Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മത്സര സമയത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും മഴ തോർന്നു നിന്നാൽ കളിനടക്കും; മഴ ദൈവങ്ങൾ ചതിച്ചില്ലെങ്കിൽ ആവേശം തീപാറുമെന്ന് ഉറപ്പ്; ന്യൂസിലണ്ടിന്റെ മനസ്സിലുള്ളത് കുട്ടിക്രിക്കറ്റിലെ ഒന്നാം സ്ഥാനവും പരമ്പര നേട്ടവും; നാട്ടിൽ കപ്പ് വിട്ടുകൊടുക്കാതിരിക്കാൻ കോലി പടയും; ടോസ് നിർണ്ണായകം; ശ്രേയസിന്റെ കളികാണാൻ മലയാളികളും

മത്സര സമയത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും മഴ തോർന്നു നിന്നാൽ കളിനടക്കും; മഴ ദൈവങ്ങൾ ചതിച്ചില്ലെങ്കിൽ ആവേശം തീപാറുമെന്ന് ഉറപ്പ്; ന്യൂസിലണ്ടിന്റെ മനസ്സിലുള്ളത് കുട്ടിക്രിക്കറ്റിലെ ഒന്നാം സ്ഥാനവും പരമ്പര നേട്ടവും; നാട്ടിൽ കപ്പ് വിട്ടുകൊടുക്കാതിരിക്കാൻ കോലി പടയും; ടോസ് നിർണ്ണായകം; ശ്രേയസിന്റെ കളികാണാൻ മലയാളികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിന് വില്ലനായി തിരുവനന്തപുരത്ത് കാർമേഘങ്ങൾ. പിച്ച് അത്രുഗ്രനാണെങ്കിലും ഔട്ട് ഫീൽഡിൽ പ്രശ്‌നങ്ങൾ ഏറെയുണ്ട്. ഇന്ന് മഴ ഇനി പെയ്യാതിരിക്കുക. ഇതിനൊപ്പം നല്ല വെയിലും. ഇതു മാത്രമേ തിരുവനന്തപുരത്ത് കളി യാഥാർത്ഥ്യമാക്കൂ. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്നും കനത്ത മഴയ്ക്കാണ് സാധ്യത.

അങ്ങനെ വന്നാൽ കോലിപ്പടയുടെ കളി നേരിൽ കാണാനുള്ള അനന്തപുരിക്കാരുടെ മോഹം പൊലിയും. കാര്യവട്ടം സ്പോർട്സ് ഹബിൽ രാത്രി ഏഴ് മുതലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്ന് മത്സര പരമ്പരയിലെ അവസാന ട്വന്റി-20. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡും ജയിച്ചതോടെ കാര്യവട്ടത്തെ മത്സരത്തിന് ഫൈനലിന്റെ പരിവേഷമാണ്. അതുകൊണ്ട് തന്നെ മഴയെത്തിയാൽ പരമ്പര സമനിലയിലുമാകും.

മഴ പെയ്താൽ മിനിട്ടുകൾക്കുള്ളിൽ പിച്ച് കവർ ചെയ്യാനുള്ള സൗകര്യമുണ്ട്. മഴവെള്ളം കെട്ടിനിൽക്കാത്ത ശാസ്ത്രീയമായ ഡ്രെയിനേജ് സൗകര്യവും നിർമ്മാണവുമാണ് സ്റ്റേഡിയത്തിന്റേത്. ഔട്ട് ഫീൽഡിലെ നനവ് മാറ്റാനായി അത്യാധുനികമായ മൂന്ന് സൂപ്പർ സോഫറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കളിക്കിടയിൽ മഴപെയ്യുകയാണെങ്കിൽ തോർന്നശേഷം ഔട്ട്ഫീൽഡ് ഉണക്കിയെടുക്കാൻ 15 മിനിട്ടിനകം കഴിയും. ഇതൊക്കെയാണ് കാര്യങ്ങളെങ്കിലും ഗ്രൗണ്ടിലെ ഈർപ്പം വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ മത്സരം നടക്കുമോ എന്ന് ആർക്കും ഉറപ്പ് പറയാനാകില്ല. എല്ലാം മാച്ച് റഫറിയാകും തീരുമാനിക്കുക

മത്സരസമയത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും മഴ തോർന്നുനിന്നാൽ കളിനടത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷൻ. 29 വർഷത്തിനുശേഷം തലസ്ഥാനനഗരത്തിലെത്തുന്ന അന്താരാഷ്ട്ര മത്സരത്തെ ആവേശപൂർവമാണ് ആരാധകർ വരവേറ്റിരിക്കുന്നത്. 42000 ഓളം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ എല്ലാം ദിവസങ്ങൾക്ക് മുന്നേ വിറ്റഴിഞ്ഞിരുന്നു.
മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കുകയാണെങ്കിൽ ടിക്കറ്റിന്റെ തുക ബി.സി.സി.ഐ തിരിച്ചു നൽകും. മഴ കളി തടസ്സപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. പ്രതികൂല സാഹചര്യം നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഒരുക്കിയിട്ടുണ്ടെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോർജ്ജ് പറയുന്നു.

കനത്ത സുരക്ഷയിലാണ് മത്സരം നടക്കുക. എങ്ങും അതീവ സുരക്ഷയാണ്. ടിക്കറ്റോ പാസോ ഇല്ലാതെ ആരെയും സ്റ്റേഡിയത്തിലേക്ക് കടത്തിവിടില്ല. പ്‌ളക്കാർഡുകൾ, കൊടി തോരണങ്ങൾ, വടി തുടങ്ങിയവയൊന്നും കൊണ്ടുവരാനാവില്ല. മൊബൈൽ ഫോൺ കൈയിൽ കരുതാം. കനത്ത സുരക്ഷാപരിശോധനയ്ക്ക് ശേഷമേ സ്റ്റേഡിയത്തിലേക്ക് കയറാനാവൂ. വൈകിട്ട് നാല് മുതൽ സ്റ്റേഡിയത്തിലേക്ക് കടത്തിവിടും.

ടോസ് നിർണ്ണായകം, ശ്രേയസിന്റെ കളികാണാൻ മലയാളികളും

ഇന്ത്യ ടെസ്റ്റിലെ ഒന്നാം റാങ്കുകാരാണെങ്കിൽ ന്യൂസിലൻഡ് ട്വന്റി 20യിലെ ഒന്നാംസ്ഥാനക്കാരായിരുന്നു. ഡൽഹിയിൽ ഇന്ത്യയുമായുള്ള ആദ്യ ട്വന്റി 20 ക്കുശേഷം അവരുടെ ഒന്നാം റാങ്ക് നഷ്ടമാവുകയും ചെയ്തു. എന്നാൽ രാജ്‌കോട്ടിലെ വിജയത്തോടെ റാങ്ക് തിരിച്ചുപിടിക്കാനുള്ള സാധ്യത തെളിയിക്കുകയും ചെയ്തു. കാര്യവട്ടത്ത് കിവികളാണ് ജയിക്കുന്നതെങ്കിൽ അവർക്ക് വീണ്ടും ഒന്നാം റാങ്കിന്റെ തിളക്കവുമുണ്ടാകും. ഇന്ത്യ ഐ.സി.സി ട്വന്റി 20 റാങ്കിംഗിൽ മൂന്നാംസ്ഥാനത്താണ്. ഏകദിനത്തിൽ രണ്ടാമതും. അങ്ങനെ കരുത്തരുടെ മത്സരമാണ് നടക്കാൻ പോകുന്നത്. പക്ഷേ മഴയാണ് തടസ്സം.

ഇന്ത്യൻ ടീമിലെ മലയാളി സാന്നിദ്ധ്യം ശ്രേയസ് അയ്യർ ഡൽഹിയിൽ നടന്ന ആദ്യ ട്വന്റി 20യിൽത്തന്നെ ടീമിലുണ്ടായിരുന്നുവെങ്കിലും കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഫസ്റ്റ് ഡൗൺ പൊസിഷനിലാണ് രാജ്‌കോട്ടിൽ കൊഹ്‌ലി ശ്രേയത്തിനെ അരങ്ങേറ്റത്തിനയച്ചത്. രണ്ടാം ഓവറിൽത്തന്നെ ക്രീസിലെത്തിയിട്ടും ശ്രേയസിന് അരങ്ങേറ്റം അത്യുജ്വലമാക്കാൻ കഴിഞ്ഞില്ല. 21 പന്തിൽ 23 റൺസേ നേടാനായുള്ളൂ. തെറ്റായ ഷോട്ട് സെലക്ഷനാണ് ശ്രേയസിന് വിനയായത്. ആദ്യ മത്സരത്തിന്റെ സമ്മർദ്ദം മാറ്റിവച്ച് ശ്രേയസിന് കൂടുതൽ ഉത്തരവാദിത്വത്തോടെ കളിക്കേണ്ടിവരും. മലയാളികൾ ശ്രേയസിന്റെ മികച്ച പ്രകടനത്തിനായാണ് കാത്തിരിക്കുന്നത്.

ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിന് ഒരുങ്ങുന്ന പിച്ചാണ് കാര്യവട്ടത്തേത്. ബാറ്റിംഗിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. രണ്ടാം ഇന്നിങ്‌സിൽ സ്പിന്നമാർക്ക് സഹായകമാകാനും സാദ്ധ്യതയുണ്ട്. നിർണായക ഘടകമാണ് ടോസ്. സ്പിന്നർമാരെ വിശ്വാസമുണ്ടെങ്കിൽ ടോസ് കിട്ടുന്ന ടീം ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കാൻ സാദ്ധ്യത.

കോവളം ആസ്വദിച്ച് താരങ്ങൾ

കോവളത്തെ മഴ കണ്ടും കടൽക്കാഴ്ച ആസ്വദിച്ചും ഇഷ്ടഭക്ഷണം കഴിച്ചും താരങ്ങൾ തിരുവനന്തപുരത്തെ ആദ്യ ദിനം ആസ്വദിച്ചു. പരിശീലനത്തിനായി മാറ്റിവച്ച ദിവസം മഴകൊണ്ടുപോയതാണ് ഇതിന് അവസരമൊരുക്കിയത്. തലേന്ന് രാത്രി ഏറെ വൈകി എത്തിയതിന്റെ ക്ഷീണം തീർക്കാൻ മുഴുവൻ സമയവും ഹോട്ടലിൽ തന്നെ ചെലവഴിക്കുകയായിരുന്നു. കേരള സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവരും ക്ഷേത്രദർശനത്തിനായി കോച്ച് രവിശാസ്ത്രിയും മാത്രമാണ് പുറത്തുപോയത്.

താമസസ്ഥലമായ കോവളത്തെ റാവീസ് ലീലയിൽ കോലിയുടെ പിറന്നാളിന് സർപ്രൈസ് നൽകാൻ ഒരുക്കിയ പാർട്ടിയും യാത്രാക്ഷീണം കാരണം വേണ്ടെന്നുവച്ചു. കോലിയുടെ പിറന്നാൾ ആഘോഷത്തിനായി ഹോട്ടലുകാർ ഹാപ്പി ബെർത്ത് ഡെ ക്യാപ്റ്റൻ എന്നെഴുതി കേക്ക് തയ്യാറാക്കിയിരുന്നു. രാവിലെ ഇന്ത്യൻ ടീം അംഗങ്ങൾ എഴുന്നേറ്റത് വളരെ വൈകിയായിരുന്നു. മഴ പെയ്തതോടെ കാര്യവട്ടം സ്റ്റേഡിയത്തിലെ പരിശീലനം വേണ്ടെന്ന് രാവിലെ തന്നെ ടീം മാനേജ്‌മെന്റുകൾ തീരുമാനിച്ചിരുന്നു. ആദ്യം ഹോട്ടലിൽനിന്ന് പുറത്തേക്കുവന്നത് ന്യൂസിലന്റ് പേസ് ബൗളർ ട്രെന്റ് ബോൾട്ട്. പൊലീസ് കാവലിൽ ബോൾട്ട് പ്രഭാതസവാരി നടത്തി.

റോസ് ടെയ്‌ലർ, മാർട്ടിൻ ഗപ്റ്റിൽ അടക്കമുള്ളവർ പതിവ് വ്യായാമത്തിനായി ജിമ്മിലേക്കാണ് പോയത്. കിവീസ് ക്യാപ്റ്റൻ കെയിൻ വില്യംസണും ബോൾട്ടും പത്തുമണിയോടെ സർഫിംഗിനായി വർക്കലയിലേക്ക് തിരിച്ചെങ്കിലും ദൂരക്കൂടുതൽ കാരണം പാതിവഴിക്ക് ഹോട്ടലിലേക്ക് മടങ്ങി. കോവളത്താണ് താമസമെന്ന് അറിഞ്ഞപ്പോൾ തന്നെ സർഫിങ് നടത്താനുള്ള ആഗ്രഹം വില്യംസൺ അറിയിച്ചിരുന്നു. എന്നാൽ കോവളത്തെ കടലിൽ സർഫിങ് സാധിക്കില്ലെന്ന് അറിയിച്ചപ്പോഴാണ് വർക്കലയിലേക്ക് പോകാൻ തീരുമാനിച്ചത്.

ഇടയ്ക്ക് മഴ വിട്ടുനിന്നപ്പോൾ ന്യൂസിലന്റ് ടീമംഗങ്ങൾ ഹോട്ടൽ കോമ്പൗണ്ടിൽ ബാറ്ററി കാറിൽ കടൽക്കാഴ്ച കാണാനിറങ്ങി.ഇന്ത്യൻ ടീമംഗങ്ങൾ ബീച്ച് വ്യൂ സൈഡിൽ ഇരുന്നാണ് കടൽക്കാഴ്ച കണ്ടത്. ഹോട്ടൽ കോമ്പൗണ്ടിലേക്കോ ബീച്ചിലേക്കോ വരാൻ താരങ്ങൾ തയ്യാറായില്ല.

ഐ.സി.സിയുടെയും ബി.സി.സി.ഐയുടെയും സുരക്ഷാ നിർദ്ദേശമനുസരിച്ച് ഇരുടീമുകളും ഹോട്ടലിൽ വച്ച് പരസ്പരം കണ്ടിരുന്നില്ല. പ്രത്യേക ബ്ലോക്കുകളിലാണ് ടീമുകൾക്ക് താമസമൊരുക്കിയിട്ടുള്ളത്. ഇന്ത്യൻ ടീമിന് ബീച്ച് വ്യൂ സൈഡും, ന്യൂസിലാന്റ് ടീമിന് ഗാർഗൻ വ്യൂ സൈഡും. ടീമുകൾക്കായി പ്രത്യേകം ജിംനേഷ്യം, റസ്റ്റോറന്റ്, സ്വിമ്മിങ് പൂൾ, റിസപ്ഷൻ എന്നിവ ഒരുക്കിയിരുന്നു. കളിക്കാർക്കും ടീം മാനേജ്‌മെന്റ് അംഗങ്ങൾക്കുമായി 80 മുറികളാണ് മാറ്റിവച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP