Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202423Friday

ടി-20യിൽ ഓൾ റൗണ്ട് മികവിൽ ടീം ഇന്ത്യ തന്നെ കേമന്മാർ; ഓസീസിനോട് മല്ലിടാൻ പോന്ന റൺമല ഉയർത്തിയില്ലെങ്കിലും ബൗളർമാർ തകർത്താടിയതോടെ നാലാം മത്സരത്തിൽ 20 റൺസ് വിജയം; ഇന്ത്യക്ക് പരമ്പര നേടിയെടുത്ത് യുവാക്കളുടെ പട

ടി-20യിൽ ഓൾ റൗണ്ട് മികവിൽ ടീം ഇന്ത്യ തന്നെ കേമന്മാർ; ഓസീസിനോട് മല്ലിടാൻ പോന്ന റൺമല ഉയർത്തിയില്ലെങ്കിലും ബൗളർമാർ തകർത്താടിയതോടെ നാലാം മത്സരത്തിൽ 20 റൺസ് വിജയം; ഇന്ത്യക്ക് പരമ്പര നേടിയെടുത്ത് യുവാക്കളുടെ പട

മറുനാടൻ മലയാളി ബ്യൂറോ

റായ്പുർ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കി. നാലാമത് മത്സരത്തിൽ, ടീം ഇന്ത്യക്ക് 20 റൺസ് ജയം. മൂന്നുവിക്കറ്റ് വീഴ്‌ത്തിയ അക്‌സർ പട്ടേലും രവി ബിഷ്‌ണോയിയുടെ തകർപ്പൻ സ്‌പെല്ലുമാണ് ചെറിയ ടോട്ടലായിട്ടും ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്. നായകനെന്ന നിലയിൽ സൂര്യകുമാർ യാദവിന്റെ ആദ്യപരമ്പര വിജയമാണിത്.

പവർ പ്ലേയിൽ ജഷ് ഫിലിപ്പയെ മടക്കി അയച്ച് ബിഷ്‌ണോയിയാണ് ആദ്യ വിക്കററ് വീഴ്‌ത്തിയത്. പിന്നീട് ട്രാവിസ് ഹെഡിന്റെ വലിയ വിക്കറ്റെടുത്ത് അക്‌സർ, ഷോ ആരംഭിച്ചു. ആരൺ ഹാർഡിയും ബെൻ മാക് ഡെർമട്ടും പിന്നാലെ വീണു. നാല് ഓവറിൽ വെറും 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അക്ഷർ പട്ടേലും 17 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയ രവി ബിഷ്ണോയിയുമാണ് വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. 44 റൺസ് വഴങ്ങിയെങ്കിലും നിർണായകമായ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി ദീപക് ചാഹറും വിജയത്തിൽ പങ്കുവഹിച്ചു.

175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ട്രാവിസ് ഹെഡ് പതിവുപോലെ തകർത്തടിച്ച് തുടങ്ങി. ഇതിനിടെ നാലാം ഓവറിൽ രവി ബിഷ്ണോയിയെ സൂര്യകുമാർ പന്തേൽപ്പിച്ചു. ആദ്യ പന്തിൽ തന്നെ ജോഷ് ഫിലിപ്പ് (8) പുറത്ത്. തുടർന്ന് അഞ്ചാം ഓവറിൽ അപകടകാരിയായ ഹെഡിനെ മടക്കി അക്ഷർ പട്ടേൽ ഇന്ത്യയ്ക്ക് പ്രതീക്ഷയേകി. വെറും 16 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്സുമടക്കം 31 റൺസെടുത്താണ് ഹെഡ് മടങ്ങിയത്. ഏഴാം ഓവറിൽ ആരോൺ ഹാർഡിയേയും (8) മടക്കിയ അക്ഷർ ഓസീസിനെ പ്രതിരോധത്തിലാക്കി. റൺ കണ്ടെത്താൻ വിഷമിച്ച ബെൻ മക്ഡെർമോട്ടിനെയും മടക്കിയ അക്ഷർ മൂന്ന് വിക്കറ്റുകൾ തികച്ചു. 22 പന്തിൽ നിന്ന് 19 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. 23 പന്തിൽ നിന്ന് 36 റൺസുമായി ക്യാപ്റ്റൻ മാത്യു വെയ്ഡ് പൊരുതി നോക്കിയെങ്കിലും ജയിക്കാൻ പോന്നതായില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. റിങ്കു സിങ്, യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്വാദ്, ജിതേഷ് ശർമ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഓസ്‌ട്രേലിയയ്ക്ക് എതിരെ ടീംഇന്ത്യക്ക് മികച്ച തുടക്കമാണ് കിട്ടിയത്. യശ്വസി ജയ്‌സ്വാളും, റിതുരാജ് ഗെയ്ക്വാദുമാണ് ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. 37 റൺസെടുത്ത ജയ്‌സ്വാളിനെ പുറത്താക്കി ആരൺ ഹാർഡി ഓസീസിന് ബ്രേക്ക് ത്രൂ നൽകി. സിക്‌സിനായി ശ്രമിച്ച ജയ്‌സ്വാളിന്റെ ടൈമിങ് തെറ്റിയതോടെ, പന്ത് മിഡ് ഓണിൽ ബെൻ മാക് ഡെർമട്ടിന്റെ കൈകളിൽ എത്തി. ഋതുരാജ് 28 ബോളിൽ നിന്ന് 32 നേടി. രണ്ടു പേരും പുറത്തായതിനു പിന്നാലെ എത്തിയ ശേയസ് അയ്യർ (8), ക്യാപ്റ്റൻ സൂര്യകുമാർ യാദവ്(1) എന്നിവർ നിരാശപ്പെടുത്തി.

തുടർന്ന് എത്തിയ റിങ്കുസിങ്ങും ജിതേഷ് ശർമയും ചേർന്നുള്ള കൂട്ടുകെട്ടാണ് മെച്ചപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. 29 ബോളിൽ നിന്ന് നാല് ഫോറും രണ്ട് സിക്സും ഉൾപ്പടെ 46 റൺസാണ് റിങ്കു സിങ് നേടിയത്. 19 ബോളിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറും അടക്കം 35 റൺസാണ് ജിതേഷ് നേടിയത്. എന്നാൽ പിന്നാലെ എത്തിയ എല്ലാവരും നിരാശയാണ് സമ്മാനിച്ചത്. അവസാന ഏഴ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് അഞ്ച് വിക്കറ്റുകളാണ്. ഓസീസിനായി ബെൻ ഡാർഷുയിസ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. തൻവീർ സംഗയും ജേസൺ ബെഹ്റൻഡോർഫും രണ്ട് വിക്കറ്റ് വീതം നേടി.

നാലാം ടി -20 യിൽ നേരത്തെ ടോസ് നേടിയ ഓസീസ് നായകൻ മാത്യു വെയ്ഡ് ഇന്ത്യയെ ബാ്റ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ശ്രേയസ് അയ്യർ, ദീപക് ചാഹർ, മുകേഷ് കുമാർ എന്നിവർ തിരിച്ചെത്തി. വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ കളിക്കും. ഇഷാൻ കിഷൻ ജിതേഷിന് വേണ്ടി വഴിമാറി കൊടുത്തു. പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, തിലക് വർമ എന്നിവർക്കും സ്ഥാനം നഷ്ടമായി. ഓസീസ് അഞ്ച് മാറ്റം വരുത്തിയിട്ടുണ്ട്. മാർകസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, ജോഷ് ഇൻഗ്ലിസ്, കെയ്ൻ റിച്ചാർഡ്സൺ, നതാൻ എല്ലിസ് എന്നിവർ ടീമിലില്ല.

ഇന്ത്യൻ ടീം: യശസ്വി ജയ്സ്വാൾ, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ജിതേഷ് ശർമ, റിങ്കു സിങ്, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, ദീപക് ചാഹർ, ആവേഷ് ഖാൻ, മുകേഷ് കുമാർ.

ഓസ്ട്രേലിയ: ജോഷ് ഫിലിപെ, ട്രാവിസ് ഹെഡ്, ബെൻ മക്ഡെർമോട്ട്, ആരോൺ ഹാർഡി, ടിം ഡേവിഡ്, മാത്യു ഷോർട്ട്, മാത്യൂ വെയ്ഡ്, ബെൻ ഡ്വാർഷിസ്, ക്രിസ് ഗ്രീൻ, ജേസൺ ബെഹ്രൻഡോർഫ്, തൻവീർ സംഗ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP