Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രക്ഷകരായി രഹാനെ- ഠാക്കൂർ സഖ്യം; ഫോളോഓൺ ഒഴിവാക്കി; ഇന്ത്യയെ 296 റൺസിന് എറിഞ്ഞിട്ട് ഓസിസ് പേസർമാർ; കമ്മിൻസിന് മൂന്ന് വിക്കറ്റ്; ഓസിസിന് 173 റൺസ് ലീഡ്; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പിടിമുറുക്കി കമ്മിൻസും സംഘവും

രക്ഷകരായി രഹാനെ- ഠാക്കൂർ സഖ്യം; ഫോളോഓൺ ഒഴിവാക്കി; ഇന്ത്യയെ 296 റൺസിന് എറിഞ്ഞിട്ട് ഓസിസ് പേസർമാർ; കമ്മിൻസിന് മൂന്ന് വിക്കറ്റ്; ഓസിസിന് 173 റൺസ് ലീഡ്; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പിടിമുറുക്കി കമ്മിൻസും സംഘവും

സ്പോർട്സ് ഡെസ്ക്

ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ 296 റൺസിന് എറിഞ്ഞൊതുക്കി ഓസ്‌ട്രേലിയ. അജിങ്ക്യ രഹാനെയുടെയും ശാർദൂൽ ഠാക്കൂറിന്റെയും അർധസെഞ്ചുറികളാണ് ഇന്ത്യയെ ഫോളോഓണിൽ നിന്നും കരകയറ്റിയത്. ഓസ്ട്രേലിയയ്ക്ക് ആദ്യ ഇന്നിങ്സിൽ 173 റൺസിന്റെ ലീഡ് ലഭിച്ചു. പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ട്രാവിസ് ഹെഡ് (163), സറ്റീവൻ സ്മിത്ത് (121) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്‌ത്തി. ഇന്ത്യ ഫോളോ ഓൺ ഒഴിവാക്കിയതിനാൽ ഓസീസ് രണ്ടാം ഇന്നിങ്സ് ആരംഭിച്ചു.

അഞ്ചിന് 151 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. തലേദിവസത്തെ സ്‌കോറിനോട് ഒരു റൺ പോലും കൂട്ടിചേർക്കാനാവാതെ ആദ്യം ഭരത് മടങ്ങി. സ്‌കോട്ട് ബോളണ്ടിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. ഇന്ത്യ തകരുമെന്ന് തോന്നിച്ചെങ്കിലും രഹാനെ - ഷാർദുൽ സഖ്യം ക്രീസിലുറച്ചതോടെ ഇന്ത്യ ഫോളോഓൺ ഭീഷണി മറികടക്കുമെന്നായി. ഇതുവരെ 109 റൺസാണ് ഇരുവരും കൂട്ടിചേർത്തത്.

എന്നാൽ രഹാനെയെ പുറത്താക്കി കമ്മിൻസ് ഓസീസിന് ബ്രേക്ക് ത്രൂ നൽകി. രഹാനെ ഒരു സിക്സും 11 ഫോറും നേടി. പിന്നീടെത്തിയ ഉമേഷ് യാദവ് (5), മുഹമ്മദ് ഷമി (13) എന്നിവർക്കും തിളങ്ങാനായില്ല. ഇതിനിടെ ഠാക്കൂർ അർധ സെഞ്ചുറി പൂർത്തിയാക്കി. ആറ് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു. കമ്മിൻസിന് പുറമെ മിച്ചൽ സ്റ്റാർക്ക്, ബോളണ്ട്, കാമറൂൺ ഗ്രീൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. നതാൻ ലിയോണിന് ഒരു വിക്കറ്റുണ്ട്.

മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി അജിങ്ക്യ രഹാനെയും ശ്രീകർ ഭരതും ക്രീസിലെത്തി. എന്നാൽ തുടക്കത്തിൽത്തന്നെ ശ്രീകർ ഭരതിനെ നഷ്ടമായി. മൂന്നാം ദിനം ഒരുറൺ പോലും നേടാനാകാതെ ഭരത് പുറത്തായി. താരത്തെ സ്‌കോട് ബോളണ്ട് ക്ലീൻ ബൗൾഡാക്കി. ഇതോടെ ഇന്ത്യ 152 ന് ആറുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. ശാർദൂൽ ഠാക്കൂറാണ് ക്രീസിലെത്തിയത്. ശാർദൂലിനെ കൂട്ടുപിടിച്ച് രഹാനെ മികച്ച പ്രകടനം പുറത്തെടുത്തു. വൈകാതെ താരം അർധസെഞ്ചുറി നേടുകയും ചെയ്തു.

ശാർദൂലും പ്രതിരോധിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ സ്‌കോർ 200 കടന്നു.രഹാനെയുടെ ക്ലാസ് തെളിയിക്കുന്ന ഷോട്ടുകൾ ഓസീസ് ബൗളർമാരുടെ മനോവീര്യം കെടുത്തി. ഓസീസ് ബൗളർമാരുടെ തീതുപ്പുന്ന പന്തുകളെ ശാർദൂലും രഹാനെയും കൂസലില്ലാതെ നേരിട്ടു. 60-ാം ഓവറിലെ നാലാം പന്തിൽ ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. ഇതോടെ ഇന്ത്യ മത്സരത്തിലാദ്യമായി ബാറ്റിങ്ങിൽ ഫോമിലേക്കുയർന്നു. ഒപ്പം ടീം സ്‌കോർ 250 കടക്കുകയും ചെയ്തു.ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു.

എന്നാൽ ഉച്ച ഭക്ഷണത്തിനുശേഷം ക്രീസിലെത്തിയ രഹാനെയ്ക്ക് അധികനേരം പിടിച്ചുനിൽക്കാനായില്ല. പാറ്റ് കമ്മിൻസിന്റെ പന്തിൽ രഹാനെ ഗ്രീനിന് ക്യാച്ച് നൽകി മടങ്ങി. അവിശ്വസനീയ ക്യാച്ചിലൂടെയാണ് ഗ്രീൻ രഹാനെയെ പുറത്താക്കിയത്. 129 പന്തുകൾ നേരിട്ട രഹാനെ 11 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 89 റൺസെടുത്താണ് ക്രീസ് വിട്ടത്. ശാർദൂലിനൊപ്പം ഏഴാം വിക്കറ്റിൽ 109 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താനും താരത്തിന് സാധിച്ചു.

രഹാനെയ്ക്ക് പകരം വന്ന ഉമേഷ് യാദവ് അതിവേഗത്തിൽ മടങ്ങി. അഞ്ചുറൺസെടുത്ത താരത്തെ കമ്മിൻസ് ക്ലീൻ ബൗൾഡാക്കി. പിന്നാലെ വന്ന ഷമിയെ കൂട്ടുപിടിച്ച് ശാർദൂൽ സ്‌കോർ ഉയർത്തി. വൈകാതെ താരം അർധസെഞ്ചുറി നേടി. താരത്തിന്റെ നാലാം ടെസ്റ്റ് അർധസെഞ്ചുറിയാണിത്. എന്നാൽ അർധസെഞ്ചുറി നേടിയതിനുതൊട്ടുപിന്നാലെ ശാർദൂലിനെ കാമറൂൺ ഗ്രീൻ പുറത്താക്കി. കൂറ്റനടിക്ക് ശ്രമിച്ച ശാർദൂലിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയുടെ കൈയിലൊതുങ്ങി.

109 പന്തുകളിൽ നിന്ന് ആറ് ഫോറിന്റെ സഹായത്തോടെ 51 റൺസെടുത്താണ് ശാർദൂൽ ക്രീസ് വിട്ടത്.പിന്നാല ഷമിയും പുറത്തായി. 13 റൺസെടുത്ത ഷമിയെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. ഇതോടെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. ഓസ്ട്രേലിയയ്ക്ക് വേണ്ടി നായകൻ പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റെടുത്തപ്പോൾ മിച്ചൽ സ്റ്റാർക്ക്, സ്‌കോട്ട് ബോളണ്ട്, കാമറൂൺ ഗ്രീൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. നഥാൻ ലിയോൺ ഒരു വിക്കറ്റ് സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP