Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിജയ് ഹസാരെ ട്രോഫി; ബാറ്റ്‌സ്മാന്മാരുടെ കരുത്തിൽ കേരളത്തിന് മൂന്നാം ജയം; റെയിൽവേസിനെ കീഴടക്കിയത് ഏഴ് റൺസിന്; എലീറ്റ് ഗ്രൂപ്പ് സിയിൽ കേരളം ഒന്നാമത്

വിജയ് ഹസാരെ ട്രോഫി; ബാറ്റ്‌സ്മാന്മാരുടെ കരുത്തിൽ കേരളത്തിന് മൂന്നാം ജയം; റെയിൽവേസിനെ കീഴടക്കിയത് ഏഴ് റൺസിന്; എലീറ്റ് ഗ്രൂപ്പ് സിയിൽ കേരളം ഒന്നാമത്

സ്പോർട്സ് ഡെസ്ക്

ബെംഗളൂരു: റൺമല തീർത്ത ബാറ്റ്‌സ്മാന്മാരുടെ കരുത്തിൽ കേരളത്തിന് വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ജയം. ബാറ്റിങ് പറുദീസയായി മാറിയ ബെംഗളുരുവിലെ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ റെയിൽവേസിന്റെ പോരാട്ടവീര്യത്തെ ആത്മവിശ്വാസം കൊണ്ട് മറികടന്ന കേരളം ഏഴ് റൺസിനാണ് ജയം നേടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് നേടിയപ്പോൾ റെയിൽവേസിന്റെ മറുപടി 49.4 ഓവറിൽ 344 റൺസിൽ അവസാനിച്ചു.

ജയത്തോടെ മൂന്നു കളികളിൽനിന്ന് 12 പോയിന്റുമായി കേരളം എലീറ്റ് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. മൂന്നു മത്സരങ്ങളിൽനിന്ന് ആദ്യ തോൽവി വഴങ്ങിയ റെയിൽവേസാണ് രണ്ടാമത്. മൂന്നു മത്സരങ്ങളിൽനിന്ന് രണ്ടു ജയവുമായി ഉത്തർപ്രദേശ് മൂന്നാമതുണ്ട്.

അവസാന നിമിഷം വരെ റെയിൽവേസ് വിജയത്തിനായി പൊരുതി നോക്കിയെങ്കിലും കേരളം ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാനായില്ല. അവസാന ഓവറുകളിൽ തകർത്തടിച്ച് ഹർഷ് ത്യാഗിയും (32 പന്തിൽ ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 58), അമിത് മിശ്ര (10 പന്തിൽ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 23) എന്നിവർ ഒരുവേള ജയപ്രതീക്ഷ ഉയർത്തിയിരുന്നു.

എന്നാൽ അവസാന ഓവറിൽ തുടർച്ചയായ പന്തുകളിൽ ആദ്യം മിശ്രയെയും പിന്നാലെ ത്യാഗിയെയും പുറത്താക്കി എം.ഡി. നിധീഷാണ് മത്സരം കേരളത്തിന് അനുകൂലമാക്കിയത്. ഒൻപതാം വിക്കറ്റിൽ വെറും 24 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 59 റൺസാണ്!

ഓപ്പണർ മൃണാൾ ദേവ്ധർ (80 പന്തിൽ 79), അരിന്ദം ഘോഷ് (62 പന്തിൽ 64), സൗരഭ് സിങ് (52 പന്തിൽ 50) എന്നിവരുടെ അർധസെഞ്ചുറികളാണ് റെയിൽവേസിന് മറുപടി ബാറ്റിങ്ങിൽ വിജയപ്രതീക്ഷ നൽകിയത്. ഇതിനുശേഷമാണ് അവസാന ഓവറുകളിൽ ത്യാഗിയും മിശ്രയും ചേർന്ന് റെയിൽവേസിന് വീണ്ടും വിജയപ്രതീക്ഷ സമ്മാനിച്ചത്.

കേരളത്തിനായി എം.ഡി. നിധീഷ് 9.4 ഓവറിൽ 83 റൺസ് വഴങ്ങിയെങ്കിലും അവസാന ഓവറിലെ നിർണായകമായ രണ്ടു വിക്കറ്റ് സഹിതം മൂന്നു വിക്കറ്റ് വീഴ്‌ത്തി. 10 ഓവറിൽ 40 റൺസിന് ഒരു വിക്കറ്റെടുത്ത ജലജ് സക്‌സേനയുടെ ബോളിങ്ങും നിർണായകമായി. എസ്. ശ്രീശാന്ത് 10 ഓവറിൽ 68 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. എൻ.പി. ബേസിൽ, ക്യാപ്റ്റൻ സച്ചിൻ ബേബി എന്നിവർക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

ഓപ്പണർമാരായ റോബിൻ ഉത്തപ്പയുടെയും വൈസ് ക്യാപ്റ്റൻ വിഷ്ണു വിനോദിന്റെയും തകർപ്പൻ സെഞ്ചുറികളാണ് കേരളത്തിന് കരുത്തായത്. 104 പന്തിൽ എട്ടു ഫോറും അഞ്ച് സിക്‌സും സഹിതം ഉത്തപ്പ 100 റൺസെടുത്തപ്പോൾ, 107 പന്തുകൾ നേരിട്ട വിഷ്ണു വിനോദ് അഞ്ച് ഫോറും നാലു സിക്‌സും സഹിതം 107 റൺസുമെടുത്തു.

സഞ്ജു സാംസൺ, 29 പന്തിൽ ആറു ഫോറും നാലു സിക്‌സും സഹിതം 61 റൺസ് നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച വത്സൽ ഗോവിന്ദിന്റെ ഇന്നിങ്‌സാണ് (34 പന്തിൽ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം പുറത്താകാതെ 46) കേരള സ്‌കോർ 350 കടത്തിയത്. സർവീസസിനായി ക്യാപ്റ്റൻ കാൺ ശർമ, പ്രദീപ് പൂജാർ എന്നിവർ രണ്ടും അമിത് മിശ്ര, ശിവം ചൗധരി എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP