Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

ഇന്ത്യ - ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന്റെ വേദിയെച്ചൊല്ലി അനിശ്ചിതത്വം; 14 ദിവസത്തെ അധിക ക്വാറന്റീൻ അംഗീകരിക്കാനാവില്ലെന്ന് ടീം ഇന്ത്യ; നിയമം അനുസരിച്ചില്ലെങ്കിൽ ബ്രിസ്‌ബേനിലേക്ക് വരേണ്ടന്ന് ക്വീൻസ്ലാൻഡ് ഭരണകൂടം; നാലാം ടെസ്റ്റിനും സിഡ്‌നി വേദിയായേക്കും

ഇന്ത്യ - ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന്റെ വേദിയെച്ചൊല്ലി അനിശ്ചിതത്വം; 14 ദിവസത്തെ അധിക ക്വാറന്റീൻ അംഗീകരിക്കാനാവില്ലെന്ന് ടീം ഇന്ത്യ;  നിയമം അനുസരിച്ചില്ലെങ്കിൽ ബ്രിസ്‌ബേനിലേക്ക് വരേണ്ടന്ന് ക്വീൻസ്ലാൻഡ് ഭരണകൂടം; നാലാം ടെസ്റ്റിനും സിഡ്‌നി വേദിയായേക്കും

സ്പോർട്സ് ഡെസ്ക്

ബ്രിസ്‌ബേൻ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിന്റെ വേദിയെച്ചൊല്ലി അനിശ്ചിതത്വം. നാലാം ടെസ്റ്റിന് വേദിയാകേണ്ട ബ്രിസ്‌ബേൻ ഉൾപ്പെടുന്ന ക്വീൻസ്ലാൻഡിലെ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്ന കർശന കോവിഡ് പ്രോട്ടോക്കോളിൽ ഇന്ത്യൻ ടീം അതൃപ്തി അറിയിച്ച സാഹചര്യത്തിലാണിത്.

നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ബ്രിസ്‌ബേനിലെത്തുമ്പോൾ ടീമുകൾ ഒരിക്കൽക്കൂടി 14 ദിവസത്തെ നിർബന്ധിത ക്വാറന്റീന് വിധേയരാകണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇത് ഒഴിവാക്കിക്കിട്ടണമെന്നാണ് ഇന്ത്യൻ ടീമിന്റെ ആവശ്യം. അതേസമയം, ഇക്കാര്യത്തിൽ ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഷെഡ്യൂൾ പ്രകാരം ജനുവരി 15നാണ് ഗാബ സ്റ്റേഡിയത്തിൽ നാലാം ക്രിക്കറ്റ് ടെസ്റ്റിന് തുടക്കമാകേണ്ടത്.

എന്നാൽ, ഓസ്‌ട്രേലിയൻ പര്യടനത്തിനു മുന്നോടിയായി ഇതിനകം 28 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്, വീണ്ടും പതിനാല് ദിവസത്തെ ക്വാറന്റീനിൽ കഴിയാൻ താൽപര്യമില്ല. ഓസ്‌ട്രേലിയൻ പര്യടനത്തിനായി എത്തും മുൻപ് ഐപിഎലിനു ശേഷം ടീമംഗങ്ങൾ 14 ദിവസം ദുബായിൽ ക്വാറന്റീനിലായിരുന്നു. സിഡ്‌നിയിലെത്തിയശേഷം വീണ്ടും അവർ 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞു. ഒരേ പരമ്പരയിലെ നാലാം ടെസ്റ്റിനായി മാത്രം 14 ദിവസത്തെ അധിക ക്വാറന്റീൻ അംഗീകരിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

സിഡ്‌നിയിലെത്തും മുൻപ് ഞങ്ങൾ ദുബായിൽ 14 ദിവസം ക്വാറന്റീനിലായിരുന്നു. സിഡ്‌നിയിൽ എത്തിയശേഷം വീണ്ടും 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞു. ഓസ്‌ട്രേലിയയിൽ എത്തി കളത്തിലിറങ്ങും മുൻപ് ഏതാണ്ട് ഒരു മാസത്തോളം കഠിനമായ ബബ്‌ളിലാണ് ഞങ്ങൾ കഴിഞ്ഞതെന്ന് ചുരുക്കം. പരമ്പര അവശേഷിക്കുന്നതിനു തൊട്ടു മുൻപ് ഒരിക്കൽക്കൂടി ക്വാറന്റീനിൽ കഴിയാൻ ഞങ്ങൾക്ക് താൽപര്യമില്ല' - ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ 'ക്രിക്‌ബസി'നോട് പ്രതികരിച്ചു.

'വീണ്ടും ഹോട്ടൽ മുറിയിൽ അടച്ചുപൂട്ടിയിരിക്കണമെങ്കിൽ ബ്രിസ്‌ബേനിലേക്കു പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതേസമയം, വേറൊരു വേദിയിൽ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകളും കളിച്ച് നാട്ടിലേക്കു മടങ്ങാനും ഞങ്ങൾ തയാർ' - അവർ പറഞ്ഞു.

അതേസമയം, നിയമങ്ങൾ അനുസരിക്കാൻ തയാറല്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇവിടേക്കു വരേണ്ടതില്ലെന്ന ക്വീൻസ്‌ലാൻഡ് ആരോഗ്യമന്ത്രി റോസ് ബെയ്റ്റ്‌സ് എംപിയുടെ പ്രഖ്യാപനം വിവാദമായി. വീണ്ടും ക്വാറന്റീനിൽ കഴിയുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ്, 'നിയമം അനുസരിക്കാൻ വയ്യെങ്കിൽ ഇന്ത്യൻ ടീം വരേണ്ടതില്ലെന്ന' റോസ് ബെയ്റ്റ്‌സ് എംപിയുടെ പ്രഖ്യാപനം. ക്വീൻസ്ലാൻഡ് കായികമന്ത്രിയും ഇന്ത്യയുടെ ആവശ്യം തള്ളിക്കളഞ്ഞു.

Today I was asked about reports the Indian Cricket Team wants quarantine restrictions eased just for them, ahead of the upcoming Gabba Test. My response ?? #Cricket #IndiavsAustralia @ICC @CricketAus pic.twitter.com/MV7W0rIntM

- Ros Bates MP (@Ros_Bates_MP) January 3, 2021

അതേസമയം, ബ്രിസ്‌ബേനിൽ ചട്ടങ്ങൾ കർശനമായി തുടരുകയും ഇന്ത്യൻ ടീം അവിടേക്കു പോകാൻ വിസമ്മതിക്കുകയും ചെയ്താൽ മൂന്നാം ടെസ്റ്റിനു വേദിയാകുന്ന സിഡ്‌നിയിൽത്തന്നെ നാലാം ടെസ്റ്റും നടത്തിയേക്കുമെന്ന് സൂചനയുണ്ട്.

അതിനിടെ, കോവിഡ് ചട്ടങ്ങൾ പാലിക്കാതെ ബയോ സെക്യുർ ബബ്ൾ വിട്ട് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ 5 ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ നിർബന്ധിത ഐസലേഷനിലായതിന്റെ ഞെട്ടലിലാണ് ഇന്ത്യൻ ടീം. ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, നവ്ദീപ് സെയ്‌നി, പൃഥ്വി ഷാ എന്നിവർ പ്രോട്ടോക്കോൾ ലംഘിച്ചെന്നാണ് ആരോപണം. സംഭവത്തിൽ ഓസ്‌ട്രേലിയൻ, ഇന്ത്യൻ ക്രിക്കറ്റ് ബോർഡുകൾ സംയുക്ത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ 3-ാം ടെസ്റ്റ് 7നു സിഡ്‌നിയിൽ തുടങ്ങാനിരിക്കെയാണു സംഭവം.

ഇവർ 5 പേരെയും ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകളുടെ താമസസ്ഥലത്തുനിന്നു മാറ്റിയെങ്കിലും ബാക്കിയുള്ളവർ പരിശീലനം തുടരുമെന്ന് ഓസീസ് ബോർഡ് അറിയിച്ചു. ഇന്ത്യൻ ബോർഡ്, താരങ്ങൾക്കു പിന്തുണ നൽകാനാണു സാധ്യത. സാമൂഹിക അകലം പാലിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കാൻ താരങ്ങൾക്ക് അനുവാദം കൊടുത്തിട്ടുണ്ടെന്നാണു ബിസിസിഐ പറയുന്നത്. എന്നാൽ, ഓസീസ് ബോർഡ് പുറത്തിറക്കിയ ചട്ടങ്ങൾ പ്രകാരം ഭക്ഷണശാലകളുടെ ഉള്ളിലിരുന്നു കഴിക്കാൻ താരങ്ങൾക്ക് അനുവാദമില്ല. പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനും പാടില്ല.

പുതുവർഷ ദിനത്തിൽ ഇന്ത്യൻ താരങ്ങൾ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ട്വീറ്റ് ചെയ്തത് നവൽദീപ് സിങ് എന്ന ഒരു ആരാധകനാണ്. ഏകദേശം 6,600 രൂപയുടെ ബിൽ താനാണ് അടച്ചതെന്നും ഋഷഭ് പന്ത് തന്നെ ആലിംഗനം ചെയ്‌തെന്നും ഇയാൾ ട്വീറ്റ് ചെയ്തു. ബില്ലിന്റെ ചിത്രവുമിട്ടു. ട്വിറ്റർ ചിത്രങ്ങളും വിഡിയോയും വൈറലായതോടെയാണു ക്രിക്കറ്റ് ബോർഡുകൾ ഇടപെട്ടത്.

എന്നാൽ, സംഭവം കോവിഡ് ചട്ടങ്ങളുടെ ലംഘനമാണെന്നു വിമർശനമുയർന്നതോടെ ആരാധകൻ വിശദീകരണവുമായി രംഗത്തിറങ്ങി: 'പന്ത് ഒരു ഘട്ടത്തിലും എന്നെ കെട്ടിപ്പിടിച്ചിട്ടില്ല. അതൊരു ആവേശത്തിൽ പറഞ്ഞുപോയതാണ്. സാമൂഹിക അകലം പാലിച്ചുതന്നെയാണു ഞങ്ങൾ ഇടപെട്ടത്' - നവൽദീപ് ട്വിറ്ററിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP