Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആറിൽ ആറാടി ഇന്ത്യ! ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിൽ തോൽവി അറിയാതെ ക്വാർട്ടറിൽ; ധോണിയും മുന്നിൽ നിന്നും നയിച്ചപ്പോൾ സിംബാവേക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം; സുരേഷ് റെയ്‌ന്ക്ക് സെഞ്ച്വറി

ആറിൽ ആറാടി ഇന്ത്യ! ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിൽ തോൽവി അറിയാതെ ക്വാർട്ടറിൽ; ധോണിയും മുന്നിൽ നിന്നും നയിച്ചപ്പോൾ സിംബാവേക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം; സുരേഷ് റെയ്‌ന്ക്ക് സെഞ്ച്വറി

ഓക്‌ലൻഡ്: തുടർച്ചയായി ആറ് വിജയങ്ങൾ സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറി. ക്യാപ്ക്ടർ മഹേന്ദ്ര സിങ് ധോണി മുന്നിൽ നിന്നും നയിച്ച മത്സരത്തിൽ ഇന്ത്യ സിംബാവേയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഗ്രൂപ്പ് ബിയിലെ ജേതാക്കളായത്. ചെന്നൈ സൂപ്പർ കിങ്‌സിലെ ഉറ്റ തോഴൻ കൂടിയായ സുരേഷ് റെയ്‌നയുമായുണ്ടാക്കിയ കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്.

സിംബാബ്‌വേ ഉയർത്തിയ വിജയലക്ഷ്യമായ 288 റൺസ് 48.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. മുൻനിര ബാറ്റ്‌സ്മാന്മാർ പരാജയപ്പെട്ടപ്പോൾ ഒരുഘട്ടത്തിൽ ഇന്ത്യ പരാജയപ്പെടുമോ എന്ന ആശങ്കയിലായി ആരാധകർ. എന്നാൽ ഇന്ത്യൻ ബാറ്റിംഗിന്റെ ആഴം മുൻനിരയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന വ്യക്തമാക്കി ധോണിയും റെയ്‌നയും ഇന്ത്യയെ വിജയതീരത്തേക്ക് എത്തിക്കുകയായിരുന്നു. 94 പന്തിലായിരുന്നു റെയ്‌നയുടെ സെഞ്ച്വറി. റെയ്‌നയുടെ അഞ്ചാമത്തേയും ലോകകപ്പിലെ ആദ്യ സെഞ്ച്വറിയുമാണിത്. 104 പന്തിൽ ഒമ്പത് ഫോറും നാലു സിക്‌സറും പായിച്ച റെയ്‌ന 110 റൺസെടുത്ത് പുറത്താവാതെ നിന്നു. ധോണി 76 പന്തിൽ 85 റൺസുമായി പുറത്താവാതെ നിന്നു. വ്യാഴാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ.

നേരത്തെ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ടീം സ്‌കോർ 21ൽ നിൽക്കെ ഓപ്പണർമാരായ രോഹിത് ശർമ (16), ശിഖർ ധവാൻ (4) എന്നിവർ പവലിയനിൽ മടങ്ങിയെത്തി. തുടർന്ന് വന്ന വിരാട് കോഹ്‌ലി (38) പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും സിക്കന്ദർ റാസയുടെ പന്തിൽ ബൗൾഡായി. മനോഹരമായ സ്പിൻ ബൗളിംഗിൽ കോലിയുടെ വിക്കറ്റ് തെറിക്കുകയായിരുന്നു. 19 റൺസെടുത്ത അജിങ്ക രഹാനെ റണ്ണൗട്ടാവുകയും ചയ്തതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ഇതോടെ ഒത്തുചേർന്ന ധോണിയും റെയ്‌നയും പതിയ അടിച്ചു തുടങ്ങിയ ശേഷം റൺനിരക്ക് ഉയർത്തേണ്ട ഘട്ടത്തിൽ ഗിയർ മാറ്റുകയായിരുന്നു. അപരാജിതമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ധോണിയും റെയ്‌നയും ചേർന്ന് 196 റൺസെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വേ 48.5 ഓവറിൽ 287റൺസിന് പുറത്തായി. ബ്രണ്ടൻ ടെയ്‌ലർ നേടിയ സെഞ്ച്വറിയാണ് സിംബാബ്‌വേയെ മികച്ച സ്‌കോറിലെത്തിച്ചത്. ടെയ്‌ലർ 110 പന്തുകളിൽ നിന്ന് അഞ്ച് സിക്‌സും 15 ഫോറും ഉൾപ്പെടെയാണ് ടെയ്‌ലർ 138 റൺസെടുത്തത്. സീൻ വില്യംസ് 50 റൺസെടുത്ത് പുറത്തായി. 33 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ സിംബാബ്‌വേയെ നാലാം വിക്കറ്റിൽ ടെയ്‌ലറും വില്യംസും ചേർന്നെടുത്ത 93 റൺസാണ് കരകയറ്റിയത്.

 

അഞ്ചാം വിക്കറ്റിൽ ഇർവിനുമൊത്ത് 109 റൺസും ടെയ്‌ലർ ചേർത്തു. നാൽപത്തിരണ്ടാം ഓവറിൽ മോഹിത് ശർമയുടെ പന്തിൽ ധവാൻ പിടിച്ച് ടെയ്‌ലർ പുറത്താവുന്‌പോൾ സിംബാബ്‌വേ അഞ്ചിന് 235 എന്ന നിലയിലായിരുന്നു. ഏഴാം വിക്കറ്റിൽ ഇർവിനും (27), സിക്കന്ദർ റാസ (28) എന്നിവർ ചേർന്നെടുത്ത 35 റൺസാണ് സിംബാബ്‌വേയെ ഈ സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്കു വേണ്ടി ഷാമി, മോഹിത് ശർമ, ഉമേഷ് യാദവ് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP