Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശുദ്ധികലശത്തിന് ദാദയെത്തുമ്പോൾ വിറയ്ക്കുന്നത് ശാസ്ത്രിയുടെ ഇരിപ്പിടം; ഗാംഗുലിയുടെ വരവ് സോഷ്യൽ മീഡിയ ആഘോഷമാക്കുമ്പോൾ ശാസ്ത്രിക്കെതിരായ ട്രോളുകളും; കർക്കശക്കാരനായ മുൻ നായകൻ തലപ്പത്തെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകളേറെ; 'പ്രാഥമിക പരിഗണന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്' നൽകുന്ന ദാദയ്ക്കു മുന്നിൽ കടമ്പകൾ ഏറെ; തത്വത്തിൽ ഒരുവർഷം മാത്രം അവശഷിക്കുന്ന പദവയിൽ നിന്ന് ദാദ പടിയിറങ്ങുന്നത് അടുത്ത വർഷം ജൂലൈയിൽ; ഗാംഗുലിയുടെ രാഷ്ട്രീയ ചായ്‌വിൽ കണ്ണുംനട്ട് നേതാക്കൾ

ശുദ്ധികലശത്തിന് ദാദയെത്തുമ്പോൾ വിറയ്ക്കുന്നത് ശാസ്ത്രിയുടെ ഇരിപ്പിടം; ഗാംഗുലിയുടെ വരവ് സോഷ്യൽ മീഡിയ ആഘോഷമാക്കുമ്പോൾ ശാസ്ത്രിക്കെതിരായ ട്രോളുകളും; കർക്കശക്കാരനായ മുൻ നായകൻ തലപ്പത്തെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകളേറെ; 'പ്രാഥമിക പരിഗണന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്' നൽകുന്ന ദാദയ്ക്കു മുന്നിൽ കടമ്പകൾ ഏറെ; തത്വത്തിൽ ഒരുവർഷം മാത്രം അവശഷിക്കുന്ന പദവയിൽ നിന്ന് ദാദ പടിയിറങ്ങുന്നത് അടുത്ത വർഷം ജൂലൈയിൽ; ഗാംഗുലിയുടെ രാഷ്ട്രീയ ചായ്‌വിൽ കണ്ണുംനട്ട് നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കർക്കശക്കാരനായ മുൻ നായകൻ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്തെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകളേറെയാണ്. അതേസമയം ഗാംഗുലിയുടെ വരവോടെ ഇന്ത്യൻ ടീം കോച്ച് രവി ശാസ്ത്രി പേടിക്കുന്നത് എന്തിനാണ്? ഗാംഗുലിയുടെ വരവ് സോഷ്യൽ മീഡിയ ആഘോഷമാക്കുമ്പോൾ തന്നെ ശാസ്ത്രിക്കെതിരായ ട്രോളുകളും നിറയുന്നുണ്ട്.ശാസ്ത്രിയും ഗാംഗുലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ തന്നെയാണ് ഇതിന് കാരണം. മുമ്പ് ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു. ഡങ്കൻ ഫ്‌ളെച്ചറിന് ശേഷം പുതിയ പരിശീലകനെ തേടുന്ന സമയത്തായിരുന്നു അത്.

എന്നാൽ അനിൽ കുംബ്ലെയെയാണ് അന്ന് പരിശീലകനായി തിരഞ്ഞെടുത്തത്. ഇതിനു പിന്നാലെ തന്റെ പേരുവെട്ടിയത് ഗാംഗുലിയാണെന്ന് തുറന്നടിച്ച് ശാസ്ത്രി രംഗത്തെത്തുകയും ചെയ്തു. ഇതിനോട് രൂക്ഷമായ ഭാഷയിൽ തന്നെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം.ഇപ്പോഴിതാ ശാസ്ത്രി മുഖ്യ പരിശീലകനായിരിക്കുന്ന സമയത്തു തന്നെ ഗാംഗുലി ബി.സി.സിഐയുടെ തലപ്പത്തേക്കെത്തുന്നു. അത്ര രസത്തിലല്ലാത്ത ഇരുവരും എങ്ങനെ ഒന്നിച്ച് മുന്നോട്ടുപോകുമെന്നാണ് ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നത്.

പ്രതിസന്ധികളും സങ്കീർണതകളും കൊണ്ട് ബിസിസിഐ ഞാണിൽമേൽ കളിക്കുന്ന കാലത്താണ് ദാദ ബോർഡിന്റെ തലപ്പത്ത് കസേരയുറപ്പിക്കുന്നത്. 2000ലെ വാതുവയ്പ് ചതിക്കുഴിയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിനെ കൈപിടിച്ചുയർത്തിയ ദാദ അതേ ആർജവം കാട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുവ താരങ്ങൾക്ക് അവസരങ്ങൾ നൽകിക്കൊണ്ടായിരുന്നു അന്ന് ദാദയുടെ മാസ്റ്റർ പ്ലാനുകളെല്ലാം.

ബിസിസിഐ പ്രസിഡന്റായി ഇന്ത്യൻ ക്രിക്കറ്റിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്താൻ പദ്ധതിയിടുന്നതായുള്ള ഗാംഗുലിയുടെ വാക്കുകൾ ആരാധകർക്ക് പകരുന്ന പ്രതീക്ഷ ചെറുതല്ല. യുവ താരങ്ങൾക്കും ദാദയുടെ വാക്കുകൾ വലിയ ആശ്വാസമാണ്. കഴിഞ്ഞ മൂന്ന് വർഷക്കാലം സങ്കീർണ കാലയളവായിരുന്നു. ഏവർക്കും അഭിമാനിക്കാവുന്ന നേട്ടം തനിക്കും ടീമിനും സ്വന്തമാക്കാനാകും എന്ന് കരുതുന്നു. കുറച്ച് മാസങ്ങൾക്കുള്ളിൽ ഇന്ത്യൻ ക്രിക്കറ്റിലെ പഴയപടിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ- ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.

'ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനാകും താൻ പ്രാഥമിക പരിഗണന നൽകുക. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനായി എന്നും വാദിച്ചിരുന്നയാളാണ് താൻ, ഇന്ത്യൻ ക്രിക്കറ്റിന്റെ അടിത്തറ തന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റാണ്. യുവ താരങ്ങളുടെ വളർച്ചക്കായി ആവശ്യമായ നടപടികൾ സ്വീകരിക്കും. ആഭ്യന്തര താരങ്ങളുടെ പ്രതിഫലം ഉയർത്താൻ കഴിഞ്ഞ മൂന്ന് വർഷക്കാലവും ആവശ്യമുയർത്തിയിരുന്നു.

ഇരട്ട പദവി പ്രശ്നങ്ങൾ ഇന്ത്യൻ ക്രിക്കറ്റിലെ സങ്കീർണ വിഷയമാണ്, അതിലും ഇടപെടേണ്ടതുണ്ട്. വിവിധ മേഖലകളിൽ നിയമിക്കപ്പെട്ടവർ- നാഷണൽ ക്രിക്കറ്റ് അക്കാദമി, ക്രിക്കറ്റ് ഉപദേശക സമിതി, ബാറ്റിങ് കോച്ച്, ഫീൽഡിങ് കോച്ച്...എല്ലായിടത്തും ഇരട്ട പദവിയുടെ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനെ ഇന്ത്യൻ ക്രിക്കറ്റിലെ വലിയ പ്രശ്നമായി വിലയിരുത്തുന്നു. 2020 വരെയാകും ഗാംഗുലിയുടെ കാലാവധി. അവസാന പന്തിലെ സിക്‌സർ പോലെയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തലപ്പത്തേക്ക് 'ദാദ' സൗരവ് ഗാംഗുലി വന്നിരിക്കുന്നത്. ആ സിക്‌സറിനുള്ള പിച്ചൊരുക്കിയത് ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നതിൽ തർക്കവുമില്ല.

3 വർഷത്തെ ഇടവേളയ്ക്കു ശേഷം ബിസിസിഐയിലും പിന്നീട് ഐസിസിയിലും വീണ്ടും പിടിമുറുക്കാനുള്ള ശ്രീനിവാസന്റെ പദ്ധതിക്കു കൂടിയാണ് ഗാംഗുലിയുടെ വരവോടെ തിരിച്ചടിയേറ്റത്.ബംഗാളിൽ മമത ബാനർജിയെ മാറ്റി അധികാരം പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തുറുപ്പു ചീട്ടാകാൻ ഗാംഗുലി നിൽക്കുമോ ഇല്ലയോ എന്നതാണ് ഇനിയറിയാനുള്ളത്. ഐപിഎൽ ചെയർമാൻ സ്ഥാനമോ ഐസിസി പ്രതിനിധി സ്ഥാനമോ നൽകിയുള്ള ഒത്തുതീർപ്പിനും ശ്രമമുണ്ടായി. തനിക്കു പ്രസിഡന്റ് പദവിയല്ലാതെ മറ്റൊരു സ്ഥാനവും വേണ്ടെന്ന് ഗാംഗുലി തീർത്തു പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിൽ 2020 ജൂലൈയിൽ ഗാംഗുലി സ്ഥാനമൊഴിയും. പുതിയ ചട്ടങ്ങൾ പ്രകാരമുള്ള 'കൂളിങ് ഓഫ് പീരിയഡ്' ആണത്. ആറു വർഷം തുടർച്ചയായി ഭരണ പദവിയിലിരുന്നാൽ 3 വർഷം ഒഴിഞ്ഞു നിൽക്കണമെന്നാണു ചട്ടം. കഴിഞ്ഞ 5 വർഷമായി ബംഗാൾ അസോസിയേഷൻ പ്രസിഡന്റാണ് ഗാംഗുലി. ഈ ഒരു വർഷം ബിസിസിഐ പ്രസിഡന്റായാൽ ഭരണപദവിയിൽ 6 വർഷമായി.

ആ കൂളിങ് ഓഫ് സമയത്ത് ബംഗാൾ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഗാംഗുലിയെ ഉപയോഗിക്കാനാണ് ബിജെപി നീക്കമെന്നാണു സൂചന. ബംഗാളിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായാണ് ഗാംഗുലിയെ കണക്കാക്കുന്നത്. രാഷ്ട്രീയ ചായ്‌വ് വ്യക്തമാക്കിയില്ലെങ്കിലും നേരത്തേ കോൺഗ്രസിനോടും പിന്നീട് തൃണമൂലിനോടും മൃദുസമീപനമുള്ളയാളായാണ് ഗാംഗുലി അറിയപ്പെട്ടിരുന്നത്. ഗാംഗുലിയുടെ സ്ഥാനലബ്ധിയെ മമത ബാനർജി വാനോളം പുകഴ്‌ത്തിയിട്ടുമുണ്ട്.

ഗാംഗുലി സ്ഥാനമൊഴിഞ്ഞാൽ പകരം ഗുജറാത്ത് അസോസിയേഷന്റെ പ്രതിനിധിയും നിയുക്ത സെക്രട്ടറിയുമായ അമിത് ഷായുടെ മകൻ ജയ്ഷാ പ്രസിഡന്റാകുമെന്നാണ് സൂചനകൾ. ഗുജറാത്ത് അസോസിയേഷൻ ബിസിസിഐ ജനറൽ ബോഡിയിലേക്ക് ജയ് ഷായെ നാമനിർദ്ദേശം ചെയ്തത് വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിൽത്തന്നെയാണ്.അനുരാഗ് ഠാക്കൂറിന്റെ സഹോദരൻ അരുൺ ധുമാൽ നിയുക്ത ട്രഷററാണ്. ചുരുക്കത്തിൽ 3 വർഷം മുൻപ് ക്രിക്കറ്റ് ബോർഡ് നിയന്ത്രിച്ചവരൊക്കെത്തന്നെ ഇനിയും ബോർഡിനെ നിയന്ത്രിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP