Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരട്ട സെഞ്ചുറിയടിച്ച് സെലക്ടർമാർക്ക് പൃഥ്വി ഷായുടെ മറുപടി; ദേശീയ ടീമിൽ ഇടംലഭിച്ചതിന്റെ ആഹ്ലാദം തകർപ്പൻ സെഞ്ചുറിയോടെ ആഘോഷിച്ച് സൂര്യകുമാറും; പുതുച്ചേരിക്കെതിരെ 50 ഓവറിൽ മുംബൈ അടിച്ചുകൂട്ടിയത് 457 റൺസ്

ഇരട്ട സെഞ്ചുറിയടിച്ച് സെലക്ടർമാർക്ക് പൃഥ്വി ഷായുടെ മറുപടി; ദേശീയ ടീമിൽ ഇടംലഭിച്ചതിന്റെ ആഹ്ലാദം തകർപ്പൻ സെഞ്ചുറിയോടെ ആഘോഷിച്ച് സൂര്യകുമാറും; പുതുച്ചേരിക്കെതിരെ 50 ഓവറിൽ മുംബൈ അടിച്ചുകൂട്ടിയത് 457 റൺസ്

സ്പോർട്സ് ഡെസ്ക്

ജയ്പുർ: വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരെ ഇരട്ട സെഞ്ചുറിയുമായി മുംബൈ ക്യാപ്റ്റൻ പൃഥ്വി ഷാ. 142 പന്തിൽ ഇരട്ട സെഞ്ചുറിയിലെത്തിയ ഷാ 152 പന്തുകൾ നേരിട്ട് അഞ്ചു സിക്സും 31 ഫോറുമടക്കം 227 റൺസോടെ പുറത്താകാതെ നിന്നു.

ഓസ്‌ട്രേലിയൻ പര്യടനത്തിലെ മോശം പ്രകടനത്തെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കപ്പെട്ട പൃഥ്വി ഷാ വിജയ് ഹസാരെ ട്രോഫിയിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. തകർപ്പൻ സെഞ്ചുറിയുമായി വിജയ് ഹസാരെ ട്രോഫിയിൽ തുടക്കമിട്ട പൃഥ്വി ഷാ, ഇത്തവണ ഞെട്ടിച്ചത് ഇരട്ടസെഞ്ചുറിയുമായാണ്.

തകർത്തടിച്ച് ഇരട്ടസെഞ്ചുറി നേടിയ പൃഥ്വി ഷായ്‌ക്കൊപ്പം ഇന്ത്യൻ ടീമിലേക്ക് ആദ്യമായി ക്ഷണം ലഭിച്ച സൂര്യകുമാർ യാദവിന്റെ സെഞ്ചുറി കൂടിയായതോടെ വിജയ് ഹസാരെ ട്രോഫിയിലെ റെക്കോർഡ് സ്‌കോറും മുംബൈയുടെ പേരിലായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 457 റൺസ്!

ദിവസങ്ങൾക്കു മുൻപ് മധ്യപ്രദേശിനെതിരെ ജാർഖണ്ഡ് സ്വന്തമാക്കിയ റെക്കോർഡാണ് മുംബൈ തിരുത്തിയത്. അന്ന് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ജാർഖണ്ഡ് 422 റൺസാണ് അടിച്ചത്. 2010ൽ റെയിൽവേസിനെതിരെ മധ്യപ്രദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയ 412 റൺസിന്റെ റെക്കോർഡാണ് അന്ന് തകർന്നത്.

50 പന്തിൽ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് 58 പന്തുകൾ നേരിട്ട് നാലു സിക്സും 22 ഫോറുമടക്കം 133 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ പൃഥ്വി ഷാ സൂര്യകുമാർ സഖ്യം ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് മുംബൈയ്ക്ക് റെക്കോർഡ് സ്‌കോർ സമ്മാനിച്ചത്. വെറും 91 പന്തുകൾ ക്രീസിൽനിന്ന ഇരുവരും 201 റൺസാണ് മുംബൈ സ്‌കോർബോർഡിൽ എത്തിച്ചത്.

ലിസ്റ്റ് എ ക്രിക്കറ്റിൽ പൃഥ്വിയുടെ ആദ്യ ഇരട്ട സെഞ്ചുറിയാണിത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും തുടർന്നുള്ള ട്വന്റി 20 പരമ്പരയിൽ നിന്നും തഴയപ്പെട്ട പൃഥ്വിയുടെ മധുര പ്രതികാരം കൂടിയായി ഈ ഇരട്ട സെഞ്ചുറി.

സച്ചിൻ തെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ, കെ.വി കൗശൽ, സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ എന്നിവർക്കു ശേഷം ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറിയിലെത്തുന്ന ആറാമത്തെ താരമെന്ന നേട്ടവും പൃഥ്വി ഷാ സ്വന്തമാക്കി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്‌കോർ എന്ന നേട്ടവും ഇതോടെ പൃഥ്വിയുടെ പേരിലായി. ഡൽഹിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പൃഥ്വി സെഞ്ചുറി നേടിയിരുന്നു.

മുംബൈയ്ക്കായി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആദിത്യ താരെ അർധസെഞ്ചുറി നേടി. 64 പന്തുകൾ നേരിട്ട താരെ, ഏഴു ഫോറുകൾ സഹിതം 56 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ താരെയ്‌ക്കൊപ്പം പൃഥ്വി ഷാ കൂട്ടിച്ചേർത്ത 153 റൺസാണ് മുംബൈ ഇന്നിങ്‌സിന് അടിസ്ഥാനമിട്ടത്.

മുംബൈ നിരയിൽ നിരാശപ്പെടുത്തിയത് 16 പന്തിൽ ഒരു ഫോർ സഹിതം 10 റൺസെടുത്ത യുവ ഓപ്പണർ യശ്വസി ജയ്‌സ്വാൾ മാത്രം. അവസാന ഓവറുകളിൽ സ്‌കോറുയർത്താനുള്ള ശ്രമത്തിൽ ശിവം ദുബെയും (ഏഴു പന്തിൽ രണ്ട് സിക്‌സ് സഹിതം 16) പുറത്തായി. ഷാർദുൽ താക്കൂർ നാലു പന്തിൽ ആറു റൺസുമായി ഷായ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP