Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഎയിലെ വിക്കറ്റുകൾ പ്രതീക്ഷിച്ച പോലെയല്ല; ഇത്രയും സ്പിന്നർമാർ ആവശ്യമുണ്ടോ?; ട്വന്റി 20 ലോകകപ്പിനുള്ള ടീം സെലക്ഷനിൽ ഇന്ത്യയ്ക്ക് പിഴച്ചോ?; മുൻ രഞ്ജി താരം സി എം ദീപക് വിലയിരുത്തുന്നു

യുഎയിലെ വിക്കറ്റുകൾ പ്രതീക്ഷിച്ച പോലെയല്ല; ഇത്രയും സ്പിന്നർമാർ ആവശ്യമുണ്ടോ?; ട്വന്റി 20 ലോകകപ്പിനുള്ള ടീം സെലക്ഷനിൽ ഇന്ത്യയ്ക്ക് പിഴച്ചോ?; മുൻ രഞ്ജി താരം സി എം ദീപക് വിലയിരുത്തുന്നു

സ്പോർട്സ് ഡെസ്ക്

ദുബായ്: യുഎഇയിലും ഒമാനിലുമായി അടുത്ത മാസം ആരംഭിക്കുന്ന ഐസിസി ട്വന്റി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കവെ വിലയിരുത്തലുമായി കേരളത്തിന്റെ മുൻ രഞ്ജി താരം സി എം ദീപക്. ആദ്യ രണ്ട് ഐപിഎൽ മത്സരങ്ങളുടെ ഫലം പരിശോധിക്കുമ്പോൾ ഇവിടുത്തെ വിക്കറ്റുകൾ പ്രതീക്ഷിച്ച പോലെയല്ലെന്ന് അദ്ദേഹം പറയുന്നു.

പേസർമാർ നിർണായക വിക്കറ്റുകൾ വീഴ്‌ത്തി ബാറ്റിങ് നിരയെ സമ്മർദ്ദത്തിലാക്കുന്നതാണ് ആദ്യ രണ്ട് മത്സരങ്ങളിലും കണ്ടത്. വിക്കറ്റിന്റെ ഇപ്പോഴത്തെ സാഹചര്യം പേസർമാർക്കും അനുകൂലമാണെന്ന് വ്യക്തമാക്കുന്നതാണ് രണ്ട് മത്സരങ്ങളുടേയും ഗതി. എന്നാൽ ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ പ്രാധിനിത്യം കിട്ടിയത് സ്പിന്നർമാർക്കാണ്. എന്നാൽ ഇത്രയും സ്പിന്നർമാർ ആവശ്യമുണ്ടായിരുന്നോ എന്ന് അദ്ദേഹം ചോദിക്കുന്നു.



സി എം ദീപക് പറയുന്നത്: ഐപിഎൽ യുഎയിൽ നടക്കുന്നു. ഇതു കഴിഞ്ഞ ഉടനെ ട്വന്റി 20 ലോകകപ്പും യുഎഇയിൽ വച്ചു നടക്കും. പ്രമുഖ ടീമുകൾ അവരുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. അതിൽ ഏറ്റവും കൂടുതൽ പ്രാധിനിത്യം കിട്ടിയത് സ്പിന്നർമാർക്കാണ്. ഐപിഎല്ലിൽ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു ചോദ്യം ഉയരുന്നത് ഇത്രയും സ്പിന്നർമാർ ടീമിൽ വേണമായിരുന്നോ, മീഡിയം പേസർമാർ ടീമിൽ വേണ്ടതുണ്ടായിരുന്നോ എന്നാണ്.

കാരണം ഇവിടുത്തെ വിക്കറ്റുകൾ പ്രതീക്ഷിച്ച പോലെയല്ല. കഴിഞ്ഞ ഐപിഎൽ ഇവിടെ നടന്നപ്പോൾ സ്പിന്നേഴ്‌സിനെ വളരെയധികം സഹായിച്ചിരുന്ന വിക്കറ്റായിരുന്നു. മത്സരം മുന്നോട്ട് പോകവെ സ്ലോ ബൗളർമാർ നിർണായകമായി മാറിയിരുന്നു. പക്ഷെ ഇക്കൊല്ലം ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരത്തിന്റെ ഫലം പരിശോധിക്കുമ്പോൾ ക്യാപ്റ്റന്മാരും അത്ഭുതത്തിലാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും ഫാസ്റ്റ് ബൗളർമാർ തുടക്കത്തിലെ വിക്കറ്റുകൾ വീഴ്‌ത്തി ടീമിനെ സമ്മർദ്ദത്തിലാക്കുന്നതാണ് കണ്ടത്.

ഇപ്പോൾ ഈ ചോദ്യം ഞാൻ വീണ്ടും ചോദിക്കുന്നു. ലോകകപ്പിനുള്ള ഇന്ത്യൻ നിരയിൽ ഫാസ്റ്റ് ബൗളർമാർ ഇത്രയും മതിയോ? മൂന്ന് ഫാസ്റ്റ് ബൗളർമാരെ മാത്രമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ളത് സ്പിന്നർമാരാണ്. പക്ഷെ എനിക്ക് തോന്നുന്നത് ഈ ടൂർണമെന്റുകൾ അടിപ്പിച്ച് അടുപ്പിച്ചാണ് നടക്കുന്നത്. ഷാർജയിലും ദുബായിലും അബുദാബിയിലുമായിട്ട് നടക്കുന്നത്.

ഈ വിക്കറ്റ് അടുത്ത ഒരുമാസം കംപ്ലീറ്റായിട്ട് ഉപയോഗിക്കപ്പെടുകയാണ്. അതിന് ശേഷം ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വരുമ്പോൾ ഇപ്പോഴുള്ള ഒരു ലൈഫ് ആ സമയത്ത് വിക്കറ്റിൽ ഉണ്ടാകില്ല എന്നാണ് തോന്നുന്നത്. സ്പിന്നേഴ്‌സിന് കൂടുതൽ ഉപയോഗപ്രദമായ വിക്കറ്റായി മാറാനും സാധ്യതയുണ്ട്. എന്നിരുന്നാലും ഇപ്പോൾ ക്രിക്കറ്റ് വിദഗ്ധരും ആരാധകരും എല്ലാം വളരെ സർപ്രൈസ്ഡാണ് ഇപ്പോഴത്തെ ഈ വിക്കറ്റ് പെരുമാറുന്ന രീതി കണ്ടിട്ട്.

ഇന്ത്യൻ ടീമിന് തീർച്ചയായും ആകാംക്ഷയുണ്ടാകും. ഈ വിക്കറ്റ് കൂടുതൽ സ്ലോ ആകണമെന്നായിരിക്കും ടീമിന്റെ ആഗ്രഹം. കാരണം ജെനുവിൻ ഫാസ്റ്റ് ബൗളേഴ്‌സിനെ മാത്രം വച്ച് ഇറങ്ങുന്ന ഒരു ടീമാണ് ഇന്ത്യ. ഇതുപോലെ തന്നെയാണ് മിക്ക ടീമുകളും കൂടുതൽ സ്പിന്നർമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലിൽ ഈ വിക്കറ്റുകൾ കൂടുതൽ കൂടുതൽ ഉപയോഗിച്ച് പോകുകയാണെങ്കിൽ മാറ്റം ഉണ്ടാകും.

കൂടാതെ യുഎഇയിൽ ഇപ്പോൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഈ ചൂടിന്റെ കാഠിന്യം കൂടി പരിഗണിക്കുമ്പോൾ വിക്കറ്റ് കൂടുതൽ ഡ്രൈ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാവും ഐപിഎല്ലിന്റെ രണ്ടാം പകുതി എങ്ങനെ പോകുന്നു എന്ന് കാണാം. പിന്നെ ഐപിഎല്ലിന്റെ നോക്കൗട്ട് സ്‌റ്റേജ് ആകുമ്പോഴേക്കും ഏകദേശ രൂപം അറിയാൻ പറ്റും.

ഒക്ടോബർ 23ന് തുടങ്ങുന്ന ട്വന്റി 20 ലോകകപ്പിൽ 24ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നാല് ബാറ്റ്‌സ്മാന്മാരും രണ്ട് വിക്കറ്റ് കീപ്പർമാരും ഓരോ ഫാസ്റ്റ്, സ്പിൻ ഓൾറൗണ്ടർമാരും നാല് സ്പിന്നർമാരും മൂന്ന് പേസർമാരും ഉൾപ്പെട്ടതാണ് ട്വന്റി 20 ലോകകപ്പിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീം. എല്ലാവരേയും അമ്പരപ്പിച്ച് ആർ അശ്വിൻ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടി20 ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ യുസ്‌വേന്ദ്ര ചഹലിന് സ്ഥാനം നഷ്ടമായി. അക്സർ പട്ടേൽ, തമിഴ്‌നാടിന്റെ മലയാളി താരം വരുൺ ചക്രവർത്തി, രാഹുൽ ചഹാർ എന്നിവരാണ് മറ്റ് സ്പിന്നർമാർ.

ബാറ്റ്‌സ്മാന്മാരായി ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവർ. ഓൾറൗണ്ടർമാരായി ഹർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ടീമിലെത്തി. ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരാണ് ഫാസ്റ്റ്ബൗളർമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP