Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

സേലത്തെ ചേരികളിൽ ടെന്നീസ് ബോളെറിഞ്ഞ് നടന്ന പയ്യൻ; കൂലിപ്പണിക്കാരനായ പിതാവിനെയും തട്ടുകട നടത്തിയ അമ്മയെയും സഹായിച്ച് വളർന്ന ബാല്യം; മൂന്ന് വിക്കറ്റെടുത്ത് കാൻബറിയിൽ ഓസ്ട്രേലിയക്കെതിരായ ട്വന്റി ട്വന്റിയിലെ ഇന്ത്യയുടെ വിജയശിൽപ്പി; തങ്കരസു നടരാജൻ എന്ന 'യോർക്കർമാൻ' ഇന്ത്യയുടെ അഭിമാനമാവുമ്പോൾ

സേലത്തെ ചേരികളിൽ ടെന്നീസ് ബോളെറിഞ്ഞ് നടന്ന പയ്യൻ; കൂലിപ്പണിക്കാരനായ പിതാവിനെയും തട്ടുകട നടത്തിയ അമ്മയെയും സഹായിച്ച് വളർന്ന ബാല്യം; മൂന്ന് വിക്കറ്റെടുത്ത് കാൻബറിയിൽ ഓസ്ട്രേലിയക്കെതിരായ ട്വന്റി ട്വന്റിയിലെ ഇന്ത്യയുടെ വിജയശിൽപ്പി; തങ്കരസു നടരാജൻ എന്ന 'യോർക്കർമാൻ' ഇന്ത്യയുടെ അഭിമാനമാവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

 ചെന്നൈ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ ഇന്ന് ഇന്ത്യാ- ഓസീസ് ട്വന്റി ട്വന്റി മൽസരം മുന്നേറുമ്പോൾ തമിഴ്‌നാട്ടിലെ സേലത്തിനടുത്തെ ചിന്നപ്പം പെട്ടിയെന്ന ആ കുഗ്രമാവും ടെലിവിഷന് മുന്നിലായിരുന്നു. യോർക്കർ നടരാജൻ എന്ന് ചെല്ലപ്പേരുള്ള തങ്ങളുടെ പ്രിയപ്പെട്ട തങ്കരസു നടരാജൻ എന്ന 29കാരൻ ഇന്ന് ആദ്യമായി അങ്കം കുറിക്കയാണ്. അവരുടെ പ്രാർത്ഥനകളും പ്രതീക്ഷകളും സഫലമാക്കിക്കൊണ്ട് നടരാജൻ നേടിയത് മൂന്ന് വിക്കറ്റാണ്. ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ തരാരോദയം എന്നാണ് നടരാജൻ ഇപ്പോൾ വാഴ്‌ത്തപ്പെടുന്നത്. പക്ഷേ അധികം ആർക്കും അറിയില്ല, പട്ടിണിയോടും ദാരിദ്രത്തോടും പടവെട്ടിയാണ് ഈ പയ്യൻ ഇന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ പടവുകൾ താണ്ടിയിരിക്കുന്നതെന്ന്.

സേലത്ത് ഒറ്റമുറി വീട്ടിൽ വളർന്ന് ടെന്നീസ് ബോളിൽ കളി പഠിച്ച നടരാജന്റെ ഇന്ത്യൻ ടീമിലേക്കുള്ള യാത്ര ഏത് ന്യുജൻ സംവിധയകനെയും മോഹിപ്പിക്കുന്ന അതിജീവന കഥയാണ്. ഇരുപതാം വയസിൽ ആദ്യമായി യഥാർത്ഥ ക്രിക്കറ്റ് ബോൾ കൈകൊണ്ട് തൊട്ട തങ്കരസു നടരാജൻ ഇന്ന് ഇന്ത്യൻ ടീമിന്റെ തനി തങ്കമാണ്. ഈ നേട്ടത്തിന് ജെപി. നട്ടുവെന്ന ജയപ്രകാശിനോട് ഒരു ജനതയാകെ ഇന്ന് കടപ്പെട്ടിരിക്കുന്നു. സേലത്തെ ചേരികളിൽ ടെന്നീസ് ബോളെറിഞ്ഞ് നടന്ന നടരാജനെ അന്താരാഷ്ട്ര തലത്തിലേക്ക് വളർത്തിയതിൽ. നടാരജന്റെ ഇടത്തെ കയ്യിൽ കൈപ്പത്തിക്ക് താഴെ ഒരു പേര് പച്ചകുത്തിയിരിക്കുന്നത് കാണാം, ജെപി എന്ന്. ചെറുപ്പകാലം മുതൽ നടരാജന്റെ കൂടെനടന്ന് സ്വപ്നം കാണാൻ പഠിപ്പിച്ച സഹയാത്രികനാണ് ജയപ്രകാശ്. നടരാജനോട് ചോദിച്ചാൽ ഗോഡ്ഫാദർ എന്ന് പറയും.

തന്റെ കളി ഇഷ്ടമാണോയെന്ന് നടരാജൻ ഒരിക്കലും അമ്മയോടോ സഹോദരിമാരോടോ ചോദിക്കാറില്ല. ക്രിക്കറ്റിലെ സ്വപ്നങ്ങളെ കുറിച്ച് സംസാരിക്കാറില്ല. കാരണം അവർക്ക് ക്രിക്കറ്റ് എന്താണെന്ന് പോലും അറിയില്ല. റേഡിയോയിൽ ചിലപ്പോൾ മാത്രം കേട്ടു പരിചയിച്ച പേര്. എങ്കിലും ഇന്ന് ആ അമ്മയ്ക്ക് സന്തോഷിക്കാം. മകൻ ലോകോത്തര വേദിയിലെത്തിയിരിക്കുന്നു. കീഴടക്കാൻ ദൂരം ഇനിയും ബാക്കിയുണ്ടെന്നറിയാം. എങ്കിലും യഥാർത്ഥ കഴിവിനെ കൂട്ടുപിടിച്ചുള്ള 29 കാരനായ നടരാജന്റെ വരും കാല യാത്രക്ക് ഒരു ജനതയുടെയാകെ പ്രാർത്ഥനയുണ്ടാകും.

സാരി നിർമ്മാണ യൂണിറ്റിലെ ദിവസ വേദനക്കാരനാണ് അച്ഛൻ തങ്കരാസ്. അമ്മ ശാന്ത വഴിയരികിൽ തട്ടുകട നടത്തുന്നു. മൂന്ന് സഹോദരിമാരും ഇളയ സഹോദരനുമുണ്ട്. അഞ്ച് മക്കളിൽ മൂത്തവനായി ജനിച്ച നടരാജന്റെ ചെറുപ്പം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. 2011ലാണ് നടരാജന്റെ ജീവിതം മാറിമറിയുന്നത്. ടെന്നീസ് ബോളിൽ നിന്നും രാജ്യാന്തര വേദിയിലേക്കുള്ള ചുവടുമാറ്റം. തമിഴ്‌നാട്ടിലെ നാലാം ഡിവിഷണിൽ ടെന്നീസ് ബോൾ ടൂർണമെന്റുകളിൽ അത്ഭുതം കാട്ടിയ നടരാജന് മൂന്നാം ഡിവിഷനിലേക്ക് വിളിയെത്തി. ജെപി എന്ന ജയപ്രകാശായിരുന്നു വഴികാട്ടി. പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. ചിന്നപ്പാംപെട്ടിയിൽ നിന്ന് കാൻബറവരെയുള്ള ചരിത്രം. തമിഴ്‌നാട്ടിൽ അവസാന ഓവറുകളിൽ ആരെയും വിറപ്പിക്കുന്ന സൂപ്പർ ബോളറായി നടരാജൻ മാറിയതോടെ ഐപിഎല്ലിൽ അവസരമൊരുങ്ങി.

2017ൽ കിങ്‌സ് ഇലവൻ പഞ്ചാബ് നടരാജനെ വാങ്ങിയത് മൂന്ന് കോടി രൂപയ്ക്ക്. എന്നാൽ അവിടെ തിളങ്ങാനായില്ല. ആറ് മത്സരങ്ങൾ കളിച്ച നടരാജൻ എറിഞ്ഞിട്ടത് രണ്ട് വിക്കറ്റുകൾ മാത്രം. ഇതോടെ പഞ്ചാബ് നടരാജനെ കൈവിട്ടു. പിന്നീട് തമിഴ്‌നാട് പ്രീമിയർ ലീഗിൽ നടരാജൻ തകർത്തെറിഞ്ഞു. ഒന്നിന് പുറകെ ഒന്നായി യോർക്കറുകൾ തീതുപ്പിയതോടെ സൺറൈസേഴ്‌സ് ഹൈദരാബാദിലേക്ക് വിളിയെത്തി. സ്പിൻ ഇതിഹാസം ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് താരത്തെ ഹൈദരാബാദിലേക്ക് വിളിച്ചത്. ആദ്യ സീസണിൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും കഴിഞ്ഞ സീസണിൽ ടീമിന്റെ സ്റ്റാർ കാമ്പെയ്‌നറായി.

ഓസ്‌ട്രേലിയയുടെ സൂപ്പർ താരം ഡേവിഡ് വാർണറുടെ തോളിൽ കൈയിട്ടു നിൽക്കുന്ന നടരാജന്റെ ചിത്രം ഇന്നും കായിക പ്രേമികൾ മറക്കാൻ ഇടയില്ല. വാർണർ വലംകൈയായി കൂടെ നിർത്തിയതോടെ നടരാജനിലെ പ്രതിഭ വീണ്ടും മിന്നിത്തിളങ്ങി. അഫ്ഗാനിസ്ഥാൻ താരം റഷീദ് ഖാന് പിന്നിൽ ടീമിലെ രണ്ടാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായി നടരാജൻ മാറി. യോർക്കർ നടരാജനെന്ന വിളിപ്പേരും ഒപ്പം കൂട്ടി.ഇതിനിടെ ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറിയതും സമാനതകളില്ലാത്ത യാത്രയായി. ടീമിനെ തെരഞ്ഞെടുത്ത ആദ്യ പട്ടികയിൽ നടരാജനെ ഉൾപ്പെടുത്തിയിരുന്നില്ല. നെറ്റ് ബൗളറായി ഇന്ത്യൻ താരങ്ങൾക്ക് പരിശീലിക്കാൻ മാത്രം ഓസ്‌ട്രേലിയയിലേക്ക്. എന്നാൽ ടീമിലുണ്ടായിരുന്ന വരുൺ ചക്രവർത്തിക്ക് പരിക്കേറ്റതോടെ ടീമിലുൾപ്പെട്ടു. ആദ്യ മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെട്ടതോടെ അവസാന മത്സരത്തിൽ നടരാജന് നറുക്ക് വീണു. ഇന്ത്യയുടെ ഐതിഹാസികമായ ക്രിക്കറ്റ് ചരിത്രത്തിലെ പതിനൊന്നാമത്തെ മാത്രം ഇടംകൈയൻ പേസറായി ചരിത്രം നടരാജനെ രേഖപ്പെടുത്തി. ഓസ്‌ട്രേലിയയുടെ മുൻ നിര താരം മാർനസ് ലെബുഷെയ്‌നെ പുറത്താക്കി ഏകദിന അരങ്ങേറ്റം ആഘോഷമാക്കി. സേലത്തെ തെരുവുകളിൽ കളിച്ചു നടന്ന തമിഴ്‌നാട് പയ്യന് ഏതറ്റം വരെയും സ്വപ്നം കാണാമെന്ന് തെളിയിച്ച നിമിഷം.

കൃത്യതയ്യാർന്ന യോർക്കറുകളാണ് നടരാജന്റെ കരുത്ത്. അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ വെമ്പുന്ന ബാറ്റ്‌സ്മാന്മാരെ ക്രീസിന്റെ ഒത്ത നടുവിൽ പന്തെറിഞ്ഞ് വട്ടം കറക്കുന്ന ബൗളർ. ഇന്ന് ആദ്യമൽസരത്തിൽ കണ്ടതും അതാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ നീല കുപ്പായം അണിയുന്ന നടരാജന്റെ ചിത്രവും സേലത്തെ ഗ്രാമീണർക്ക് ഇനി ധൈര്യമായി സ്വപ്നം കാണാം. ഏറെക്കാലമായി മികച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഇല്ലാതിരുന്നു തമിഴ്‌നാട് ഈ വിജയം ആഘോഷിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP