Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്രിക്കറ്റിന് പുതുജീവൻ നൽകാൻ ഇസിബി കണ്ടെത്തിയ അതിവേഗ പോരാട്ടം; 2007ൽ ധോണിയുടെ കൈപിടിച്ച് ഇന്ത്യയുടെ കുതിപ്പ്; കരീബിയൻ പ്രതാപ കാലത്തിന്റെ ഓർമ്മകൾ സമ്മാനിച്ചത് 2012, 16 ലോകകപ്പുകൾ; നാലു വർഷത്തിനു ശേഷം കുട്ടിക്രിക്കറ്റിന്റെ പൂരക്കാഴ്ചയ്ക്ക് അരങ്ങുണരുമ്പോൾ

ക്രിക്കറ്റിന് പുതുജീവൻ നൽകാൻ ഇസിബി കണ്ടെത്തിയ അതിവേഗ പോരാട്ടം; 2007ൽ ധോണിയുടെ കൈപിടിച്ച് ഇന്ത്യയുടെ കുതിപ്പ്; കരീബിയൻ പ്രതാപ കാലത്തിന്റെ ഓർമ്മകൾ സമ്മാനിച്ചത് 2012, 16 ലോകകപ്പുകൾ; നാലു വർഷത്തിനു ശേഷം കുട്ടിക്രിക്കറ്റിന്റെ പൂരക്കാഴ്ചയ്ക്ക് അരങ്ങുണരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: കോവിഡ് മഹാമാരിക്ക് ശേഷം കായിക ലോകം പഴയ പ്രതാപത്തിലേക്ക് നീങ്ങുന്നതിന്റെ തുടക്കത്തിലാണ് വീണ്ടുമൊരു ടി 20 ലോകകപ്പിന് അരങ്ങുണരുന്നത്. കോവിഡിന്റെ ദുരിതങ്ങളിൽനിന്ന് കരകയറാൻ തുടങ്ങിയ ലോകത്തിന് പുതിയ ഊർജംപകരാൻ ടീമുകൾ ഒരുങ്ങിക്കഴിഞ്ഞു.കോവിഡ് കാരണം ഒരു തവണ ഉപേക്ഷിക്കേണ്ടി വരികയും മറ്റൊരു തവണ വേദി മാറ്റവുമായി ഒട്ടേറെ അനിശ്ചിതങ്ങൾക്ക് ഒടുവിലാണ് ലോകകപ്പിന് അരങ്ങൊരുങ്ങുന്നത്.

ഇതിനോടകം ആറ് തവണയാണ് ചാമ്പ്യൻഷിപ്പുകൾ നടന്നത്.ആദ്യതവണ ഇന്ത്യ കപ്പടിച്ചതടക്കം ഒട്ടേറെ മാജിക്കുകൾ ഒരോ പതിപ്പിലും ടി20 ലോകകപ്പ് കായിക പ്രേമികൾക്കായി കാത്ത് വച്ചിരുന്നു.അത്തരത്തിൽ പല വിസ്മയങ്ങൾക്ക് തന്നെയാണ് ഇക്കുറിയും ആരാധകർ കാത്തിരിക്കുന്നത്. വീണ്ടുമൊരു ലോകകപ്പിന് ക്രീസുണരുമ്പോൾ ടി20യുടെയും ലോകകപ്പ് പോരാട്ടത്തിന്റെയും നാൾ വഴികളിലുടെ..

ക്രിക്കറ്റിന്റെ അതിവേഗ പോരാട്ടം വന്ന വഴി

ക്രിക്കറ്റിന് ജന്മം നൽകിയ ഇംഗ്ലണ്ടിന്റെ മണ്ണിൽത്തന്നെയാണ് ട്വന്റി 20യും പിറന്നത്. ഫസ്റ്റ് ക്ലാസ് കൗണ്ടികൾക്കുവേണ്ടി 1972ൽ ആരംഭിച്ച ഏകദിന ടൂർണമെന്റായ ബെൻസൻ ആൻഡ് ഹെഡ്ജസ് കപ്പിന് 2002ൽ ചരമക്കുറിപ്പ് എഴുതപ്പെട്ടു. പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾക്കു വിലക്കു നിലവിൽവന്നതോടെ സ്‌പോൺസർമാർ പിൻവാങ്ങി. ഇതോടെ രണ്ടു പതിറ്റാണ്ടിന്റെ പാരമ്പര്യം പേറിയ ബെൻസൻ ആൻഡ് ഹെഡ്ജസ് കപ്പ് ഓർമയായി.

അതിനൊപ്പം തന്നെ ദിവസങ്ങൾ നീളുന്ന ടെസ്റ്റ് ക്രിക്കറ്റിനും ഒരു ദിവസം മുഴുവനുള്ള ഏകദിനത്തിനും പ്രിയം കുറഞ്ഞുവരികയും ചെയ്തു.ഈ സാഹചര്യത്തിലാണ് ക്രിക്കറ്റിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പുതുവഴികൾ തേടിയത്.വേഗതയ്യാർന്ന, ആവേശം നിറഞ്ഞ 'സ്മാർട്ട്' ക്രിക്കറ്റാണു കാലത്തിനാവശ്യം എന്നു മനസിലാക്കാൻ ഇസിബിക്കു സമയമെടുത്തില്ല. ഇസിബിയുടെ മാർക്കറ്റിങ് വിഭാഗം മാനേജറായിരുന്ന സ്റ്റുവർട്ട് റോബർട്ട്‌സനാണ് പുത്തൻ നിർദ്ദേശവുമായി കൗണ്ടി അധികാരികളുടെ മുന്നിലെത്തിയത്. 20 ഓവറുകൾ വീതം അടങ്ങുന്ന ക്രിക്കറ്റ് എന്ന അദ്ദേഹത്തിന്റെ ആശയത്തിന് 2001ൽ കൗണ്ടികളുടെ പിന്തുണ ലഭിച്ചു.

എന്നാൽ ട്വന്റി 20 എന്ന ആശയം യാഥാർഥ്യമാകാൻ പിന്നെയും കാലമെടുത്തു. 2003 സീസണിന് തൊട്ടുമുൻപ് ലിസ്റ്റർഷെയർ കൗണ്ടി ടീമിന്റെ ഡ്രസിങ് റൂമിൽ ഉയർന്നു വന്ന ആശയമാണ് ട്വന്റി20 ക്രിക്കറ്റിന്റെ പിറവിക്കു കാരണമായത്. ലിസ്റ്റർഷെയർ ടീമംഗങ്ങൾ തമ്മിൽ നടന്ന 20 ഓവർ നീണ്ട പരിശീലനമത്സരം ട്വന്റി20ക്ക് വിത്തുപാകി. മറ്റു ടീമുകളും ഈ പരീക്ഷണം പിന്തുടർന്നതോടെ ക്രിക്കറ്റിന്റെ ജന്മനാട്ടിൽ ഈ ചെറുപതിപ്പിന് ആദ്യമായി ഒരു ടൂർണമെന്റും അരങ്ങേറുകയായിരുന്നു.

ഇംഗ്ലീഷ് കൗണ്ടികളെ പങ്കെടുപ്പിച്ച് 2003 ജൂൺ 13ന് ആരംഭിച്ച ട്വന്റി 20 കപ്പിലൂടെ ട്വന്റി 20 ക്രിക്കറ്റിന് ഔദ്യോഗികമായി തുടക്കമായി. 2004 ജൂലൈയിൽ ലോർഡ്‌സിൽ നടന്ന മിഡിൽസെക്‌സ് സറെ മൽസരം കാണികളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കുറിച്ചു: 28, 000 പേരാണ് അന്ന് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

കൗണ്ടി മത്സരങ്ങളിൽനിന്നു കാഴ്ചക്കാർ അകന്ന അനുഭവം പുത്തൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് അനുകൂലഘടകമായി മാറി. ഒഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കി മത്സരം നടന്നിരുന്ന കൗണ്ടി മൈതാനങ്ങളിൽ ട്വന്റി20യുടെ വരവോടെ ആരവം ഉയർന്നു. ക്രിക്കറ്റ് ഗ്രൗണ്ടിലേക്കു കാണികൾ മടങ്ങിയെത്തിയതോടെ തുടർവർഷങ്ങളിലും ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റുകൾ തുടർന്നു. പിന്നാലെ പാക്കിസ്ഥാനടക്കം വിവിധ രാജ്യങ്ങളിൽ ട്വന്റി 20 ടൂർണമെന്റുകൾ അരങ്ങേറി.

തുടർന്ന് രാജ്യാന്തരതലത്തിലും ട്വന്റി20 അവതരിച്ചു. 2004 ഓഗസ്റ്റ് 5ന് ചരിത്രത്തിലെ ആദ്യ രാജ്യാന്തര ട്വന്റി 20 മൽസരം അരങ്ങേറി. വനിതകളുടെ ട്വന്റി 20യാണ് ആദ്യം നടന്നത്. ഇംഗ്ലണ്ടിനെ ഒൻപത് റൺസിന് തോൽപിച്ച് കിവീസ് ആദ്യ ജേതാക്കളായി. എന്നാൽ പുരുഷന്മാരുടെ ആദ്യ രാജ്യാന്തരമൽസരം നടന്നത് 2005 ഫെബ്രുവരി 17നായിരുന്നു. ഓക്ലൻഡ് ഈഡൻ പാർക്കിൽ ഓസ്‌ട്രേലിയ കിവീസിനെ 44 റൺസിന് തോൽപിച്ച് ചരിത്രം കുറിച്ചു. 1980കളെ ഓർമപ്പെടുത്തി ഇരുടീമുകളും അക്കാലത്തെ ജഴ്‌സിയണിഞ്ഞാണു മൈതാനത്തിറങ്ങിയത്. അങ്ങനെ ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിലെയും ആദ്യ വിജയികൾ എന്ന നേട്ടവും ഓസീസ് സ്വന്തമാക്കി.

ട്വന്റി20യിലെ ഇന്ത്യയുടെ ആദ്യ മൽസരം നടന്നത് 2006 ഡിസംബർ ഒന്നിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു. ടെസ്റ്റ്ക്രിക്കറ്റിലും,ഏകദിന ത്തിലും പരാജയം രുചിച്ച് അരങ്ങേറിയ ഇന്ത്യയ്ക്ക് ട്വന്റി20 സമ്മാനിച്ചതു വിജയത്തുടക്കമാണ്. ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ്സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ടീം ഇന്ത്യ ആതിഥേയരെ കീഴ്പ്പെടുത്തിയത്.

ആദ്യം മുത്തമിട്ടത് ഇന്ത്യ..ലോകകപ്പ് നാൾവഴികൾ

ആകെ ആറു ലോകകപ്പുകളാണ് ട്വി20 ഫോർമാറ്റിൽ ഇതുവരെ നടന്നത്.ആദ്യം ജയം ഇന്ത്യ നേടിയപ്പോൾ വെസ്റ്റ്ഇൻഡീസാണ് ഏറ്റവും കുടുതൽ തവണ കിരീടത്തിൽ മുത്തമിട്ടത്.ചിര വൈരികളായ പാക്കിസ്ഥാനെ തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ കിരിടം നേട്ടം.അതാകട്ടെ ഒരൊറ്റ രാജ്യാന്തര ടി20 കളിച്ച പരിചയവുമായി എത്തിയ ഒരു ടീം.ഇതിനു പുറമെ ധോണിയെന്ന ക്യാപ്റ്റന്റെ ഉദയത്തിനു കൂടി സാക്ഷിയായത് ഇ ടൂർണ്ണമെന്റായിരുന്നു.

2007 സെപ്റ്റംബർ 24-നു നടന്ന ഫൈനലിൽ 5 റൺസിനു ഇന്ത്യൻ ടീം പാക്കിസ്ഥാനെ പരാജയപ്പെടുത്തി വിജയികളായി. ഇന്ത്യൻ താരം ഇർഫാൻ പഠാൻ കളിയിലെ കേമനായും,പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രിദി പരമ്പരയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടു.

രണ്ട് വർഷങ്ങൾക്കിപ്പുറം ഇംഗ്ലണ്ടിലായിരുന്നു രണ്ടാം ടൂർണ്ണമെന്റ് നടന്നത്. പ്രഥമ ലോകകപ്പിൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ വിജയമധുരം പാക്കിസ്ഥാൻ നുകർന്നു.ഫൈനലിൽ ശ്രീലങ്കയെ എ്ട്ടുവിക്കറ്റിന് തകർത്തായിരുന്നു പാക്കിസ്ഥാന്റെ കിരീട നേട്ടം.ശ്രീലങ്കയുടെ 138 റൺസ് പിന്തുടർന്ന പാക്കിസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.

ഇടവേളകളില്ലാതെ തൊട്ടടുത്ത വർഷം തന്നെ 2010 ൽ വെസ്റ്റ്് ഇൻഡീസിലായിരുന്നു മൂന്നാം ചാമ്പ്യൻഷിപ്പ്.അന്ന് കെവിൻ പിറ്റേസണിന്റെ മികവിൽ ഇംഗ്ലണ്ട് കിരീടം നേടുകയായിരുന്നു. ഫൈനലിൽ പോൾ കോളിലവുഡ് നയിച്ച ഇംഗ്ലണ്ട് മൈക്കൽ ക്ലർക്കിന്റെ ഓസ്‌ട്രേലിയയെ 7 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. തിലകരത്‌നെ ദിൽഷന്റെ മികവിൽ മിന്നുന്ന ഫോമിലായിരുന്ന ശ്രീലങ്ക ആ ടുർണ്ണമെന്റിൽ സെമിഫൈനൽ വരെ മുന്നേറിയിരുന്നു.

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം 2012 ൽ ശ്രീലങ്ക ആയിരുന്നു ആതിഥേയർ. വെസ്റ്റ് ഇൻഡീസിന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പോരാട്ടം കണ്ട ടൂർണ്ണമെന്റ് കൂടിയായിരുന്നു അത്.ആതിഥേയരായ ശ്രീലങ്കയെ ഫൈനലിൽ 36 റൺസിന് തോൽപ്പിച്ചാണ് കരീബിയൻ പട തങ്ങളുടെ ആദ്യ ടി 20 കിരീടം നേടിയത്.ഡാരൻ സമി നയിച്ച ടീമിന് അന്ന് കരുത്തായത് സാമുവൽസിന്റെ പോരാട്ടമാണ്.വെസ്റ്റ്ഇൻഡീസ് 136 റൺസെടുത്തപ്പോൾ ശ്രീലങ്ക 101 ഓൾ ഔട്ടായി.

2014 ൽ ബംഗ്ലാദേശിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യ 7 വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ഫൈനലിലെത്തി.എന്നാൽ ഫൈനലിൽ ശ്രീലങ്കയോട് പരാജയം രുചിക്കുകയായിരുന്നു. ശ്രീലങ്കയുടെ അതികായന്മാരായ സംഗക്കാരയും ജയവർധനയുടെയും അവസാനത്തെ മേജർ ചാമ്പ്യൻഷിപ്പ് കൂടിയായിരുന്നു ഇത്.

ഏറ്റവുമൊടുവിൽ ഇന്ത്യയിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്.അന്ന് ഒരിക്കൽ കൂടി ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും ഫൈനലിലെത്തി. ക്രിക്കറ്റ് ആരാധകർ ഇന്നും മറക്കാത്ത ഫൈനലിനാണ് കൊൽക്കത്ത ഈഡൻഗാർഡൻ സാക്ഷിയായത്.കാർലോസ് ബ്രാത്വെയ്റ്റ് എന്ന വെസ്റ്റിൻഡീസുകാരന്റെ ബാറ്റിൽനിന്ന് പറന്നുയർന്ന നാലു സിക്‌സറുകൾ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ സൃഷ്ടിച്ച തീപ്പൊരികൾ ഇപ്പോഴും കാണികളുടെ മനസ്സിൽ അണഞ്ഞിട്ടുണ്ടാകില്ല. 2016-ലെ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ജയിക്കാൻ അവസാന ഓവറിൽ 19 റൺസ് വേണ്ടിയിരിക്കേ, ബ്രാത്വെയ്റ്റിന്റെ തുടർച്ചയായ നാലു സിക്സുകളിൽ വെസ്റ്റിൻഡീസ് ജ്വലിച്ചു. ഇംഗ്ലണ്ട് വാടി.

വീണ്ടും ഒരു കുട്ടിക്രിക്കറ്റിന്റെ ലോകകപ്പിന് അരങ്ങുണരുമ്പോൾ ക്രിക്കറ്റിന്റെ വെടിക്കെട്ടിന് തന്നെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP