Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓസീസിനെതിരായ സെമി പോരാട്ടത്തിന് കളമുണരുമ്പോൾ ആരാധകരുടെ മനസ് യുവിക്കൊപ്പം; ക്യാൻസർ വേദന കടിച്ചമർത്തി ഓസ്‌ട്രേലിയയെ തുരത്തിയ യുവരാജിന്റെ ഓർമകളിൽ കളിപ്രേമികൾ

ഓസീസിനെതിരായ സെമി പോരാട്ടത്തിന് കളമുണരുമ്പോൾ ആരാധകരുടെ മനസ് യുവിക്കൊപ്പം; ക്യാൻസർ വേദന കടിച്ചമർത്തി ഓസ്‌ട്രേലിയയെ തുരത്തിയ യുവരാജിന്റെ ഓർമകളിൽ കളിപ്രേമികൾ

മറുനാടൻ മലയാളി ബ്യൂറോ

സിഡ്‌നി: 'വി മിസ് യൂ യുവരാജ്'... ലോകകപ്പ് വേദിയിൽ വീണ്ടുമൊരു ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ ആരാധകരുടെ മനസിൽ തെളിയുന്നത് ഓൾ റൗണ്ടർ യുവരാജ് സിങ്ങിന്റെ വീരോചിത പോരാട്ടങ്ങൾ.

28 വർഷങ്ങൾക്കിപ്പുറം ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ ആ നേട്ടത്തിൽ മുഖ്യപങ്കുവഹിച്ചത് അർബുദമെന്ന മാരകരോഗത്തിന്റെ വേദനകൾ കടിച്ചമർത്തി പോരാടിയ ഈ 33കാരനാണ്. കപ്പിലേക്കുള്ള പാതയിൽ ഓസ്‌ട്രേലിയയെ ക്വാർട്ടറിൽ ഇന്ത്യ പിച്ചിച്ചീന്തിയപ്പോൾ അവിടെയും തലയുയർത്തി നിന്നത് യുവരാജ് എന്ന താരമായിരുന്നു.

1983ലെ വിജയത്തിനുശേഷം നടന്ന ലോകകപ്പ് മത്സരങ്ങളിൽ വെറും മൂന്നുതവണ മാത്രമാണ് ഇന്ത്യക്ക് ഓസ്‌ട്രേലിയയെ തോൽപ്പിക്കാനായത്. ആ മൂന്നു തവണയും മികച്ച പ്രകടനത്തിലൂടെ ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത് യുവരാജാണ്. 2011 ലോകകപ്പിനു മുമ്പ് 2007ലെയും 2014ലെയും ട്വന്റി 20 ലോകകപ്പുകളിലാണ് യുവരാജിന്റെ മികവിൽ ടീം ഇന്ത്യ ഓസ്‌ട്രേലിയയെ നിലംപരിശാക്കിയത്.

2011 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തിയ ഇന്ത്യയെ കാത്തിരുന്നത് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയായിരുന്നു. പരാജയമറിയാതെ എത്തിയ ഓസ്‌ട്രേലിയൻ ടീം ഒരുവശത്ത്. നോക്കട്ട് റൗണ്ടിൽ സ്വന്തം കാണികളുടെ മുന്നിൽ കളിക്കുന്നതിന്റെ സമ്മർദം മറുവശത്ത്. എന്നാൽ, ഈ പ്രതിസന്ധികളെല്ലാം മറികടക്കാൻ ഇന്ത്യൻ ടീമിനെ സഹായിച്ചത് അക്ഷരാർഥത്തിൽ യുവരാജ് എന്ന സൂപ്പർ താരമാണ്.

ഓസ്‌ട്രേലിയയെ 260 റണ്ണിന് ഇന്ത്യ ഒതുക്കിയപ്പോൾ നിർണായകമായ രണ്ടുവിക്കറ്റുകൾ വീഴ്‌ത്തിയത് യുവരാജ് സിങ്ങാണ്. 53 റൺ നേടിയ ഓപ്പണർ ബ്രാഡ് ഹാഡിനെ റെയ്‌നയുടെ കൈയിൽ എത്തിച്ച യുവരാജ് തൊട്ടുപിന്നാലെ ഇപ്പോഴത്തെ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിനെയും മടക്കി. വെറും എട്ടു റൺ മാത്രമാണ് അന്ന് ക്ലാർക്കിന് നേടാനായത്. 10 ഓവറിൽ 44 റൺ മാത്രം നൽകി രണ്ടു വിക്കറ്റെടുത്ത യുവരാജാണ് അന്ന് ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം നടത്തിയ ബൗളർ.

മറുപടിക്കിറങ്ങിയ ഇന്ത്യക്കുവേണ്ടി 65 പന്തിൽ പുറത്താകാതെ 57 റൺ നേടി ടോപ് സ്‌കോററായതും യുവി തന്നെ. കളിയിലെ കേമനായി യുവിയെ തെരഞ്ഞെടുക്കാൻ ഒഫീഷ്യൽസിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.

2007ൽ ആദ്യ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയപ്പോഴും യുവരാജിന്റെ കൈയൊപ്പ് അതിൽ പതിഞ്ഞിരുന്നു. ഇംഗ്ലണ്ടിന്റെ സ്റ്റ്യുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ ആറു സിക്‌സർ പറത്തിയ യുവരാജ് ഓസ്‌ട്രേലിയക്കെതിരെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇപ്പോഴത്തേതു പോലെ അന്നും രണ്ടാം സെമിയിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 188 റണ്ണാണ് അടിച്ചു കൂട്ടിയത്. 30 പന്തിൽ അഞ്ചുവീതം സിക്‌സും ഫോറും ഉൾപ്പെടെ 70 റൺ നേടിയ യുവരാജായിരുന്നു കളിയിലെ മാൻ ഓഫ് ദ മാച്ച്.

പിന്നീട് ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖം വന്നത് 2014ലെ ട്വന്റി 20 ലോകകപ്പിലാണ്. ധാക്കയിൽ ഗ്രൂപ്പ് ഘട്ടത്തിലാണ് ഇന്ത്യക്ക് ഓസീസിനെ നേരിടേണ്ടി വന്നത്. 2007ലെ മികവ് ഏഴുവർഷങ്ങൾക്കിപ്പുറവും കാത്തുവയ്ക്കാൻ യുവരാജിനു കഴിഞ്ഞു. 159 റണ്ണെടുത്ത ഇന്ത്യയെ ആ സ്‌കോറിലെത്താൻ സഹായിച്ചത് 43 പന്തിൽ അഞ്ചു ഫോറും നാലു സിക്‌സുമുൾപ്പെടെ 60 റണ്ണെടുത്ത യുവരാജാണ്. അശ്വിന്റെ നാലുവിക്കറ്റ് മികവിൽ ഓസീസിനെ വെറും 86 റണ്ണിന് എറിഞ്ഞൊതുക്കാൻ ഇന്ത്യക്കു സാധിച്ചു.

വീണ്ടുമൊരു ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് പോരാട്ടം തൊട്ടുമുന്നിലെത്തുമ്പോൾ ആരാധകർ ഓർക്കുന്നത് ഈ യോദ്ധാവിന്റെ മികച്ച പ്രകടനം തന്നെയാണ്. ഇക്കുറി ടീമിൽ ഇല്ലെങ്കിലും മാനസികമായി യുവരാജ് ടീമിനൊപ്പം തന്നെയുണ്ട്. ഇന്ത്യ ലോകകപ്പ് നിലനിർത്തുമെന്നു തന്നെയാണ് യുവരാജ് വിശ്വസിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ സ്പിന്നർമാർക്ക് നിർണായക പങ്കുവഹിക്കാൻ കഴിയും. സ്പിന്നർമാരെ സഹായിക്കുന്ന സിഡ്‌നി പിച്ചിൽ അതിന്റെ ആനുകൂല്യം മുതലെടുക്കാൻ ഇന്ത്യക്കു കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നാണ് യുവരാജ് പറയുന്നത്. സെമിയിലും ഫൈനലിലും മികച്ച വിജയം നേടി ടീം ഇന്ത്യ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഈ ഓൾ റൗണ്ടർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP