Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കളം വിട്ടെങ്കിലും കളിയിൽ വമ്പനായി ഇവിടെതന്നെയുണ്ട് ചേട്ടൻ! രണ്ടു ദിവസത്തെ മത്സരത്തിൽ രണ്ടു തകർപ്പൻ ക്യാച്ചുകൾ; ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി വീണ്ടും യൂസഫ് പഠാൻ; 'ഇതെന്താ, പക്ഷിയോ എന്ന് സഹോദരന്റെ ഡൈവ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് ഇർഫാൻ പഠാനും

കളം വിട്ടെങ്കിലും കളിയിൽ വമ്പനായി ഇവിടെതന്നെയുണ്ട് ചേട്ടൻ! രണ്ടു ദിവസത്തെ മത്സരത്തിൽ രണ്ടു തകർപ്പൻ ക്യാച്ചുകൾ;  ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി വീണ്ടും യൂസഫ് പഠാൻ; 'ഇതെന്താ, പക്ഷിയോ എന്ന് സഹോദരന്റെ ഡൈവ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് ഇർഫാൻ പഠാനും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ക്രിക്കറ്റ് സ്‌നേഹികൾ നെഞ്ചിലേറ്റിയ സഹോദരരായ രണ്ടുതാരങ്ങളുണ്ട്! ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ആവേശമായിരുന്ന ബാറ്റ്മാൻ യൂസഫ് പഠാനും സഹോദരൻ ഇർഫാൻ പഠാനും. ഇന്ത്യൻ ക്രിക്കറ്റ് വേദിയിൽ ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ പഠാൻ സഹോദരന്മാരിലെ യൂസഫ് പഠാൻ വീണ്ടും ഇന്ത്യൻ ആരാധകരുടെ ആവേശമായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ വൈറലാകുന്നത്.രണ്ടു ദിവസം നീണ്ട മത്സരത്തിൽ രണ്ട് അത്യുഗ്രൻ ക്യാച്ചുകൾ! സമ്മാനിച്ചാണ് യൂസഫ് പഠാൻ ഗാലറിയെ കോരിത്തരിപ്പിച്ചത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബറോഡയുടെ താരമായ യൂസഫ് പഠാൻ ഗോവയ്ക്കും കർണാടകയ്ക്കുമെതിരായ മത്സരങ്ങളിലാണ് വിസ്മയിപ്പിക്കുന്ന ക്യാച്ചുകളുകൾ സമ്മാനിച്ച് കയ്യടി നേടിയത്.രണ്ടു ക്യാച്ചുകളുടെയും വിഡിയോ യൂസഫിന്റെ സഹോദരൻ കൂടിയായ മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു.

ഗോവയ്ക്കയ്ക്കെതിരായ മത്സരത്തിൽ ക്യാപ്റ്റൻ ധർശൻ മിസാലിനെ പുറത്താക്കാനായിരുന്നു യൂസഫ് പഠാന്റെ മിന്നൽ പ്രകടനം. മത്സരത്തിൽ ടോസ് നേടിയ ബറോഡ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് അവർ നേടിയത്.

മറുപടി ബാറ്റിങ്ങിൽ മത്സരം ഇരുപക്ഷത്തേക്കും ചായാമെന്ന അവസ്ഥയിൽ നിൽക്കെ 19ാം ഓവറിലാണ് ഗോവ ക്യാപ്റ്റനെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ചുമായി പഠാൻ അവതരിച്ചത്. ഈ ഓവറിലെ അഞ്ചാം പന്തിൽ കവർ ഡ്രൈവിനു ശ്രമിച്ച മിസാലിനെ വലത്തേക്കു ഡൈവ് ചെയ്ത് ഒറ്റക്കൈകൊണ്ട് ക്യാച്ചെടുത്ത് 36കാരനായ പഠാൻ പുറത്താക്കുന്ന കാഴ്ച അവിശ്വസനീയതയോടെയാണ് കാണികൾ കണ്ടത്.

മത്സരം ബറോഡ കൈവിട്ടെങ്കിലും പഠാന്റെ അത്യുഗ്രൻ ക്യാച്ചിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 'ഇതെന്താ, പക്ഷിയോ?' എന്ന ചോദ്യവുമായി സഹോദരൻ ഇർഫാൻ പഠാനും ഈ ക്യാച്ചിന്റെ വിഡിയോ ട്വീറ്റ് ചെയ്തു. ബോളിവുഡ് ചിത്രം 'ഷോലെ'യിലെ വിഖ്യാതമായ ഡയലോഗുമായി അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ കുറിച്ച മറുപടി ട്വീറ്റും വൈറലാണ്. 'ഭായ്, യേ പഠാൻ കേ ഹാത്ത് ഹേ, താക്കൂർ' എന്നായിരുന്നു റാഷിദിന്റെ ട്വീറ്റ്.

ഈ ക്യാച്ച് ഒറ്റപ്പെട്ട സംഭവമാണെന്നു ധരിച്ച ആരാധകരെ ഞെട്ടിച്ചാണ് തൊട്ടു പിന്നാലെ നടന്ന കർണാടകയ്‌ക്കെതിരായ മത്സരത്തിലും യൂസഫ് പഠാൻ സമാനമായ ക്യാച്ചുമായി കളം പിടിച്ചത്. വിജയ് ഹസാരെ ട്രോഫിയിൽ ടോപ് സ്‌കോററായി ദേശീയ തലത്തിൽ ശ്രദ്ധ നേടിയ കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ പുറത്താക്കാനായിരുന്നു പഠാന്റെ കിടിലൻ ക്യാച്ച്.

ദീപക് ഹൂഡയെറിഞ്ഞ ഏഴാം ഓവറിന്റെ ആദ്യ പന്തിലാണ് ക്യാച്ച് പിറന്നത്. ദേവ്ദത്ത് ഉയർത്തിവിട്ട പന്ത് ഇടതുവശത്തേക്ക് സാമാന്യം നീണ്ട ദൂരം ഓടിയെത്തിയാണ് പഠാൻ കയ്യിലൊതുക്കിയത്. ആദ്യദിനത്തിലെ ക്യാച്ചിനെ അതിശയിക്കുന്ന ഈ ക്യാച്ച് പക്ഷേ വിഫലമായില്ല. ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായി 15 വിജയം നേടി റെക്കോർഡിട്ട കർണാടകയുടെ വിജയക്കുതിപ്പിനു വിരാമമിട്ട് ബറോഡ 14 റൺസിന് വിജയം കണ്ടു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബറോഡ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണെടുത്തത്. അവസാന ഓവറുകളിൽ കത്തിക്കയറി 16 പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 23 റൺസെടുത്ത പഠാനാണ് അവരുടെ സ്‌കോർ 196ൽ എത്തിച്ചത്. കർണാടകയുടെ മറുപടി 182 റൺസിൽ അവസാനിച്ചു. കർണാടകയ്‌ക്കെതിരായ യൂസഫ് പഠാന്റെ ക്യാച്ചിന്റെ വിഡിയോയും ഇർഫാൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. 2012ലാണ് യൂസഫ് പഠാൻ അവസാനമായി ദേശീയ ടീമിൽ കളിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP