Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കോഹ്ലിയെ വേട്ടയാടാൻ ഞാൻ ആഗ്രഹിക്കുന്നില്ല; ആർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടില്ല; പ്രചരിക്കുന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധം'; ആരോപണങ്ങൾ തള്ളി സൗരവ് ഗാംഗുലി

'കോഹ്ലിയെ വേട്ടയാടാൻ ഞാൻ ആഗ്രഹിക്കുന്നില്ല; ആർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടില്ല; പ്രചരിക്കുന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധം'; ആരോപണങ്ങൾ തള്ളി സൗരവ് ഗാംഗുലി

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ബിസിസഐ ഒരുങ്ങിയെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതിനിടെ ആരോപണങ്ങൾ തള്ളി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

ഡിസംബറിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ കോലി, താനും ബോർഡും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് തുറന്നടിച്ചിരുന്നു. ട്വന്റി 20 ക്യാപ്റ്റൻസി ഒഴിയാനുള്ള തന്റെ തീരുമാനത്തെ കുറിച്ചും അപ്രതീക്ഷിതമായി തന്നെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കിയതിനെ കുറിച്ചുമെല്ലാം കോലി വാർത്താ സമ്മേളനത്തിനിടെ വിശദമാക്കിയിരുന്നു.

അന്ന് കോലി നടത്തിയ ആരോപണങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് ഗാംഗുലി, താരത്തിന് കാരണം കാണിക്കൽ നോട്ടീസ് അയക്കാനൊരുങ്ങിയെന്നാണ് ബിസിസിഐയിലെ ഒരംഗം നേരത്തെ വെളിപ്പെടുത്തിയത്. തുടർന്ന് സെക്രട്ടറി ജയ് ഷാ ഇടപെട്ട് ഗാംഗുലിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയ ശേഷം ഈ നീക്കം തടയുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

എന്നാൽ ഇക്കാര്യം സത്യമല്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്നും ഗാംഗുലി വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.

ചീഫ് സെലക്ടറും മറ്റു സെലക്ഷൻ കമ്മിറ്റി അംഗങ്ങളും ചേർന്ന് രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചർച്ച പോലും നടത്തിയില്ലെന്നുമായിരുന്നു കോലി ഡിസംബറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മാത്രമാണ് ചീഫ് സെലക്ടർ തന്നെ വിളിച്ചത്. ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു. അതിനുശേഷം ഫോൺ കോൾ അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇനി ഏകദിന ടീമിന്റെ ക്യാപ്റ്റൻ താൻ ആയിരിക്കില്ല എന്ന് പറഞ്ഞു. അഞ്ച് സെലക്ടർമാരും ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും ചീഫ് സെലക്ടർ അറിയിച്ചു.

താനും രോഹിതും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. കഴിഞ്ഞ രണ്ടു വർഷമായി ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇനിയും വയ്യ. ടീമിനെ തളർത്തുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും കോലി പറഞ്ഞിരുന്നു.

ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചപ്പോൾ തന്നോട് ആരും സ്ഥാനമൊഴിയരുതെന്ന് ആവശ്യപ്പെട്ടില്ലെന്നും വാർത്താ സമ്മേളനത്തിനിടെ കോലി വ്യക്തമാക്കിയിരുന്നു. കോലിയുടെ ഈ പ്രസ്താവന ഈ വിഷയവുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വാക്കുകളെ തള്ളുന്നതായിരുന്നു.

കോലിയോട് ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറരുതെന്ന് തങ്ങൾ അഭ്യർത്ഥിച്ചുവെന്നും താരം അത് കേട്ടില്ലെന്നുമായിരുന്നു ഗാംഗുലി അതിന് മുമ്പ് പറഞ്ഞിരുന്നത്. ഇതിനു പിന്നാലെ ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം കോലി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞിരുന്നു.

2014ലായിരുന്നു വിരാട് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തെത്തുന്നത്. 2014ൽ മെൽബൺ ടെസ്റ്റിൽ നേടിയ സമനിലയോടെ സ്ഥാനമൊഴിഞ്ഞ എം.എസ്. ധോണിക്ക് പിന്നാലെയായാരുന്നു വിരാട് ടെസ്റ്റ് ക്യാപ്റ്റൻസി സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP