Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ബുധനാഴ്ച; ദേശീയ ടീമിൽ 'പുതിയ തുടക്കം' ലക്ഷ്യമിട്ട് കോലി; രാഹുലിന്റെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ ശ്രവിച്ച് താരം; റൺമെഷീൻ സജീവമാകുമെന്ന പ്രതീക്ഷയിൽ ആരാധകർ

ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ബുധനാഴ്ച; ദേശീയ ടീമിൽ 'പുതിയ തുടക്കം' ലക്ഷ്യമിട്ട് കോലി; രാഹുലിന്റെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ ശ്രവിച്ച് താരം; റൺമെഷീൻ സജീവമാകുമെന്ന പ്രതീക്ഷയിൽ ആരാധകർ

സ്പോർട്സ് ഡെസ്ക്

കേപ് ടൗൺ: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമാകാനിരിക്കെ ആരാധകരുടെ കണ്ണുകൾ വിരാട് കോലിയിൽ. ട്വന്റി20, ഏകദിന ടീമുകൾക്കു പിന്നാലെ ടെസ്റ്റ് ടീമിന്റെയും നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയതോടെ ദേശീയ ടീമിൽ 'പുതിയ തുടക്കം' ലക്ഷ്യമിട്ടാണ് കോലി ഇറങ്ങുന്നത്.

നായകസ്ഥാനത്തിന്റെ ഭാരങ്ങൾ ഒഴിഞ്ഞ് വീണ്ടും ടീമിലെ 'സാധാരണ കളിക്കാരനായി' മാറിയ കോലിയുടെ പുതിയൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ടീമിന്റെ പരിശീലന വേദിയിൽനിന്നുള്ളതാണ് ചിത്രം.

 

പരിശീലനത്തിനിടെ ഇന്ത്യൻ ടീമംഗങ്ങൾക്ക് പരിശീലകൻ രാഹുൽ ദ്രാവിഡും ടീം നായകൻ കെ.എൽ.രാഹുലും നിർദ്ദേശങ്ങൾ നൽകുന്ന ചിത്രമാണിത്. എന്നാൽ, ഇതിൽ ശ്രദ്ധ നേടിയത് മറ്റു താരങ്ങൾക്കൊപ്പം ഒരു സാധാരണക്കാരനായി പരിശീലകന്റെയും ക്യാപ്റ്റന്റെയും വാക്കുകൾ ശ്രവിക്കുന്ന വിരാട് കോലിയുടെ ചിത്രമാണ്.

ഇതുവരെ നായകനെന്ന നിലയിൽ സഹതാരങ്ങൾക്ക് പ്രചോദനവും നിർദ്ദേശങ്ങളും നൽകിയിരുന്ന കോലി, ഇപ്പോൾ പുതിയ ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ നിർദ്ദേശങ്ങൾ ശ്രവിക്കുന്ന ചിത്രം കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ബിസിസിഐയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുന്നോടിയായാണ് വിരാട് കോലിയെ സിലക്ടർമാർ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയത്. ഇത് പിന്നീട് വിവാദമായിരുന്നു. കോലിക്കു പകരം രോഹിത് ശർമയേയാണ് സിലക്ടർമാർ നായകനായി പ്രഖ്യാപിച്ചതെങ്കിലും, രോഹിത് പരുക്കേറ്റ് പിന്മാറിയതോടെയാണ് രാഹുൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നായകനായത്.

ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ക്യാപ്റ്റൻസി ഭാരമില്ലാതെ കോലി ഇന്ത്യൻ നിരയിൽ പാഡണിയുന്നത്. വെറുമൊരു ബാറ്റ്സ്മാനായി ഇറങ്ങുമ്പോൾ ആരാധകരെ ഏറെ പ്രതീക്ഷിക്കുന്നുമുണ്ട്. സെഞ്ചുറികൾ വാരികൂട്ടിയിരുന്ന ആ പഴയ റൺമെഷീനായ കോലിയെ കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇതിനിടെ ചില നാഴികക്കല്ലുകളും കോലിയെ കാത്തിരിക്കുന്നുണ്ട്. 2019 നവംബറിലാണ് കോലി കോലി അവസാന സെഞ്ചുറി നേടിയത്. അവസാനം കളിച്ച 15 ടെസ്റ്റുകളിൽ 28.14 മാത്രമാണ് ശരാശരി. ഇതിൽ ആറ് അർധ സെഞ്ചുറിയും ഉൾപ്പെടും. അവസാന 15 ഏകദിനങ്ങളിൽ 43.36 ശരാശരിയിൽ 649 റൺസാണ് നേടിയത്.

കോലി നാളെ ഏകദിനത്തിന് ഇറങ്ങുമ്പോൾ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിനേയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയേയും മറികടക്കാനുള്ള അവസരവും വന്നുചേർന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുൽ റൺസ് നേടുന്ന ഇന്ത്യക്കാരിൽ രണ്ടാമനാവാനുള്ള അവസരമാണ് കോലിക്ക്. 26 റൺസ് കൂടി നേടിയാൽ ദ്രാവിഡിനെ (1309) മറികടക്കാം. ഗാംഗുലിയുടെ അക്കൗണ്ടിൽ 1313 റൺസാണുള്ളത്. 2001 റൺസ് നേടിയ സച്ചിനാണ് ഒന്നാമൻ.

ലോകതാരങ്ങളെടുത്താൻ കോലി എട്ടാം സ്ഥാനത്താണ്. സച്ചിന് പിറകിൽ റിക്കി പോണ്ടിങ് (1879) രണ്ടാം സ്ഥാനത്തുണ്ട്. കുമാർ സംഗക്കാര (1789), സ്റ്റീവ് വോ (1581), ശിവ്നരൈയ്ൻ ചന്ദർപോൾ (1559) എന്നിവരെല്ലാം പട്ടികയിലുണ്ട്. ദക്ഷിണാഫ്രിക്കയിൽ മാത്രം അവർക്കെതിരെ 887 റൺസാണ് കോലിക്കുള്ളത്. ഇക്കാര്യത്തിൽ ദ്രാവിഡിനെ പിന്തള്ളാൻ അവസരുണ്ട്.

ഇന്ത്യക്കാരിൽ ദ്രാവിഡ് (930) മൂന്നാം സ്ഥാനത്താണ്. ഗാംഗുലി 1048 റൺസോടെ രണ്ടാം സ്ഥാനത്താണ്. സച്ചിനാണ് (1453) ഒന്നാമത്. ലോകതാരങ്ങളിൽ പോണ്ടിങ് (1423) സച്ചിന് പിറകിൽ രണ്ടാമത് നിൽക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP