Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202131Saturday

കപിൽദേവിനു മുൻപ് ഇന്ത്യ കണ്ട മികച്ച ഓൾറൗണ്ടർ; 1000 റൺസും 100 വിക്കറ്റും നേടിയ ആദ്യ ഇന്ത്യൻതാരം; ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും പ്രായമേറിയ നായകൻ; ഐസിസിയുടെ ഹാൾ ഓഫ് ഫെയിമിൽ ഇനി വിനു മങ്കാദും; ആദരം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി

കപിൽദേവിനു മുൻപ് ഇന്ത്യ കണ്ട മികച്ച ഓൾറൗണ്ടർ; 1000 റൺസും 100 വിക്കറ്റും നേടിയ ആദ്യ ഇന്ത്യൻതാരം; ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും പ്രായമേറിയ നായകൻ; ഐസിസിയുടെ ഹാൾ ഓഫ് ഫെയിമിൽ ഇനി വിനു മങ്കാദും; ആദരം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി

സ്പോർട്സ് ഡെസ്ക്

ദുബായ്: മുൻ ഇന്ത്യൻ നായകനും ഓൾറൗണ്ടറുമായ വിനു മങ്കാദിനെയടക്കം പത്ത് താരങ്ങളെക്കൂടി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. അഞ്ച് വിഭാഗങ്ങളിലായി രണ്ടു താരങ്ങളെ വീതമാണ് ഇക്കുറി ഐസിസി ആദരവിന്റെ പട്ടികയിലേക്ക് ചേർത്തത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനു മുന്നോടിയായിട്ടാണ് ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിമിലേക്കു ഇതിഹാസ താരങ്ങളെ ഐസിസി ഉൾപ്പെടുത്തിയത്.

1946-70 കാലഘട്ടത്തിലെ ഇതിഹാസങ്ങൾ എന്ന നിലയിലാണ് ഇന്ത്യയുടെ വിനു മങ്കാദും ഇംഗ്ലണ്ടിന്റെ ടെഡ് ഡക്സ്റ്ററും പട്ടികയിൽ ഇടം പിടിച്ചത്. ഇതോടെ ക്രിക്കറ്റിലെ ഹാൾ ഓഫ് ഫെയിമിൽ സ്ഥാനം നേടിയ ആകെ താരങ്ങളുടെ എണ്ണം 100 കവിഞ്ഞു (ആകെ 103 താരങ്ങൾ). മങ്കാദ് പട്ടികയിൽ സ്ഥാനം നേടിയതോടെ ഈ ഗണത്തിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം ഏഴായി.

2009 ജനുവരി 2നാണ് ഐസിസി മഹാന്മാരായ ക്രിക്കറ്റ് താരങ്ങളെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി ആദരിച്ചുതുടങ്ങിയത്. ഡബ്ല്യു.ജി. ഗ്രേസ്, ഡൊണാൾഡ് ബ്രാഡ്മാൻ എന്നിവരടക്കം ചരിത്രം രചിച്ച 55 താരങ്ങൾ ആദ്യ തവണ പട്ടികയിൽ ഇടം നേടി. ഇന്ത്യയിൽനിന്ന് സുനിൽ ഗാവസ്‌കർ, ബിഷൻസിങ് ബേദി എന്നിവരാണ് ആദ്യ പട്ടികയിൽ സ്ഥാനം നേടിയത്. (ആദ്യ പട്ടികയിൽ തന്നെ സ്ഥാനം നേടിയെങ്കിലും ഗാവസ്‌കറെ ഔപചാരികമായി ഉൾപ്പെടുത്തിയ ചടങ്ങ് നടന്നത് 2012ൽമാത്രം). കപിൽദേവ് (2010), അനിൽ കുംബ്ലെ (2015), രാഹുൽ ദ്രാവിഡ് (2018), സച്ചിൻ തെൻഡുൽക്കർ (2019) എന്നിവരാണ് ലോകക്രിക്കറ്റ് ആദരിച്ച മറ്റ് ഇന്ത്യക്കാർ.

ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിമിൽ ഏറ്റവും കൂടുതൽ താരങ്ങൾ ഇടം നേടിയത് ഇംഗ്ലണ്ടിൽനിന്നാണ് 30 താരങ്ങൾ. തൊട്ടുപിന്നിൽ ഓസ്‌ട്രേലിയയും (29) വെസ്റ്റ് ഇൻഡീസും (20). ഇന്ത്യ (7), പാക്കിസ്ഥാൻ (6), ദക്ഷിണാഫ്രിക്ക (5), ശ്രീലങ്ക (2), സിംബാബ്വെ (1) എന്നീ രാജ്യങ്ങളുടെ കളിക്കാരും ഇടംനേടിയ കൂട്ടത്തിലുണ്ട്.ഇന്ത്യൻ ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ സ്വന്തംപേരോടു ചേർത്തുവച്ച താരമാണ് വിനൂ മങ്കാദ് എന്ന എം.എച്ച്. മങ്കാദ്. ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്യാപ്റ്റനാണ് മങ്കാദ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ അവസാനമായി ടെസ്റ്റ് കളിക്കുമ്പോൾ മങ്കാദിന്റെ പ്രായം 41 വർഷവും 289 ദിവസവും (1959ൽ). ഇപ്പോഴും ഇതൊരു ഇന്ത്യൻ റെക്കോർഡ് ആണ്.

1917 ഏപ്രിൽ 12ന് ഗുജറാത്തിലെ ജംനഗറിലാണ് ജനനം. വലതുകൈകൊണ്ട് ബാറ്റുചെയ്യുകയും ഇടതുകൈ കൊണ്ട് ബോൾ ചെയ്യുകയും ചെയ്യുന്ന മികച്ചൊരു ഓൾറൗണ്ടർ. കപിൽദേവിനു മുൻപ് ഇന്ത്യയുടെ ഏറ്റവും മികച്ച ഓൾറൗണ്ടർ. ഒരു ടെസ്റ്റിൽ 5 വിക്കറ്റും സെഞ്ചുറിയും നേടുന്ന ആദ്യ ഇന്ത്യൻ താരം, 1000 റൺസും 100 വിക്കറ്റും സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരൻ തുടങ്ങിയ റെക്കോർഡുകൾക്ക് ഉടമയാണ് മങ്കാദ്. 1952ലെ ലോർഡ്‌സ് ടെസ്റ്റിലാണ് മങ്കാദിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് പിറന്നത് അന്ന് നേടിയ 72, 184 എന്നീ സ്‌കോറുകൾക്കൊപ്പം 73 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റ് പിഴുതത് വലിയ വാർത്തയായിരുന്നു.

അന്ന് ഇംഗ്ലിഷ് പത്രങ്ങൾ ആ മൽസരത്തെ ഇംഗ്ലണ്ട് മങ്കാദ് പോരാട്ടം എന്നാണ് വാഴ്‌ത്തിയത്. പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ ആദ്യപര്യടനം (195455) നയിച്ചത് മങ്കാദ് ആണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ഓപ്പണിങ് കൂട്ടുകെട്ടിന്റെ റെക്കോർഡ് അരനൂറ്റാണ്ടു കാലം മങ്കാദ് പങ്കജ് റോയി സഖ്യത്തിന്റെ പേരിലായിരുന്നു. 195556ലെ ഇന്ത്യ ന്യൂസിലൻഡ് ചെന്നൈ ടെസ്റ്റിലാണ് ചരിത്രം പിറന്നത്. ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്ത മങ്കാദും റോയിയും ചേർന്ന് പടുത്തുയർത്തിയത് 413 റൺസിന്റെ കൂറ്റൻ സ്‌കോർ. മങ്കാദ് 231 റൺസും പങ്കജ് റോയി 173 റൺസും നേടി. ഒരു ദിവസം മുഴുവൻ ബാറ്റ് ചെയ്ത ആദ്യ ഇന്ത്യൻ സഖ്യമായിരുന്നു ഇവർ.2008ൽ മാത്രമാണ് ഈ റെക്കോർഡ് തകർന്നത്. ആകെ 44 ടെസ്റ്റുകളിൽനിന്നായി 2109 റൺസും 162 വിക്കറ്റുകളും കൊയ്തു. ആറ് ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച മങ്കാദിന് ഇന്ത്യയ്ക്ക് ഒരു വിജയം പോലും സമ്മാനിക്കാനായില്ല. അഞ്ച് സമനിലയും ഒരു തോൽവിയും. 1947ൽ വിസ്ഡൻ ക്രിക്കറ്റർ ബഹുമതി നൽകി ആദരിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ എല്ലാ പൊസിഷനുകളിലും ബാറ്റ് ചെയ്തിട്ടുള്ള അപൂർവ താരങ്ങളിലൊരാളാണ്.

ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്തും ഒരുപിടി റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പ്രഫഷനൽ ക്രിക്കറ്റ് താരമായ ആദ്യ ഇന്ത്യക്കാരൻ അദ്ദേഹമാണ്. 1952ൽ ലങ്കാഷറുമായി കരാർ ഒപ്പിട്ടതിലൂടെ പ്രഫഷനൽ താരമാകുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായി. ഇതോടെ ബിസിസിഐയുമായി ഉടക്കുവീണു. ഏതെങ്കിലും ഉൽപ്പന്നത്തിന്റെ പരസ്യകരാറിൽ ഒപ്പിട്ട ആദ്യ ഇന്ത്യൻ താരവും അദ്ദേഹമാണ്.

വിനു മങ്കാദിന്റെ മകൻ അശോക് മങ്കാദ് ഇന്ത്യൻ ടെസ്റ്റ് താരമായിരുന്നു. ഏഴ് തവണ ദേശീയ വനിതാ ടെന്നിസ് ചാംപ്യൻപട്ടമണിഞ്ഞ നിരുപമാ വസന്താണ് അശോകിന്റെ ഭാര്യ. ഇവരുടെ മകൻ ഹർഷ് മങ്കാദ് ഇന്ത്യൻ ടെന്നിസ് താരമായി. ഡേവിസ് കപ്പിൽ കളിച്ചിട്ടുണ്ട്. നിരുപമയുടെ അച്ഛൻ മുൻ ഡേവിസ് കപ്പ് താരം ജോർജ് വസന്ത്. 1978ൽ മുംബൈയിൽവച്ചാണ് മങ്കാദ് മരിച്ചത്.


മങ്കാദിങ്ങിന്റെ പിറവി

ഏതെങ്കിലും ബാറ്റ്‌സ്മാൻ സ്വയം രൂപപ്പെടുത്തിയ ബാറ്റിങ് ശൈലി അയാളുടെ പേരിൽത്തന്നെ ക്രിക്കറ്റ് നിഘണ്ടുവിൽ സ്ഥാനം നേടിയ സംഭവങ്ങൾ നിരവധി. ദിൽഷൻ സ്‌കൂപ്പും മൊക്കെ അങ്ങനെ വന്ന ശൈലികളാണ്. ഇതുപോലെ ബോളിങ് ശൈലികളും പിറന്ന ചരിത്രമുണ്ട്. എന്നാൽ ഒരു ബാറ്റ്‌സ്മാൻ കളിക്കിടെ പുറത്താകുന്ന രീതി തന്നെ ഒരു താരത്തിന്റെ പേരിൽ ചരിത്രമാകുക അതിനുള്ള ഭാഗ്യമാണ് ഏഴു പതിറ്റാണ്ടു മുൻപ് വിനു മങ്കാദ് സ്വന്തമാക്കിയത്. 194748ലെ ഇന്ത്യയുടെ ഓസ്ട്രേലിയലൻ പര്യടനത്തിലാണ് മങ്കാദും അദ്ദേഹം നടത്തിയ ഒരു പുറത്താക്കലും ചരിത്രമായത്.ബോളിങ് പൂർത്തിയാക്കുംമുൻപെ ക്രീസ് വിട്ടിറങ്ങുന്ന നോൺ സ്ട്രൈക്കർക്കാമാരെ ബോളർമാർ പുറത്താക്കിയ സംഭവങ്ങൾ ഏറെയാണ്. അതിനു തുടക്കമിട്ട കളിക്കാരൻ മങ്കാദാണ്. 194748ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഓസീസ് താരം ബിൽ ബ്രൗണിനെയാണ് (വില്യം എ. ബ്രൗൺ) മങ്കാദിന് ഇങ്ങനെ പുറത്താക്കേണ്ടിവന്നത്. ബോളിങ് പൂർത്തിയാക്കും മുൻപേ ബ്രൗൺ ക്രീസ് വിട്ടിറങ്ങിയപ്പോൾ മങ്കാദ് പണി പറ്റിച്ചു; ബ്രൗൺ പുറത്ത്.

ബോളിങ് പൂർത്തിയാക്കും മുൻപേ ക്രീസ് വിടരുതെന്ന് രണ്ട് തവണ മങ്കാദ് ബ്രൗണിനെ ഉപദേശിച്ചിരുന്നു (ഇതേ പര്യടനത്തിലെ ഓസ്ട്രേലിയൻ ഇലവനെതിരെയുള്ള മൽസരത്തിലും ബ്രൗൺ മങ്കാദിനാൽ ഇങ്ങനെതന്നെ പുറത്തായിരുന്നു).  ഇങ്ങനെ പുറത്താക്കുന്നതിന് മങ്കാദിങ് എന്നൊരു ഓമനപ്പേരും ലഭിച്ചു. പുറത്തായ രീതി Mankaded എന്നും. മങ്കാദിന്റെ ഈ പ്രവർത്തി അന്ന് ഏറെ വിവാദവും ഒച്ചപ്പാടും ഉണ്ടാക്കി. സ്പോർട്സ്മാൻഷിപ്പില്ലാത്ത പെരുമാറ്റമായിപ്പോയി മങ്കാദിന്റെ ഈ പുറത്താക്കൽ എന്ന് ഓസിസ് ദിനപ്പത്രങ്ങൾ വിശേഷിപ്പിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP