൾക്ക് താരത്തെ പുറത്താക്കാൻ പോലുമായില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ 59 , ജപ്പാനെതിരെ 29*, ന്യൂസീലൻഡിനെതിരെ 57*, ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയയ്ക്കെതിരെ 62, സെമിയിൽ പാക്കിസ്ഥാനെതിരെ 105* എന്നിങ്ങനെയാണ് ലോകകപ്പിൽ ഇതുവരെ ജയ്സ്വാളിന്റെ പ്രകടനം. ഇതിൽ അർധസെഞ്ചുറിയിലെത്താതെ പോയത് ഒരേ ഒരു ഇന്നിങ്‌സിൽ മാത്രം. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ജപ്പാനെതിരെ. അന്ന് ആദ്യം ബാറ്റു ചെയ്ത ജപ്പാൻ 41 റൺസിന് പുറത്തായതാണ് ജയ്സ്വാളിന് തിരിച്ചടിയായത്. ജയ്‌സ്വാൾ പുറത്താകാതെ 29 റൺസിലെത്തിയപ്പോഴേക്കും ഇന്ത്യ ജയിച്ചുകയറിയിരുന്നു.

ആഭ്യന്തരക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ജയ്സ്വാളിന് ലോകകപ്പ് ടീമിലേക്ക് ഇടം നേടിക്കൊടുത്തത്. ലിസ്റ്റ് എ മത്സരങ്ങളിൽ മുംബൈ ടീമിനായി മിന്നുന്ന പ്രകടനം പുറത്തെടുത്തു. വിജയ് ഹസാരെ ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ 154 പന്തിൽ 203 റൺസ് നേടി ചരിത്രം സൃഷ്ടിച്ചു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ ഇന്ത്യൻ താരമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP