Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഴയുടെ കനിവും ഇന്ത്യയെ തുണച്ചില്ല; ആധികാരിക ജയത്തോടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ട് ന്യൂസീലൻഡ്; കോലിയേയും സംഘത്തെയും കീഴടക്കിയത് എട്ട് വിക്കറ്റിന്; റിസർവ് ദിനത്തിൽ അർധ സെഞ്ചുറിയുമായി പട നയിച്ച് വില്യംസൺ; ഏകദിന കിരീടം കൈവിട്ട ഇംഗ്ലീഷ് മണ്ണിൽ കിവീസിന്റെ ഉയിർപ്പ്

മഴയുടെ കനിവും ഇന്ത്യയെ തുണച്ചില്ല; ആധികാരിക ജയത്തോടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ട് ന്യൂസീലൻഡ്; കോലിയേയും സംഘത്തെയും കീഴടക്കിയത് എട്ട് വിക്കറ്റിന്; റിസർവ് ദിനത്തിൽ അർധ സെഞ്ചുറിയുമായി പട നയിച്ച് വില്യംസൺ; ഏകദിന കിരീടം കൈവിട്ട ഇംഗ്ലീഷ് മണ്ണിൽ കിവീസിന്റെ ഉയിർപ്പ്

സ്പോർട്സ് ഡെസ്ക്

സതാംപ്ടൻ: വില്ലനായെത്തിയ മഴയേയും ദുർബലവുമായ ഇന്ത്യയുടെ പ്രതിരോധങ്ങളെയും ഭേദിച്ച് ആധികാരിക ജയത്തോടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ട് ന്യൂസീലൻഡ്. ബാറ്റിങ്ങും ബോളിങ്ങിലും ഒരുപോലെ ദുർബലമായിപ്പോയ ടീം ഇന്ത്യ ഫൈനലിൽ ന്യൂസീലൻഡിനോട് എട്ട് വിക്കറ്റിനാണ് തോറ്റത്.

തുടർച്ചയായി രണ്ടു തവണ കപ്പിനും ചുണ്ടിനുമിടയിൽ ഏകദിന കിരീടം കൈവിട്ട ചരിത്രമുള്ള കിവീസ് ഇംഗ്ലീഷ് മണ്ണിൽ വച്ചുതന്നെ കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി പിഴ തീർത്തു. മഴമൂലം റിസർവ് ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ കിവീസിന്റെ ആധികാരിക ജയം.

2 വിക്കറ്റിന് 64 എന്ന സ്‌കോറിൽ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യയെ കിവീസ് 170 റൺസിൽ എറിഞ്ഞൊതുക്കി. 53 ഓവറിൽ 139 എന്ന വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ കെയ്ൻ വില്യംസണും സംഘവും മറികടന്നു സ്‌കോർ: ഇന്ത്യ 217,170, ന്യൂസീലൻഡ് 249, 2/140.

അവസാന ദിവസം പിടിച്ചുനിന്നു മത്സരം രക്ഷിച്ചെടുക്കുന്നതിനു പകരം അനാവശ്യ ഷോട്ടുകളിലൂടെ ബാറ്റ്‌സ്മാന്മാർ വിക്കറ്റു വലിച്ചെറിഞ്ഞതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. കിവീസിന്റെ 2 വിക്കറ്റ് വീഴ്‌ത്തിയ രവിചന്ദ്രൻ അശ്വിൻ ഇന്ത്യയ്ക്ക് അൽപനേരം പ്രതീക്ഷ നൽകിയെങ്കിലും മറ്റു ബോളർമാർ അവസരത്തിനൊത്ത് ഉയർന്നില്ല. മറുവശത്ത് കരുതലോടെ ബാറ്റു ചെയ്ത ന്യൂസീലൻഡ് 43 പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം എത്തിപ്പിടിച്ചു.

44 റൺസിനിടെ 2 വിക്കറ്റ് വീണതോടെ ഒത്തു ചേർന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (89 പന്തിൽ 52*), റോസ് ടെയ്ലർ (100 പന്തിൽ 47*) എന്നിവരുടെ അപരാജിത കൂട്ടുകെട്ടാണു കിവീസിനെ വിജയത്തിലെത്തിച്ചത്. അശ്വിനെ കയറി അടിക്കാൻ ശ്രമിച്ച ടോം ലാഥത്തെ (9) ഋഷഭ് പന്ത് സ്റ്റംപ് ചെയ്താണു പുറത്താക്കിയത്. ഡെവോൺ കോൺവേയെ (19) അശ്വിൻ വിക്കറ്റിനു മുന്നിൽ കുരുക്കി.

ഒരു റൺസ് എടുത്തുനിൽക്കെ അശ്വിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയ വില്യംസൻ റിവ്യൂവിലൂടെയാണു രക്ഷപ്പെട്ടത്. 45 റൺസ് എടുത്തു നിൽക്കെ ഷമിയുടെ പന്തിൽ ബുമ്രയും വില്യംസനെ നിലത്തിട്ടു. 26 റൺസ് എടുത്തു നിൽക്കെ ബുമ്രയുടെ പന്തിൽ ഒന്നാം സ്ലിപ്പിൽ ചേതേശ്വർ പൂജാര റോസ് ടെയ്ലറെ വിട്ടു കളഞ്ഞതും ഇന്ത്യയ്ക്കു വിനയായി.

മഴയിൽ മുങ്ങിയ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ജാമിസണിനു മുന്നിൽ മുട്ടുവിറച്ച് 217 റൺസ് മാത്രമാണ് നേടാനായത്. 32 റൺസ് ലീഡോടെ 249 റൺസായിരുന്നു കിവീസിന്റെ മറുപടി. രണ്ടാമിന്നിങ് ഇന്ത്യ വെറും 170 റൺസിന് കൂടാരം കയറി.

രണ്ടാമിന്നിങ്‌സിൽ 41 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്തിന് ഒഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനായില്ല. നാല് വിക്കറ്റെടുത്ത ടിം സൗത്തിയുടേയും മൂന്നു വിക്കറ്റ് വീഴ്‌ത്തിയ ട്രെന്റ് ബോൾട്ടിന്റേയും രണ്ടു വിക്കറ്റെടുത്ത കൈൽ ജാമിസന്റെയും മുന്നിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ തകർന്നു. നീൽ വാഗ്‌നർ ഒരു വിക്കറ്റെടുത്തു.

രണ്ട് വിക്കറ്റിന് 64 റൺസ് എന്ന നിലയിൽ റിസർവ് ദിനത്തിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഏഴ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ക്യാപ്റ്റൻ വിരാട് കോലിയെ നഷ്ടമായി. 29 പന്തിൽ 13 റൺസെടുത്ത കോലി വീണ്ടും ജാമിസണ് മുന്നിൽ വീണു. ഒരു റൺ കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ ചേതേശ്വർ പൂജാരയും (15) ക്രീസ് വിട്ടു. ജാമിസണ് തന്നെയായിരുന്നു വിക്കറ്റ്. പിന്നീട് അജിങ്ക്യ രഹാനേയും ഋഷഭ് പന്തും പിടിച്ചുനിൽക്കാൻ നോക്കി. എന്നാൽ 15 റൺസെടുത്ത രഹാനയെ പുറത്താക്കി ട്രെന്റ് ബോൾട്ട് കിവീസിന് മേൽക്കൈ നൽകി.

ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയും 33 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 16 റൺസെടുത്ത ജഡേജയെ പുറത്താക്കി വാഗ്‌നർ ഈ കൂട്ടുകെട്ട് പൊളിച്ചു. ലഞ്ചിന് ശേഷം ഇന്ത്യയുടെ ആദ്യ വിക്കറ്റായിരുന്നു അത്. പിന്നാലെ ഋഷഭ് പന്തിനെ ബോൾട്ട് തിരിച്ചയച്ചു. സ്‌കോർ ബോർഡിൽ അപ്പോൾ 156/7. ഒരു പന്തിന്റെ ഇടവേളയിൽ അശ്വിനും (7) ക്രീസ് വിട്ടു. സ്‌കോർ ബോർഡിൽ അപ്പോഴും അതേ സ്‌കോറായിരുന്നു.

അടുത്തത് ടിം സൗത്തിയുടെ ഊഴമായിരുന്നു. മുഹമ്മദ് ഷമിയേയും ജസ്പ്രീത് ബുംറയേയും സൗത്തി ടോം ലാഥത്തിന്റെ കൈയിലെത്തിച്ചു. ഒരു റണ്ണുമായി ഇഷാന്ത് ശർമ പുറത്താകാതെ നിന്നു.

ഓപ്പണർമാരായ രോഹിത് ശർമയേയും ശുഭ്മാൻ ഗില്ലിനേയും അഞ്ചാം ദിനം ഇന്ത്യക്ക് നഷ്ടമായിരുന്നു. ശുഭ്മാൻ എട്ടു റൺസും രോഹിത് 30 റൺസുമെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP